തിളച്ചുമറിയുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ മോദിക്ക് നല്‍കുന്ന മുന്നറിയിപ്പ്

കര്‍ഷകരോഷം വീണ്ടും രാജ്യമാകെ ആളിപ്പടരുകയാണ്. ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് പിന്നാലെ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും തലവേദനയായി കര്‍ഷക പ്രക്ഷോഭം. പച്ചക്കറി, അവശ്യസാധന വില കുത്തനെ ഉയര്‍ന്നതോടെ നാട്ടുകാരും പ്രതിഷേധത്തിന്‍റെ ചൂടറിയാന്‍ തുടങ്ങി. കര്‍ഷകര്‍ക്കിടയിലെ അസംതൃപ്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഏതുതരത്തില്‍ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് ബിജെപി. 

എല്ലാവഴികളും അടഞ്ഞപ്പോഴാണ് അവര്‍ വീണ്ടും െതരുവിലിറങ്ങിയത്. വിയര്‍പ്പില്‍ വിളഞ്ഞത് രോഷത്തോടെ റോഡില്‍ എറിഞ്ഞു കളഞ്ഞത്. പതിനായിരക്കണക്കിന് പാല്‍ ഒഴുക്കിയും പച്ചക്കറി വിതറിയിട്ടും പ്രതിഷേധിച്ചത്. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ നേതൃത്വത്തില്‍ 105 കര്‍ഷകസംഘടനകളാണ് ജൂണ്‍ ഒന്നുമുതല്‍ പത്തുദിവസത്തെ സമരം പ്രഖ്യാപിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് പ്രക്ഷോഭത്തിനിറങ്ങിയത്. കര്‍ഷകരോഷത്തിന് കൃത്യമായ കാരണവുമുണ്ട്.  ഇരുപത് വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തി പതിനെട്ടായിരത്തിലധികം കര്‍ഷകര്‍ ആത്മഹത്യചെയ്തു. 2016ല്‍ മാത്രം മരിച്ചത് 11,458 കര്‍ഷകര്‍. ഒാരോ മണിക്കൂറിലും ഒരു കര്‍ഷന്‍ വീതം ജീവനൊടുക്കുന്നു. നാടിനെ തീറ്റിപ്പോറ്റാന്‍ രാപകല്‍ അധ്വാനിക്കുന്നവന് മിച്ചം കടവും ദുരിതങ്ങളും. അതേ, ഇന്ത്യ ഒരു കര്‍ഷകരാജ്യമാണെന്ന് സത്യസന്ധതയോടെ പറയാന്‍ കഴിയില്ല. കുറ്റബോധത്തോടെയല്ലാതെ ഒാരോ ഇന്ത്യന്‍ പൗരനും ഭക്ഷണത്തിന് മുന്നില്‍ ഇരിക്കാന്‍ കഴിയില്ല. ഒരു വര്‍ഷം മുന്‍പാണ് മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷകര്‍ വെടിയേറ്റ് മരിച്ചത്. എന്നിട്ടും ഉണ്ണുന്ന ചോറിന് നന്ദി കാണിക്കാന്‍, വോട്ട് ചെയ്ത് ജയിപ്പിച്ചവരോട് വാക്കുപാലിക്കാന്‍ ഭരണകൂടം തയ്യാറായില്ല.

കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്കു സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത താങ്ങുവില നല്‍കുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക എന്നിവയാണ് കര്‍ഷകരുടെ ആവശ്യം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നഗരങ്ങളിലെ വിപണികളിലെത്തിക്കില്ലെന്ന് കര്‍ഷകര്‍ പ്രതിജ്ഞയെടുത്തു. പട്ടണവാസികള്‍ ആവശ്യങ്ങള്‍ക്കായി നാട്ടിന്‍പുറങ്ങളിലേക്ക് വരട്ടെയെന്നാണ് ഗാവ് ബന്ദ് എന്ന് പേരിട്ട സമരത്തിന്‍റെ പ്രഖ്യാപനം. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ച് ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കിയ ചലനം ഏറെ വലുതാണ്. ഇതിന് പിന്നാലെയാണ് കര്‍ഷക പ്രതിഷേധം രാജ്യമാകെ വ്യാപിക്കുന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത്. ഡിജിറ്റല്‍ ഇന്ത്യയുടെ സ്വപ്നവേഗങ്ങളില്‍ കര്‍ഷകരുടെ കണ്ണീരിന് എന്നാല്‍ ഇടം കിട്ടിയിട്ടില്ല. എന്നാല്‍ സമരങ്ങളെ പരിഹസിക്കുകയാണ് ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും ചെയ്തത്.  

2014 ല്‍ മോദി ഭരണം പിടിച്ചതിന് പിന്നില്‍ കര്‍ഷകരുടെ കൈയ്യയച്ചുള്ള സഹായമുണ്ടായിരുന്നു. 2019 ല്‍ പക്ഷെ മോദിക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ബിജെപി സര്‍ക്കാരിനെതിരെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പുകയുന്ന അസംതൃപതിയുടെ പ്രതിഫലനമാണ് കര്‍ഷകപ്രതിഷേധം. ലോക്സഭാ തിരഞ്ഞെടുപ്പിലും മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇത് കൃത്യമായി പ്രതിഫലിക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് തൂത്തുവാരിയെങ്കില്‍ ഇത്തവണ വിണ്ടുകീറിയ പാടങ്ങളില്‍ ബിജെപിയുടെ വിജയരഥം കുടുങ്ങിപ്പോകാനിടയുണ്ട്. മോദി സര്‍ക്കാരിനു മുന്നില്‍ ഇനിയുള്ള എണ്ണപ്പെട്ട ദിനങ്ങളില്‍ കര്‍ഷകരെ ഒപ്പം നിര്‍ത്താന്‍ എന്തുചെയ്യുമെന്നതാണ് ഇനി ശ്രദ്ധേയം. വാഗ്ദാനങ്ങള്‍കൊണ്ട് കര്‍ഷകരുടെ നെഞ്ചിലെ തീണയണക്കാന്‍ കഴിയില്ല. 

ഉത്തര്‍പ്രദേശിലെ കയ്റാനയില്‍ ബിജെപി പതനത്തിന്‍റെ കയ്പ്പുനീര്‍ കുടിച്ചതിനു പിന്നില്‍ കരിമ്പുകര്‍ഷകരുടെ കണ്ണീരുണ്ട്. വര്‍ഗീയരാഷ്ട്രീയം പയറ്റി വിളവെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജിന്നയല്ല, ഗന്ന അഥവ കരിമ്പാണ് വലുതെന്ന് കര്‍ഷകര്‍ ബിജെപിയെ ഒാര്‍മ്മിപ്പിച്ചു. മോദിയും ബിജെപിയും തിരുത്തുമോയെന്ന് വരും ദിനങ്ങളിലറിയാം.