ഓഫിസുകള്‍ ആക്രമിക്കപ്പെടുമ്പോള്‍ ചോദ്യം ആഭ്യന്തരവകുപ്പിനോട് വേണം; ചോദിക്കുമോ?

കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ തലസ്ഥാനത്തെ ആസ്ഥാനങ്ങള്‍ക്കു നേരെ ആവര്‍ത്തിച്ച് ആക്രമണമുണ്ടാകുന്നത് എന്തുകൊണ്ടാണ്? മനഃപൂര്‍വം പ്രകോപനമുണ്ടാക്കുന്നുവെന്നും അക്രമാന്തരീക്ഷമുണ്ടാക്കാനുള്ള ശ്രമമാണെന്നും സി.പി.എം ആരോപിക്കുന്നു. സി.പി.എമ്മിന്റെ സംസ്ഥാന ആസ്ഥാനമായ എ.കെ.ജി.സെന്ററിനു നേരെ സമാനമായ ആക്രമണമുണ്ടായി രണ്ടു മാസമാകാറായിട്ടും പ്രതിയാരെന്ന് കണ്ടെത്താനായിട്ടില്ല. പൊലീസ് കാവലിലുള്ള ഓഫിസുകള്‍ക്കു നേരെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്തുകൊണ്ടെന്ന് ബി.ജെ.പിയോടോ കോണ്‍ഗ്രസിനോടോ ആഭ്യന്തരവകുപ്പിനോടോ സി.പി.എം ചോദ്യമുയര്‍ത്തേണ്ടത്?

വെള്ളിയാഴ്ച രാത്രിയാണ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായത്. മൂന്ന് ബൈക്കിലായെത്തിയ സംഘം പൊലീസ് കാവലുള്ള ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ജില്ലാസെക്രട്ടറിയുടെ കാറിനു കേടുപാടുകളുണ്ടായി. 

കോര്‍പറേഷന്റെ വികസനജാഥയുമായി ബന്ധപ്പെട്ട് നഗരത്തില്‍ പലയിടത്തും സി.പി.എം–ബി.ജെ.പി. സംഘര്‍ഷസാഹചര്യമുണ്ടായിരുന്നു. സി.പി.എം വനിതാകൗണ്‍സലറെ ബി.ജെ.പി. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്ന് ആരോപണമുണ്ടായി. എ.ബി.വി.പി. ഓഫിസ് എസ്.എഫ്.ഐ പ്രവര‍്ത്തകര്‍ ആക്രമിച്ചുവെന്ന് ബി.ജെ.പിയും ആരോപിച്ചു. വഞ്ചിയൂരില്‍ ബി.െജ.പി.യുമായി സംഘര്‍ഷമുണ്ടായതിനു തൊട്ടുപിന്നാലെയാണ് സി.പി.എം ജില്ലാകമ്മിറ്റി ഓഫിസിനു നേരെ ആക്രമണമുണ്ടായത്. അതുകൊണ്ട് ബി.ജെ.പി.–ആര്‍.എസ്.എസ്. ആക്രമണമാണെന്ന് സി.പി.എം നേതാക്കള്‍ ആരോപിക്കുന്നു. 

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് മനഃപൂര്‍വമുള്ള പ്രകോപനമെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. ബി.ജെ.പിക്ക് മാത്രമല്ല യു.ഡി.എഫിനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചത്. എന്നാല്‍ സി.പി.എം വീണ്ടും സ്വന്തം ഓഫിസ് ആക്രമിച്ച് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പിയും ആരോപിക്കുന്നു. 

സി.പി.എമ്മിന്റെ സംസ്ഥാന ആസ്ഥാനമായ എ.കെ.ജി. സെന്ററിനു നേരെ ആക്രമണമുണ്ടായി രണ്ടു മാസം തികയാറായെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. ആരെങ്കിലും അതോര്‍മിപ്പിച്ചാല്‍ അവരോടു ദേഷ്യപ്പെടുകയാണ് സി.പി.എം. നേതാക്കള്‍. വേറെന്തു ചെയ്യും? ആഭ്യന്തരവകുപ്പിനോടു ചോദിക്കാനാവില്ല. ഇപ്പോള്‍ പൊലീസ് കാവലുണ്ടായിരുന്ന ജില്ലാകമ്മിറ്റി ഓഫിസിനു നേരെ ആക്രമണമുണ്ടായതെങ്ങനെയെന്നും ആഭ്യന്തരവകുപ്പിനോടു ചോദിക്കാനാകില്ല.  പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് ക്രമസമാധാനം തകര്‍ക്കാനുള്ള പ്രകോപനം തന്നെയാണെന്നതില്‍ കേരളവും കരുതിയിരിക്കണം. അതല്ലെങ്കിലും അങ്ങനെയാണ് ഞങ്ങളുടെ പാര്‍ട്ടി ഓഫിസ് ആക്രമിച്ചവരെ പിടിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്നം എന്നാണ് ഇപ്പോള്‍ സി.പി.എം നേതാക്കള്‍ ചോദിക്കുന്നത്. 

