ബിജെപിയുടെ ജോര്‍ജെന്ന ചൂണ്ടക്കൊളുത്ത്; തുണപാടി പോപ്പുലര്‍ ഫ്രണ്ട് സഹായകസംഘം

വര്‍ഗീയധ്രുവീകരണത്തിലൂടെ നമ്മുെട രാജ്യത്തെ ഒരു വഴിക്കാക്കിയ ശേഷം സമൂഹത്തെ ഭിന്നിപ്പിക്കാന്‍ അതേ തന്ത്രത്തിന്റെ വക്താക്കള്‍ കേരളത്തിലും കിണഞ്ഞു പരിശ്രമിക്കുകയാണ്. പല രൂപത്തിലും ഭാവത്തിലും മലയാളികളുടെ സഹനശേഷി പരീക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഏറ്റവുമൊടുവില്‍ അത് ജോര്‍ജിന്റെ നാക്കില്‍ കയറിയാണെത്തുന്നത്. പി.സി.ജോര്‍ജിന്റെ ആവര്‍ത്തിച്ചുള്ള വിദ്വേഷപ്രസംഗങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ച ശേഷം കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പ്രചാരണത്തിന്റെ തിരക്കിലായിരുന്നു ബി.ജെ.പി. സംഘപരിവാര്‍ സംഘം. മറുഭാഗത്ത് കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യമുയര്‍ത്തി സംഘപരിവാറിനെ നന്നായി പരിപോഷിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘവും സജീവമായി രംഗത്തുണ്ട്. ഈ പരസ്പരസഹായ വര്‍ഗീയ ധ്രുവീകരണ സംഘടനകളുടെ കുല്‍സിതശ്രമങ്ങളെ കേരളം അതീജീവിക്കുമോ? വര്‍ഗീയതയുടെ ലഹരിയിലേക്കു മനസര്‍പ്പിക്കാന്‍ കേരളത്തിലും കൂടുതല്‍ പേരുണ്ടാകുന്നുണ്ടോ?

പി.സി.ജോര്‍ജ് തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ മതവിദ്വേഷ പ്രസ്താവനകള്‍ നടത്തിയപ്പോള്‍ ഒരു തവണയല്ലേ, ജോര്‍ജല്ലേ അവഗണിച്ചാല്‍ പോരേ എന്നു ചോദിച്ചവരുണ്ട്. പക്ഷേ ലളിതമായ സാമാന്യവ്യവസ്ഥകളോടെ ജാമ്യം നല്‍കിയ കോടതിയെ പോലും വെല്ലുവിളിച്ചുകൊണ്ട് കൊച്ചി വെണ്ണലയിലും  ഇതരമതവിദ്വേഷം ആവര്‍ത്തിച്ചപ്പോഴാണ് ഇതൊരു രാഷ്ട്രീയപദ്ധതിയാണെന്ന് വ്യക്തമാകുന്നത്. ആദ്യത്തെ കേസില്‍ അനുഭാവപൂര്‍ണമായ അറസ്റ്റായിപ്പോയി എന്നു വിമര്‍ശനം നേരിട്ട സര്‍ക്കാര്‍ ജാമ്യം ലംഘിച്ചത് കോടതിയില്‍ ഉന്നയിച്ച് ജാമ്യം അനുവദിച്ച അതേ കോടതിയില്‍ നിന്ന് വീണ്ടും അറസ്റ്റ് ചെയ്യാന്‍ അനുമതി നേടിയെടുത്ത് കര്‍ശനമായി മുന്നോട്ടു പോയി. വെണ്ണല കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ ജയിലിലുമെത്തിച്ചു. 

പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായപ്പോഴെ തൃക്കാക്കര പാതിവഴിയില്‍ ഉപേക്ഷിച്ച് പാഞ്ഞെത്തിയത് ബി.ജെ.പിയുടെ സംസ്ഥാനനേതൃത്വം ഒന്നാകെയാണ്. പൊലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചു, ജോര്‍ജിന് രാഷ്ട്രീയസംരക്ഷണം നല്‍കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. ജോര്‍ജിനെ കേരളത്തിനുമറിയാം, കേരളത്തെ ജോര്‍ജിനുമറിയാം. പക്ഷേ പ്രശ്നം ജോര്‍ജിനു പിന്നില്‍ അണിനിരക്കുന്ന മുദ്രാവാക്യങ്ങളാണ്. ജോര്‍ജിനു വേണ്ടി ഒഴുകിയെത്തിയ പാര്‍ട്ടിയും പരിവാരവുമാണ്. സമൂഹമാധ്യമങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ജോര്‍ജിന്റെ സിദ്ധാന്തം ആവര്‍ത്തിക്കുന്ന വര്‍ഗീയതയുടെ വിഷം തീണ്ടിക്കഴിഞ്ഞ വിഭാഗങ്ങളാണ്.   

വിദ്വേഷം പ്രസംഗിച്ച ഒരു രാഷ്ട്രീയനേതാവിനെ ഞങ്ങള്‍ പിന്തുണയ്ക്കും എന്ന വെല്ലുവിളി കേരളത്തോടു തന്നെയുള്ള മുന്നറിയിപ്പാണ്. അങ്ങനെ മതനിരപേക്ഷസ്വസ്ഥതയില്‍ കേരളമങ്ങ് സുഖിക്കണ്ട എന്ന വെല്ലുവിളി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ കോടതി പറഞ്ഞാലും അത് ക്രൈസ്തവവേട്ടയാണ് എന്ന ബി.ജെ.പി. വ്യാഖ്യാനം നേരിട്ടെറിയുന്ന ചൂണ്ടയാണ്. കൊത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് ചൂണ്ടക്കൊളുത്തില്‍ കൊത്തുന്നവരുടെ വിധിയെന്തെന്ന വീണ്ടുവിചാരമുണ്ടോ എന്നത് വേറൊരു ചോദ്യം. 

പി.സി.ജോര്‍ജിന്റെ നിലപാടാണ് നിലപാടില്ലായ്മ എന്ന രാഷ്ട്രീയവിഷയത്തില്‍ പ്രബന്ധമെഴുതാന്‍ പറ്റിയ ഏറ്റവും നല്ല  ഉദാഹരണം. ഇപ്പോള്‍ മുസ്‍ലിങ്ങളെക്കുറിച്ച് വിദ്വേഷം പറയുന്ന പി.സി.ജോര്‍ജിന്റെ മാസങ്ങള്‍ മാത്രം പഴക്കമുള്ള മറ്റു ചില പ്രസ്താവനകള്‍ കൂടി കേള്‍ക്കാം. മതേതരരാഷ്ട്രീയം പുലര്‍ത്തുന്നവരെല്ലാം പരസ്യമായെങ്കിലും അകലം പാലിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ വരെ വോട്ടിനായി വെള്ള പൂശിക്കൊണ്ടേയിരുന്ന ജോര്‍ജാണ് ഇപ്പോള്‍ പെട്ടെന്ന് മുസ്‍ലിം വിരുദ്ധതയുടെ വക്താവായിരിക്കുന്നത്. അപ്പോള്‍ ജോര്‍ജിന്റെ പ്രശ്നം ക്രിസ്ത്യാനികളും മുസ്‍ലിങ്ങളും ഹിന്ദുക്കളൊന്നുമല്ല. സ്വന്തമായി എത്ര കുളം കലക്കിയിട്ടും സാധിക്കാതെ പോകുന്ന മീന്‍പിടിത്തം ഇനി ജോര്‍ജിനെ മുന്‍നിര്‍ത്തി കൈനനയാതെ മീന്‍പിടിക്കാമോ  എന്നേ ബി.ജെ.പിക്കു നോട്ടമുള്ളൂ. ബി.ജെപിക്കകത്തു നില്‍ക്കുന്ന ജോര്‍ജിനേക്കാള്‍ അതിന് അവര്‍ക്കാവശ്യം ബി.െജ.പിക്കു പുറത്തു നില്‍ക്കുന്ന ജോര്‍ജ് തന്നെയാണ്. 

