ചോര കട്ടപിടിച്ച കുഞ്ഞുടുപ്പും ദേശീയപതാകയും

ജനുവരി പത്ത്. മലഞ്ചെരുവില്‍മേയ്ക്കാന്‍വിട്ടിരുന്ന കുതിരയെ തിരികെ കൊണ്ടുവരാന്‍പോയതായിരുന്നു ആ എട്ടുവയസുകാരി. പക്ഷേ, മുറിവുകളുടെ ആ താഴ്‍വരയിലേക്ക് ആ ചിത്രശലഭം മടങ്ങിയെത്തിയില്ല. മകളെ അന്വേഷിച്ച് പോയ അച്ഛന് വികൃതമാക്കപ്പെട്ട കുഞ്ഞുശരീരമാണ് ദിവസങ്ങള്‍ക്ക് ശേഷം കിട്ടിയത്, വനപ്രദേശത്തെ കലുങ്കിനടിയില്‍നിന്ന്. അപകടത്തില്‍മരിച്ചതല്ല, കൊന്നതാണ്. രണ്ടുപൊലീസുകാരടങ്ങുന്ന സംഘം ദിവസങ്ങളോളം മാനഭംഗം ചെയ്താണ് ആ പിഞ്ചോമനയെ കൊന്നത്. ഏഴു ദിവസത്തോളം ക്ഷേത്രത്തിനകത്ത് പൂട്ടിയിട്ട് പിച്ചിച്ചീന്തി. കഴുത്തുഞെരിച്ചും കല്ലുകണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. അവളുടെ കാലുകള്‍ഒടിഞ്ഞനിലയിലായിരുന്നു. നഖങ്ങള്‍ക്ക് കറുത്തനിറമായിരുന്നു. ദേഹമാസകലം മുറിവേറ്റ് നീലയും ചുവപ്പും പാടുകളായിരുന്നു.

ഈ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ഏതാണ് നല്ല സമയം? ഈ ക്രൂരത ചെയ്തവരെ മൃഗങ്ങളെന്ന് വിളിക്കാനാവില്ല. കാരണം അനുമതിയില്ലാതെ മൃഗങ്ങള്‍ഇണ ചേരാറില്ല. സുഖത്തിന് വേണ്ടി മറ്റൊന്നിനെ വേദനിപ്പിക്കാറില്ല. വിശപ്പടക്കാനല്ലാതെ വേട്ടയാടാറില്ല. അതേ അവ മനുഷ്യരേക്കാള്‍എത്രയോ ഭേദമാണ്.

ഈ രാജ്യത്തിന് ഇനിയും ശാന്തമായി ഉറങ്ങാനാകില്ല. ഒരു മനുഷ്യായുസില്‍അനുഭവിക്കാവുന്ന ക്രൂരതയുടെ അങ്ങേയറ്റം ഏറ്റുവാങ്ങേണ്ടിവന്ന ആ കുരുന്നിന്‍റെ രണ്ട് കൊച്ചുകണ്ണുകള്‍നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. മാപ്പ് ചോദിക്കുന്നതില്‍അര്‍ഥമില്ല. കാരണം മാപ്പ് എന്ന വാക്കിലൊതുങ്ങാത്ത വേദനകളുടെ കടലാണ് ആ കുരുന്ന് ഏറ്റുവാങ്ങിയത്. പെണ്ണാവുക. അതും മുസ്ലീമാകുക. നാടോടി ഗോത്രവിഭാഗത്തില്‍നിന്നാവുക.  വംശവെറിയുടേയും മതവൈരത്തിന്‍റേയും പുഴുക്കള്‍തലച്ചോറില്‍പേറുന്നവര്‍ക്ക് അവള്‍ചെയ്ത തെറ്റുകള്‍ഇവയായിരുന്നു. ബഖേര്‍വാല മുസ്ലിം നാടോടി സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാനാണ് നാട്ടുപ്രമാണിയുടെ നേതൃത്വത്തില്‍കൊലപാതകം ആസൂത്രണം ചെയ്തതെന്നു ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.  അതിനേക്കാള്‍ഹീനം കരള്‍പിളര്‍ക്കുന്ന കുറ്റകൃത്യത്തിന് ഒത്താശ ചെയ്യാനും പ്രതികളെ സംരക്ഷിക്കാനും ജമ്മുകശ്മീരിലെ ബിജെപി മന്ത്രിമാരും പൊലീസുമൊക്കെ ഉണ്ടായി എന്നതാണ്. 

