യുപിയിലെ കൊലനിലങ്ങള്‍

നിയമവ്യവസ്ഥ നോക്കുകുത്തിയായ, ഗുണ്ടാരാജിന്‍റെ പേരില്‍ കുപ്രസിദ്ധി നേടിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഉള്‍ട്ടാപ്രദേശ് എന്നാണ് മറ്റ് വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ യുപിയെ പരിഹസിക്കാറ്. തലതിരിഞ്ഞ നാട്. കാര്യങ്ങള്‍ നേരെയാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൈക്കൊണ്ട വഴിയാണ് പൊലീസ് ഏറ്റുമുട്ടലുകള്‍. ഒാപ്പറേഷന്‍ ക്ലീന്‍ എന്നാണ് പൊലീസ് നടപടിയുടെ പേര്.  

യോഗി ആദിത്യനാഥ് രണ്ടും കല്‍പ്പിച്ചാണ്. ക്രിമിനലുകളെ കൈകാര്യം ചെയ്യാന്‍ കാക്കിയിട്ടവര്‍ ആയുധങ്ങളുമായി തെരുവുകള്‍ വാഴുന്നു. യോഗി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം പത്തുമാസത്തിനിടെ 1100 ലധികം പൊലീസ് ഏറ്റുമുട്ടലുകള്‍. ഒന്നും രണ്ടുമല്ല 1100 ലധികം. ഇനിയും കൃത്യമായി പറഞ്ഞാല്‍ 2017 മാര്‍ച്ച് 20 മുതല്‍ 2018 ജനുവരി 31വരെ യുപിയില്‍ നടന്നത് 1142 പൊലീസ് ഏറ്റുമുട്ടലുകളാണ്. 34 കുറ്റവാളികള്‍ കൊല്ലപ്പെട്ടു. 265 പേര്‍ക്ക് പരുക്കേറ്റു. 2744 പേര്‍ പൊലീസിന് കീഴടങ്ങി. 167 പേരെ ദേശ സുരക്ഷാനിയമപ്രകാരം കസ്റ്റഡിയിലെടുത്തു. ദലിത് നേതാവ് ചന്ദ്രശേഖര്‍ അസാദും ഇക്കൂട്ടത്തില്‍പ്പെടുന്നു. കുറ്റവാളി സംഘങ്ങളില്‍ നിന്ന് 150 കോടി രൂപ പിടിച്ചെടുത്തു. പടിഞ്ഞാറന്‍ യുപിയിലെ നാല് ജില്ലകളിലാണ് ഏറ്റവും അധികം ഏറ്റുമുട്ടലുകള്‍ നടക്കുന്നത്. ഷാംലി, മുസഫര്‍ നഗര്‍, സഹാരണ്‍പൂര്‍, ഭാഗ്പത്. പൊലീസിന്‍റെ ഭാഗത്തും ആള്‍ നാശമുണ്ടായി. 4 പേര്‍ കൊല്ലപ്പെട്ടു. 247 പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇത് സര്‍ക്കാരിന്‍റെ കണക്കുകള്‍. ഏറ്റുമുട്ടലുകള്‍ 1400 ലധികം നടന്നിട്ടുണ്ടെന്നാണ് വിവിധ സംഘടനകളുടെ കണക്കുകള്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കുറ്റവാളികള്‍ ഭയക്കുന്നുവെന്നും ജ്യാമത്തിലുള്ളവര്‍ ജീവന്‍രക്ഷിക്കാന്‍ ജയിലിലേക്ക് പോകാന്‍ തിടുക്കപ്പെടുന്നു എന്നുമൊക്കെയാണ് യുപിയില്‍ നിന്നുള്ള വാര്‍ത്തകള്‍. പ്രേക്ഷകര്‍ ഈ പരിപാടി കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് യുപിയുടെ ഏതെങ്കിലും ഒരിടത്ത് വെടിയുണ്ടകള്‍ ചീറിപ്പായുന്നുണ്ടാകും. കൊല്ലപ്പെട്ടവരുടെ കണക്ക് പിന്നെയും കൂടിക്കൊണ്ടിരിക്കും. ആദിനാഥ് സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രോഗ്രസ് കാര്‍ഡിലെ നേട്ടങ്ങളുടെ പട്ടികയില്‍ ഏറ്റവും ആദ്യം ഇടംനല്‍കിയിട്ടുള്ളത് പൊലീസ് ഏറ്റുമുട്ടലുകള്‍ക്ക് തന്നെയാണ്. 

