2019 ലെ മോദിയുടെ ചങ്കിടിപ്പുകള്‍

അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റോടെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞു. നരേന്ദ്ര മോദിക്ക് തുടര്‍ഭരണം കിട്ടുമോ? മോദി യുഗം അവസാനിക്കുന്നുവോ? മുത്തശ്ശിപ്പാര്‍ട്ടിക്ക് മുന്നിലുള്ളത് ഇനി പ്രതീക്ഷകളുടെ കാലമോ? ദേശീയരാഷ്ട്രീയത്തിലെ ഒാരോ ചലനങ്ങളും ബാക്കിയിടുന്നത് ഈ ചോദ്യങ്ങളാണ്. 

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിട്ടേക്കാം. 2024 ല്‍ വല്ല സാധ്യതയുമുണ്ടോയെന്ന് നോക്കാം. മോദി തരംഗം ആഞ്ഞുവിശുന്നതിനിടയില്‍, സംസ്ഥാനങ്ങളിലോരോന്നിലായി കാവിപടരുന്നതിനിടിയില്‍ നിരാശയോടെ പ്രതിപക്ഷം മനസിലുറപ്പിച്ചത് ഇങ്ങിനെയായിരുന്നു. പക്ഷെ, കാര്യങ്ങള്‍ മോദിയുടെ കൈകളില്‍ അത്ര ഭദ്രമല്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കാര്‍ഷിക, ഗ്രാമീണമേഖലകള്‍ക്ക് പ്രധാന്യം നല്‍കിയുള്ള അരുണ്‍ ജയ്റ്റ്ലിയുടെ അഞ്ചാമത്തെ ബജറ്റ് ബാക്കിയിട്ടത് ബിജെപി ക്യാംപിലെ ആശങ്കകളുടെ ലക്ഷണങ്ങളാണ്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാന്‍ തുടങ്ങുന്നത് മോദിയും അമിത് ഷായും തിരിച്ചറിഞ്ഞിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യദിനത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തില്‍ പ്രതിഫലിച്ചതും ജനകീയത തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ്. അധികാര കസേര കൈവിടാതിരിക്കാനുള്ള കരുനീക്കമാണ്. അതേ ബജറ്റ് ദിനത്തില്‍ തന്നെയാണ് രാജസ്ഥാനിലെ മൂന്നിടങ്ങളില്‍ ബിജെപിയെ വോട്ടര്‍മാര്‍ മുത്തലാഖ് ചൊല്ലിയതും. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ രണ്ടു ലോക്സഭാ സീറ്റിലും ഒറു നിയമസഭാ സീറ്റിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്നു സീറ്റും  ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതിരഞ്ഞെടുപ്പ് വിധി ബിജെപിക്ക് വലിയ അപായ സൂചനയാണ്. 

വാണിങ് ബെല്‍ അടിക്കുമ്പോള്‍ പകുതി ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം എഴുതിയിട്ടില്ലാത്ത വിദ്യാര്‍ഥിക്കുണ്ടാകുന്ന ആശങ്കയാണ് ബജറ്റ് അവതരണത്തില്‍ അരുണ്‍ ജയ്റ്റ്ലിയില്‍ നിഴലിച്ചിരുന്നത്. തിരഞ്ഞെടുപ്പ് വേളയിലെ പ്രഖ്യാപനങ്ങള്‍ ഇനിയും യാഥാര്‍മാക്കാന്‍ കഴിയാത്തതിന്‍റെ ചങ്കിടിപ്പ് പ്രകടമായിരുന്നു. 