എഴുത്തുകാരന്‍ജാവേദ് അക്തറിന്‍റെ വാക്കുകള്‍പങ്കുവയ്ക്കട്ടെ.  ആരായിരുന്നു അവള്‍? അവള്‍ബഖേര്‍വാലയുടെ എട്ടുവയസുള്ള മകള്‍. ആരാണ് ബഖേര്‍വാല.? നാടോടി ഗോത്രവിഭാഗത്തില്‍പെട്ട ആദിവാസികള്‍. കാര്‍ഗിലിലെ നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് സമ്മുടെ സൈന്യത്തിന് ആദ്യം വിവരം നല്‍കിയവര്‍. കുഞ്ഞിനെ മാനഭംഗപ്പെടുത്തിയവരെ സംരക്ഷിക്കുന്നത് ആരാണെന്ന് ഇനി നിങ്ങള്‍പറയൂ? 

ജനുവരി പത്തിനാണ് ജമ്മുവിലെ കഠ്‍വയിലെ രസ്ന ഗ്രാമത്തിലെ പെണ്‍കുട്ടിയെ കാണാതാകുന്നത്. ജനുവരി പന്ത്രണ്ടിന് എട്ടുവയസുകാരിയുടെ പിതാവ് ഹിരാനഗര്‍പൊലീസ് സ്റ്റേഷനില്‍പരാതി നല്‍കി.  ഏഴുദിവസങ്ങള്‍ക്കു ശേഷം മൃതദേഹം ലഭിച്ചു.  കേസില്‍പിന്നീട് പ്രതികളായ പൊലീസുകാര്‍തന്നെയാണ് പെണ്‍കുട്ടിക്കായി തിരച്ചില്‍നാടകം നടത്തിയത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. റവന്യു വകുപ്പില്‍നിന്ന് വിരമിച്ച സഞ്ജിറാമാണ് ക്രൂരകൃത്യത്തിന്‍റെ സൂത്രധാരന്‍. പ്രതിയെ അറസ്റ്റ് ചെയ്തതില്‍പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായെത്തി. ഹിന്ദു ഏക്താ മഞ്ച് എന്ന സംഘടനയുടെ പേരിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം. പ്രതികളെ പിന്തുണച്ച് ജമ്മുകശ്മീരിലെ അഭിഭാഷകരും റാലി നടത്തി. നീതി ഉറപ്പാക്കാന്‍ പ്രതിജ്ഞയെടുത്ത് കറുത്ത കോട്ടണിഞ്ഞവര്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊടുംകുറ്റവാളികളുടെ കാവല്‍ക്കാരായി. ഇന്ത്യന്‍ജനാധിപത്യത്തിന്‍റെ പരമോന്നത പ്രതീകമായ ത്രിവര്‍ണപതാക നെറികേടിന് അവര്‍ രക്ഷാകവചമാക്കി. 

രാജ്യം എവിടെ എത്തിനില്‍ക്കുന്നു എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കഠ്‍വയിലേത്. ആ എട്ടുവയസുകാരിക്ക് നേരിട്ടത് ഒറ്റപ്പെട്ട ദുരന്തമല്ല.  ഇന്ത്യയെ വേട്ടയാടുന്ന കെട്ടകാലത്തിന്‍റെ നേര്‍സാക്ഷ്യമാണ്. ഓരോ ഇന്ത്യക്കാരനേയും അലോസരപ്പെടുത്തേണ്ട മുഖമാണ്. വാര്‍ത്തയാണ് അനുഭവമാണ് കഠ്‍വയിലേത്..

