മുട്ടിലിഴയരുത്, ജനാധിപത്യമാണ്: കോടതി ഓർമിപ്പിക്കുന്നതാരെ ?

സര്‍ക്കാരിന്റെ നയ–നടപടികളെ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമായി കാണാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. ദേശസുരക്ഷ ചൂണ്ടിക്കാട്ടി പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി പറയുന്നത് ഇന്നത്തെ ഇന്ത്യയില്‍ സുപ്രധാനമാണ്. മീഡിയ വണ്‍ വിലക്ക് റദ്ദാക്കിക്കൊണ്ടാണ്  സുപ്രീംകോടതി ജനാധിപത്യത്തില്‍ സുപ്രധാനമായ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങളെ നിയന്ത്രിച്ചാല്‍ ജനങ്ങള്‍ ഒരൊറ്റ ദിശയില്‍ ചിന്തിക്കുന്ന അവസ്ഥയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാണിച്ചത് ഏതു ഭരണകൂടത്തിനുമുള്ള താക്കീതാണ്. ഒപ്പം ജനാധിപത്യം എന്നാല്‍ എന്താണ് അര്‍ഥമെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയും ചെയ്യുന്നു കോടതി. 

നാടിന്റെ താല്‍പര്യം, ദേശസുരക്ഷ എന്ന രണ്ടു വാക്കുകളില്‍ ജനാധിപത്യലംഘനങ്ങള്‍ ന്യായീകരിക്കാനാകുമോ? ദേശസുരക്ഷയെന്ന ഒരേയൊരു പ്രയോഗത്തില്‍ അവകാശലംഘനങ്ങള്‍ സാധൂകരിക്കപ്പെടുമോ? സുപ്രീംകോടതി വിധിയില്‍ വ്യക്തമായ വിശദീകരണങ്ങളുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന്റെ മാത്രമല്ല, ജനാധിപത്യബോധത്തിന്റെ കൂടി പ്രാധാന്യം വ്യക്തമായി പ്രതിപാദിക്കുന്നു കോടതി വിധി. ജനാധിപത്യം എന്നാല്‍ എന്തെന്ന് നമ്മളെത്തന്നെ ഒന്നുകൂടി ഓര്‍മിപ്പിക്കുന്നതാണ് സുപ്രീംകോടതി വിധി. ജനാധിപത്യമെന്തെന്നും അവകാശമെന്തെന്നും നമ്മള്‍ തന്നെ മറന്നു തുടങ്ങിയിരുന്നു. ദേശസുരക്ഷയും ദേശസ്നേഹവുമൊക്കെ രാജ്യം ഭരിക്കുന്നവരുടെ മാത്രം നിര്‍വചനവും അവകാശവുമായി മാറിയിരുന്നു. ഭരണകൂടങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചലിക്കാനുള്ള പാവകളല്ല ജനാധിപത്യഇന്ത്യയിലെ ജനങ്ങള്‍ എന്ന ധൈര്യവും എവിടെയോ വച്ച് ജനതയ്ക്ക് കൈമോശം വന്നിരുന്നു. കോടതി അതൊന്ന് ഓര്‍മിപ്പിക്കുന്നു. ഒരു സ്വാധീനവുമുണ്ടാക്കിയില്ലെങ്കില്‍ പോലും ആ ഓര്‍മപ്പെടുത്തല്‍ പരമോന്നത കോടതിയില്‍ നിന്ന് ഇപ്പോഴുണ്ടാകുന്നത് അവിസ്മരണീയമാണ്. 

ഏതു പരിമിതികള്‍ക്കിടയിലും നമ്മുടെ ജനാധിപത്യത്തിനെന്തുമാത്രം ഉറപ്പും കരുത്തുമുണ്ടെന്ന് സുപ്രീംകോടതി തന്നെ നമ്മളെ ഓര്‍മിപ്പിക്കുന്നു. അതും നമ്മള്‍ തന്നെ അതു മറന്നു പോയേക്കുമെന്നു ഭയക്കാവുന്ന വേളയില്‍. ഭരണകൂടമല്ല, രാജ്യമെന്നും ഭരണാധികാരികള്‍ക്ക് ഇഷ്ടപ്പെട്ടതു മാത്രം സംസാരിക്കാന്‍ മാധ്യമങ്ങള്‍ക്കു ബാധ്യതയില്ലെന്നും കോടതി ഉറപ്പിച്ചു ചൂണ്ടിക്കാണിക്കുന്നു. ഭരണഘടന തന്നെയാണ് നമ്മുടെ പ്രതീക്ഷയും അഭയവുമെന്നും നമ്മളും തിരിച്ചറിയുന്നു.