ഏറ്റുമുട്ടലുകള്‍ യുപിക്ക് പതിവ് ശീലമായി കഴിഞ്ഞു. പൊലീസിനെ കയറൂരി വിടുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. ദേശീയ മനുഷ്യാവകാശകമ്മിഷന്‍ പ്രശ്നത്തിലിടപെട്ടു. എന്നാല്‍ പിന്നോട്ടില്ലെന്ന വാശിയിലാണ് യോഗി ആദിത്യനാഥ്. ക്രിമിനലുകളോട് ഒൗദാര്യം കാണിക്കുന്നത് ജനാധിപത്യത്തിന് അപകടം വരുത്തിവെയ്ക്കുമെന്നാണ് ആദിത്യനാഥിന്‍റെ പക്ഷം.  

യോഗി ആദിത്യനാഥ് ക്രിമിനലുകള്‍ക്ക് മുന്നില്‍വെയ്ക്കുന്നത് രണ്ട് വഴികളാണ്. ഒന്നുകില്‍ പൊലീസിന്‍റെ വെടിയുണ്ടയേറ്റുവാങ്ങുക. അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് വിട്ടുപോവുക. കൊല്ലുന്നത് ക്രിമിനലുകളെയാണെങ്കിലും അതിന് നിയമവും സംവിധാവുമുള്ള രാജ്യമാണ് നമ്മുടേത്. കണ്ണില്‍ കാണുന്നവരെയൊക്കെ കൊന്നുതള്ളി നാട് ക്രിമനല്‍ വിമുക്തമാക്കാനുള്ള അധികാരം ആര്‍ക്കും ഭരണഘടന നല്‍കുന്നില്ല. അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്‍വാദി പാര്‍ട്ടി ഭരണം ഗുണ്ടരാജായി മാറിയെന്ന വികാരം ശക്തമായിരുന്നു. ജനങ്ങളുടെ രോഷം നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി പ്രചാരണരംഗത്ത് കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. ആയുധങ്ങളുമായി കാക്കിപ്പട തെരുവുകള്‍ വാഴുകള്‍ കിട്ടുന്ന കൈയ്യടി ചെറുതല്ല. 

ഉത്തര്‍പ്രദേശ് കണ്‍ട്രോള്‍ ഒാഫ് ഒാര്‍ഗനൈസ്ഡ് ക്രൈം എന്ന പേരില്‍ ഒരു ബില്‍ ആദിത്യനാഥ് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഒാഫ് ഒാര്‍ഗനൈസ്ഡ് ക്രൈം ആക്ട് അഥവ മക്കോക്കയിലെ വ്യവസ്ഥകള്‍ ഈ ബില്ലിലുണ്ട്. ഏതുതരത്തിലുള്ള ഏറ്റുമുട്ടലുകളാണെങ്കിലും അതിന് നിയമസാധുത നല്‍കുന്നതാണ് ബില്‍.   

ക്രിമിനലുകള്‍ കൊല്ലപ്പെട്ടാല്‍ എന്ത് നഷ്ടമെന്ന് ചോദിക്കുന്നവരുണ്ടാകാം. കൊടുംകുറ്റവാളിയാണെന്നത് പൊലീസിന് ഒരാളെക്കൊല്ലാനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി 2012 ല്‍ വ്യക്തിമാക്കിയിട്ടുണ്ട്. എന്നാല്‍, തോക്കിന്‍ കുഴലിലൂടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നീതി നടപ്പാക്കുമ്പോള്‍ അതിന് പിറകില്‍ ‍െഞട്ടിക്കുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. നിരപരാധികളുടെ കൊലപാതകങ്ങളുണ്ട്. മനുഷ്യാവകാശധ്വംസനങ്ങളുണ്ട്. ഒളിയജന്‍ഡകളുണ്ട്. 

