അഴിമതി നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കുമ്പോള്‍

അഴിമതിക്കെതിരെ വാതോരാതെ സംസാരിച്ചാണ് നരേന്ദ്ര മോദി അധികാരക്കസേരയിലെത്തിയത്. എന്നാല്‍ അഴിമതി തടയാന്‍ അന്‍പത്തിയാറ് ഇഞ്ച് നെഞ്ചളവുകൊണ്ട് സാധിച്ചില്ലെന്ന് നാലു വര്‍ഷത്തെ ഭരണം തെളിയിച്ചു. തട്ടിപ്പുകളോരോന്നായി പുറത്തുവന്നപ്പോഴെക്കെ മോദി മൗനം പാലിച്ചു. റഫാല്‍ ഇടപാടിനെക്കുറിച്ചും സമ്പന്നരോടുള്ള മോദിയുടെ അമിത താല്‍പര്യത്തെക്കുറിച്ചും അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് അഴിമതി തടയല്‍ നിയമം പാര്‍ലമെന്‍റിലെത്തിയത്. 

തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല. കള്ളപ്പണക്കാരെ കെട്ടുകട്ടിക്കും. വിദേശത്തെ കള്ളപ്പണം ഇന്ത്യയിലെത്തിക്കും. ഒരു ജനതയ്ക്ക് ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയ വാക്കുകളായിരുന്നു. അഴിമതിക്കെതിരെ കുരിശുദ്ധം പ്രഖ്യാപിച്ചാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. പതിനഞ്ച് ലക്ഷം ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതും കാത്തിരുന്നവര്‍ മണ്ടന്മാരായി. വന്‍കിട ക്രമക്കേടുകാരെ നോട്ടുനിരോധനം കൊണ്ട് കുത്തിമലത്തുമെന്ന് കരുതിയിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. അതിനിടയില്‍ ജയ് അമിത് ഷായുടെ മുതല്‍ നീരവ് മോദിയുടെവരെ അറിഞ്ഞും അറയാതെയും പോയ കഥകള്‍. 1988ലെ അഴിമതി നിരോധന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് സംശയങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. അഴമിതി തടയാന്‍ കൂടുതല്‍ കരുത്തുറ്റ നിയമത്തിന് ശ്രമിക്കുകയാണെന്നാണ് സര്‍ക്കാര്‍ വാദം. 

കൈക്കൂലി നല്‍കുന്നതും ശിക്ഷാര്‍ഹമാക്കി എന്നതാണ് 1988 ലെ നിയമത്തില്‍ വന്ന പ്രധാനമാറ്റം. കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധതരായാല്‍ അക്കാര്യം ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഏജന്‍സിയെ അറിയിക്കാം. കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷംവരെ തടവ് നല്‍കാം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് മുതല്‍ ഏഴുവര്‍ഷംവരെ തടവ്. കൈക്കൂലി വാങ്ങിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ സ്വത്ത് കോടതിയുടെ അനുമതിയോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടുകെട്ടാം. 

1988ലെ അഴിമതി തടയല്‍ നിയമം 2018ലേയ്ക്ക് എത്തുമ്പോള്‍ കൂടുതല്‍ ശക്തമായി എന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. പക്ഷെ, നിയമത്തിലെ രണ്ട് വ്യവസ്ഥകളാണ് ദുരൂഹം. 

നയപരമായ കാര്യങ്ങളില്‍ ഉറച്ച തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും, അവരെ അനാവശ്യമായി കേസുകളില്‍ കുടുക്കുന്നത് തടയാനുമാണ് ഈ വ്യവസ്ഥകള്‍ കൊണ്ടുവന്നതെന്നാണ് സര്‍ക്കാരിന്‍റെ ന്യായീകരണം. എന്നാല്‍ സംഭവിക്കുക മറിച്ചാണ്. അഴിമതി നിയമം വഴി തടയുന്നതിന് പകരം അഴിമതിക്കാര്‍ക്ക് നിയമപരിരക്ഷ ലഭിക്കും. 

അഴമിതി വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനോട് ഇപ്പോള്‍ ആവര്‍ത്തിച്ച് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ലോക്പാല്‍ നിയമനങ്ങള്‍ നടത്തുന്നില്ല? 2013 ലെ ലോക്പാല്‍ ലോകായുക്ത നിയമം അനുസരിച്ച് അഴിമതി നിരോധനത്തിന് കേന്ദ്രത്തില്‍ ലോക്പാലിനെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കണം. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന മോദി സര്‍ക്കാര്‍ ലോക്പാല്‍ നിയമനങ്ങള്‍ക്ക് ചെറുവിരലനക്കിയിട്ടില്ല. സുപ്രീംകോടതിയും ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചു കഴിഞ്ഞു. ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് അണ്ണാ ഹസാരെ. 

അഴമതി ആരോപണങ്ങളും അവയ്ക്കതിരായ പ്രതിഷേധങ്ങളുമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ അടിത്തറയിളക്കിയത്. ജനവികാരം വോട്ടായി മാറിയപ്പോള്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. ഒരുകാര്യം ഉറപ്പിച്ച് പറയാം മോദി സര്‍ക്കാരിന്‍റെ അഴിമതി വിരുദ്ധതയില്‍ ഉലച്ചിലുണ്ടായിട്ടുണ്ട്. അത് തിരഞ്ഞെടുപ്പില്‍ എങ്ങിനെ പ്രതിഫലക്കുമെന്ന് വ്യക്തമാകുന്ന ദിനങ്ങളിലേക്കാണ് രാജ്യം കടക്കുന്നത്.