അപ്പോള്‍ ജോര്‍ജ് വഴി ബി.ജെ.പി. പോയന്റിലേക്കെത്തിക്കഴിഞ്ഞു. കേരളസമൂഹത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വേട്ടയാടലാണ് ബി.ജെ.പിയുടെ അടുത്ത പ്രതീക്ഷാമുദ്രാവാക്യം. മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ നടക്കുന്നവര്‍ നടത്തുന്ന വിദ്വേഷപ്രചാരണത്തിലും ബി.ജെ.പി കാണുന്ന സാധ്യത ഇതുമാത്രമാണ്. നര്‍ക്കോട്ടിക് ജിഹാദ് എന്ന് ഒരു തെളിവുമില്ലാതെ വിളിച്ചു പറയുന്ന മതമേലധ്യക്ഷന്‍മാരും കൃത്യസമയത്ത് പരിശീലനം നല്‍കി കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുമൊക്കെയാണ്.

സംഘപരിവാറിന്റെ കേരളാപ്രോജക്റ്റില്‍ നിര്‍ണായക റോളുള്ള സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. അവരാ ദൗത്യം വളരെ കൃത്യമായി നിറവേറ്റുന്നുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ അവസരോചിതമായ ഇടപെടലില്ലായിരുന്നുവെങ്കില്‍ പല ഘട്ടങ്ങളിലും സംഘപരിവാര്‍ മുന്നോട്ടൊരു വഴിയില്ലാതെ പെട്ടുപോകുമായിരുന്നു. വിദ്വേഷപ്രചാരണത്തിന് പോയന്റൊന്നുമില്ലാതെ സംഘപരിവാര്‍ പ്രയാസപ്പെട്ടു നില്‍ക്കുമ്പോഴൊക്കെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉദാരമായ സഹായം അവര്‍ക്കുണ്ടായിട്ടുണ്ട്. തീവ്രവാദസംഘടനയാണെന്ന് ഹൈക്കോടതി തന്നെ സാക്ഷ്യപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രകോപനം ആവര്‍ത്തിക്കുമ്പോഴും ഒഴിഞ്ഞു മാറുന്ന മറ്റു സംഘടനകള്‍ക്കിടയില്‍ വ്യത്യസ്തരാണ് രാജ്യം ഭരിക്കുന്ന ബി.െജ.പിയുടെ പിന്നണിയില്‍ നില്‍ക്കുന്ന ആര്‍.എസ്.എസ്. നോമ്പുകാലമെന്നോ ദേശീയോല്‍സവമെന്നോ  നോക്കാതെ പര്സപരം വെട്ടിയും കൊന്നും സംഘര്‍ഷം സജീവമായി നിര്‍ത്താന്‍ ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ജാഗ്രത പുലര്ത്തുന്നുണ്ട്. ഇപ്പോഴും  മുസ്‍ലിം വിദ്വേഷം പരത്തുന്നവര്‍ക്ക്  സഹായമായി ബദല്‍ വിദ്വേഷമുദ്രാവാക്യവുമായി പോപ്പുലര്‍ ഫ്രണ്ട് തക്ക സമയത്തെത്തി.