പ്രശ്നങ്ങളുടെ തുടക്കം ആ അര്‍ധരാത്രി പ്രഖ്യാപനത്തോടെയാണ്. നോട്ട് അസാധുവാക്കല്‍. പിന്നാലെ വന്നു ചരക്ക് സേവന നികുതി. ചെറുകിട കച്ചവടക്കാരും ഗ്രാമീണ ജനതയും വലഞ്ഞപ്പോള്‍ അതിന്‍റെ പ്രതിഫലനം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായി. തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയാത്തതും, കര്‍ഷക ആത്മഹത്യകളും തിരിച്ചടിയാകുന്നു. മോദി പ്രഭാവത്തിന്‍റെ പകിട്ട് കുറയാന്‍ തുടങ്ങി. അവസാനസമ്പൂര്‍ണ ബജറ്റ് മധ്യവര്‍ഗത്തിന്‍റെ പ്രതീക്ഷകളെ തകര്‍ത്തതും ബിജെപിക്ക് പ്രതിസന്ധിയാകുന്നു.  ഏഴ് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കും. ഇതില്‍ മധ്യപ്രദേശിലും ഛത്തീസ്ഡിലും 2003 മുതല്‍ ബിജെപി അധികാരത്തിലുണ്ട്. കാറ്റ് മാറി വീശാന്‍ തുടങ്ങുന്നത് മനസിലാക്കി മന്ത്രിസഭാ അഴിച്ചുപണിയടക്കം പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് തുടങ്ങിക്കഴിഞ്ഞു. വസുന്ധരാരാജെ നേരിടുന്ന ഭരണവിരുദ്ധവികാരം രാജസ്ഥനില്‍ നിന്ന് അശുഭവാര്‍ത്തയെത്തുന്നതില്‍ കശാലിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മറിച്ചാകണമെങ്കില്‍ അല്‍ഭുതങ്ങള്‍ നടക്കണമെന്നും. മോദിയുടെ എന്തെങ്കിലും മാസ്റ്റര്‍ ട്രോക്ക്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 282 സീറ്റുകളാണ്. തിനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നിട്ടും സഖ്യകക്ഷികള്‍ക്കും സര്‍ക്കാരില്‍ മോദി പ്രാതിനിധ്യം നല്‍കി. ഹിന്ദി ഹൃദയഭൂമി ബിജെപി തൂത്തുവാരി. യുപിയില്‍ 80 ല്‍ 73 സീറ്റുകള്‍ ബിജെപി നേടി. സഖ്യകക്ഷിയായ അപ്നാദള്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചു. ഗുജറാത്തും രാജസ്ഥാനും ഡല്‍ഹിയും തൂത്തുവാരി. ഹരിയാനയില്‍ 10 ല്‍ എഴും മധ്യപ്രദേശില്‍ 29 ല്‍ ഇരുപത്തിയേഴും സീറ്റുകളില്‍ താമരവിരഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ക്ക് ബലാബലം വരുന്ന 193 ലോക്സഭാ മണ്ഡലങ്ങളില്‍ പകുതിയിലും മാറ്റങ്ങളുടെ സൂചനകള്‍ കണ്ടുതുടങ്ങിയതായാണ് വിലയിരുത്തല്‍. 

