നെഹ്റു അല്ലായിരുന്നെങ്കിലോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മുന്‍ഗാമിയായ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ച് ഉന്നയിച്ച വിമര്‍ശനങ്ങളാണ് കേട്ടത്. അതും, നമ്മുടെ ജനാധിപത്യത്തിന്‍റെ പരമോന്നത വേദിയായ പാര്‍ലമെന്‍റിന്‍റെ അകത്തളത്തില്‍. നരേന്ദ്ര മോദിയുടെ ചരിത്രപാഠങ്ങള്‍ എത്രത്തോളം വസ്തുതാപരമാണ്? അന്വേഷിക്കാം. വിവാദങ്ങളിലെ യഥാര്‍ഥ നെഹ്റുവിനെ കണ്ടെത്തല്‍. നെഹ്റു പട്ടേല്‍ ബന്ധത്തിലെ ഇഴയടുപ്പവും ഇടര്‍ച്ചയും 

ലോകം ഉറങ്ങുമ്പോള്‍ ഉയിരെടുത്ത രാജ്യം. ഇരുനൂറ് വര്‍ഷം അടിമത്വത്തിന്‍റെ ഭാരം പേറിയ നാട്. വെള്ളക്കാരന്‍ അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന് നീക്കിയിരിപ്പായി കിട്ടിയത് ഉത്തരവാദിത്വങ്ങളുടെയും വെല്ലുവിളികളുടെയും മുള്‍ക്കിരീടമാണ്. വിഭജനത്തിന്‍റെ തീരാമുറിവുകള്‍, വേരറുത്തുമാറ്റപ്പെട്ടവരുടെ നിലയ്ക്കാത്ത പലായനങ്ങള്‍, വികസനമെന്ന വലിയ സ്വപ്നം. നാട്ടുരാജ്യങ്ങളായി ഭിന്നിച്ച് കിടന്ന വലിയ ഭൂപ്രദേശത്തെ ജനങ്ങളെ, അവരുടെ വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകണം. ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങണം. നെഹ്റു അഭിമുഖീകരിച്ച പൂര്‍വമാതൃകകളൊന്നുമില്ലാത്ത ആ ചരിത്രപ്രതിസന്ധിയെ ഉള്‍ക്കൊണ്ടുമാത്രമേ ഏത് വിമര്‍ശനവും വിലയിരുത്തലും സത്യസന്ധമായി നടത്താനാകൂ.

ഇന്ത്യയെ സ്വന്തം കാലില്‍ നിര്‍ത്തണം. ലോകത്തിന് മുന്നില്‍ ഇടം നേടിക്കൊടുക്കണം. ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് നെഹ്റുവെന്ന ഭരണാധികാരിയെടുത്ത പല തീരുമാനങ്ങളും അഭിമാനം നല്‍കുന്നതാണ്. ചില തീരുമാനങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. അന്നും ഇന്നും. നെഹ്റു പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നുവെന്ന പലരുടെയും വിലയിരുത്തലിന് പോലും ഇടയാക്കി.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറല്‍ സി രാജഗോപാലാചാരി 1972 ല്‍ ഭവന്‍സ് ജേണലില്‍ എഴുതി. ജവര്‍ലാല്‍ നെഹ്റുവിനെ വിദേശകാര്യമന്ത്രിയും സര്‍ദാര്‍ പട്ടേലിനെ പ്രധാനമന്ത്രിയുമാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് നിസംശയം പറയാം. കശ്മീര്‍ പ്രശ്നവും ടിബറ്റ് പ്രതിസന്ധിയും ചൈനീസ് പടയോട്ടവും ഒരുപക്ഷെ ഉണ്ടാകുമായിരുന്നില്ല.

നെഹ്റുവല്ല പ്രധാനമന്ത്രിയെങ്കില്‍ കശ്മീര്‍ പ്രശ്നം ഉണ്ടാകുമായിരുന്നില്ലേ? ചൈന ഇന്ത്യയെ ആക്രമിക്കുമായിരുന്നില്ലേ? ഒറ്റയടിക്ക് ഒരുത്തരം സാധ്യമല്ല. കാരണം കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ് ആ ചരിത്രവഴികള്‍. ഒന്നുറപ്പ്, ഈ രണ്ട് വിഷയങ്ങളും വര്‍ഷങ്ങള്‍ക്കിപ്പുറവും നെഹ്റുവിനെ ചോദ്യമുനയില്‍ നിര്‍ത്തുന്നു. നെഹ്റുവിനെതിരെ വിരല്‍ ചൂണ്ടിയത് പ്രതിപക്ഷം മാത്രമല്ല. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലെ ഒരുവിഭാഗം നെഹ്റുവിനെ എതിര്‍ത്തിരുന്നു. 