മുദ്രാവാക്യം സംഘപരിവാറിനെതിരെയായിരുന്നു. കൊലവിളിയും വിദ്വേഷവും കുത്തിനിറച്ച വാക്കുകള്‍ ഒരു ഇടര്‍ച്ച പോലുമില്ലാതെ വിളിച്ചു പറയുന്ന കുട്ടിയുടെ പ്രായം കേരളത്തെ ഞെട്ടിച്ചു. കുഞ്ഞുങ്ങളുടെ മനസില്‍ പോലും വിദ്വേഷം ഇത്രമേല്‍ കുത്തിവയ്ക്കുന്നത് രാഷ്ട്രീയമല്ല, വര്‍ഗീയത മാത്രമാണ്. ആസൂത്രിതപരിശീലനം മുദ്രാവാക്യം വിളിക്കു പിന്നിലുണ്ടായിരുന്നു എന്നു പൊലീസ് സ്ഥീരീകരിച്ചിട്ടുണ്ട്. കുട്ടി ആഞ്ഞുവിളിച്ച മുദ്രാവാക്യങ്ങള്‍ ആവേശത്തോടെ ആവര്‍ത്തിച്ച പ്രവര്‍ത്തകരും റാലി പോപ്പുലര്‍ഫ്രണ്ടിന്റേതാണ് എന്നോര്‍ക്കുമ്പോള്‍ അല്‍ഭുതമല്ല. ഒരു വര്‍ഗീയതയെ വളര്‍ത്തേണ്ടത് മറ്റൊരു വര്‍ഗീയതയുടെ ആവശ്യമാണ്. അപരവിദ്വേഷത്തിന്റെ വളക്കൂറില്ലാതെ ഒരു വര്‍ഗീയതയ്ക്കും വളരാനാകില്ല. കേരളത്തില്‍ സമീപകാലത്തു നടക്കുന്ന ഭൂരിഭാഗം രാഷ്ട്രീയസംഘര്‍ഷങ്ങളിലും ഏറ്റുമുട്ടുന്നത് ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടുമാകുന്നത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല.

പി.സി.ജോര്‍ജിനെതിരെയും പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെയും സര്‍ക്കാര്‍ കര്‍ശനമായ സമീപനം തന്നെ സ്വീകരിച്ചു. ആര്‍ക്കും എന്തും പറഞ്ഞുപോകാവുന്ന സാഹചര്യം കേരളത്തിലുണ്ടാകില്ലെന്നു മുഖ്യമന്ത്രിയും മുന്നറിയിപ്പ് നല്‍കാന്‍ വൈകിയില്ല.

പക്ഷേ സത്വര നടപടികള്‍ സമാനമായ എല്ലാ കേസുകളിലമുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. അഥവാ ഒരു തവണ നടപടിയെടുത്ത് കേസെടുത്താലും ജാമ്യത്തിലിറങ്ങി സമാനവിദ്വേഷപ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ കേരളത്തില്‍ വിഹരിക്കുന്നുണ്ട്. വര്‍ഗീയധ്രുവീകരണം മാത്രമാണ് ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ് സമൂഹം തന്നെ അവഗണിച്ചു പോരുന്നതുകൊണ്ട് ഇത്ര വലിയ ചര്‍ച്ചയാകുന്നില്ലെന്നു മാത്രം. പക്ഷേ ഇപ്പോള്‍ കണ്ടു വരുന്ന പ്രവണത ബോധപൂര്‍വം ഒരു വിദ്വേഷപ്രസ്താവന, അതിനു പിന്നാലെ തുടര്‍രാഷ്ട്രീയനീക്കങ്ങള്‍ എന്ന ആസൂത്രണമാണ്. അതിനെ കേരളം ഗൗരവമായി കണക്കിലെടുക്കുക തന്നെ വേണം. 