എന്‍ഡിഎക്ക് അകത്ത് കലാപം പുകയുകയാണ്. ബിജെപിയുടെ ഏറ്റവും പഴയ സുഹൃത്ത് ശിവസേനയാണ് ആദ്യം വെടിപൊട്ടിച്ചത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ഉദ്ധവ് താക്കറേ പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിനെ തഴഞ്ഞുവെന്ന് ആരോപിച്ച് തെലുങ്കുദേശം പാര്‍ട്ടി പിന്നാലെ രംഗത്തെത്തി. ചന്ദ്രബാബു നായ്ഡുവിന്‍റെ പിണക്കം തല്‍ക്കാലത്തേയ്ക്ക് തീര്‍ന്നെങ്കിലും പൊട്ടിത്തെറി എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ആന്ധ്രയില്‍ ഒറ്റയ്ക്ക് മല്‍സരിക്കണമെന്ന് വാശിപിടിക്കുന്ന ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ക്ക് പഥ്യം ജഗന്‍മോഹന്‍ റെഡ്ഢിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനോടാണ്. വലിയ വെല്ലുവിളി ഉയര്‍ത്താമായിരുന്ന നിതീഷ് കുമാറിനെ ഒപ്പം നിര്‍ത്താനായത് മോദി ആശ്വാസം നല്‍കുന്നു. പക്ഷെ, നിതീഷ് എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടാം. കര്‍ണാടകയില്‍ വീണ്ടുമൊരു ഒപ്പറേഷന്‍ കമലിന് കളമൊരുങ്ങിയിരുന്നെങ്കിലും സിദ്ധരാമയ്യ സ്ക്കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ തുടങ്ങി. യശ്വന്ത് സിന്‍ഹയും ശത്രുഘ്നന്‍ സിന്‍ഹയും ചേര്‍ന്ന് മോദിക്കെതിരെ പാളയത്തില്‍ പടനയിക്കുന്നു. ഇരുവരുടെയും രാഷ്ട്രീയ മഞ്ച് പ്രതിപക്ഷത്തിന്‍റെ പണിയാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഈ ഉള്‍പ്പോരിന് ബിജെപിയിലെ ഭീഷ്മാചാര്യന്‍ എല്‍ കെ അദ്വാനിയുടെ ആശീര്‍വാദവുമുണ്ടെന്നത് അശോക റോഡിലെ ബിജെപി ഒാഫീസിന്‍റെ അടുക്കള രഹസ്യം. ബിജെപിയ്ക്കകത്തെഅധികാര സമവാക്യങ്ങള്‍ മാറുകയാണ്. നിര്‍മ്മലാ സീതാരാമന്‍റെ ഉയര്‍ച്ച സുഷ്മ സ്വരാജിന് ഒരു സന്ദേശമാണ്. ജനപ്രിയ വിദേശകാര്യമന്ത്രിയെന്ന മേല്‍വിലാസം പക്ഷെ സുഷമയ്ക്ക് തുണയാകുന്നു. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം മോദിക്ക് ഒരു തവണകൂടി കിട്ടിയാല്‍ രാജ്നാഥ് സിങിന്‍റെയും സുഷമ സ്വരാജിന്‍റെയും സ്ഥാനം എവിടെയാകുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. അരുണ്‍ ജയ്റ്റ്ലി അപ്പോഴും സുരക്ഷിതനായിരിക്കും. ധര്‍മേന്ദ്ര പ്രധാന്‍, പീയുഷ് ഗോയല്‍, നിര്‍മലാ സീതാരാമന്‍, യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നവിസ് എന്നിവര്‍ ബിജെപിയുടെ ഭാവിനേതാക്കളാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. സര്‍ക്കാരിനെ നേരത്തെ പിരിച്ചുവിട്ട്, തിരഞ്ഞെടുപ്പിനെ നേരിട്ട് അധികാരം നഷ്ടപ്പെടുത്തുകയെന്ന വാജ്പേയിയുടെ തെറ്റ് മോദി ഒരിക്കലും ആവര്‍ത്തിക്കാനിടയില്ല. 22 വര്‍ഷത്തെ ഭരണത്തോടുള്ള എതിര്‍പ്പുകളെ മറികടന്ന് ഗുജറാത്തില്‍ അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ കുറേകൂടി കളം നിറഞ്ഞ കളിച്ചാല്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പും അതിനു മുന്‍പുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളും കൈപിടിയിലൊതുക്കാമെന്ന് തന്നെയാണ് താമര ക്യാംപിലെ ശുഭപ്രതീക്ഷ.

അനുകൂല രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും അത് മുതലെടുക്കാന്‍ കഴിയുന്ന അവസ്ഥയില്ല പ്രതിപക്ഷം. പ്രതിപക്ഷ നിരയിലെ െഎക്യം ഇപ്പോഴും വിദൂരസ്വപ്നമായി അവശേഷിക്കുന്നു. വരട്ടുതത്വവാദം മുതല്‍ വ്യക്തിതാല്‍പര്യം വരെ വിലങ്ങുതടിയാകുന്നു. 

