ഭാവനയോട് മുൻകൂറായി കടപ്പാട്, സ്ത്രീകൾ തലകുനിക്കാതെ തിരിച്ചു വരും

ഭാവന എന്ന പേര് സ്ത്രീകളുടെ പോരാട്ടചരിത്രത്തില്‍ അതുല്യമായ പ്രചോദനമായി എഴുതിച്ചേര്‍ക്കപ്പെടുന്നു. ആക്രമിക്കപ്പെടുന്നത്, അപമാനിക്കപ്പെടുന്നത് സ്ത്രീജീവിതത്തിന്റെ അവസാനമല്ല എന്ന് ഈ സ്ത്രീ ലോകത്തെയാകെ സ്ത്രീകളെ പഠിപ്പിക്കുന്നു. നിശബ്ദയാക്കാന്‍ തുനിഞ്ഞാല്‍ തോറ്റുതരാന്‍ സൗകര്യപ്പെടില്ലെന്ന് ഈ സ്ത്രീ ലോകത്തോടു പറയുന്നു. ജീവിതം തന്നെയാണ് മറുപടിയെന്ന് മനുഷ്യരോടൊന്നാകെ പറയുന്നു. മനോഹരമായ, പ്രത്യാശാനിര്‍ഭരമായ കാഴ്ചയാണ് ഭാവനയുടെ തിരിച്ചുവരവ്. 

നിയമം തീരുമാനിക്കുന്നതു മാത്രമല്ല നീതിയെന്നു കൂടി വിളിച്ചു പറയുന്നു ഈ മടങ്ങിവരവ്.നീതിയുടെ നിര്‍വഹണം സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും ഭാവനയുടെ പോരാട്ടം ഓര്‍മിപ്പിക്കുന്നു. ഒപ്പമുണ്ടായിരുന്നവര്‍, അവള്‍ക്കൊപ്പമാണെന്ന് അകലെ നിന്നു പോലും കൈയുയര്‍ത്തിയവരെല്ലാം ഈ തിരിച്ചുവരവിലെ നിര്‍ണായക സ്വാധീനമാണ്. ചെറുതെങ്കിലും ആര്‍ക്കൊപ്പമെന്നു സംശയമില്ലാതെ പറഞ്ഞ ഒരു സമൂഹം കൂടിയാണ് ഈ  പോരാട്ടം സാധ്യമാക്കിയത്. 

ഈ സ്ത്രീയോട്, സ്ത്രീലോകം മുന്‍കൂറായി കടപ്പെട്ടിരിക്കുന്നു. ഈ മാതൃകയോര്‍ത്തു മാത്രം  ഒരു പാടു നിലവിളികള്‍ ജീവിതത്തിന്റെ ധൈര്യം തിരിച്ചുപിടിക്കും. ഈ മുഖമോര്‍ത്തു മാത്രം ഒരു പാടു പേര്‍ പ്രത്യാശയുടെ കൈപിടിച്ച് തിരികെ വരും. അപമാനിക്കാനിരിക്കുന്നവരുടെ തീരുമാനമാകരുത് സ്വന്തം ജീവിതമെന്ന് അവര്‍ ജീവിതത്തിലൂടെ തെളിയിക്കും. നിയമവും സമൂഹവും എന്തു തീരുമാനിച്ചാലും നീതിയുടെ പൂര്‍ണത സ്വന്തം കരുത്തില്‍ കൂടിയാണെന്ന് ധൈര്യത്തോടെ അവര്‍ തലയുയര്‍ത്തി നില്‍ക്കും.