കശ്മീര്‍ വിഷയത്തില്‍ നെഹ്റുവിന്‍റെ മൂന്ന് തീരുമാനങ്ങളാണ് ഏറ്റവുമധികം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. കശ്മീര്‍ പ്രശ്നം െഎക്യരാഷ്ട്രസഭയുടെ മുന്നിലെത്തിച്ചുവെന്നതാണ് ആദ്യത്തേത്. രണ്ട്, ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധത്തില്‍ 1948 ലെ വെടിനിര്‍ത്തല്‍. മൂന്ന്, ഭരണഘടനയുടെ 370 ാം അനുച്ഛേദത്തിലൂടെ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയത്. 

ഇന്ത്യയിലോ പാക്കിസ്ഥാനിലോ ലയിക്കുക അല്ലെങ്കില്‍ സ്വതന്ത്ര രാജ്യമായി നിലനില്‍ക്കുക. ബ്രിട്ടീഷുകാര്‍ പടിയിറങ്ങുമ്പോള്‍ കശ്മീര്‍ രാജാവ് ഹരിസിങ്ങിനു മുന്നിലുണ്ടായിരുന്നത് ഈ സാധ്യതകളായിരുന്നു. സ്വതന്ത്ര രാജ്യം എന്നതായിരുന്നു ഹരി സിങ്ങിന്‍റെ താല്‍പര്യം. ഏതുവിധേനയും കശ്മീര്‍ പിടിച്ചെടുക്കാന്‍ പാക്കിസ്ഥാന്‍ പടനയിക്കുമെന്ന് ഹരി സിങ് കരുതിയിരുന്നില്ല. 1947 ഒക്ടോബര്‍ 22ന് പഠാന്‍ ഗോത്രവര്‍ഗക്കാരുടെ പിന്തുണയോടെ പാക്കിസ്ഥാന്‍ കശ്മീര്‍ ആക്രമിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഹരിസിങ് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചു. കശ്മീര്‍ ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള അധികാരപത്രം 1947 ഒക്ടോബര്‍ 26 ന് ഹരിസിങ് ഒപ്പുവെച്ചു. 

1947 നവംബര്‍2. കശ്മീര്‍ വിഷയം െഎക്യരാഷ്ട്രസഭയുടെ മുന്നിലെത്തിക്കുമെന്നും ഹിതപരിശോധന നടത്തുമെന്നും നെഹ്റു ഒാള്‍ ഇന്ത്യ റേഡിയോയിലൂടെ രാജ്യത്തെ അറിയിച്ചു. പാക്കിസ്ഥാന്‍റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നു ഇന്ത്യന്‍ സൈന്യം അപ്പോള്‍. കശ്മീര്‍ പ്രശ്നം െഎക്യരാഷ്ട്രസഭയില്‍ ഉന്നയിക്കണമെന്ന് ഉപദേശിച്ചത് മൗണ്ട് ബാറ്റണായിരുന്നു. 1947 ഡിസംബര്‍ 31 ന് ഇന്ത്യ പരാതി നല്‍കി. ഇതോടെയാണ് കശ്മീര്‍ ഒരു രാജ്യന്തര വിഷയമായത്.   

കശ്മീര്‍ പാക്കിസ്ഥാന്‍റെ ഭാഗമാകുന്നത് കശ്മീരിന്‍റെ ജനിതകം പേറുന്ന നെഹ്റുവിന് ഇഷ്ടമില്ലായിരുന്നു. പക്ഷെ ബലം പ്രയോഗിച്ച് ഇന്ത്യയോട് ചേര്‍ക്കുന്നതിനോടും നെഹ്റുവിന് യോജിപ്പില്ലായിരുന്നു. പട്ടേലിനോട് ആലോചിക്കാതെയാണോ കശ്മീര്‍ വിഷയത്തില്‍ തീരുമാനങ്ങളെടുത്തിരുന്നത്?

