വര്‍ഷകാല സമ്മേളനം ബാക്കിയിടുന്ന രാഷ്ട്രീയ സൂചനകള്‍

വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി വന്ദേമാതരം പാടി പാര്‍ലമെന്‍റ് പിരിഞ്ഞു. സുപ്രധാനമായ പല നിയമ നിര്‍മ്മാണങ്ങള്‍ക്കും ഇരുസഭകളും സാക്ഷിയായി. ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലുകള്‍ സഭാതലം ചൂടുപിടിപ്പിച്ചു. പ്രതിഷേധങ്ങളും ബഹളങ്ങളും ഏറെയുണ്ടായെങ്കിലും കഴിഞ്ഞ ബജറ്റ് സമ്മേളനത്തേക്കാള്‍ വര്‍ഷകാലസമ്മേളനത്തില്‍ കാര്യങ്ങള്‍ വലിയ മുടക്കില്ലാതെ മുറയ്ക്ക് നടന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അലയൊലികള്‍ ഉയര്‍ന്നു കേള്‍ക്കുമ്പേള്‍ ഈ വര്‍ഷകാലസമ്മേളനം നിര്‍ണായകമായ ചില രാഷ്ട്രീയ സൂചനകള്‍ ബാക്കിയിടുന്നുണ്ട്.  

ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 10 വരെയായിരുന്നു വര്‍ഷകാല സമ്മേളനം. 17 പ്രവര്‍ത്തി ദിനങ്ങള്‍. 2000 മുതലിങ്ങോട്ടുള്ള ലോക്സഭയുടെ ചരിത്രമെടുത്താൽ കണക്കിലെ കളിയില്‍ മികവുറ്റ സമ്മേളനം. 22 ബില്ലുകള്‍ രണ്ട് സഭകളിലുമായി അവതരിപ്പിക്കപ്പെട്ടു. ലോക്സഭ 21 ബില്ലും രാജ്യസഭ 14 ബില്ലും പാസാക്കി. 

ഇക്കഴിഞ്ഞ സമ്മേളന കാലത്തെ രാഷ്ട്രീയമായി അടയാളപ്പെടുത്തുക പ്രധാനമായും ബിജെപി നേതൃത്വം നല്‍കുന്ന ഭരണപക്ഷത്തിന്‍റെ രണ്ട് വിജയങ്ങളുടെ പേരിലാകും. ലോക്സഭയില്‍ നരേന്ദ്ര മോദി ആദ്യ അവിശ്വാസത്തെ അതിജീവിച്ചു. രാജ്യസഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാതിരുന്നിട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവംശ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 

പാര്‍ലമെന്‍റിലെ വിജയങ്ങള്‍ ജനങ്ങളുടെ സഭയിലെ വിജയത്തെ എങ്ങിനെ സ്വാധീനിക്കുമെന്ന് അളന്നുമുറിച്ച് പറയാന്‍ കഴിയില്ല. കാരണം, തിരഞ്ഞെടുപ്പിന് ചുരുക്കം മാസങ്ങള്‍ ഇനിയുമുണ്ട്. കാറ്റ് എങ്ങനെ വേണമെങ്കിലും വീശാം. എന്നാല്‍ ഏറെ നിര്‍ണായകമായ ചില രാഷ്ട്രീയ അടിയൊഴുക്കുകള്‍ വര്‍ഷകാലസമ്മേളനത്തിലുണ്ടായിട്ടുണ്ട്. 

അണ്ണാഡിഎംകെയും ടിആര്‍എസും ബിജെഡിയും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ബിജെപിക്ക് തുണയായി നിന്നു. 2019 ല്‍ തനിച്ച് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ നരേന്ദ്ര മോദിക്ക് അധികാരത്തുടര്‍ച്ച നല്‍കാന്‍ ഒരുപക്ഷെ ഇ.പി.എസും ഒ.പി.എസും നവീന്‍ പട്നായിക്കും കെ ചന്ദ്രശേഖര്‍ റാവുവും രംഗത്തുണ്ടാകും. 

