ഒാഖി ദുരന്തത്തെ സാംസ്കാരിക കേരളം അവഗണിച്ചു : ഡോ എം സൂസപാക്യം

ഒാഖി ചുഴലിക്കാറ്റില്‍ മല്‍സ്യത്തൊഴിലാളികള്‍ നേരിട്ട ദുരന്തത്തെ സാംസ്കാരിക കേരളം അവഗണിച്ചെന്ന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. നൂറുകണക്കിന് ആളുകള്‍ മരിച്ചപ്പോള്‍ അവരുടെ കുടുംബങ്ങളോട് ആരും അനുഭാവം പ്രകടിപ്പിച്ചില്ല. ഫിലിംഫെസ്റ്റിവലിലും മറ്റും പങ്കെടുത്തവര്‍ മല്‍സ്യത്തൊഴിലാളികളെ തിരിഞ്ഞുനോക്കിയില്ല. അവരെ അവഗണിക്കുന്ന മനോഭാവം പൊതുവെ ഉണ്ട്

ഒാഖി ദുരിതമേഖല മുഖ്യമന്ത്രി എത്രയുംവേഗം സന്ദര്‍ശിക്കേണ്ടിയിരുന്നുവെന്നും ഡോ.എം.സൂസപാക്യം. വേദനയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുക എന്നതാണ് ഏതു ദുരന്തത്തിലും ആദ്യം ചേയ്യേണ്ടതെന്നും ഡോ. എം.സൂസപാക്യം പറഞ്ഞു.

അഭിമുഖം പൂർണരൂപം 

ഓഖി ദുരന്തത്തിന്‍റെ നടുവില്‍ നില്‍ക്കുമ്പോഴും ഈ സങ്കടക്കടല്‍ കാണുമ്പോഴും പിതാവിന് എങ്ങനെയാണ് ഉറങ്ങാന്‍ കഴിയുക ? 

ഓഖി ദുരന്തത്തിന്‍റെ വേദന ജനങ്ങള്‍ അനുഭവിക്കുന്നതുപോലെ ഞാനും അനുഭവിക്കുന്നുണ്ട്. തീരദേശങ്ങളിലാകെ സന്ദര്‍ശിച്ച് അവരുടെ വേദനയില്‍ പങ്കുചേരുന്നുണ്ട്. എങ്കിലും എന്‍റെ പ്രത്യാശ ഇതാണ്, ദൈവത്തിന്‍റെ അറിവോടും സമ്മതത്തോടും കൂടെ വരുന്നതിന് എന്തായാലും ഒരു ഉദ്ദേശ്യം കാണും.‌

ദൈവഹിതമാണെന്ന് കരുതുമ്പോഴും മനുഷ്യന്‍റെ വീഴ്ച ഈ ദുരന്തത്തിന്‍റെ തീവ്രത കൂട്ടി എന്ന് തോന്നുന്നില്ല ? 

ജനങ്ങള്‍ അലമുറയിട്ട് പറയുന്നതും അതാണ്. വീഴ്ച തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. നേരത്തെ അറിവ് കിട്ടിയിരുന്നെങ്കില്‍ ഇത്രയധികം ജീവഹാനി ഉണ്ടാകുന്നത് ഒഴിവാക്കാമായിരുന്നു. ആരും മനഃപൂര്‍വം ചെയ്തതാണ് എന്ന് ഞാന്‍ പറയുന്നില്ല. ആരുടെയും ആത്മാര്‍ഥതയെ ചോദ്യംചെയ്യുന്നില്ല, പിഴവുകള്‍ ഉണ്ടായിട്ടുണ്ട്, മുന്നറിയിപ്പ് നല്‍കുന്നതിലും ഒപ്പം ലാഘവബുദ്ധിയോടെ മല്‍സ്യത്തൊഴിലാളികള്‍ ഇക്കാര്യങ്ങളെ സമീപിച്ചെന്നും സംശയമുണ്ട്. എന്നാല്‍ പരസ്പരം ചെളിവാരിയെറിയലുകള്‍ നടത്തുന്നതിനേക്കാള്‍ നല്ലത് ഒരുമിച്ചുനിന്നിട്ട് ഈ പ്രശ്നം പരിഹരിക്കുക എന്നതാണ്.

