അജ്മീര്‍ ഷെരീഫ്; അതിരുകളില്ലാത്ത ആത്മീയ സൗന്ദര്യം

സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ശബ്ദമാണ് സൂഫിസം. ആയരത്തിലധികം വര്‍ഷങ്ങളായി ഇന്ത്യയില്‍ സൗഹാര്‍ദത്തിന്‍റെ സൗരഭ്യം പടര്‍ത്തി സൂഫിസമുണ്ട്. ജാതി, മതഭേദമില്ലാതെ ദേശങ്ങളുടെ അതിര്‍വരമ്പുകളില്ലാതെ ജനങ്ങളെ ഒന്നടങ്കം ആത്മീയതയുടെ ഉൗര്‍ജപ്രവാഹത്തിലേക്ക് ആവാഹിച്ചവരാണ് സൂഫിവര്യന്മാര്‍. ദര്‍ഗകളെന്ന് അറിയപ്പെടുന്ന ഇവരുടെ ഖബറിടങ്ങള്‍ വിശ്വമാനവീകതയുടെ അടയാളങ്ങളാണ്. കാലം ഇന്ത്യയിലെ സൂഫിസംസ്ക്കാരത്തെ കാര്യമായി ബാധിച്ചു. ഇന്ത്യയിലെ സൂഫിസത്തിന്‍റെ ചക്രവര്‍ത്തിയായ ഖ്വാജ മെയ്നുദീന്‍ ചിസ്തി കാല്‍പാദങ്ങള്‍ വീണ വഴികളൂടെ. ‌‌‌‌‌

രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 137 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അജ്മീരിലെത്താം. ആരവല്ലി മലനിരകളാല്‍ ചുറ്റപ്പെട്ട നഗരം. ചൗഹാന്‍ രാജവംശത്തിന്‍റെ തലസ്ഥാനം. പൃഥ്വിരാജ് ചൗഹാന്‍ അധികാരം കൈയ്യാളിയ നാളുകളില്‍ അജ്മീര്‍ അജയമേരുവായിരുന്നു. ഇടുങ്ങിയ വഴികളും പുഴപോലെ ഇടതടവില്ലാതെ ഒഴുകുന്ന ആള്‍ക്കൂട്ടവും ഇരുവശവുമുള്ള കടകളും താണ്ടി അജ്മീര്‍ ദര്‍ഗ ഷെരീഫില്‍. ലോകത്തിലെ സുപ്രധാന ആരാധനാലയങ്ങളില്‍ ഒന്നാണ് അജ്മീര്‍ ദര്‍ഗ. ഖ്വാജ മൊയ്നുദീന്‍ ചിസ്തിയുടെ അത്മീയവിശുദ്ധി നിറഞ്ഞുനില്‍ക്കുന്ന മണ്ണ്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഖ്വാജ അജ്മീറില്‍ താമസമാക്കുന്നത്. മാര്‍ബിളില്‍ ഒരുക്കിയ ദര്‍ഗയുടെ പ്രധാന കവാടം ഹൈദ്രാബാദ് നിസാം പണി കഴിപ്പിച്ചതാണ്. 

ദൈവം ആരാധനാലയങ്ങളിലല്ല, പ്രാര്‍ഥിക്കുന്നവന്‍റെ ഹൃദയത്തിലും വിശക്കുന്നവന് ആഹാരം കൊടുക്കുന്നവന്‍റെ കൈകളിലാണെന്നും പഠിപ്പിച്ച ആത്മീയ ജ്യോതിസ്. ഖ്വാജ മൊയ്നുദീന്‍ ചിസ്തി. അജ്മീര്‍ ഖ്വാജയുടെ നഗരമാണ്. ഇവിടം ചെറിയ മദീനയെന്നും അറിയപ്പെടുന്നു. പ്രാര്‍ഥനാഭരിതമായ ചുണ്ടുകളുമായി ഖ്വാജയുടെ സന്നിധി തേടിയുള്ള തീര്‍ഥാടനം ചെറിയ ഹജ്ജായി കാണുന്ന വിശ്വാസികളുമുണ്ട്.