കശ്മീര്‍ കാര്യങ്ങളില്‍ സഹായിക്കാന്‍ എന്‍ ഗോപാലസ്വാമി അയ്യങ്കാരെ നെഹ്റു തന്‍റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിരുന്നു. ഇതോടെ പട്ടേല്‍ കശ്മീര്‍ വിഷയത്തില്‍ മാറി നടക്കാന്‍ തുടങ്ങി. െഎക്യരാഷ്ട്രസഭയുടെ ഇടപെടലോടെ 1949 ജനുവരി ഒന്നിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കശ്മീരിന്‍റെ ഭൂരിഭാഗവും ജമ്മുവും ലഡാക്കും ഇന്ത്യയുടെ ഭാഗമായി. ആസാദ് കശ്മീരും ചില വടക്കന്‍ പ്രവിശ്യകളും പാക്കിസ്ഥാന്‍റെ അധീനതയിലും.  മഹാരാജ ഹരിസിങ് കശ്മീര്‍ ഇന്ത്യയില്‍ നിയമപരമായി ലയിപ്പിച്ചിരുന്നെങ്കിലും െഎക്യരാഷ്ട്ര സഭ ഇന്ത്യയോടും പാക്കിസ്ഥാനോടും ഒരുപോലെ സൈന്യത്തെ പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്. തന്‍റെ തീരുമാനം പാളിയെന്ന് നെഹ്റുവിന് പതിയെ ബോധ്യപ്പെടാന്‍ തുടങ്ങി. 

കശ്മീരിന്‍റെ മൂന്നില്‍ ഒരുഭാഗം പാക്കിസ്ഥാന്‍റെ കൈയ്യിലിരുക്കുമ്പോള്‍ കൈക്കൊണ്ട വെടിനിര്‍ത്തല്‍ തീരുമാനത്തിനും നെഹ്റു പഴികേള്‍ക്കുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ നമ്മള്‍ തയ്യാറായിരുന്നില്ലെങ്കില്‍ കശ്മീര്‍ മൊത്തമായും ഇന്ത്യയുടെ അധീനതയിലാകുമായിരുന്നുവെന്നാണ് വിമര്‍ശകരുടെ വാദം. ഇതുതന്നെയാണ് നരേന്ദ്ര മോദി ലോക്സഭയില്‍ ഉന്നയിച്ചതും. 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ാം അനുച്ഛേദമാണ് ഇന്ത്യയ്ക്ക് അകത്ത് നെഹ്റുവിന് വലിയ എതിര്‍പ്പുനേരിടാന്‍ ഇടയാക്കിയത്. പട്ടേലും അംബേദ്ക്കറും നെഹ്റുവിനോട് വിയോജിച്ചു. നെഹ്റു മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് പുറത്തുവന്ന ശ്യാമപ്രസാദ് മുഖര്‍ജി വിഷയം ശക്തമായ ആയുധമാക്കി. കശ്മീരിന്‍റെ പ്രത്യേകപദവിക്കെതിരായ പ്രക്ഷോഭത്തിനിടെ 1953 ല്‍ അറസ്റ്റിലായ മുഖര്‍ജി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കശ്മീരിലെ ജനകീയ സമരനേതാവും ഉറ്റസുഹൃത്തുമായിരുന്ന ഷേയ്ഖ് അബ്ദുള്ളയാണ് നെഹ്റുവിനെ സ്വാധീനിച്ചത്. 

-----------------------------------------

ഗാന്ധിജിയുടെ ഇരുവശവും ചേര്‍ന്നുനിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നെഹ്റും പട്ടേലും തമ്മില്‍ ഭരണപരമായ പലകാര്യങ്ങളിലും അതിരൂക്ഷമായ ഭിന്നത നിലനിന്നരുന്നു. മന്ത്രിമാരുടെ അധികാരത്തെ സംബന്ധിച്ച് പട്ടേലും നെഹ്റുവും ഏറ്റുമുട്ടി. മന്ത്രിസഭയിലുണ്ടായിരുന്ന അബുള്‍ കലാം ആസാദിനെയും രാജ്കുമാരി അമൃത് കൗറിനെയും ആശ്രയിച്ചുകൊണ്ടായിരുന്നു നെഹ്റു മുന്നോട്ടുപോയത്.

