മക്ക മസ്ജിദ് സ്ഫോടനക്കേസ് : കാവി ഭീകരതയുടെ ചുരുളഴിയാക്കഥകള്‍

മക്ക മസ്ജിദ് സ്ഫോടനക്കേസ് ഇന്നൊരു കടംങ്കഥയാണ്. എല്ലാവര്‍ക്കും ഉത്തരമറിയാമെങ്കിലും ഉത്തരത്തിലേക്ക് എത്താന്‍ വഴികളില്ലാത്ത ദുരൂഹമായൊരു കടംങ്കഥ. പതിനൊന്നുവര്‍ഷത്തെ കോടതി നടപടികള്‍ക്കൊടുവില്‍ പ്രതികളെയെല്ലാം എന്‍െഎഎ പ്രത്യേക കോടതി വെറുതെ വിട്ടു. ഇരകളും ഇസ്‍ലാമോഫോബിയയുടെ ഭാഗമായി വേട്ടയാടപ്പെട്ടവരും നീതി തേടുകയാണ്. ഇന്ത്യന്‍ ജുഡിഷറയുടെ വിശ്വാസ്യതയില്‍ ഇരുള്‍വീഴുന്നതിന്‍റെ സാക്ഷ്യപത്രങ്ങളിലൊന്നാണ് മക്ക മസ്ജിദ് കേസ്.

നിയമവാഴ്ച്ചയുള്ള, ഭരണഘടനയുടെയും എഴുതിവെയ്ക്കപ്പെട്ട നിയമങ്ങളുടെയും ബലത്തില്‍ മുന്നോട്ടുപോകുന്ന ഒരു ജനാധിപത്യരാജ്യമാണ് ഇന്ത്യ. ഒാരോ പൗരനുമുള്ള ഈ വിശ്വാസത്തിന് ഇളക്കം തട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഒരിടത്തും നീതി കിട്ടിയില്ലെങ്കില്ലെങ്കിലും ഈ രാജ്യത്തെ കോടതികള്‍ കനിയുമെന്ന പ്രതീക്ഷയ്ക്കുമേല്‍ ഇരുള്‍മൂടാന്‍ തുടങ്ങുന്നു. നീതിന്യായ വ്യവസ്ഥയെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്ന വിധിയായിരുന്നു മക്ക മസ്ജിദ് സ്ഫോടനക്കേസിലേത്. സ്വാമി അസീമാനന്ദയെയും മറ്റുനാല് പ്രതികളെയും പ്രത്യേക എന്‍.െഎ.എ കോടതി കുറ്റവിമുക്തരാക്കി. പ്രതികളുടെ പേരിലുള്ള ഒരൊറ്റ ആരോപണംപോലും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞെല്ലെന്നു പറഞ്ഞാണ് കോടതി ഇവരെ വെറുതെ വിട്ടത്. വിധി പറഞ്ഞ ജഡ്ജി കെ രവീന്ദര്‍ റെഡ്ഡി നിമിഷങ്ങള്‍ക്കകം പദവി രാജിവെയ്ക്കുകയും ചെയ്തു. വ്യക്തിപരമായ കാരണമെന്നാണ് വിശദീകരണം. ജഡ്ജി പതിനഞ്ച് ദിവസത്തെ അവധിയിലും പ്രവേശിച്ചിരുന്നു. രാജി ഹൈക്കോടതി തള്ളി. അവധി റദ്ദാക്കി ജോലിക്ക് ഹാജരാകാന്‍ ജഡ്ജിയോട് നിര്‍ദേശിക്കുകയും ചെയ്തു.

2007 മേയ് 18 ന് ഹൈദരാബാദ് ഒാള്‍ഡ് സിറ്റിയിലെ മക്ക മസ്ജിദില്‍ വെള്ളിയാഴ്ച്ച പ്രാര്‍ഥനയ്ക്കിടെയാണ് സ്ഫോടനം നടന്നത്. സെല്‍ഫോണ്‍ നിയന്ത്രണത്തിലുള്ള ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ കലാപത്തില്‍ അഞ്ചുപേര്‍ വെടിയേറ്റുമരിച്ചു. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ഹുജിയാണ് സ്ഫോടനത്തിന് ഉത്തരവാദികളെന്നാണ് പറയപ്പെട്ടിരുന്നത്. 

