ഓടിയൊളിക്കുന്ന സര്‍ക്കാര്‍; ക്യാമറയുടെ പിന്നില്‍ ബന്ധുജനങ്ങളോ?

ഗതാഗതനിയമലംഘനങ്ങളിലെ നടപടി കൂടുതല്‍ സുതാര്യമാക്കാന്‍ കേരളത്തില്‍ നടപ്പാക്കിയ വന്‍ പദ്ധതി സര്‍ക്കാരിന്റെ സുതാര്യതയെ സംശയത്തിലാക്കിയതെങ്ങനെ?  നിര്‍മിതബുദ്ധി ക്യാമറ പദ്ധതിയിലെ വഴിത്തിരിവ് കൗതുകകരമാണ്. മാനുഷിക ഇടപെടല്‍ പരമാവധി ഒഴിവാക്കി നിര്‍മിതബുദ്ധിയെ ആശ്രയിച്ച് നിയമം നടപ്പാക്കാനിറങ്ങിയ പദ്ധതിയിലെ ഇടപെടലുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ സര്‍ക്കാര്‍ ഓടിയൊളിക്കുന്നു.ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ ഉത്തരം കണ്ടെത്താനാണോ ചോദ്യങ്ങള്‍ ഒഴിവാക്കാനാണോ?

രണ്ടാം ലാവലിനെന്നും മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കെന്നും നേരിട്ടുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടും സര്‍ക്കാര്‍ പ്രതിരോധം പതിവുള്ളതു പോലെ ശക്തമല്ല എന്നത് ശ്രദ്ധേയമാണ്. വ്യക്തിപരമായ ആരോപണങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരിച്ച മന്ത്രിമാരാരും ദുരൂഹത തള്ളിക്കളയാന്‍ മിനക്കെടുന്നില്ലെന്നു മാത്രമല്ല. സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട ഭാഗം മാത്രം ന്യായീകരിച്ച് ഒഴിഞ്ഞു മാറുകയാണ്. നിയമപാലനം സുതാര്യമാക്കാന്‍ കൊണ്ടു വന്ന വന്‍പദ്ധതി സുതാര്യമാണെന്നുറപ്പിച്ചു പറയാന്‍ സര്‍ക്കാരിന് കഴിയാത്തതെന്താണ്? വാസ്തവത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന സാങ്കേതിക ക്രമങ്ങളിലെ ചോദ്യങ്ങളൊക്കെ തട്ടിമുട്ടി മറികടക്കാന്‍ സര്‍ക്കാരിന് പ്രയാസമുണ്ടാകില്ല. മാനദണ്ഡങ്ങളുണ്ടാക്കുന്നതും വ്യാഖ്യാനിക്കുന്നതും അന്വേഷിക്കുന്നതുമെല്ലാം സര്‍ക്കാര്‍ തന്നെയായതിനാല്‍ എവിടെയെങ്കിലും തട്ടുകേടുണ്ടായെങ്കില്‍ തന്നെ അതു പരിഹരിച്ച് പ്രശ്നമില്ലെന്നു പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് വളരെയെളുപ്പത്തില്‍ കഴിയും. കൃത്യമായ ഒരു അഴിമതി ആരോപണം ഉന്നയിക്കാനും പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും സര്‍ക്കാരിന് പിടിവള്ളിയാകേണ്ടതാണ്. പക്ഷേ കരാര്‍ നടപടിക്രമങ്ങള്‍ക്കിടയിലെ ചില കമ്പനികളുടെ ദുരൂഹമായ സാന്നിധ്യമാണ് സര്‍ക്കാരിെന പ്രതിരോധത്തിലാക്കുന്നതെന്നു വ്യക്തം. വിശദീകരിക്കാനാകാത്ത ബന്ധങ്ങളുടെ സാന്നിധ്യമാണ് ആ പ്രതിരോധത്തിന്റെ അടിസ്ഥാനമെന്ന ആരോപണങ്ങളിലാണ് ഇനി വ്യക്തത ഉണ്ടാകേണ്ടത്

സര്‍ക്കാര്‍ തലത്തില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പുറത്തുവിട്ടതുകൊണ്ടു മാത്രം ഈ വിവാദം അവസാനിക്കാന്‍ പോകുന്നില്ല. ആരോപണവിധേയരായ കമ്പനികളും വ്യക്തികളും തമ്മില്‍ ഭരണനേതൃത്വത്തിലുള്ളവര്‍ക്ക് വ്യക്തിപരമായ ബന്ധം ഉണ്ടോ എന്നതാണ് ഇപ്പോള്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം. സ്വജനപക്ഷപാതമുണ്ടായോ, പൊതുപണം സ്വകാര്യവ്യക്തികള്‍ക്ക് അവിഹിതലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒത്താശയുണ്ടായോ? അതിന് മറുപടി സുതാര്യമായി തന്നെ പൊതുസമക്ഷമുണ്ടാകണം. പാര്‍ട്ടിയുമായും നേതൃത്വവുമായും വ്യക്തിബന്ധമുള്ളവര്‍ക്ക് സുതാര്യതയില്ലാത്ത രീതിയില്‍ ഉപകരാറുകള്‍ കിട്ടുന്നുവെങ്കില്‍ അത് അഴിമതി തന്നെയാണ്. അതില്ല എന്ന് വസ്തുതകള്‍ നിരത്തി മറുപടി പറയാന്‍ സര്‍ക്കാരും നേതൃത്വവും തയാറാകണം. നിയമനടപടികള്‍ക്ക് സുതാര്യത നിര്‍ബന്ധമാക്കാനാണ് നിര്‍മിതബുദ്ധി കാമറകള്‍ കൊണ്ടുവന്നത്. ഭരണനിര്‍വഹണത്തിലും അതേ സുതാര്യത ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തയാറാകണം.