തിര‍ഞ്ഞെടുപ്പ് അടുക്കുമ്പോൾ മുഖം മിനുക്കി ആര്‍എസ്എസ്

രാജ്യം നിര്‍ണായകമായ ഒരു തിര‍ഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ആര്‍എസ്എസ് മുഖം മിനുക്കുകയാണ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഡല്‍ഹിയില്‍ നടത്തിയ പ്രഭാഷണ പരമ്പര അത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിട്ടുള്ളത്. പുറം ലോകവുമായി തുറന്ന് ഇടപഴകാത്ത ആര്‍എസ്എസിനകത്തേയ്ക്ക് കാറ്റും വെളിച്ചവും കടക്കാന്‍ തുടങ്ങുകയാണോ.

ഹിന്ദു രാഷ്ട്ര സങ്കല്‍പ്പമാണ് എക്കാലത്തും ആര്‍എസ്എസിനെ മുന്നോട്ടു നയിക്കുന്നത്. ആ രാഷ്ട്ര സങ്കല്‍പ്പത്തില്‍ മുസ്‍ലിംങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ഇടമുണ്ടെന്നാണ് മോഹന്‍ ഭാഗവത് വിശദീകരിച്ചത്. ഭരണഘടനയാണ് സമന്വയത്തിന്‍റെ പാതയെന്നും ആര്‍എസ്എസ് മേധാവി പറ‍ഞ്ഞുവെയ്ക്കുന്നു. മനുസ്മൃതിയില്‍ നിന്ന് അംബേദ്ക്കറുടെ ഭരണഘടനയിലേയ്ക്കുള്ള ദൂരം കുറഞ്ഞോയെന്ന് ചിലരെങ്കിലും ഭാഗവതിനെ വിമര്‍ശിച്ച് പറഞ്ഞേയ്ക്കാം. അത് അവിടെ നില്‍ക്കട്ടെ. രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയെ നാഗ്പൂരിലെത്തിച്ച് ആര്‍എസ്എസ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടു. അതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ഭാഗവതിന്‍റെ നിലപാട് പ്രഖ്യാപനം.

ആര്‍എസ്എസ് കാര്‍ക്കശ്യം കുറയ്ക്കുകയാണോ? ഒരു സാംസ്ക്കാരിക സംഘടനയാണെന്നാണ് ആര്‍എസ്എസ് സ്വയം വിശേഷിപ്പിക്കുന്നത്. ആര്‍എസ്എസും ബിജെപിയും കരുത്തിന്‍റെ പാരമ്യത്തിലാണ് ഇപ്പോള്‍. ആര്‍എസ്എസിന് നൂറ് വയസ് തികയാന്‍ ഇനി ‌ആറ് വര്‍ഷം മാത്രം ബാക്കി. നരേന്ദ്ര മോദിയും മോഹന്‍ ഭാഗവതും തമ്മില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള ഉറച്ച ബന്ധമാണ്. എന്താണ് ആര്‍എസ്എസിന്‍റെ മനം മാറ്റത്തിന് കാരണം? തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളുമായി നില്‍ക്കുന്ന ബിജെപിയുടെ അപ്രമാദിത്യത്തിന് ആര്‍എസ്എസ് മൂക്കുകയറിടാന്‍ ശ്രമിക്കുന്നുണ്ടെന്ന അണിയറ സംസാരങ്ങളുണ്ട്. മിതവാദത്തിന്‍റെ ഭാഷ. മുഖം മിനുക്കലിനുള്ള ശ്രമങ്ങള്‍. ആര്‍എസ്എസ് പുതിയ ആകാശം തേടുകയാണോ?

വിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന വേട്ടയാടലുകള്‍ അവസാനിപ്പിച്ച് ഇരകള്‍ക്ക് നീതിയുറപ്പാക്കാന്‍ ആര്‍എസ്എസ് രംഗത്തിറങ്ങുമോ? വിദ്വേഷത്തിന്‍റെ രാഷ്ട്രീയം പയറ്റി വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ടുനേടുന്നത് തടയാന്‍ ആര്‍എസ്എസ് മുന്നിട്ടിറങ്ങമോ? ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ആര്‍എസ്എസിന്‍റെ മുഖം മാറ്റത്തിന്‍റെ യഥാര്‍ഥ്യ ലക്ഷ്യമറിയാന്‍ 2019വരെ കാത്തിരിക്കണം.