വിവാദം തുടരാനില്ല; പക്ഷേ സിപിഎമ്മിനോട് മുട്ടുമടക്കില്ല: ബല്‍റാം

എകെജിക്കെതിരായ വിവാദപരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്ന് വി.ടി.ബല്‍റാം എംഎല്‍എ.  ഒരു കമന്റിന് അതേഭാഷയില്‍ മറുപടി നല്‍കിയതാണ്. വിവാദം തുടരാന്‍ ആഗ്രഹിക്കുന്നില്ല. വിവാദമൊഴിവാക്കാന്‍ സിപിഎം മുന്‍കയ്യെടുക്കണം.  താന്‍ മാപ്പ് പറഞ്ഞേ മതിയാകൂ എന്ന സിപിഎം നിലപാട് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും ബല്‍റാം മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. എന്നാല്‍ എതിരാളികളുടെ പ്രകോപനത്തില്‍ നൈമിഷകമായി വീഴരുതായിരുന്നുവെന്ന തിരിച്ചറിവ് ഇപ്പോഴുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  

കോണ്‍ഗ്രസിന്റെ സ്ഥിരംശൈലിയിലല്ല സമൂഹമാധ്യമങ്ങളില്‍ താന്‍ ഇടപെട്ടതെന്നും വി.ടി.ബല്‍റാം കൂട്ടിച്ചേര്‍ത്തു. എത്ര ആക്രമണമുണ്ടായാലും തിരിച്ചൊന്നും ചെയ്യില്ലെന്ന നിലപാടാണ് കാലങ്ങളായി കോണ്‍ഗ്രസ് പിന്തുടരുന്നത്. ഇക്കാര്യത്തില്‍ സാധാരണ പ്രവര്‍ത്തകരുടെ വികാരംകൂടി പരിഗണിച്ചാണ് പലപ്പോഴും പ്രതികരിച്ചിട്ടുള്ളത്. സിപിഎമ്മിന് എന്തുംപറയാം മറ്റൊരും ഒന്നുംമിണ്ടാന്‍ പാടില്ല എന്ന രീതി മാറണം. രാഷ്ട്രീയ സംവാദങ്ങള്‍ക്കുപകരം അക്രമത്തിന്റെ വഴി തുടരുന്നത് സിപിഎം ആദ്യം ഉപേക്ഷിക്കണമെന്നും ബല്‍റാം മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.