പ്രത്യേക സംഘം രൂപീകരിച്ച് ലോക്കല്‍ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പാക്കിസ്ഥാന്‍ ബന്ധം തിരഞ്ഞ് അന്വേഷണം പുരോഗമിച്ചു. ഇരുനൂറിലധികം പേരെ ആന്ധ്രാപൊലീസ് അറസ്റ്റുചെയ്തു. ഭൂരിഭാഗവും മുസ്‍ലിങ്ങള്‍. 21 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസില്‍ നിന്നുള്ള വിവരങ്ങളും ഭാവനകളും ചേര്‍ത്ത് പ്രതികളെക്കുറിച്ച് മാധ്യമങ്ങള്‍ പെരും നുണകളുടെ പ്രളയമുണ്ടാക്കി. മുസ്‍ലിം ആരാധനാലയത്തില്‍ നടന്ന സ്ഫോടനം അതേ സമുദായത്തെയാകെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തി. ഹിന്ദു ഭീകര സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ഭീകരതയുടെ പാപഭാരം മുഴുവന്‍ ഒരു വിശ്വാസമൂഹത്തിന്‍റെ തലയില്‍ കെട്ടിവെച്ചുകൊടുക്കുന്ന പതിവ് പൊതുബോധത്തിനേറ്റ പ്രഹരമായിരുന്നു മക്ക മസ്ജിദ് സ്ഫോടനക്കേസിലെ കണ്ടെത്തലുകള്‍. 2011 ലാണ് എന്‍.െഎ.എ കേസ് ഏറ്റെടുത്തത്. ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് മൂന്നുകേസുകള്‍ കൂടി ഈ സമയം എന്‍.െഎ.എ അന്വേഷിക്കുന്നുണ്ടായിരുന്നു. 2008 ലെ മലെഗാവ് സ്ഫോടനം. 2007 ലെ സംഝോത എക്സ്പ്രസ് സ്ഫോടനം. അതേവര്‍ഷം തന്നെ നടന്ന അജ്മീര്‍ ഷരീഫ് സ്ഫോടനം. നാല് കേസുകളിലും ആസൂത്രണം ഒരേരീതിയിലാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. ഭീകരത സമം ഇസ്‍ലാം എന്ന കുടിലബോധ്യത്തിന്‍റെ മറവില്‍ മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ പൊലീസ് വേട്ടയാടിയ നിരപരാധികളെ കാണാനാണ് ഞങ്ങള്‍ ആദ്യം ശ്രമിച്ചത്. ഹൈദരാബാദ് നഗരപ്രാന്തത്തിലെ ഷിഫ പോളി ക്ലിനിക്കിലാണ് ഞങ്ങള്‍ എത്തിയത്. പാതി ഇരുട്ടുവീണ ഒറ്റമുറി ക്ലിനിക്കില്‍ രോഗികളെ പരിചരിക്കുന്ന തിരക്കിലാണ് ഡോക്ടര്‍ ഇബ്രാഹിം അലി ജുനൈദ്. പ്രതിസന്ധികളുടെ കാറുംകോളും കടന്നെത്തിയ ആ യുവാവിന്‍റെ മുഖം പക്ഷെ ശാന്തമാണ്. ചിന്തകള്‍ക്കും വാക്കുകള്‍ക്കും നല്ല തെളിച്ചം. ആരോടും പരിഭവമില്ല.

ഡോക്ടര്‍ ജുനൈദ് നിരപരാധിയാണെന്ന് 2008 ല്‍ കോടതി കണ്ടെത്തി. പക്ഷെ അപ്പോഴേയ്ക്കും ജീവിതം കൈവിട്ടിരുന്നു. എവിടെയും സംശയത്തോടെ പിന്തുടരുന്ന കണ്ണുകള്‍. ഒറ്റപ്പെടല്‍. വേണ്ടപ്പെട്ടവരുടെ തള്ളിപ്പറയല്‍, എത്ര അറുത്തുമാറ്റിയാലും മാഞ്ഞുപോകാത്ത ചില ലേബലുകള്‍. ഭീകരതയുടെ പേരിലുള്ള വെറുംവാക്കുപോലും ഇന്ത്യയിലെ ഒരു മുസ്‍ലിം ചെറുപ്പക്കാരന്‍റെ ജീവിതം എത്ര വലിയ ദുരന്തമാക്കുമോ അതെല്ലാം ജുനൈദിനും സംഭവിച്ചു.

