ട്രൂഡോയെ കെട്ടിപ്പിടിക്കാന്‍ മോദി മടിച്ചതെന്തേ?

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് അര്‍ഹമായ സ്വീകരണം ഇന്ത്യയില്‍ ലഭിച്ചില്ലെന്ന വിലയിരുത്തല്‍ രാജ്യാന്തരവേദികളില്‍ സജീവമാണ്. ട്രൂഡോയെ മോദി കെട്ടിപ്പിടിക്കാന്‍ മടിച്ചത് എന്തുകൊണ്ടായിരിക്കാം? ഇന്ത്യയുടെയും കാനഡയുടെയും ആഭ്യന്തരരാഷ്ട്രീയവുമായി ഈ ചോദ്യത്തിന്‍റെ ഉത്തരം ആഴത്തില്‍ ഇഴചേര്‍ന്ന് കിടക്കുന്നു. 

ലോകം വലത്തോട്ട് ചായുമ്പോള്‍ എതിരെ നീന്തുന്നവരില്‍ മുന്‍നിരക്കാരന്‍. പുരോഗമന നിലപാടുകളുടെ പ്രതീകം. അഭയാര്‍ഥികള്‍ക്കായി രാജ്യത്തിന്‍റെ അതിരുകള്‍ തുറന്നിട്ട ഭരണാധികാരി. സ്ത്രീസമത്വം സ്വന്തം മന്ത്രിസഭയില്‍ തന്നെ നടപ്പാക്കിയ ഫെമിനിസ്റ്റ്. അധികാരത്തിന്‍റെ ചുവന്ന പരവതാനി വിട്ടിറങ്ങി ആള്‍ക്കൂട്ടങ്ങളെ കൈയ്യിലെടുക്കുന്ന നേതാവ്. ഇസ്ലാമോഫോബിയയോട് നിരന്തരം കലഹിക്കുന്നവന്‍. നിലപാടുകളും ജീവിതവും മാത്രമല്ല കാലിലിടുന്ന സോക്സ്പോലും വേറിട്ടതും കളര്‍ഫുളും. ജസ്റ്റിന്‍ ട്രൂഡോയെന്ന 46കാരനെ, കാനഡയുടെ 23 ാം പ്രധാനമന്ത്രിയെ ലോകം ഇഷ്ടപ്പെടുന്നത് ഇതെല്ലാംകൊണ്ടാണ്. പൊങ്കലും ദീപാവലിയും വൈശാഖിയും കുടുംബത്തൊടൊപ്പം ആഘോഷിച്ച് ഇന്ത്യക്കാരുടെ ഹൃദയത്തിലും ഇടംനേടി.

എട്ടുദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പക്ഷെ തണുപ്പന്‍ സ്വീകരണമാണ് കിട്ടിയത്. ലോകനേതാക്കളുമായി വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിക്കാന്‍ പ്രത്യേക താല്‍പര്യം കാണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രൂഡോയെ പലപ്പോഴും കണ്ടഭാവം നടിച്ചില്ലെന്ന വിലയിരുത്തലുമുണ്ട്. 

പ്രധാനരാഷ്ട്രത്തലവന്മാര്‍ ഇന്ത്യയിലെത്തുമ്പോള്‍ കീഴ്‍വഴക്കങ്ങള്‍ മറികടന്ന് നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിക്കാറുണ്ട്. നയതന്ത്ര ബന്ധത്തിന്‍റെ ഉൗഷ്മളത വ്യക്തമാക്കി കെട്ടിപ്പിടുത്തവും. പക്ഷെ ജസ്റ്റിന്‍ ട്രൂഡോ ഫെബ്രുവരി 17ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയപ്പോള്‍ സ്വീകരിച്ചത് കൃഷി സഹമന്ത്രി ഗജേന്ദ്ര ശെഖാവത്ത്. മറ്റൊരു രാഷ്ട്രനേതാവ് ഇന്ത്യയിലെത്തുമ്പോള്‍ ട്വിറ്ററിലൂടെ സ്വാഗതം ചെയ്യുന്ന പതിവും മോദി തെറ്റിച്ചു. സ്വന്തം നാടായ ഗുജറാത്തില്‍ കാനഡ പ്രധാനമന്ത്രിക്കൊപ്പം പോകാനും മോദി താല്‍പര്യം കാട്ടിയില്ല. കര്‍ണാടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി ആ സമയം നീക്കിവെച്ചത്. ചൈനീസ് പ്രസിഡന്‍റ് ഷീജിന്‍ പിങ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു എന്നിവര്‍ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ മുഴുവന്‍ സമയവും മോദി കൂടിയുണ്ടായിരുന്നു. സബര്‍മതി ആശ്രമവും, സുവര്‍ണക്ഷേത്രവും, താജ്മഹലും, രാജ്ഘട്ടിലെ ഗാന്ധി സമാധിയും ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും വിനോദസഞ്ചാരികളെപ്പോലെ ഒറ്റയ്ക്ക് നടന്ന് കണ്ടു. ആഗ്രയിലും അഹമ്മദാബാദിലുമെത്തിയപ്പോള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥോ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയോ തിരിഞ്ഞുനോക്കിയില്ല. സന്ദര്‍ശനത്തിന്‍റെ ഏഴാം ദിനമായിരുന്നു നരേന്ദ്രമോദിയും ജസ്റ്റിന്‍ ട്രൂഡോയും പരസ്പരം കൈകൊടുത്തത്.