2019 ലെ തിരഞ്ഞെടുപ്പ് മോദിയും മറ്റുള്ളവരും തമ്മിലുള്ള പോര് തന്നെയായിരിക്കും. ജയമായാലും തോല്‍വിയായാലും ഉത്തരവാദിത്വം മോദിക്ക് തന്നെ. മറുവശത്ത് മോദിയെ വെല്ലുന്ന ഒരുനേതാവില്ല. വീഴ്ത്തണമെങ്കില്‍ എല്ലാവരും ഒന്നിക്കണം. അധികാരത്തിന്‍റെ നല്ല നാളെകള്‍ സ്വപ്നം കാണുന്ന അഹിംസപ്പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കും മുന്നിലെ പ്രധാനപ്രതിസന്ധി പ്രതിപക്ഷത്തെ െഎക്യമില്ലായ്മതന്നെയാണ്. കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ക്ക് കരുനീക്കിയ സീതാറാം യച്ചൂരിക്ക് കൊല്‍ക്കത്ത കേന്ദ്രകമ്മിറ്റിയില്‍ കൈപൊള്ളി. യുപി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ക്ഷീണത്തില്‍ നിന്ന് കരകയറാന്‍ മായാവതിക്കും അഖിലേഷ് യാദവിനും ഇനിയും കഴിഞ്ഞിട്ടില്ല. ഇങ്ങുതെക്ക് ഡിഎംകെയാണ് പ്രതിപക്ഷ നിരയില്‍ കരുത്തരാകാന്‍ ഇടയുള്ളത്. പക്ഷെ സ്റ്റാലിന്‍റെ നീക്കങ്ങള്‍ പ്രവചനങ്ങള്‍ക്ക് അതീതമാണ്. മോദി കലൈജ്ഞര്‍ കരുണാധിയോട് കാണിക്കുന്ന സ്നേഹം ഏതുതരത്തിലും തിരിച്ച് പ്രതിഫലിക്കാം. ഇതിനിടയില്‍ പ്രതിപക്ഷത്ത് ചില അപ്രതീക്ഷിത കരുനീക്കങ്ങളും നടക്കുന്നുണ്ട്. പ്രതിപക്ഷ നേത‍ൃനിരയുടെ ചുക്കാന്‍ ഏറ്റെടുക്കാന്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ ചരടുവലിക്കുന്നുണ്ട്. മുത്തലാഖ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരായ ഇംപീച്ച്മെന്‍റ് എന്നീവിഷയങ്ങളില്‍ സിപിഎമ്മിന് ഒപ്പമാണ് ശരദ് പവാര്‍. ഇടതുപാര്‍ട്ടികള്‍ തിരിച്ച് പവാറിനൊപ്പവും. എന്നാല്‍ പവാര്‍ പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനോട് മമത ബാനര്‍ജിക്ക് കടുത്ത വിയോജിപ്പുണ്ട്. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടമെന്നാണ് ദീദിയുടെ വാദം. ബംഗാളിലെ ലോക്സഭാ മണ്ഡലങ്ങള്‍ മുഴുവനും കൈപിടിയിലൊതുക്കാമെന്ന് കണക്കുകൂടുന്ന മമത തന്‍റെ അംഗബലം ഉപയോഗിച്ച് പ്രധാനമന്ത്രിക്കസേര സ്വന്തമാക്കാമെന്ന് സ്വപ്നം കാണുന്നു. പെട്രോള്‍,ഡീസല്‍ വിലവര്‍ദ്ധനയ്ക്കെതിരെ ഏകോപിച്ചൊരു സമരത്തിന് ഇറങ്ങാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉൗര്‍ജ്ജം രാഹുല്‍ ഗാന്ധിക്ക് കൈമോശം വന്നുതുടങ്ങി. അരവിന്ദ് കേജ്‍രിവാളിന്‍റെ കുറ്റിച്ചൂല്‍ വിപ്ലവത്തിന് പഴയ കരുത്തില്ല. എതിര്‍ചേരിയിലെ െഎക്യമില്ലായ്മയാണ് ബിജെപിയുടെ ഏറ്റവും വലിയ ശക്തി.

പ്രതിപക്ഷത്തിന്‍റെ പോരാട്ട െഎക്യമല്ല, ഭരണപക്ഷത്തിന്‍റെ പ്രവൃത്തി ദേഷങ്ങള്‍ തന്നെയാണ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വിധി നിര്‍ണയിക്കുകയെന്ന് ചുരുക്കം. അപ്രീതക്ഷിത നീക്കങ്ങളിലൂടെ മല്‍സരം കൈപ്പിടിയിലൊതുക്കുന്ന മോദിയുടെ തന്ത്രങ്ങള്‍ക്കായിരിക്കും രാജ്യം ഇനി സാക്ഷിയാകുക.