മല്‍സ്യത്തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കാന്‍ ശാസ്ത്രസാങ്കേതിക സംവിധാനങ്ങള്‍ എത്രത്തോളം പുരോഗതി നേടിയിട്ടുണ്ട് എന്നാണ് കരുതുന്നത് ?

ശാസ്ത്രസാങ്കേതികവിദ്യ കൊണ്ട് മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ സംബന്ധിച്ച് നാം ഏറെ മുന്‍പോട്ടുപോയിട്ടില്ല. ചെറിയ പുരോഗതികളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്നും ശിലായുഗ മനുഷ്യരെപ്പോലെയാണ് ഇവര്‍ മല്‍സ്യബന്ധനം നടത്തുന്നത്. ഇതുതന്നെയാണ് ദുരന്തം അനുഭവിക്കുന്നവരുടെ കണക്കെടുപ്പ് നടത്തുന്ന കാര്യത്തിലും സംഭവിച്ചിരിക്കുന്നതും. ഫിഷറീസ് വകുപ്പ് പറയുന്ന കണക്കും റവന്യുവകുപ്പ് പറയുന്ന കണക്കും ഞങ്ങള്‍ (സഭ) പറയുന്ന കണക്കും തമ്മില്‍ ചേരാത്തതും എല്ലാം ഇതുകൊണ്ടുതന്നെയാണ്. എന്നാല്‍ ഇന്ന് സഭയുടെ കണക്കിലേക്ക് എത്തുന്ന അവസ്ഥയാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. 

പിതാവിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചില ചായ്‌വ് ഉണ്ട് എന്ന് പോലും ആളുകള്‍ പറയാറുണ്ട്. ഈയൊരു കാര്യം വന്നപ്പോള്‍ വേണ്ടത്ര പ്രവര്‍ത്തനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്ന വിഷമം ഉണ്ടോ ? 

ഞാന്‍ ഒരു പാര്‍ട്ടിയോട് ഏതെങ്കിലും തരത്തില്‍ അനുഭാവം പ്രകടിപ്പിക്കുന്നു എന്ന  പ്രസ്താവനയോട് ശക്തമായി പ്രതിഷേധിക്കുന്നു. അങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല, ഒരു മെത്രാന്‍ എന്ന നിലയില്‍ നല്ലത് ആര് ചെയ്താലും നല്ലതെന്നും തിന്മ ആര് ചെയ്താലും അതും പറയും. നിരീശ്വരവാദം വര്‍ഗസമരം പോലുള്ള രീതികളോടൊന്നും ഒരുയോജിപ്പുമില്ല. മദ്യനയത്തിന്‍റെ കാര്യത്തിലടക്കം അവരുമായി ശക്തമായ അഭിപ്രായവ്യത്യാസം ഉണ്ട്. പക്ഷേ വ്യക്തിപരമായി പല നേതാക്കന്‍മാരുമായും അടുപ്പമുണ്ട്. 

മുഖ്യമന്ത്രിക്ക് ആദ്യമെ തന്നെ ദുരന്തമേഖല സന്ദര്‍ശിക്കാമായിരുന്നു അത് ഉണ്ടായില്ല, ഇക്കാര്യത്തില്‍ പിതാവിന് ഒരു അഭിപ്രായം ഉണ്ടോ ?

അത്യാഹിതം ഉണ്ടാകുന്ന അവസരത്തില്‍ അവരെ ആശ്വസിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പോവുക തന്നെ ചെയ്യണം. പക്ഷേ മുകളില്‍ ഇരിക്കുന്നവര്‍ക്ക് അവരുടെ ചില തിരക്കുകളും അവരുടേതായ ന്യായങ്ങളും ഉണ്ടാകും. മുഖ്യമന്ത്രി അവിടെ പോകേണ്ടതായിരുന്നു, ആളുകള്‍ പ്രതികരിച്ചത് അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് മുഖ്യമന്ത്രിക്ക് ഉയരാന്‍ സാധിക്കാത്തത് കൊണ്ടാകാം, അത് ഞാന്‍ നിഷേധിക്കുന്നില്ല. 