2015 ഏപ്രിലില്‍ നരേന്ദ്ര മോദി കാനഡ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് പ്രധാനമന്ത്രിയായിരുന്ന സ്റ്റീഫന്‍ ഹാര്‍പറായിരുന്നില്ല. മോദി അതിന് മറുപടി നല്‍കുകയായിരുന്നോ? കാനഡ പ്രധാനമന്ത്രിയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ജനങ്ങള്‍ക്ക് അനുഭവപ്പെട്ടത് മറിച്ചായിരുന്നു. ട്രൂഡോയെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നോ?

സ്വന്തം നാട്ടില്‍ ജനപ്രീതിക്ക് ഇളക്കം തട്ടുന്നതിനിടയിലാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ വന്നിറങ്ങിയത്. വിശ്വാസപരമായും വംശപരമായും ഇന്ത്യയില്‍ വേരുകളുള്ള ചെറുതല്ലാത്തൊരു ജനവിഭാഗം കാനഡയിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം കാനഡയുടെ ആഭ്യന്തരരാഷ്ട്രീയവും ട്രൂഡോയുെട സന്ദര്‍ശനത്തെ നിര്‍ണായകമാക്കി. എന്നാല്‍ വര്‍ണശബളമായ കുര്‍ത്തകളണിഞ്ഞ് സിനിമതാരത്തെപ്പോലെ ഫോട്ടോയ്ക്ക് പോസ് ചെയ്തതിനപ്പുറം കാനഡ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒരു 'ഫ്ലോപ് ഷോ'യായിരുന്നു. സ്വതന്ത്ര സിഖ് രാഷ്ട്രത്തിന് വേണ്ടിവാദിക്കുന്ന ഖലിസ്ഥാന്‍ വിഘടനവാദികളെ അനുകൂലിക്കുന്ന നിലപാടാണ് ട്രൂഡോയ്ക്കും അദ്ദേഹത്തിന്‍റെ രാഷ്ട്രീയകക്ഷിയായ ലിബര്റല്‍ പാര്‍ട്ടിയുമുള്ളതെന്ന വിലയിരുത്തലുണ്ട്. ട്രൂഡോയുടെ ബഹുമാനാര്‍ഥം ഇന്ത്യയിലെ കനേഡിയന്‍ ഹൈ കമ്മിഷണര്‍ ഒരുക്കിയ വിരുന്നില്‍ സിഖ് വിഘടനവാദി നേതാവ് ജസ്‍പാല്‍ അത്‍വാലിനും ക്ഷണമുണ്ടായിരുന്നു. 1986 ല്‍ പഞ്ചാബ് മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് അത്‍വാല്‍.  

കാനഡയില്‍ അഞ്ച് ലക്ഷത്തിലധികം സിഖ്കാരുണ്ട്. പ്രബല സമുദായം. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നവരാണ് സിഖ്കാരില്‍ ഭൂരിഭാഗവും. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍റെ മര്‍മം അറിയാവുന്ന ട്രൂഡോ തന്‍റെ മന്ത്രിസഭയില്‍ നാല് സിഖ്ക്കാര്‍ക്ക് ഇടം നല്‍കി. പ്രതിരോധമന്ത്രാലയം കൈകാര്യം ചെയ്യുന്ന ഹര്‍ജിത് സിങ് സജ്ജന്‍ ഉള്‍പ്പെടെ. കാനഡയിലെ സിഖ് സംഘടനകള്‍ക്കിടയില്‍ തീവ്രനിലപാടുകാരും സജീവമാണ്. ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ച് ഇത്തരം ആശയപ്രചാരണങ്ങള്‍ നടക്കുന്നു. പല ഗുരുദ്വാരകളിലും ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് പ്രവേശനം നല്‍കാറില്ല. ഖലിസ്ഥാന്‍ നിലപാടുകാരായ നേതാക്കള്‍ക്കൊപ്പം ട്രൂഡോ പല ചടങ്ങുകളിലും പങ്കെടുക്കാറുണ്ട്. തീവ്രവാദികളെ തള്ളിപ്പറയണമെന്ന് ഇന്ത്യ കാനഡയോട് ശഠിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് അരങ്ങേറിയ സിഖ് വിരുദ്ധ കലാപം വംശഹത്യയാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി നോവിച്ചു.  