മാനഭംഗം ക്രൂരമായ അധികാര പ്രയോഗമാണ്. കഠ്‍വയിലെ എട്ടുവയസുകാരിയോടുള്ള പ്രതികാരത്തിന് കാരണം അവള്‍ജനിച്ച മതത്തോടുള്ള വെറുപ്പാണ്. മാനഭംഗമെന്ന അധികാരപ്രയോഗത്തിന് ഊര്‍ജം ലഭിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയരാഷ്ട്രീയത്തിന് കിരീടവും ചെങ്കോലും കിട്ടിയടോയൊണ്.

ഓര്‍മയുണ്ടാകും. 2002 ലെ ഗുജറാത്ത് കലാപം. പുരഷന്‍മാരെ വെട്ടിയും കത്തിച്ചും കൊന്നപ്പോള്‍സ്ത്രീകളെ മാനഭംഗപ്പെടുത്തി ഇല്ലാതാക്കി. സംസ്ഥാനസര്‍ക്കാരിന്‍റെ നിശബ്ദ പിന്തുണയോടെ. പുരുഷന്‍റെ ലൈംഗീകാവയവം ശത്രുവിനെ ക്രീരമായി ഇല്ലായ്മ ചെയ്ത് അധികാരം സ്ഥാപിക്കാനുള്ള ആയുധം മാത്രമാണ്. ആണ്‍രൂപങ്ങള്‍മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ, ആ ശരീരങ്ങളിലെ ഓരോ കോശങ്ങളിലും നിറഞ്ഞിരിക്കുന്ന വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം ഒന്നുതന്നെയാണ്. കഠ്‍വയിലെ എട്ടുവയസുകാരിയെ കൂട്ടമാനഭംഗം ചെയ്ത് ഇല്ലാതാക്കിയതും ആ പ്രത്യയശാസ്ത്ര ശരീരമാണ്. വിദ്വേഷത്തിന്‍റെ വിചാരധാരയില്‍ നിന്ന് സ്ഖലിക്കുന്ന ആയുധങ്ങള്‍ക്ക് ദേശീയപതാകകൊണ്ട് രക്ഷാ കവചമൊരുക്കുകയായിരുന്നു കഠ്‍വയില്‍.  എട്ടുവയസുകാരിയുടെ ദാരുണാന്ത്യം ഒറ്റപ്പെട്ടതും ചില വ്യക്തികള്‍നടത്തിയതുമായ കുറ്റകൃത്യമാണെന്ന ബിജെപി നേതാക്കളുടെ നിസാരവല്‍ക്കരണ ന്യായവാദങ്ങൾ പെളിഞ്ഞടങ്ങുന്നത് ഈ കാരണങ്ങളൊക്കെ കൊണ്ടാണ്. കശ്മീരികള്‍ സമം ദേശദ്രോഹികളെന്ന സമവാക്യം ഉയര്‍ത്തിക്കാട്ടി സമൂഹ മാധ്യമങ്ങളിലെ ഭക്തര്‍പിന്നെയും അവളെ റേപ് ചെയ്ത് കൊണ്ടേയിരിക്കുന്നു.  നിര്‍ഭയസംഭവത്തിനു ശേഷം ഇനിയൊരു മകളുടേയും അമ്മയുടേയും സഹോദരിയുടേയും ഭാര്യയുടേയും ദുരന്തകഥ രാജ്യമനസാക്ഷിയെ കരയിക്കരുതെന്ന് നാം ആവര്‍ത്തിച്ചുറപ്പിച്ചിട്ടും ആശയറ്റ പെണ്‍നിലവിളികൾ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ പതിനേഴുകാരിയെ കൂട്ടമാനഭംഗത്തി നിരയാക്കിയ സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായതും ഇതോടൊപ്പമാണ്.  മാനഭംഗം സംബന്ധിച്ച് ആദ്യപരാതി നല്‍കിയത് കഴിഞ്ഞവര്‍ഷം ജൂണിലാണ്. നടപടി ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസും പ്രതിയായ ബിജെപി എം.എല്‍.എയുടെ സഹോദരന്‍മാരും ക്രൂരമായി മര്‍ദിക്കുകയുണ്ടായി. കസ്റ്റഡിയില്‍ ചികില്‍സയ്ക്കിടെയാണ് പിതാവ് മരിച്ചത്.  