പ്രതിപക്ഷ നിരിയില്‍ മൂന്നാംമുന്നണി രൂപീകരണത്തിന് കരുനീക്കിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു മോദിയെ നേരില്‍ കണ്ട് രാഷ്ട്രീയ ധാരണ ഉറപ്പിച്ചു കഴിഞ്ഞു. ഒഡീഷയില്‍ ബിജെപിയാണ് പ്രധാന വെല്ലുവിളിയെങ്കിലും നവീന്‍ പട്നായിക് ഡല്‍ഹിയില്‍ മോദിയെ പിണക്കാതെ നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ബിജെപിയുടെ ഏറ്റവും പഴക്കമുള്ള ചങ്ങാതിമാരായ ശിവസേനയും ശിരോമണി അകാലി ദളും പിണക്കങ്ങള്‍ മാറ്റിവയ്ക്കാന്‍ സദാ സന്നദ്ധരാണ്. ശിവസേനയും അകാലിദളും ഇടയ്ക്കിടെ നടത്തുന്ന വെടിപൊട്ടിക്കലുകള്‍ വെറും  വിലപേശലുകള്‍ മാത്രം. തല്‍ക്കാലം ബിജെപിയെ പാളയത്തിലെ പട അത്രയൊന്നും അലട്ടുന്നില്ല.  

വിശാല പ്രതിപക്ഷ ഐക്യം ഇനിയും ബാലി കേറാമലയാണ്. പ്രതിപക്ഷനിരയിലെ എല്ലാ പാര്‍ട്ടികളെയും വിശ്വാസത്തിലെടുക്കാനും ഒപ്പം നിര്‍ത്താനും കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ നിരിയിലെ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നത് രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിലാണ്. 

ഉപരിസഭയില്‍ സ്വന്തം  സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള അംഗബലം ഭരണപക്ഷത്തിനില്ലായിരുന്നു. എന്നിട്ടും എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിയു എം.പിയുമായ ഹരിവംശ് 20 വോട്ടിന് ജയിച്ചു. പ്രതിപക്ഷപ്പാര്‍ട്ടികളുടെ ഐക്യത്തിനായി പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനായിരുന്നു കോണ്‍ഗ്രസിന്‍റെയും കൂട്ടരുടെയും ആദ്യ ശ്രമം. സമവായമായില്ല. 

‌എം കരുണാനിധിയുടെ മരണത്തെത്തുടര്‍ന്ന് ഡിഎംകെ വിട്ടുനിന്നു. കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി. വൈഎസ്ആര്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും കലാപമുയര്‍ത്തി. കോണ്‍ഗ്രസുമായി അടിച്ചുപിരിഞ്ഞു. പി.ജെ കുര്യന്‍ വീണ്ടും സഭയിലെത്തിയിരുന്നെങ്കില്‍ ബിജെപി മല്‍സരത്തിന് മുതിരില്ലായിരുന്നു. പി.ജെ കുര്യന് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെച്ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ കലഹങ്ങള്‍ അമിത് ഷായ്ക്ക് നിര്‍ണായക രാഷ്ട്രീയ വിജയം സമ്മാനിക്കുന്നതിന് പരോക്ഷകാരണമായി. 

41 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം കൈവിട്ടുപോയി. എളുപ്പത്തില്‍ ജയിച്ചു കയറാവുന്ന ഒരു മല്‍സരം പ്രതിപക്ഷത്തെ പക്ഷെ, തമ്മില്‍ തല്ലിലേയ്ക്കാണ് തള്ളിയിട്ടത്. മറുവശത്ത് ജെഡിയുവിന് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം നല്‍കി അമിത് ഷാ നിതീഷ് കുമാറിന്‍റെ പിണക്കം തീര്‍ത്തു. നിതീഷ് കുമാര്‍ വഴി നവീന്‍ പട്നായക്ക് അടക്കമുള്ളവരിലേയ്ക്ക് പാലവുമിട്ടു.

അണിയറയിലിരുന്ന് കരുക്കള്‍ നീക്കിയിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അരങ്ങില്‍ നിവർ‌ന്നു നില്‍ക്കാന്‍ ശ്രമിക്കുന്നതാണ് എടുത്തുപറയേണ്ടത്. നരേന്ദ്ര മോദി രാജ്യവും അമിത് ഷാ പാര്‍ട്ടിയും ഭരിക്കുമെന്ന സമവാക്യത്തിന് മാറ്റങ്ങളുണ്ടാകാന്‍ തുടങ്ങുന്നുവെന്ന വ്യാഖ്യാനമുണ്ട്. പാര്‍ലമെന്‍ററി കാര്യങ്ങളില്‍ അമിത് ഷാ കൂടുതല്‍ പിടിമുറുക്കുന്നു. നിര്‍ണായക വിഷയങ്ങളില്‍ ബിജെപിയുടെ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദം അമിത് ഷായുടേതാണ്. 

