പ്രതിപക്ഷസമരം പ്രതിഷേധമോ പ്രതികാരമോ?; മുദ്രാവാക്യത്തെ ഭയക്കുന്നതാര്?

കേരളത്തിന്റെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ  സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നസുരേഷ് ഘട്ടം ഘട്ടമായി  പുറത്തുവിടുന്ന ആരോപണങ്ങളില്‍ മറുപടി പറയേണ്ടതാരാണ്? മുഖ്യമന്ത്രിയാണോ സര്‍ക്കാരാണോ പാര്‍ട്ടിയാണോ അതോ ഈ ആരോപണങ്ങളൊക്കെ നേരത്തേ അന്വേഷിച്ച കേന്ദ്ര അന്വേഷണ ഏജന്‍സികളാണോ? തന്നെ അറിയില്ലെന്നു പറഞ്ഞുവെന്ന സ്വപ്നയുടെ ആരോപണത്തിന് ഔദ്യോഗികസംവിധാനങ്ങളിലൂടെ പ്രതികരിച്ച മുഖ്യമന്ത്രി കോടതിയിലെ സത്യവാങ്മൂലത്തിലെ ആരോപണങ്ങളോട് പ്രതികരിക്കേണ്ടതുണ്ടോ? സ്വപ്ന  സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകേണ്ടെന്ന് ശരിക്കും പ്രതിപക്ഷത്തിന് ബോധം വന്നോ? മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നു തന്നെയാണോ ഇപ്പോള്‍ കേരളത്തിലെ പ്രതിപക്ഷത്തിന്റെ സമരാവശ്യം?

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നസുരേഷ് ഒരിടവേളയ്ക്കു ശേഷം കോടതി മുഖാന്തരം ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ ഇനിയും പൂര്‍ണമായ വ്യക്തത കൈവന്നിട്ടില്ല. രഹസ്യമൊഴിക്കു മുന്നോടിയായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ കേരളത്തിനു മുന്നിലുള്ളത്. അതില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഒറ്റനോട്ടത്തില്‍ ഏറെക്കുറെ അവിശ്വസനീയവുമാണ്. ഒരു തെളിവെങ്കിലും കൂട്ടിച്ചേര്‍ക്കാതെ സമാനആരോപണങ്ങള്‍ തുടരുക മാത്രമാണ് സ്വപ്ന സുരേഷും സംഘവും ഇപ്പോള്‍ ചെയ്യുന്നത്. ഷാര്‍ജ ഭരണാധികാരിയും കുടുംബവും കേരളം സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിനു വേണ്ടി വ്യക്തിപരമായി സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നാണ് മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ സ്വപ്ന സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇതിനു വേണ്ടി ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയ്ക്ക് സ്വര്‍ണ–വജ്രാഭരണങ്ങള്‍ സമ്മാനിക്കാന്‍ കമലവിജയന്‍ ശ്രമിച്ചെന്നൊക്കെ ഉന്നയിച്ചിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നും സ്വപ്ന ആരോപിച്ചിരിക്കുന്നു. സുഹൃത്തിന്റെ കോളജിന് ഭൂമി ലഭ്യമാക്കാന്‍ മുന്‍സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍  യു.എ.ഇ കോണ്‍സല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നതാണ് മറ്റൊരു ആരോപണം. മുന്‍മന്ത്രി കെ.ടി.ജലീല്‍ കോണ്‍സുലേറ്റുമായി രഹസ്യഇടപാടുകള്‍ നടത്തിയെന്നും മറ്റു കോണ്‍സുലേറ്റുകള്‍ മുഖേനയും സംശയകരമായ ചരക്ക് ഇടപാടുകള്‍ നടത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.