ശബരിമലയില്‍ കയറുന്ന സ്ത്രീകള്‍ക്ക് ആര്‍എസ്എസ് ശാഖയിലും കയറാമോ?

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം. രാജ്യത്തെ പരമോന്നത നീതിപീഠം ചരിത്രവിധി പറഞ്ഞു. സ്ത്രീ പ്രവേശനവിഷയത്തിലെ ലിംഗനീതി, പുരോഗമന ലക്ഷ്യങ്ങള്‍ ഇവ തല്‍ക്കാലം മാറ്റിവയ്ക്കുന്നു. ആര്‍.എസ്.എസ് എന്ന സംഘടന സ്വീകരിച്ച സമീപനത്തിലെ വൈരുധ്യങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളുമാണ് ഇവിടെ ചര്‍ച്ചയ്ക്കെടുക്കുന്നത്. ശബരിമലയില്‍ ആര്‍എസ്എസിന്‍റെ ശരണം വിളി ആര്‍ക്കൊപ്പം.

എന്തുകൊണ്ട് ആര്‍എസ്എസ്? എന്ന് ചോദിച്ചാല്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന്‍റെ വിശ്വാസങ്ങള്‍ക്കും സാംസ്ക്കാരികതയ്ക്കും ഒപ്പം നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന സംഘടനയാണ് ആര്‍എസ്എസ്. ഹിന്ദുത്വമാണ് ഉയര്‍ത്തിക്കാട്ടുന്നത്. ശരിയാണ്, ശബരിമലയില്‍ മതപരമായ അതിര്‍വരമ്പുകളില്ല. സന്നിധാനത്ത് സമത്വത്തിന്‍റെ സന്ദേശമാണ്. പക്ഷെ പിന്തുടരുന്നത് ഹിന്ദു ആരാധനാ സമ്പ്രദായമാണ്. അതുകൊണ്ടുതന്നെയാണ് 'ഹിന്ദു'വിനെക്കുറിച്ച് നിരന്തരം പറയുന്ന ആര്‍എസ്എസിന്‍റെ നിലപാടുകളിെല നെല്ലും പതിരും തിരയേണ്ടിവരുന്നത്. 

"സുപ്രീംകോടതി വിധി മാനിക്കുന്നു. ജാതി, ലിംഗ ഭേദമെന്യേ എല്ലാ ഭക്തജനങ്ങള്‍ക്കും ക്ഷേത്രങ്ങളില്‍ തുല്യ അവകാശമാണുള്ളത്.'' ആര്‍എസ്എസിന്‍റെ പ്രതികരണം ഇതാണ്. 2016ല്‍ നടന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയില്‍ ശബരിമല സ്ത്രീ പ്രവേശനം ഉന്നയിക്കപ്പെട്ടിരുന്നു. രാജ്യത്ത് ഒരു ക്ഷേത്രത്തിലും സ്ത്രീകളെ വിലക്കാന്‍ പാടില്ലെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. സര്‍കാര്യവാഹ് ഭയ്യാജി ജോഷി ഇക്കാര്യം പൊതുസമൂഹത്തോട് വിശദീകരിച്ചു. ഈ നിലപാടിനൊപ്പം നില്‍ക്കാന്‍ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും കേരളത്തിലെ ഭൂരിഭാഗം അണികള്‍ക്കും നേതാക്കള്‍ക്കും സാധിക്കുന്നില്ല. സുപ്രീംകോടതി വിധി ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉയര്‍ന്ന ചില നിര്‍ണായക വിഷയങ്ങളില്‍ ആര്‍എസ്എസിന്‍റെ നിലപാട് ഇനിയും വ്യക്തമല്ല. ബേധപൂര്‍വമായ മൗനം പല കാര്യങ്ങളിലും ഈ വിഷയത്തില്‍ ആര്‍എസ്എസിനുണ്ട്.  ശബരിമല മൂര്‍ത്തിക്കും ശ്രീകോവലിനും ഭരണഘടനയുടെ പരിരക്ഷയുണ്ടെന്ന വാദം അംഗീകരിക്കാന്‍ ചീഫ് ജസ്റ്റിസും മൂന്ന് സഹജഡ്ജിമാരും തയ്യാറായില്ല. സ്ത്രീപ്രവേശത്തിലെ നിയന്ത്രണം നീക്കിയ ഭൂരിപക്ഷ വിധി അംഗീകരിക്കുന്ന ആര്‍എസ്എസ് ഇതും അംഗീകരിക്കുന്നുണ്ടോ? ആരാധനാലയത്തിനും ആരാധനാമൂര്‍ത്തിക്കും ഭരണഘടനയുടെ പരിരക്ഷയുണ്ടെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ന്യൂനപക്ഷ വിധിയില്‍ വ്യക്തമാക്കി. ആര്‍എസ്എസ് ഇക്കാര്യത്തില്‍ ഭൂരിപക്ഷ വിധിക്കൊപ്പമാണെങ്കില്‍ വിശ്വാസികളോട് എന്ത് മറുപടി നല്‍കാനുണ്ട്?  

അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്‍റെ കാര്യത്തില്‍ ആര്‍എസ്എസ് ഭൂരിപക്ഷ വിധി പറഞ്ഞ നാല് ജഡ്ജിമാര്‍ക്കൊപ്പമാണോ?

അയ്യപ്പ ഭക്തര്‍ക്ക് വിശ്വാസപരമായ വൈവിധ്യങ്ങളുണ്ടെന്നും അവരെ പ്രത്യേക വിഭാഗമായി കാണാമെന്നുമാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞത്. ഭൂരിപക്ഷവിധി അത് അംഗീകരിക്കുന്നില്ല. അയ്യപ്പ ഭക്തരുടെ വിശ്വാസ വൈവിധ്യം ആര്‍എസ്എസ് അംഗീകരിക്കുന്നുണ്ടോ?  

   

കാക്കി ട്രൗസറില്‍ നിന്ന് പാന്‍റ്സിലേയ്ക്ക് മറുന്നതിനെക്കുറിച്ച് ഏതാണ്ട് പന്ത്രണ്ട് വര്‍ഷം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത സംഘടനയാണ് ആര്‍എസ്എസ്. പല തട്ടില്‍. പല വേദികളില്‍. ഒാരോ വിഷയങ്ങളിലും വിശദമായ ചര്‍ച്ച നടത്തി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് അവകാശപ്പെടാറ്. പക്ഷെ, ഏറെ നിര്‍ണായകമായ ശബരിമല വിഷയത്തില്‍ വിശ്വാസികളുമായോ, പൊതുസമൂഹവുമായോ തുറന്ന ചര്‍ച്ചകള്‍ക്ക് ഇടമൊരുക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇല്ലെന്ന് തന്നെ പറയാം. 

ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിരോധനമില്ല, നിയന്ത്രണമാണ് ഉള്ളതെന്ന് വിശ്വാസികള്‍ വാദിക്കുന്നു. വിശ്വാസികളുടെ ഈ വാദം ആര്‍എസ്എസ് അങ്ങിെനയെങ്കില്‍ എന്തുകൊണ്ട് െചവിക്കൊണ്ടില്ല? 