ധ്രുവീകരണവക്താക്കളുടെ ഇപ്പോഴത്തെ ലക്ഷ്യം ക്രൈസ്തവ സമൂഹമാണ്. ക്രൈസ്‍തവ വേട്ടയാണ് നടക്കുന്നത്., ക്രൈസ്തവര്‍ക്ക് അഭിപ്രായം പറയാന്‍ പോലുമുള്ള സ്വാതന്ത്ര്യമില്ല തുടങ്ങിയ വാചകങ്ങളൊക്കെ സൂക്ഷ്മമായി സൃഷ്ടിക്കപ്പെട്ട ചൂണ്ടക്കൊളുത്തുകളാണ്. അതില്‍ കൊത്താന്‍ വെമ്പുന്നവര്‍ അത് തിരിച്ചറിയുന്നില്ലെന്നു മാത്രം. ക്രൈസ്തവ സമൂഹത്തെ കേരളത്തില്‍ വേട്ടയാടുന്നുവെന്ന് ഒരു അടിസ്ഥാനവുമില്ലാതെ ആരോപിക്കുന്ന സംഘപരിവാര്‍ തൊട്ടപ്പുറത്ത് കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലാണ് എന്നത് വസ്തുത. പ്രകോപനമൊന്നുമില്ലാതെ  തന്നെ  ക്രൈസ്തവരെ സംരക്ഷിക്കും എന്ന്  കേരളത്തില്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയോട് കര്‍ണാടകയിലെ ക്രൈസ്തവര്‍ക്ക് അടിയന്തരസംരക്ഷണം ആവശ്യമുണ്ട് ഇന്ന് ഇവിടത്തെ ക്രൈസ്തവ സമൂഹം ഓര്‍മിപ്പിക്കണം. 

കേരളത്തില്‍ ക്രൈസ്തവരെ വേട്ടയാടുന്നുവെന്ന് ആവലാതിപ്പെടുന്ന ബി.െജ.പിക്കാര്‍ കര്‍ണാടകയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്തവരാവില്ല. പക്ഷേ കേരളസമൂഹം അതൊന്നും ശ്രദ്ധിക്കുന്നുണ്ടാവില്ലെന്നൊരു മൂഢവിശ്വാസം അവര്‍ക്കുണ്ട്. മതപരിവര്‍ത്തന നിരോധനബില്ലിന്റെ മറവില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണെന്ന് ലോകത്തോട് പറയുന്നത് ബെംഗ്ളൂരു ആര്‍ച്ച് ബിഷപ്പ് തന്നെയാണ്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണം സര്‍ക്കാരിന്റെ സമീപനമാണെന്നും തുറന്നു പറഞ്ഞത് ബെംഗ്ളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ആണ്. ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും  കൂടുതല്‍ ആക്രമണം നടക്കുന്ന മൂന്നാമത്തെ സംസ്ഥാനം കര്‍ണാടകയാണെന്നാണ് യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ അഞ്ചു മാസം മുന്‍പ് നടത്തിയ സര്‍വേയ്ക്കൊടുവില്‍ കണ്ടെത്തിയത്. ഒന്നാമതു നില്‍ക്കുന്ന ഉത്തര്‍പ്രദേശും ബി.െജ.പി ഭരണത്തിലാണ്. ഇവിടത്തെപോലെ അരക്ഷിതാവസ്ഥയെന്ന വ്യാഖ്യാനമൊന്നുമല്ല സംഘടിതമായ കായികആക്രമണമാണ് കേസുകളായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‌ആരാധാനാലയങ്ങള്‍ക്കെതിരെ ആക്രമണം, വിശ്വാസികള്‍ക്കെതിരെ ആക്രമണം, പ്രാര്‍ഥന തടസപ്പെടുത്തല്‍ ഇതെല്ലാം നടക്കുന്നത് കര്‍ണാടകയിലാണ്. ഒന്നും മതവിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷവുമല്ല, സംഘപരിവാര്‍ സംഘടനകളുടെ ഏകപക്ഷീയമായ ആക്രമണമാണ്. 