അന്ന് ആക്രമണത്തിനെതിരെ ജനങ്ങള്‍ അണി നിരക്കണമെന്നാവശ്യപ്പെട്ട് കേരളത്തോടു പ്രതിരോധിക്കാന്‍ ആവശ്യപ്പെട്ട സി.പി.എമ്മാണ് ഇപ്പോള്‍ ഞങ്ങളുടെ കാര്യം, ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നു പറഞ്ഞൊഴിയുന്നത്. എ.കെ.ജി.സെന്റര്‍ ആക്രമണം നടത്തിയത് കോണ്‍ഗ്രസ് ആണ് എന്നാരോപിച്ച് കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ വ്യാപകപ്രത്യാക്രമണവും നടന്നിരുന്നു. 

നിയമസഭാസമ്മേളനം അവസാനിക്കും മുന്‍പേ എ.െക.ജിസെന്റര്‍ ആക്രമണക്കേസിലെ  പ്രതിയെ പുറത്തുകൊണ്ടുവരുമെന്ന്  ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട് ചില പൊലീസ് വൃത്തങ്ങള്‍. അതോടെ സി.പി.എം തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണത്തിനു അറുതിയാകുമെന്നു സി.പി.എമ്മുകാരും പ്രചരിപ്പിക്കുന്നുണ്ട്. മന്ത്രിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരായ നടപടി സ്ഥലംമാറ്റത്തിലൊതുക്കിയ അതേ ആഭ്യന്തരവകുപ്പാണ് മറ്റൊരു മന്ത്രിയുടെ റൂട്ട് തെറ്റിച്ചെന്ന കാരണത്താല്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതും. ആഭ്യന്തരവകുപ്പില്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം എന്നതാണ് അവസ്ഥ.  മുഖ്യമന്ത്രി ഇപ്പോള്‍ ഈ വിമര്‍ശനങ്ങളോ ചോദ്യങ്ങളോ ഒന്നും ഗൗനിക്കാറില്ല. ആഭ്യന്തരഭരണവും മുഖ്യമന്ത്രിയാണോ അല്ലയോ എന്ന് പാര്‍ട്ടിക്കറിയാമായിരിക്കും. 

എന്തായാലും സ്വന്തം പാര്‍ട്ടി ഓഫിസുകള്‍ക്ക് തലസ്ഥാനത്തു പോലും സംരക്ഷണം ഉറപ്പാക്കാനാവാത്ത പൊലീസിന്റെ കാവലിലാണോ കേരളത്തിലെ സുരക്ഷ എന്ന ചോദ്യം ആഭ്യന്തരമന്ത്രിയോട് സി.പി.എമ്മിന് ചോദിക്കാനാവില്ല. പൊലീസ് കോണ്‍ഗ്രസും ബി.ജെ.പിയും എന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും അവര്‍ ആക്രമണം അവസാനിപ്പിച്ചാലേ സംഘര്‍ഷാവസ്ഥ ഒഴിവാകൂ എന്ന് അഭ്യര്‍ഥിച്ച് പാടുപെടുകയാണ് സി.പി.എം നേതാക്കള്‍. രാഷ്ട്രീയപാര്‍ട്ടികള്‍ രാഷ്ട്രീയമര്യാദ പുലര്‍ത്തണം, അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അക്രമികളുടെ ഔദാര്യമായാണ് സുരക്ഷ ഉറപ്പാക്കേണ്ടതെന്ന് പറഞ്ഞാല്‍ സ്ഥിതി കഷ്ടമാണ്. ദയനീയമാണ്.