പെണ്‍കുട്ടി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്‍പില്‍ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍എം.എല്‍.എയെ കസ്റ്റഡിയിലെടുക്കുന്നത് ആദിത്യനാഥ് സര്‍ക്കാര്‍കഴിയുന്നത്ര വൈകിപ്പിച്ചു. കുറ്റവാളികളേയും കുറ്റവാളികളന്ന് സംശയിക്കുന്നവരെയും അല്ലാത്തവരെയുമൊക്കെ ഉന്‍മൂലനം ചെയ്യാന്‍പൊലീസ് ആയുധങ്ങളുമായി തെരുവുകള്‍വാഴുന്ന ആദിത്യനാഥിന്‍റെ സംസ്ഥാനത്താണ് ഇതെന്ന് ഓര്‍ക്കണം. അതേ, ഈ രാജ്യം നമ്മുടേതല്ലെന്ന് പറായാനാണ് പലപ്പോഴും തോന്നുന്നത്.

അഴിമതി ആരോപണങ്ങള്‍ക്കും ഭരണവിരുദ്ധ വികാരത്തിനു മൊപ്പം നിര്‍ഭയയുടെ കണ്ണീര്‍കൂടിയാണ് രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ അടിത്തറയിളക്കിയത്. കഠ്‍വയിലെയും ഉന്നാവയിലെയും മുറിവുകള്‍മോദി സര്‍ക്കാരിന്‍റെ വീഴ്ചയ്ക്ക് വഴിയൊരുക്കുമോ?  രാജ്യമാകെ കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന രോഷം 2019 ല്‍മോദിക്കായി കരുതിവയ്ക്കുന്നത് വന്‍ദുരന്തമായിരിക്കുമോ?

അവസാനവര്‍ഷത്തില്‍സര്‍ക്കാരുകളോട് ജനങ്ങളുടെ ഉള്ളില്‍ അതൃപ്തി പുകയുന്നത് ജനാധിപത്യത്തിന്‍റെ നടപ്പുശീലമാണ്. പക്ഷേ, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ വാക്കുകൊണ്ടും നാക്കുകൊണ്ടും നിയന്ത്രിച്ച് നിര്‍ത്തിയ നരേന്ദ്രമോദിക്ക് ഇത്തരമൊരു പ്രതിസന്ധി ഒരാളും പ്രവചിച്ചിരുന്നില്ല. മോദിക്കും അമിത് ഷായ്്ക്കും കാര്യങ്ങള്‍ കൈവിട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്ത്. 

ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ പെണ്‍കുട്ടികളെ പഠിപ്പിക്കൂ, പെണ്‍കുട്ടികളെ രക്ഷിക്കൂ. നരേന്ദ്രമോദി എന്ന ഭരണാധികാരി ഇന്ത്യ മഹാരാജ്യത്തിന് മുന്നില്‍വച്ച തിളക്കമുള്ള മുദ്രാവാക്യങ്ങളിലൊന്ന്. ഇത്തരം മൊഴിമുത്തുകളുടേയും പ്രാസമൊപ്പിച്ച മുദ്രാവാക്യങ്ങളുടേയും തിളക്കത്തില്‍പുതിയ ഇന്ത്യ  സ്വപ്നം കണ്ടവരുടെ എണ്ണം ചെറുതല്ല.  പക്ഷേ, പറഞ്ഞതിലേറെയും പതിരും പാഴ്‍വാക്കുകളുമാണെന്ന് പിന്നീട് ബോധ്യപ്പെടാന്‍തുടങ്ങി.  ഇരയെ വീഴ്ത്താന്‍ ചൂണ്ടക്കൊളുത്തില്‍ കുരുക്കിയിടുന്ന തീറ്റപോലെയായിരുന്നു ആ കയ്യടി മുദ്രാവാക്യങ്ങള്‍.  കഠ്‍വയും ഉന്നാവയും രാജ്യത്തെ ലജ്ജിച്ചപ്പോഴും വായതുറന്ന് ഒരക്ഷരം ഉരിയാടാന്‍ നമ്മുടെ പ്രധാന സേവകന്‍ തയ്യാറായില്ല.  മുസ്‍ലിം സ്ത്രീകളുടെ സ്ഥിതി സമത്വം ഉറപ്പാക്കാന്‍മുത്തലാഖ് നിരോധനത്തിനായി  അരയും തലയും മുറുക്കിയിറങ്ങിയ മോദി അതേ സമുദായത്തില്‍പെട്ട കുരുന്നിന് ആ സമുദായത്തില്‍ജനിച്ചതിന്‍റെ പേരില്‍നേരിടേണ്ടിവന്ന ക്രൂരതയെക്കുറിച്ച  മൗനം പാലിച്ചു.  പിന്നെ, പ്രതിഷേധങ്ങള്‍ കനത്തപ്പോള്‍ മാത്രം നില ഭദ്രമാക്കാന്‍  പ്രധാനമന്ത്രി പ്രതികരിച്ചു. കൃത്യം ഒരു വര്‍ഷം മുന്‍പ്  യുപിയില്‍ചരിത്രമെഴുതിയ ബിജെപിക്കും മോദി.. അമിത് ഷാ അധികാര അച്ചുതണ്ടിനും ഇന്ന് വെല്ലുവിളികള്‍ഏറെയാണ്. മോദി മാജിക്ക് എന്ന സ്വര്‍ണപ്രഭയുടെ ഉള്ളിലെ ചെമ്പ് തെളിയാന്‍ തുടങ്ങിയതോടെ  ജനങ്ങളുടെ ഉള്ളില്‍ അലയടിക്കാന്‍ തുടങ്ങിയ അസംതൃപ്തി അതിജീവിക്കാന്‍ഏറെ വിയര്‍ക്കേണ്ടി വരും. നോട്ട് അസാധുവാക്കല്‍, സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ്, പശുസംരക്ഷകരെന്ന കൊലയാളി സംഘങ്ങള്‍, ലളിത് മോദി, നീരവ് മോദി  ജയ് അമിത് ഷാ വിവാദങ്ങള്‍, ദലിത് പ്രക്ഷോഭം തുടങ്ങി ഇപ്പോള്‍കഠ്‍വയിലും ഉന്നാവിലും എത്തിനില്‍ക്കുന്നു. ഇതുവരെ നേടിയ വിജയങ്ങളുടെ പട്ടിക നിരത്തിയാണ് വിമര്‍ശനങ്ങളെ ഖണ്ഡിച്ചത്. പക്ഷേ, ഇനി മുന്നിലുള്ള  പോരാട്ടങ്ങള്‍അത്ര എളുപ്പമല്ല എന്നതാണ് ഗ്രൗണ്ട് റിയാലിറ്റി. പാവങ്ങളുടെ മിശിഹ എന്ന മുഖമുദ്ര മോദിയെ വാജ്പേയിയുടെ സുവര്‍ണകാലത്തേക്കാള്‍ഏഴ് ശതമാനം കൂടുതല്‍  വോട്ടുനേടാന്‍സഹായിച്ചിട്ടുണ്ട്., പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍കാര്യങ്ങള്‍വ്യത്യസ്തമാണ്. 

നിര്‍ഭയ സംഭവത്തിന്‍റെ സമയത്തുണ്ടായതുപോലെ അത്ര തീവ്രവും വ്യപകവുമായ  പ്രതിഷേധം ഇപ്പോഴുണ്ടായിട്ടില്ല. എന്നാല്‍അടിയൊഴുക്കുകള്‍ക്ക് വഴിലൊരുക്കുമോയെന്ന് ഇപ്പോള്‍പറയാന്‍കഴിയില്ല..