കണക്കുകളും വസ്തുതകളും ഇനിയും മുന്നിലുണ്ട്. രാജ്യത്തെവിടെയും ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നിലാരെന്നറിയാന്‍ ഒന്നു കണ്ണു തുറന്നു നോക്കിയാല്‍ മതി. എന്നിട്ടും മുസ്‍ലിങ്ങള്‍ക്കെതിരെ പച്ചയായി നടക്കുന്ന വിദ്വേഷപ്രചാരണം ഞങ്ങളുടെ ചെലവില്‍ വേണ്ട എന്നു പറയാന്‍ കേരളത്തിലെ പേരുകേട്ട മതേതരസമൂഹത്തിനും ഇപ്പോള്‍ താമസം വരുന്നു. എന്തടിസ്ഥാനം, എന്തു വസ്തുതയുടെ പേരില്‍ എന്നു ചോദിക്കുന്നതിനു പകരം ഇവരൊക്കെ പറയുന്നതിലും കാര്യമുണ്ടോ എന്നു സംശയിക്കുന്ന കുടിലത അറിയാതെ തലപൊക്കുന്നുണ്ട്. വര്‍ഗീയതയുടെ വിഷപ്രയോഗത്തിന് ഇത്രവേഗം വശംവദരാകുന്നവരാണോ നമ്മള്‍ എന്ന് ഒന്ന് സ്വയം പരിശോധിക്കുന്നത് നല്ലതാണ്. ആണ് എന്നൊരാത്മവിശ്വാസം തോന്നിത്തുടങ്ങിയതുകൊണ്ടു മാത്രമാണ് ഒരു കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ വേഷത്തിന്റെ പേരില്‍ തീവ്രവാദിയാക്കാന്‍ ബി.ജെ.പി. സംസ്ഥാനനേതാക്കള്‍ പോലും തുനിഞ്ഞിറങ്ങിയത്. 

ബി.ജെ.പി. സംസ്ഥാനനേതാക്കള്‍ പോലും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തിയ ഒരു ആരോപണമാണിത്. യൂണിഫോമിനു പകരം മതവേഷത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നു. ഇതൊക്കെ കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും നടക്കുമോ എന്ന വിദ്വേഷചോദ്യവും. പ്രചാരണം വായുവേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. വസ്തുതയെന്തെന്ന ചോദ്യം പോലുമില്ലാതെ വീണ്ടും വീണ്ടും ഷെയര്‍ ചെയ്യപ്പെട്ടു. ഒടുവില്‍ KSRTC മാവേലിക്കര ഡിപ്പോയിലെ ഡ്രൈവറാണെന്നും അദ്ദേഹം യൂണിഫോം തന്നെയാണ് ധരിച്ചിരിക്കുന്നത് എന്ന് വ്യക്തമായിട്ടും വിഷപ്രചാരണത്തിനു തുടക്കമിട്ട ബി.െജ.പി. ഇതുവരെ തിരുത്തിയിട്ടില്ല. തീര്‍ഥാടനകാലത്ത് സേനാവിഭാഗങ്ങളില്‍ പോലും വിശ്വാസാനുസരണം വേഷം ധരിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന കേരളസമൂഹത്തില്‍ നിന്ന് അയാള്‍ എന്തു വേഷം ധരിച്ചാലും നിങ്ങള്‍ക്കെന്താണ് പ്രശ്നം എന്ന് തിരിച്ചൊരു ചോദ്യവും ഉയര്‍ന്നില്ല. മതപരമായ ചിഹ്നങ്ങള്‍ ധരിക്കാന്‍ കര്‍ശന വിലക്കില്ലാത്ത സേവനവിഭാഗങ്ങളില്‍ എന്തു ദുഷ്ടലാക്കും കൊണ്ടാണ് വന്നിരിക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നില്ല. പകരം നീണ്ട താടിയും തൊപ്പിയുമൊക്കെ അസ്വസ്ഥതയുണ്ടാക്കുന്ന മാനസികനിലയിലേക്ക് സമൂഹത്തെയാകെ ഭിന്നിപ്പിച്ചു പ്രതിഷ്ഠിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ കൂടുതല്‍ കരുത്തോടെ ആവര്‍ത്തിക്കുകയാണ്. 