കേരളത്തിന്‍റെ പൊതുസമുഹം മറ്റ് സഭകള്‍പ്പോലും ഈ വേദന ഏറ്റെടുത്തതായി തോന്നുന്നില്ല ? 

പൊതുസമൂഹത്തിന് മല്‍സ്യത്തൊഴിലാളികളോടുള്ള മനോഭാവത്തില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല. പഴയ മനുഷ്യരെ കാണുന്നപോലെയുള്ള പെരുമാറ്റമാണ് അവരോടുള്ളത്, ചെറിയ വ്യത്യാസവും വന്നിട്ടുണ്ട്. ഈ ദുരന്തത്തിന്‍റെ ഗൗരവം പൊതുസമൂഹം ഇന്നുവരെ അറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. രക്ഷപ്പെട്ടുവന്നവരില്‍ ചിലര്‍ ചോദിച്ചത്. വന്യമൃഗങ്ങള്‍ക്കും തെരുവുനായ്ക്കള്‍ക്കും സംരക്ഷണം കൊടുക്കുന്ന നമ്മുടെ രാജ്യത്ത് മല്‍സ്യത്തൊഴിലാളികള്‍ക്ക് എന്തെങ്കിലും വിലയുണ്ടോ എന്നാണ്. സാംസ്കാരിക കേരളത്തിലെ ആര്‍ക്കും തോന്നിയില്ല, ഈ മേഖലകളില്‍ സന്ദര്‍ശനം നടത്തി അവരോട് അനുഭാവം പ്രകടിപ്പിക്കാന്‍. 

അഞ്ചാംതീയതിയിലെ കെ.സി.ബി.സിയുടെ മീറ്റിങ്ങില്‍ ഈ വിഷയം അവതരിപ്പിക്കുന്നതുവരെ ഇതരസഭക്കാര്‍ക്ക് ഈ വിഷയത്തില്‍ അത്ര ധാരണയില്ലായിരുന്നു. അതിനുശേഷം എല്ലാവരുടെയും ഭാഗത്തുനിന്ന് സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തുള്ള അറിയിപ്പുകള്‍ ലഭിക്കുന്നുണ്ട്. 

മല്‍സ്യത്തൊഴിലാളികള്‍ അവരുടെ വരുമാനത്തിന്‍റെ ഒരു ഭാഗം സഭയ്ക്കും നല്‍കുന്നുണ്ട്, അവര്‍ക്ക് സഭ എന്താണ് തിരിച്ചുകൊടുക്കുന്നത് ? 

സഭയുടെ സമ്പത്ത് വിനിയോഗിക്കുന്നതിനെ സംബന്ധിച്ച് വിമര്‍ശനം എല്ലായിപ്പോഴും കേള്‍ക്കുന്നതാണ്. സഭയുടെ പാളിച്ചകള്‍ അങ്ങിങ്ങായി ഉണ്ട്, നിഷേധിക്കുന്നില്ല, എന്നാല്‍ എല്ലാകാര്യത്തിലും അല്ല. വളരെ സുതാര്യമായാണ് സഭയുടെ സമ്പത്തിന്‍റെ വിനിയോഗം നടക്കുന്നത്. 

പെരുന്നാളുകള്‍ക്ക് വരവുചെലവ് കണക്കുകള്‍ കൃത്യമായി നല്‍കണം എന്ന നിബന്ധനകള്‍ ഉണ്ട്. സോഷ്യല്‍ സര്‍വീസുകള്‍‌ മറ്റ് ശുശ്രൂഷാ സംവിധാനങ്ങള്‍ തുടങ്ങിയവ സഭയുടെ വിവിധ സേവന മേഖലകളാണ്.