വ്യവസ്ഥിതെയ വെറുക്കാന്‍ തക്ക അനുഭവങ്ങളും പീഡനങ്ങളും ജീവിതത്തിലുണ്ടായിട്ടുണ്ടെങ്കിലും ജുനൈദ് പ്രതീക്ഷ കൈവിടുന്നില്ല. 

ഭീകരബന്ധം ആരോപിച്ച് ജീവിതം ചവിട്ടിയരക്കപ്പെട്ട ഡോക്ടര്‍ ഇബ്രാഹിം അലി ജുനൈദിനു മുന്നില്‍ തലകുനിച്ച് നില്‍ക്കാനേ ഈ ജനാധിപത്യ രാജ്യത്തിന് കഴിയൂ. ഇവടുത്തെ അന്വേഷണ സംവിധാനങ്ങള്‍ക്ക് കഴിയൂ. എത്ര ജുനൈദുമാരെ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും ഭീകരതയെ ഒരു വിശ്വാസ സമൂഹത്തിന്‍റെ മാത്രം തലയില്‍ കെട്ടിവെച്ചുകൊടുക്കുന്ന പൊതുബോധത്തിന് മാറ്റം വരില്ല. എത്ര അസീമാനന്ദുമാര്‍ മറുവശത്തുണ്ടെങ്കിലും. 

ആര്‍ എസ് എസ് മുന്‍പ്രചാരകന്‍ അസീമാനന്ദ് എന്ന നബ കുമാര്‍ സര്‍ക്കാര്‍ ആണ് മക്ക മസ്ജിദ് സ്ഫോടനത്തിന്‍റെ പ്രധാന ആസൂത്രകന്‍ എന്നായിരുന്നു  എന്‍.െഎ.എ കണ്ടെത്തിയിരുന്നത്. അസീമാനന്ദ്, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദര്‍ ചൗധരി എന്നിവരെയാണ് ഇപ്പോള്‍ എന്‍.െഎ.എ കോടതി കുറ്റവിമുക്തരാക്കിയിട്ടുള്ളത്. കേസില്‍ പത്ത് പ്രതികളുണ്ടെങ്കിലും ഇവര്‍ മാത്രമാണ് വിചാരണ നേരിട്ടത്. തീവ്ര ഹിന്ദുസംഘടനയായ അഭിനവ് ഭാരതുമായി ബന്ധമുള്ളവരാണ് പ്രതികള്‍. ആറാം പ്രതിയായിരുന്ന ആര്‍എസ്എസ് പ്രചാരകന്‍ സുനില്‍ ജോഷി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മറ്റ് രണ്ടുപ്രതികള്‍ ഒളിവിലാണ്.

മക്ക മസ്ജിദ് സ്ഫോടനങ്ങള്‍ക്ക് ശേഷമാണ് അസീമാനന്ദ് എന്ന പേര് ചര്‍ച്ചയായത്. നബ കുമാര്‍, ജിതിന്‍ ചാറ്റര്‍ജി, ഒാംകാര്‍നാഥ് തുടങ്ങി പേരുകള്‍ പലതുണ്ട്. ബംഗാളില്‍ ജനിച്ച അസീമാനന്ദ് ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷമാണ് സന്ന്യാസത്തിലെത്തിയത്. മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ 2010 ലാണ് ഇയാള്‍ അറസ്റ്റിലാത്. അജ്മേര്‍ ദര്‍ഗ, മലെഗാവ്, സംഝോത എക്സ്പ്രസ് തുടങ്ങിയ സ്ഫോടനക്കേസുകളിലും അസീമാനന്ദയുടെ പേരുണ്ട്. മുസ്‍ലിം ഭീകരതയോടുള്ള പ്രതികാരമായാണ് ഈ സ്ഫോടനങ്ങളെല്ലാം നടത്തിയതെന്ന് അസീമാനന്ദ് മൊഴിനല്‍കിയിരുന്നു.  

---------------------------------

പൊലീസിനോടും മാധ്യമങ്ങള്‍ക്ക് മുന്നിലും അസീമാനന്ദ് ഒരുപോലെ കുറ്റസമ്മതം നടത്തിയിരുന്നു എന്നതാണ് സുപ്രധാന വസ്തുത. 42 പേജുള്ള കുറ്റസമ്മതമൊഴിയാണ് അസീമാനന്ദ് അന്വേഷണ സംഘത്തിന് നല്‍കിയത്. സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും എങ്ങിനെയെന്ന് വിശദീകരിച്ചിരുന്നു. 