നേരത്തെയുണ്ടായിരുന്ന അതേ ആത്മവിശ്വാസത്തോടെയാണോ നമ്മളിപ്പോള്‍ ഇവിടെ വര്‍ഗീയതയ്ക്ക് സ്ഥാനമില്ല എന്നു പറയുന്നത്? അല്ല, 

വര്‍ഗീയതയുടെ വിഷമേല്‍ക്കാതെ ഇതുവരെ പിടിച്ചു നിന്നവരില്‍ പോലും ഇളക്കങ്ങളുണ്ടാകുന്നത് കേരളം ആശങ്കയോടെ തന്നെ കാണണം. രാഷ്ട്രീയാധികാരത്തിന്റെ പ്രലോഭനങ്ങളില്‍ മതമേലധ്യക്ഷന്‍മാര്‍ വീഴാന്‍ തയാറായാല്‍ വിശ്വാസിസമൂഹങ്ങള്‍ അവരെ തിരുത്തണം. മനുഷ്യനെ മനുഷ്യനായി കാണാന്‍ അനുവദിക്കാത്ത ഒരു രാഷ്ട്രീയവും ആത്യന്തികമായി നല്ലതിനല്ലെന്ന് സ്വയം ഓര്‍ക്കുക തന്നെ വേണം. ഇതരമതങ്ങളോട് അസഹിഷ്ണുത തോന്നിത്തുടങ്ങുന്നുണ്ടോയെന്ന് ഓരോ മലയാളിയും സ്വയം പരിശോധിക്കണം. വര്‍ഗീയതയുടെ ദംശനമേറ്റുവെന്ന് സംശയമുണ്ടെങ്കില്‍ മടിക്കാതെ സ്വയം ചികില്‍സിക്കണം. സുഖം പ്രാപിക്കല്‍ സങ്കീര്‍ണമൊന്നുമല്ല,  തിരിച്ച് മനുഷ്യനാവുകയേ വേണ്ടൂ. 

ശരിയാണ് ഭൂരിപക്ഷ–ന്യൂനപക്ഷവര്‍ഗീയത ഒരു പോലെ അപകടകരമാണ്. പക്ഷേ പ്രായോഗികമായി ഭൂരിപക്ഷവര്‍ഗീയതയുടെ സിദ്ധാന്തങ്ങളും പ്രയോഗരീതിയുമാണ് ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതെന്ന ജാഗ്രത ഉണ്ടായിരിക്കുകയും വേണം. ഉദാഹരണത്തിന് കേരളത്തില്‍ പരസ്പരം ഒരിക്കല്‍ പോലും മുഖാമുഖം നില്‍ക്കേണ്ടിവന്നിട്ടില്ലാത്ത രണ്ടു ന്യൂനപക്ഷവിഭാഗങ്ങളെയാണ് തമ്മിലകറ്റാന്‍ ഭൂരിപക്ഷവര്‍ഗീയത ഇടനില വഹിക്കുന്നത്. യാഥാര്‍ഥ്യം പരിശോധിക്കാതെ സ്വയം സങ്കല്‍പിച്ചെത്തുന്ന അരക്ഷിതാവസ്ഥയിലേക്ക് അത് ക്രൈസ്തവ സമൂഹത്തെ ആവര്‍ത്തിച്ചു ക്ഷണിക്കുന്നു. കേരളത്തിനു പുറത്ത് ക്രൈസ്തവരോട് സംഘപരിവാര്‍ സമീപനമെന്താണ് എന്ന വസ്തുതാന്വേഷണം പോലും നടത്താതെ ചില മതമേധാവികളെങ്കിലും ആ ചൂണ്ടയിലേക്കു ചായുന്നു. 