കലഹവും കരുതലും ഒരുപോലെയുണ്ടായിരുന്ന കലങ്ങിമറിഞ്ഞ ബന്ധമായിരുന്നു നെഹ്റുവും പട്ടേലും തമ്മില്‍. സ്വാതന്ത്ര്യത്തിന് മുന്‍പേ നെഹ്റു പട്ടേല്‍ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. 1946 ല്‍. മൗണ്ട് ബാറ്റണ്‍ ഇടക്കാല സര്‍ക്കാരുണ്ടാക്കാന്‍ ഒരുങ്ങാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടപ്പോള്‍. 

നെഹ്റുവെന്ന ഭരണാധികാരി ഇന്ത്യയ്ക്ക് പുറത്തുനിന്നും നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കവും1962 ലെ യുദ്ധത്തിലേറ്റ പരാജയവും. ചൈനയെ ഏറ്റവും അടുത്ത സുഹൃത്തായി കണ്ടിരുന്ന നെഹ്റുവിന് അയല്‍ക്കാരുടെ ഭാഗത്തുനിന്നുണ്ടായ വിശ്വാസവഞ്ചനയ്ക്ക് വലിയ വിലകൊടുക്കേണ്ടിവന്നു, ചൈനയെ മനസിലാക്കുന്നതില്‍ നെഹ്റുവിന് പറ്റിയ പാളിച്ച ആ വിശ്വപൗരന്‍റെ മികവിനും നേരെയുള്ള ആയുധമായി.

അമേരിക്കയ്ക്കും റഷ്യയ്ക്കും കീഴില്‍ ലോകം അന്ന് രണ്ട് ചേരിയായി മുഖാമുഖം നില്‍ക്കുകയായിരുന്നു. ഇരുപക്ഷത്തോടും അകലം പാലിച്ച് ചേരിചേരായ്മയുടെ ഒരു സമാന്തരപാത തീര്‍ക്കുകയായിരുന്നു നെഹ്റു. ചൈനയുമായി കൂടുതല്‍ അടുത്തു. െഎക്യരാഷ്ട്രസഭയില്‍ ചൈനയുടെ സ്ഥിരാംഗത്വത്തിനായി നെഹ്റുവാദിച്ചു. ടിബറ്റില്‍ പിടിമുറുക്കിയ ചൈന ഇന്ത്യയുടെ അതിരുകള്‍ ലക്ഷ്യമിട്ട് നീങ്ങി. ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. 1962 ഒക്ടോബര്‍ 20ന് ആരംഭിച്ച യുദ്ധം ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ നവംബര്‍ 21 ന് അവസാനിച്ചു.

ചൈനയുടെ ഭാഗത്തുനിന്നുണ്ടായ വിശ്വാസലംഘനം നെഹ്റുവിന് ഏറെ ഉലച്ചു. 1964 മേയ് 27 അദ്ദേഹം അന്തരിച്ചു. നെഹ്റുവല്ല ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെങ്കില്‍ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. വര്‍ത്തമാനകാലത്തിരുന്ന ചരിത്രം തിരുത്താന്‍ ശ്രമിക്കുന്നതില്‍ പരം മണ്ടത്തരമില്ല. നെഹ്റുവിന്‍റെ ജീവിതത്തെ, വീക്ഷണങ്ങളെ, തീരുമാനങ്ങളെ ഏങ്ങിനെ പുനര്‍ വായിക്കാം.

മതത്തിന്‍റെ പേരില്‍ അതിരുകള്‍ നിര്‍ണയിച്ച് പാക്കിസ്ഥാന്‍ ഇസ്ലാമിക രാഷ്ട്രമായപ്പോള്‍ ഇന്ത്യ ജനാധിപത്യരാജ്യമായി നിലനിന്നതില്‍ സുപ്രധാനപങ്ക് നെഹ്റുവിന്‍റേതാണ്. നെഹ്റുവിന് ചരിത്രപരമായ തെറ്റുകള്‍ പറ്റിയിരിക്കാം. അതിലേറെ ശരികള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരുപുനര്‍വായനയ്ക്കുള്ള ഇടം നമുക്ക് ലഭിക്കുന്നത് നെഹ്റു ബാക്കിയിട്ട ജനധിപത്യചിന്തകളുെട ഫലംകൂടിയാണ്.