ഫാൻസുകാർ താരങ്ങളെ തെറ്റായ വഴിക്ക് നയിക്കുന്നു: നെടുമുടി വേണു

മലയാള സിനിമയിലെ ഫാൻസുകാരുടെ അതിപ്രസരം പലപ്പോഴും താരങ്ങളെ തെറ്റായ വഴിക്കു നയിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് മുതിർന്ന നടൻ നെടുമുടി വേണു. സിനിമ കാണേണ്ട രീതികൾ പലതുണ്ട്. തന്മാത്ര പോലൊരു സിനിമ കാണുന്നത് പോലെയല്ല പുലിമുരുകൻ കാണേണ്ടത്. തന്മാത്ര സിനിമ കാണാൻ പോയപ്പോൾ ആരാധകർ തിയേറ്ററിൽ ബഹളമുണ്ടാക്കിയിരുന്നു. ഗൗരവമുള്ള സിനിമകൾ ആ രീതിയിൽ തന്നെ കാണണം. പാലഭിഷേകം പോലുള്ള പരിപാടികൾ മലയാളത്തിലേക്ക് വന്നിട്ട് അധികകാലമായിട്ടില്ല. എന്നാൽ അത്തരം ആഘോഷങ്ങൾ മലയാള സിനിമയ്ക്ക് ചേർന്നതല്ലെന്ന് മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ നെടുമുടി വേണു പറഞ്ഞു.

മലയാളത്തിലെ നായക നടന്മാർക്കു പലര്‍ക്കും പ്രായം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സൂപ്പർ സ്റ്റാർ സങ്കൽപ്പം മലയാള സിനിമയിലുണ്ടെങ്കിലും മറ്റു ഭാഷകളിലുള്ളത്ര തീവ്രമല്ല. നമ്മുടെ സൂപ്പർ താരങ്ങളും പലപ്പോഴും സാധാരണക്കാരാണെന്നും നെടുമുടി വേണു അഭിപ്രായപ്പെട്ടു. നടി അക്രമിക്കപ്പെട്ട സംഭവം അറിഞ്ഞപ്പോൾ ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.