1980 കളിലെ ഖലിസ്ഥാന്‍ ഭീകരവാദവും 1984ലെ ഒാപ്പറേഷന്‍ ബ്ലൂസ്റ്റാറും സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റുള്ള ഇന്ദിരാഗാന്ധിയുടെ മരണവും ഇന്ത്യയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവങ്ങളാണ്. ഇന്ദിരാഗാന്ധിയുടെ വധത്തിനുപിന്നാലെ അരങ്ങേറിയ സിഖ് വിരുദ്ധകലാപത്തില്‍ കൊല്ലപ്പെട്ടത് മൂവായിരത്തിലധികം പേരാണ്. 

സിഖ് ഭീകരവാദത്തിന്‍റെ ഏറ്റവും ക്രൂരമായ അധ്യായം കാനഡയിലാണ് രചിക്കപ്പെട്ടത്. 1985 ല്‍ എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റ് വിമാനം കനിഷ്ക്ക അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളില്‍ തകര്‍ന്ന് 329 പേരാണ് മരിച്ചത്. കനിഷ്ക്ക ദുരന്തത്തിന്‍റെ അന്വേഷണം കാനഡ ഫലപ്രദമായി നടത്തിയില്ലെന്ന ഇന്ത്യയുടെ വിമര്‍ശനം വസ്തുതയാണ്. 1998 ല്‍ ഇന്ത്യ രണ്ടാം ആവണവപരീക്ഷണം നടത്തിയപ്പോള്‍ എതിര്‍പ്പുമായി അരയും തലയും മുറുക്കിയിറങ്ങിവരുടെ മുന്‍നിരയില്‍ കാനഡയുണ്ടായിരുന്നു. 

അഖണ്ഡ ഇന്ത്യയ്ക്കായാണ് നിലകൊള്ളുന്നതെന്ന് പ്രഖ്യാപിച്ച് കരാറുകള്‍ ഒപ്പിട്ട് ട്രൂഡോ മടങ്ങി. ട്രൂഡോയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണ് സന്ദര്‍ശനത്തിന്‍റെ ശോഭകെടുത്തിയത്. 

കാനഡയില്‍ സിഖ് വിഘടനവാദ മുദ്രാവാക്യം എത്ര ഉച്ചത്തില്‍ ഉയര്‍ന്നാലും ഇന്ത്യയില്‍ അതിന്‍റെ അലയൊലികള്‍ ഉണ്ടാകുന്ന സാഹചര്യം ഇന്നില്ല. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് നീളുന്ന വിഭജനനീക്കങ്ങള്‍ക്കുനേരെ വാളെടുക്കേണ്ടത് നമ്മുടെ സര്‍ക്കാരിന്‍റെ ഉത്തരവാദിത്വവുമാണ്. പക്ഷെ തന്ത്രം നയമാക്കിവേണം ആ നയതന്ത്രം. കാരണം, ഇന്ത്യന്‍ െഎ.ടി രംഗത്തിന് ആശ്രയകേന്ദ്രം കൂടിയാണ് കാനഡ. കനേഡയന്‍ കമ്പനികള്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തുന്നുണ്ട്. ഒരുലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. വിഭനരാഷ്ട്രീയത്തിന് എതിരെ സംസാരിക്കാന്‍ നമ്മുടെ പ്രധാനമന്ത്രിക്ക് എത്രമാത്രം യോഗ്യതയുണ്ടെന്നത് മറ്റൊരുചോദ്യം.

വിഭജനത്തിന്‍റെ വിഷരാഷ്ട്രീയത്തിനെതിരെ ജസ്റ്റിന്‍ ട്രൂഡോയെ സാക്ഷിയാക്കി ആഞ്ഞടിച്ചശേഷം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരെ പോയത് മേഘലായയിലേക്കാണ്. ഇറാഖില്‍ കുടുങ്ങിയ ക്രിസ്ത്യാനികളായ നഴ്സുമാരെ രക്ഷിച്ച് നാട്ടിലെത്തിച്ച തന്‍റെ സര്‍ക്കാരിന്‍റെ മഹാമനസ്ക്കത ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഘലയയിലെ തിരഞ്ഞെടുപ്പ് വേദിയില്‍ പ്രധാനമന്ത്രി വിവരിച്ചു. മരണമുഖത്തുനിന്നും സ്വന്തം ജനങ്ങളെ രക്ഷിച്ചുകൊണ്ടുവരേണ്ടത് ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്വമാണ്. ഒൗദാര്യമല്ല. അധികാരരാഷ്ട്രീയത്തിനായി മതത്തിന്‍റെയും വിശ്വാസങ്ങളുടെ കാര്‍ഡുകള്‍ ഇറക്കികളിക്കുന്നതിന് നമ്മള്‍ ആദ്യം വിമര്‍ശിക്കേണ്ടത് കാനഡയുടെ പ്രധാനമന്ത്രിയെയാണോ? നമ്മുടെ പ്രധാനസേവകരെയാണോ?