കാരവാന്‍ മാഗസിനുമായുള്ള അഭിമുഖത്തിലാണ് ബോംബ് സ്ഫോടനങ്ങളിലുള്ള പങ്ക് അസീമനന്ദ് തുറന്നുസമ്മതിച്ചത്. പിന്നെ എന്തുകൊണ്ട് ജീവന്‍ നഷ്ടമായവര്‍ക്ക് നീതി ലഭിച്ചില്ല എന്ന ചോദ്യം ബാക്കി. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ഹിന്ദുത്വഭീകരത പ്രതിസ്ഥാനത്തുനില്‍ക്കുന്ന കേസുകളുടെ ദിശമാറിയത്. അതെ, അച്ഛേ ദിന്‍ ശരിക്കും തുടങ്ങിയത് അസീമാനന്ദിനെ പോലുള്ളവര്‍ക്കായിരുന്നു. 

ആര്‍എസ്എസുമായി ബന്ധമുള്ളതുകൊണ്ടുമാത്രം ആരും വര്‍ഗീയവാദിയോ, സാമൂഹിക വിരുദ്ധനോ ആവില്ലെന്നാണ് മക്ക മസ്ജിദ് സ്ഫോടനക്കേസ് പരിഗണിച്ച ജഡ്ജി പറഞ്ഞത്. എന്‍.െഎ.എയ്ക്ക് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഹരിനാഥ് എബിവിപി നേതാവായിരുന്നു. ഗാന്ധി വധത്തില്‍ നിന്ന് തുടങ്ങുന്ന ഹിന്ദുത്വഭീകരതയുടെ ദുര്‍മുഖം മറനീക്കിപ്പുറത്തുവന്നത് അസീമനന്ദയിലൂടെയായിരുന്നു.

മക്ക മസ്ജിദ് സ്ഫോടനത്തിന്‍റെ മുറിവുകളുമായി ജീവിക്കുന്ന നിരവിധി പേര്‍ ഹൈദരാബദിലെ പഴയ നഗരത്തിന്‍റെ ഇടുങ്ങിയ തെരുവുകളിലുണ്ട്. നീതിക്കായുള്ള അവരുടെ നീണ്ട കാത്തിരിപ്പിനുമേലാണ് കോടതി നിര്‍ദാക്ഷീണ്യം പ്രഹരമേല്‍പ്പിച്ചത്. സ്ഫോടനത്തില്‍ മകനെ നഷ്ടമായ ഉമ്മയെ കണ്ടത് മക്കാ മസ്ജിദിനു പിന്നിലെ തെരുവില്‍വച്ചാണ്. കരഞ്ഞുകരഞ്ഞ് ഒരു കണ്ണ് നഷ്ടമായ ഉമ്മ. മുഹമ്മദ് സലിം ഖാന്‍റെ ഉമ്മ. മകന്‍റെ ചിത്രം കൈയില്‍ മുറുകെ പിടിച്ച്. വിതുമ്പിക്കൊണ്ട് ആ ഉമ്മ വേദന പങ്കുവെച്ചു.

സ്ഫോടനത്തില്‍ കൊല്ലപ്പെടുമ്പോള്‍ 35 വയസായിരുന്നു മുഹമ്മദ് സലിമിന്. നാല് കുട്ടികള്‍. താഴെയുള്ള കുഞ്ഞിന് ഒന്നര വയസുള്ളപ്പോഴാണ് മരണം. അതോടെ കുടുംബം അനാഥമായി. സ്ഫോടനത്തില്‍ പരുക്കേറ്റവര്‍ പലരും പൊലീസിന് ഭയന്ന് ചികില്‍സതേടാന്‍ പോലും ശ്രമിച്ചെല്ലന്നതും മറ്റൊരു ദുരന്തം. 

വിഷയം ഇരട്ട നീതിയുടേതാണ്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയുടേതാണ്. മക്ക മസ്ജിദ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ടതോടെ ഉയരുന്ന ഒരു ചോദ്യമുണ്ട്. ആരാണ് സ്ഫോടനത്തിനുപിന്നാല്‍? ആ ബോംബുകള്‍ എവിടെ നിന്ന് വന്നു? ഇനിയും നമ്മള്‍ ജുഡീഷറിയില്‍ വിശ്വസിക്കണോ ?