സാംസ്ക്കാരിക ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനയാണെന്നാണ് ആര്‍എസ്എസ് അവകാശപ്പെടുന്നത്. ''ആര്‍എസ്എസില്‍ സ്ത്രീകളെവിടെ?'' കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എപ്പോഴും ഉന്നയിക്കുന്ന ചോദ്യമാണിത്. സര്‍സംഘചാലക് മുതല്‍ പ്രചാരകന്‍വരെ ഒരാള്‍ക്കും ഇന്നുവരെ മറുപടി നല്‍കാന്‍ കഴിയാത്ത ചോദ്യം. ശാഖകള്‍ മുതല്‍ നയപരമായ തീരുമാനങ്ങളെടുക്കുന്ന പരമോന്നത വേദിയായ പ്രതിനിധി സഭയില്‍വരെ ഒരു പെണ്‍തരിയില്ല. സ്ത്രീകള്‍ക്കായി രാഷ്ട്ര സേവിക സമിതി എന്ന പരിവാര്‍ സംഘടനയാണുള്ളത്. പ്രചാരക തലത്തില്‍ ഒരു സ്ത്രീപോലും ഇല്ലാത്ത സംഘടനയില്‍ എന്തുകൊണ്ട് ഒരു വനിത സര്‍സംഘചാക് ഇല്ല എന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല. ആറ് വര്‍ഷം കൂടി പിന്നിട്ടാല്‍ ആര്‍എസ്എസ് നൂറാംവയസിലെത്തും. 2025ല്‍. സ്ത്രീകളുടെ തുല്യതയ്ക്കായി വാദിക്കുന്ന സംഘടനയ്ക്ക് ഇത്രയും വര്‍ഷം ലിംഗ നീതി എന്തുകൊണ്ട് സ്വന്തം സംഘടനയ്ക്കകത്ത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. ആണും പെണ്ണും ഒരുമിച്ചുള്ള ശാഖകള്‍ എന്തുകൊണ്ടില്ല? ഇനി, ബിജെപിയുെട കാര്യമെടുത്താല്‍, അടല്‍ ബിഹാരി വായ്പേയി മുതല്‍ അമിത് ഷാ വരെയുള്ള പാര്‍ട്ടി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഒരു വനിതയുടെ പേരുപോലുമില്ല. 

ആര്‍എസ്എസിന്‍റെ ശബരിമല നിലപാടിലെ യഥാര്‍ഥ്യമെന്താണ്? ഹിന്ദുമതവും ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വവും തമ്മിലെ വൈരുധ്യം ദേശീയ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാണ്. വിശ്വാസപരമായും ആചാരപരമായും വൈവിധ്യങ്ങളും ആന്തരിക വൈരുധ്യങ്ങളും നിലനില്‍ക്കുന്നതാണ് ഹിന്ദുമതം. വൈവിധ്യങ്ങളുടെ മഴവില്ലഴക് ഇല്ലാതാക്കി, കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഹിന്ദു എന്ന ആശയത്തെ ഏകശിലാ രൂപമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ആ ദിശയിലേയ്ക്കുള്ള ഒരു കരുനീക്കമാണ് ശബരിമല വിഷയത്തിലും സ്വീകരിച്ചത്. ഒപ്പം പുരോഗമന സമീപനത്തിന്‍റെ മേലങ്കിയുമായി യുവതലമുറയെ ആകര്‍ഷിക്കലും. ഏകീകൃത സിവില്‍ കോഡ് എന്ന വലിയ ലക്ഷ്യം കൂടി ശബരിമല വിഷയത്തിലെ ആര്‍എസ്എസ് നിലപാടിന് പിന്നിലുണ്ട്. ഒരൊറ്റ രാജ്യം, ഒരൊറ്റ വിശ്വാസം, ഒരൊറ്റ പാര്‍ട്ടി, ഒരൊറ്റ നിയമം. ഏകീകൃത സിവില്‍ കോഡ് വേണമെന്ന് നിര്‍ദേശിക്കുമ്പോഴും അതിന് രാജ്യം പരുവപ്പെടാനുള്ള സമയം ഭരണഘടന ശില്‍പ്പികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് അനുവദിച്ച് നല്‍കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അരങ്ങൊരുങ്ങുമ്പോള്‍ ഏകീകൃത സിവില്‍കോഡും മുത്തലാഖ് നിരോധനവുമാകും ശബരിമലയുടെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരിക. കേരളത്തിലെ ചെറിയ മുറുമുറുപ്പുകള്‍ കണക്കിലെടുക്കുന്നില്ല. വടക്ക് കാര്യങ്ങള്‍ അനുകൂലമാകും. അതേ, ലക്ഷ്യം ലിംഗനീതിയല്ല, രാഷ്ട്രീയമാണ്.