മോഷണക്കേസില്‍ ഉള്‍പ്പെട്ട മറ്റൊരു സുമിത്താണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് കൊലപ്പെടുത്തിയ സുമിത് ഗുജ്ജറിന്‍റെ ബന്ധുക്കളെ ഞങ്ങള്‍ കണ്ടു. മറ്റേതോ സുമിത്തിന്‍റെ പേരിലുള്ള താരതമ്യേന ചെറിയ കുറ്റത്തിന് പവന്‍ ഗുജ്ജറിന് നഷ്ടമായാത് സ്വന്തം സഹോദരനെ. കസ്റ്റഡിയിലിരിക്കെ സുമിത്തിന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ പലതവണശ്രമിച്ചെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തകയായിരുന്നുവെന്ന് പവന്‍ പറയുന്നു.

സുമിത്ത് ഗുജ്ജറിന്‍റേത് ഒറ്റപ്പെട്ടപേരല്ല. യുപിയെ ശുദ്ധീകരിക്കാനെന്ന പേരില്‍ അരങ്ങേറുന്ന ഏറ്റുമുട്ടലുകളില്‍ ജീവന്‍നഷ്ടമായ നിരപരാധികളുടെ പട്ടിക നീണ്ടുപോകുന്നു. സുമിത്ത് ഒരു ഉദാഹരണം മാത്രം. ഭയമാണ് എങ്ങും. മെഡലുകള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കുമായി കൊലപാതങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കിയതിന്‍റെയും നടുക്കുന്ന കഥകളുണ്ട്.

അധോലോകമാണോ ഭരണകൂടമാണോയെന്ന സംശയമുണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം. പട്ടിക തയ്യാറാക്കി കൊലപ്പെടുത്തുന്നു. കൊല്ലപ്പെട്ടശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു. പല പൊലീസ് ഏറ്റുമുട്ടലുകളുടെയും സ്വഭാവം ഇങ്ങിനെയാണ്. ബിജെപിയുടെ രാഷ്ട്രീയ സാമൂഹിക അജന്‍ഡകള്‍ കൃത്യമായി ഇതിനു പിറകിലുണ്ട്.

മിക്കവരെയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുകയും തലയ്ക്ക് വിലയിടുകയുമൊക്കെ ചെയ്യുന്നത് കൊല്ലപ്പെട്ടതിന് ശേഷമാണ്. പൊടുന്നനെയുണ്ടായ ഏറ്റുമുട്ടലുകള്‍ എന്നതിനപ്പുറം ചില കൃത്യമായ കരുനീക്കങ്ങള്‍ ഭൂരിഭാഗം സംഭവങ്ങള്‍ക്കു പുറകിലുമുണ്ട്. മാധ്യമങ്ങളും കണ്ണടയ്ക്കുന്നു.

ക്രിമിനലുകളുടെ ഉന്മൂലനത്തിന് നേതൃത്വം നല്‍കുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നത് അദ്ദേഹത്തിനെതിരെ 15 ക്രിമിനല്‍ കേസുകളുണ്ടെന്നാണ്. കൊലപാതകശ്രമവും കലാപമുണ്ടാക്കാനുള്ള നീക്കങ്ങളും ഭീഷണിപ്പെടുത്തലുമെല്ലാം ഇതില്‍പ്പെടും. ക്രിമനലുകള്‍ യുപി വിടണമെന്ന് യോഗി പറയുമ്പോള്‍ ആദ്യം പോകേണ്ടത് അദ്ദേഹമല്ലേ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഒന്നുറപ്പാണ് മുഖ്യമന്ത്രി പദവും അധികാരവുമൊന്നും ഒരാളുടെ ക്രിമിനല്‍ പശ്ചാത്തലത്തിന് നിയമസാധുത നല്‍കുന്നില്ല.

യുപിയിലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട 131 കേസുകള്‍ ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങിയെന്ന റിപ്പോര്‍ട്ടും ഇതിനിടയിലാണ് വന്നത്. പ്രതികള്‍ സംഘപരിവാര്‍ നേതാക്കള്‍. ചുരുങ്ങിയത് ഏഴുവര്‍ഷംവരെ തടവുശിക്ഷലഭിക്കാവുന്ന കുറ്റം ചുമത്തിയ കേസുകളാണ് പിന്‍വലിക്കാന്‍ നീക്കം. 2013 ല്‍ നടന്ന കലാപങ്ങളില്‍ 62 പേര്‍ മരിച്ചെന്നാണ് ഒൗദ്യോഗിക കണക്ക്. 1400 പേര്‍ പങ്കെടുത്ത കലാപങ്ങളില്‍ 503 കേസുകളാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തത്. ബിജെപി സര്‍ക്കാര്‍ പിന്‍വലിക്കുന്ന 131 കേസുകളില്‍ 13 എണ്ണം കൊലപാതകത്തിനും 11 എണ്ണം കൊലപാതക ശ്രമത്തിനുമുള്ളതാണ്. ഖാപ് പഞ്ചായത്ത് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേസുകള്‍ പിന്‍വലിക്കുന്നത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ വര്‍ഗീയ കലാപങ്ങളുടെ ലാഭം ബിജെപിക്കാണ് കിട്ടിയത്.

പൊലീസ് ഏറ്റുമുട്ടലുകള്‍ 1980 കളിലും 1996 കളിലും പഞ്ചാബില്‍ നടന്നിട്ടുണ്ട്. 2016 ജൂലൈ മാസത്തില്‍ മണിപ്പൂരില്‍ നടന്ന 1500 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട പരാതി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഗുജറാത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ആരോപണം നേരിട്ടു.

ഇസ്രത് ജഹാനും സൊറാബുദീന്‍ ഷെയ്ഖും തുളസീറാം പ്രജാപതിയും കൊല്ലപ്പെട്ട മൂന്ന് ഏറ്റുമുട്ടല്‍ കേസുകള്‍ മോദിയുെട വിശ്വസ്തനായ, ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ സംശയത്തിന്‍റെ കരിനിഴലില്‍ നിര്‍ത്തി.

വേള്‍ഡ് ജസ്റ്റിസ് പ്രോജക്റ്റ് ഇന്‍ഡക്സിന്‍റെ 2017 ലെ കണക്കുപ്രകാരം സിവില്‍ നിയമവാഴ്ച്ചയില്‍ ഇന്ത്യയുടെ സ്ഥാനം 62 ആണ്. 113 രാജ്യങ്ങളിലെ സ്ഥിതി പരിശോധിച്ചു. ക്രിമിനല്‍ നിയമവാഴ്ച്ചയുടെ കാര്യത്തില്‍ സ്ഥിതി പിന്നെയും മോശമാണ്. 66 ാം സ്ഥാനം. നേപ്പാള്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. പൊലീസ് ഏറ്റുമുട്ടലുകളുള്‍പ്പെടെയുള്ള നീതി നിഷേധങ്ങളാണ് കാരണം. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2015 ലെ കണക്കുപ്രകാരം ജയിലിലുള്ള മൂന്നില്‍ രണ്ട് പേരും വിചാരണത്തടവുകാരാണ്.  ഇതില്‍ 55 ശതമാനം പേരും മുസ്‍ലിംങ്ങളും ദലിതരും ആദിവാസികളുമാണ്. ഇതില്‍ നമ്മുടെ സാമൂഹികാവസ്ഥ നിര്‍ണായകഘടകമാണ്.

2000 നും 2017 നും ഇടയില്‍ 1,782 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നാണ് വിവരാവകാശരേഖകള്‍ പറയുന്നു. ഏറ്റവുമധികം ഏറ്റുമുട്ടല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശിലാണെന്ന് ദേശീയമനുഷ്യവകാശ കമ്മിഷന്‍ വ്യക്തമാക്കുന്നു. കൊലനിലങ്ങള്‍ സമാധാനം കൊണ്ടുവരില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.