സിബിഐ അട്ടിമറിയിലെ യഥാര്‍ഥ വില്ലന്‍ ആരാണ് ?

സിബിെഎയെ കൂട്ടിലടച്ച തത്തയെന്ന് വിമര്‍ശിച്ച് സുപ്രീംകോടതി നടത്തിയ ഇടപെടലാണ് യുപിഎ സര്‍ക്കാരിന്‍റെ അടിത്തറ ഇളക്കിയതെന്ന് ഒാര്‍ക്കണം. സിബിെഎ മേധാവിയുടെ കലാവധി രണ്ട് വര്‍ഷമെന്ന് സുപ്രീംകോടതി ഉറപ്പിച്ചിട്ടുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സിബിെഎ മേധാവിയെ മാറ്റാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് കോടതിയുടെ ഈ പരിരക്ഷ. പ്രധാനമന്ത്രി, പ്രധാനപ്രതിപക്ഷപ്പാര്‍ട്ടിയുടെ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്നാണ് സിബിെഎ മേധാവിയെ നിയമിക്കുന്നത്.

സിബിെഎ തലപ്പത്തെ അഴിച്ചുപണിയെ റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പിച്ചത് സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ്. ഇതോടെ വിവാദങ്ങളുടെ തലം മാറി. പ്രതിപക്ഷ ആക്രമണത്തിന് മൂര്‍ച്ചകൂടി.പ്രതിച്ഛായ എന്നോ നഷ്ടപ്പെട്ട അന്വേഷണ ഏജന്‍സിയാണ് സിബിെഎ. ഭരിക്കുന്ന പാര്‍ട്ടിക്ക് എതിരാളികള്‍ക്കെതിരെ ഏതുസമയവും പ്രയോഗിക്കാവുന്ന ആയുധം. അധികാരത്തിലുള്ളവരുടെ ഇംഗിതത്തിന് വഴങ്ങി കുറ്റകൃത്യങ്ങള്‍ തേച്ചുമായ്ച്ചുകളയുകയും വേണ്ടപ്പെട്ടവരെ രക്ഷപ്പെടുത്തുകയും ചെയ്യല്ലാണ് സിബിെഎയുടെ പ്രധാനപണി. 

പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രത്തില്‍ മറ്റാരോടും വിശദീകരണം പറയേണ്ടതില്ലാത്ത സിബിെഎയുടെ പെരുമ വീണ്ടെടുക്കാന്‍ കടമ്പകള്‍ ഏറെയുണ്ട്. സിബിെഎയുടെ വിശ്വാസ്യത ഇത്രയേറെ നഷ്ടമായ ഒരു സാഹചര്യം മുന്‍പെങ്ങും ഉണ്ടായിട്ടില്ല. ഇത് സിബിെഎയുടെ മാത്രം കഥയല്ല. അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ചാണ് നരേന്ദ്ര മോദി അധികാരം പിടിച്ചത്. യുപിഎ ഭരണകാലത്തെ എണ്ണത്തീരാത്ത കോടികളുടെ അഴിമതികള്‍ക്ക് നേരെയുയര്‍ന്ന ജനരോഷം മോദിയുടെ പടയോട്ടത്തിന് വഴിവെട്ടി. മന്‍മോഹന്‍ സിങ്ങിന്‍റെ പത്തുവര്‍ഷത്തെ ഭരണകാലയളവില്‍ അവസാന വര്‍ഷങ്ങളിലാണ് അഴമിതി ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത്. എന്നാല്‍ മോദിയുടെ ഭരണത്തിന്‍റെ നാലാംവര്‍ഷത്തില്‍ തന്നെ ചെമ്പ് തെളിഞ്ഞ് പുറത്തുവന്നു. 

മോദിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ നാള്‍ക്കുനാള്‍ തകരുകയാണ്. സിബിെഎ വിവാദം സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയെന്നത് വസ്തുതയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ഇനിയും വ്യക്തമല്ല.ഈ സിബിെഎ ഡയറിക്കുറിപ്പിലെ വില്ലന്‍ ആരാണെന്ന് ഇനി പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ. ഒരുകാര്യം പറയാം മുഖം നഷ്ടപ്പെട്ടത് സിബിെഎയ്ക്ക് മാത്രമല്ല ഇന്ത്യന്‍ ജനാധിപത്യത്തിന് കൂടിയാണ്.