എല്ലാ ഭൂമാഫിയയും അവരാണ്, എല്ലാ വ്യാപാരവും അവരാണ്, എല്ലാ സമ്പത്തും ആനുകൂല്യവും അവര്‍ക്കാണ് എന്നാരെങ്കിലും പറയുമ്പോഴേക്കും അങ്ങനെയല്ലേ എന്നു ചിന്തിക്കാന്‍ തുടങ്ങുന്ന അണികളെയും വിശ്വാസസമൂഹത്തില്‍ സൃഷ്ടിച്ചു തുടങ്ങുന്നു. സാമ്പത്തിക ഉച്ചനീചത്വങ്ങളുടെ മാത്രം താരതമ്യത്തില്‍, കേന്ദ്രഏജന്‍സികള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും കണ്ടെത്താന‍് കഴിയാത്ത ലൗജിഹാദ് ബോംബിന്റെ ഭയത്തിലേക്ക് ധ്രുവീകരണരാഷ്ട്രീയം ക്രൈസ്തവരെ കുരുക്കിയിടാന്‍ ശ്രമിക്കുന്നു. ചെറുക്കാന്‍ ഉറപ്പായും അവര്‍ക്ക് കഴിയും. കഴിയണം. ചൂണ്ടക്കൊളുത്തിന്റെ അറ്റം അവസാനമാണെന്ന ബോധമുള്ളവരാണ് കേരളത്തിലെ ഏതു മതത്തിലെയും സാമാന്യമനുഷ്യര്‍. ഒപ്പം സര്‍ക്കാരിന്റെയും സംവിധാനങ്ങളുടെയും ജാഗ്രത കൂടി ഇക്കാര്യത്തിലുണ്ടാകണം. ഒളിഞ്ഞും തെളിഞ്ഞുമുള്ള വിദ്വേഷപ്രചാരണത്തിനെതിരെ കര്‍ക്കശ നിയമനടപടി സ്വീകരിക്കണം. ഒപ്പം പരസ്പരവിശ്വാസം വര്‍ധിപ്പിക്കാനുതകുന്ന മതേതരസംവാദങ്ങള്‍ക്ക് മുന്‍കൈയെടുക്കണം. വെറുപ്പിന്റെ വഴിയിലൂടെ രാഷ്ട്രീയത്തിന്റെ അജണ്ടകള്‍ ഒളിച്ചുകടത്താനാകില്ലെന്ന് കേരളം ധ്രുവീകരണരാഷ്ട്രീയത്തിനു മറുപടി കൊടുക്കണം. 

വീണു പോകാന്‍ വളരെ എളുപ്പമാണ്. വര്‍ഗീയത അത്രയും പ്രലോഭനം വാഗ്ദാനം ചെയ്യും. പക്ഷേ മനുഷ്യനെ മതം തിരിച്ചു കണ്ടു തുടങ്ങിയാല്‍, വിദ്വേഷം മനസില്‍ കയറിയാല്‍ പിന്നെ മനുഷ്യനിലേക്ക് ഒരു തിരിച്ചുവരവില്ല. അപരമതവിദ്വേഷം അപരവിദ്വേഷത്തിലേ അവസാനിക്കൂ. തൊട്ടടുത്തു നില്‍ക്കുന്ന മനുഷ്യരെ സംശയിച്ചു സംശയിച്ച് ഒടുവില്‍ അവനവനില്‍ വിശ്വാസമില്ലാത്ത മനുഷ്യരായി നമ്മള്‍ ഒടുങ്ങിത്തീരരുത്. ആത്മവിശ്വാസമില്ലാത്ത മനുഷ്യരെയാണ് ധ്രുവീകരണ രാഷ്ട്രീയം സൃഷ്ടിച്ചെടുക്കുന്നത്. സാമൂഹ്യമായ പാരസ്പര്യത്തിന്റെ ജീവിതാനന്ദം ഒരു രാഷ്ട്രീയലക്ഷ്യത്തിനും വിട്ടുകൊടുക്കരുത്. കേരളം ജാഗ്രത പാലിക്കണം.