അസം പൗരത്വ റജിസ്റ്ററിനെച്ചൊല്ലിയുള്ള രാഷ്ട്രീയ ഏറ്റുമുട്ടലായിരുന്നു ഇതിന് ഉദാഹരണം. മോദിക്കു കീഴില്‍ ഗുജറാത്തില്‍ ഏറ്റവുമധികം വകുപ്പുകള്‍ കൈകാര്യം ചെയ്ത അമിത് ഷാ കേന്ദ്ര ഭരണത്തില്‍ ഏത് താക്കോല്‍ സ്ഥാനത്തേയ്ക്ക് കടന്നുവരും എന്ന കണക്കുകൂട്ടല്‍ ഇപ്പോഴുണ്ട്. ഒരുപക്ഷെ ഇപ്പോഴല്ലെങ്കില്‍ 2019 ല്‍ തുടര്‍ ഭരണം കിട്ടിയാല്‍ അപ്പോള്‍. 

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയ വെടിമരുന്നായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണവേദികളില്‍ പൊട്ടിത്തെറിക്കുക എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അസം പൗരത്വ വിവാദം അതിലെ സുപ്രധാന കണ്ണിയാണ്. മുത്തലാഖ് നിരോധനബില്‍ പാസാക്കിയെടുക്കാന്‍ വര്‍ഷകാല സമ്മേളനത്തിന്‍റെ അവസാന ദിനം പോലും സര്‍ക്കാര്‍ ശ്രമിച്ചു.

ബില്‍ പാസാക്കാന്‍ കഴിയാത്തതിന് പ്രതിപക്ഷത്തെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ പഴിചാരി രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ ബിജെപി അരയും തലയും മുറുക്കിയിറങ്ങും. മുസ്‍ലിം വനിതകളുടെ സംരക്ഷക സ്ഥാനം ഉറപ്പിച്ചെടുക്കാന്‍ യത്നിക്കും. ന്യൂനപക്ഷ വിഭാഗങ്ങളിലെ പുരോഗമന നിലപാടുകളുള്ളവരുടെയും സ്ത്രീകളുടെയും വോട്ട് ബാങ്കാണ് ലക്ഷ്യം. 

ദലിതര്‍ക്കിടയില്‍ ആളിക്കത്തുന്ന രോഷം തണുപ്പിക്കാന്‍ എസ്.സി, എസ്.ടി ബില്‍ പാസാക്കിയതിലൂടെ വഴിയൊരുങ്ങുമെന്നാണ് വിശ്വാസം. ഒബിസി കമ്മിഷന് ഭരണഘടനാ പദവി നല്‍കുന്ന ബില്‍ ഇരുസഭകളും കടന്നത് പിന്നാക്ക വോട്ടുബാങ്കിനെ ആകര്‍ഷിക്കുമെന്നാണ് കണക്കൂട്ടല്‍. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ അടക്കം ഉറപ്പാക്കുന്ന ബില്‍ കഠ്‍വയിലെയും ഉന്നാവയിലെയും വീഴ്ച്ചകള്‍ മറച്ചുവെയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

കോണ്‍ഗ്രസ് ബിജെപിക്കെതിരായ ഏറ്റവും പ്രധാന ആയുധമാക്കുക റഫാല്‍ യുദ്ധവിമാന ഇടപാടിലെ ആരോപണങ്ങള്‍ തന്നെയാകും. വര്‍ഷകാല സമ്മേളനം അവസാനിക്കുന്ന ദിനം പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം മുന്നില്‍ നിന്ന് നയിച്ചത് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയായിരുന്നു. റഫാല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരായ രാഹുല്‍ ഗാന്ധിയുടെ നിരന്തര വിമര്‍ശനങ്ങള്‍ക്കിടെയാണ് സോണിയ ഗാന്ധി നേരിട്ട് സമരമുഖത്തെത്തിയത്.  

ജയലിളതക്ക് പിന്നാലെ എം കരുണാനിധിയും അരങ്ങൊഴിഞ്ഞു. ദ്രാവിഡ രാഷ്ട്രീയം ഇനിയെങ്ങോട്ട് എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. തമിഴ് മണ്ണില്‍ ദേശീയപ്പാര്‍ട്ടികള്‍, പ്രത്യേകിച്ച് ബിജെപി പിടിമുറുക്കുമോയെന്ന് ഒറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കും തോറും ദേശീയ രാഷ്ട്രീയത്തിലെ, സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്.