ആധാര്‍ വഴിയാധാരമായില്ല; ആശങ്കകള്‍ക്ക് ഉത്തരമായോ?

ആധാറിനെ ഉപാധികളോടെയാണ് സുപ്രീംകോടതി അംഗീകരിച്ചത്. ആധാര്‍ കേസിലെ വിധി നരേന്ദ്ര മോദി സര്‍ക്കാരിന് ഒരോ സമയം ആശ്വാസവും തിരിച്ചടിയുമാണ്. സുപ്രീംകോടതി ആധാര്‍ അസാധുവാക്കിയിരുന്നെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അത് കനത്ത തിരിച്ചടിയാകുമായിരുന്നു. പ്രത്യേകിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് കടക്കാനിരിക്കെ. വിധി പറഞ്ഞ അഞ്ചില്‍ നാല് ന്യായാധിപന്മാരും ആധാറിനെ പിന്തുണച്ചുവെന്ന് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണങ്ങള്‍ അനര്‍ഹരുടെ കൈകളില്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആധാറിലൂടെ കഴിഞ്ഞു. അതിന് സുപ്രീംകോടതിയുടെ അംഗീകാരം കിട്ടിയെന്ന് സര്‍ക്കാര്‍ വിധിപ്പകര്‍പ്പ് ചൂണ്ടിക്കാട്ടി വാദിക്കുന്നു.

ആധാര്‍ എന്ന ആശയം കോണ്‍ഗ്രസിന്‍റേതാണ്. അത് അംഗീകരിക്കപ്പെട്ടത് കോണ്‍ഗ്രസിന്‍റെ നേട്ടമാണ്. സ്വകാര്യമേഖലയ്ക്ക് ആധാര്‍ നമ്പറുകള്‍ ശേഖരിക്കാന്‍ അനുമതി നല്‍കുന്ന വകുപ്പ് റദ്ദാക്കിയത് കോണ്‍ഗ്രസ് ആയുധമാക്കും. ആധാറിലെ സുപ്രീംകോടതി വിധി തൃപ്തികരമാണോ? ആശങ്കകള്‍ക്ക് ഉത്തരം നല്‍കുന്നുണ്ടോ? സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്നാണ് കോടതി നിര്‍ദേശം. ഇതിന്‍റെ ഭാവി ഇനി അറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയാണ് ജാര്‍ഖണ്ഡില്‍ 11 വയസുകാരി പട്ടിണി കിടന്ന് മരിച്ചത്. ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തിന്‍റെ പേരില്‍ ഭക്ഷണം കിട്ടാതെ. 

റൈറ്റ് ടു ഫുഡ് ക്യാംപെയിന്‍ എന്ന സന്നദ്ധ സംഘടന നടത്തിയ പഠത്തില്‍ ആധാര്‍ പട്ടിണി മരണത്തിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരവധിപേര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കപ്പെടുന്നു. ആധാര്‍ മൂലം നിരാധാരരായവര്‍ക്ക് നീതി ഉറപ്പാക്കാന്‍ ഇനിയും കടമ്പകളുണ്ട്.  ആധാര്‍ പണബില്ലായി അവതരിപ്പിച്ചതിലെ ഭരണഘടനവിരുദ്ധത ചോദ്യം െചയ്തത് ന്യൂനപക്ഷവിധിയില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഡാണ്.