നജീബ് അഹമ്മദ് എവിടെയാണ് ?

നജീബ് അഹമ്മദ് എവിടെയാണ്? നജീബിന് എന്ത് സംഭവിച്ചു? ജവഹര്‍ലാല്‍ നെഹ്റുസര്‍വകലാശാലയിലെ വിദ്യാര്‍ഥികളും നജീബിന്‍റെ ഉമ്മയും ഈ ചോദ്യങ്ങള്‍ രാജ്യമന:സാക്ഷിക്കുനേരെ, ഭരണകൂടത്തിനുനേരെ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. നജീബിന്‍റെ ഉമ്മ തോരാത്ത കണ്ണീരുമായി അപേക്ഷിച്ചുകൊണ്ടേയിരിക്കുകയാണ് അവനെ തിരിച്ചൂ എന്ന്. മകനെ കണ്ടെത്താനുള്ള പരിശ്രമവും പോരാട്ടവും ആ ഉമ്മ തുടരുന്നു.

നജീബ് അഹമ്മദ്

27 വയസ്

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സ്കൂള്‍ ഒാഫ് ബയോടെക്നോളജി വിദ്യാര്‍ഥി 

നജീബിന്‍റെ തിരോധാനം ഒരു വര്‍ഷത്തിനിപ്പുറവും ഉത്തരമില്ലാത്ത ഒരു കടങ്കഥപോലെ അവശേഷിക്കുന്നു. രാജ്യമെങ്ങും നജീബിനായി പ്രക്ഷോഭങ്ങള്‍ ആളിപ്പടര്‍ന്നിട്ടും, സമൂഹമാധ്യമങ്ങളില്‍ ഹാഷ് ടാഗുകള്‍ ആര്‍ത്തലച്ചിട്ടും, സങ്കടപ്പെരുമഴയുമായി അവന്‍റെ ഉമ്മ ഫാത്തിമ നഫീസ് അധികാര കേന്ദ്രങ്ങള്‍ കയറിയിറങ്ങിയിട്ടും ഉത്തരമില്ല. നജീബ് അഹമ്മദിന് എന്തുസംഭവിച്ചു? രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിക്കുപോലും മറുപടി ഒന്നുമാത്രം. അറിയില്ല.. 2016 ഒക്ടോബര്‍ 15 നാണ്  ജെഎന്‍യു ക്യാംപസിലെ മഹി മാണ്ഡവി ഹോസ്റ്റലിലെ 106 ാം നന്പര്‍ മുറിയില്‍ നിന്ന് നജീബിനെ കാണാതാവുന്നത് 

നജീബിനായി അന്നുമുതല്‍ ഉയരുന്ന ശബ്ദങ്ങള്‍ ഇത്ര നാള്‍ പിന്നിട്ടിട്ടും അധികൃതരുടെ ചെവികളിലെത്തിയിട്ടില്ല. അല്ലെങ്കില്‍ അവര്‍ കേട്ടതായി ഭാവിച്ചിട്ടില്ല. നജീബിനെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നവംബര്‍ ആറിന് ഇന്ത്യാ ഗേയ്റ്റിലേക്ക് നടന്ന മാര്‍ച്ചിനിടെ നജീബിന്‍റെ ഉമ്മയ്ക്കും സഹോദരിക്കും മര്‍ദനമേറ്റു. കേസന്വേഷണത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ച ഡല്‍ഹിപൊലീസ് പക്ഷെ നീതി തേടിയുള്ള പ്രതിഷേധങ്ങളെ നിഷ്ഠൂരമായാണ് കൈകാര്യം ചെയ്തത്. മകനെ കണ്ടെത്തണമെന്ന് അപേക്ഷിച്ച് ആ ഉമ്മ 2016 നവംബര്‍ 8 ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ കണ്ടു.

രാജ്യത്തിന്‍റെ അഭിമാനസ്തംഭമായ സര്‍വകലാശാലയില്‍ നടന്ന രാജ്യദ്രോഹവേട്ടയ്ക്കും അതിനെതിരെ ഉയര്‍ന്ന ആസാദി മുദ്രാവാക്യങ്ങള്‍ക്കും പിന്നാലെയാണ് നജീബിനെ തേടിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. നജീബിനെ ആക്രമിച്ച സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് ജെഎന്‍യു അധികൃതര്‍ കണ്ടെത്തി. നജീബിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ച പാരിതോഷികം അന്‍പതിനായിരവും, ഒരുലക്ഷവും പിന്നീട് പത്തുലക്ഷം രൂപയുമൊക്കെയായി ഉയര്‍ത്തിയെങ്കിലും ഒരു തുന്പും കിട്ടിയില്ല. 600  പൊലീസ് ഉദ്യോഗസ്ഥരും അതിനൊത്ത സന്നാഹങ്ങളുമായി ജെഎൡന്‍യുവില്‍ കാടിളക്കി പരിശോധന നടന്നു. 

ധനനഷ്ടവും സമയനഷ്ടവുമുണ്ടാകുന്നതല്ലാതെ നജീബ് എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഡല്‍ഹി പൊലീസിന് കഴിയുന്നില്ലെന്നായിരുന്നു 2017 മാര്‍ച്ച് 16ന് ഡല്‍ഹി ഹൈക്കോടതി നടത്തിയ വിമര്‍ശനം. ഒടുവില്‍ കോടതി ഇടപെട്ട് അന്വേഷണം സിബിെഎയിലേക്ക്. പക്ഷെ, കാര്യങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടായില്ല. സിബിെഎയ്ക്ക് അന്വേഷണത്തില്‍ താല്‍പ്പര്യക്കുറവുണ്ടെന്നാണ് 2017 ഒക്ടോബര്‍ 16 ന് ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണം.

പക്ഷെ നജീബിന്‍റെ കുടുംബം പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ല. പോരാട്ടങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല.  

പെരുന്നാളിന് അവന് ധരിക്കാന്‍ വാങ്ങിയ വസ്ത്രങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും അവന് തിരികെയെത്തുമെന്ന പ്രതീക്ഷയില്‍. ഒക്ടോബര്‍ 18 ന് അവന്‍റെ ജന്മദിനമായിരുന്നു. കുടുംബത്തിനൊപ്പമില്ലാത്ത ആദ്യ പിറന്നാള്‍. എവിടെയെന്നറിയാത്ത അവനുവേണ്ടി നിലയ്ക്കാത്ത പ്രഥാര്‍നകളും തോരാത്ത കണ്ണീരും.  ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി, മനുഷ്യര്‍ക്ക് വേണ്ടി, രാജ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് സ്വപ്നം കണ്ടു. 

ഒരു വിദ്യാര്‍ഥിയുടെ തിരോധാനം മാത്രമായി നജീബിന്‍റെ വിഷയത്തെ കാണാന്‍ കഴിയില്ല. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങളില്‍ ഒന്ന് മാത്രമായി അതിനെ അവഗണിച്ച് കളയാനുമാകില്ല. നമ്മുടെ ജനാധിപത്യത്തിനും നിയമവാഴ്ച്ചയ്ക്കും നേരെ ഗുരുതരമായ ചില ചോദ്യങ്ങള്‍ നജീബിന്‍റെ തിരോധാനം ഉയര്‍ത്തുന്നുണ്ട്. സമത്വത്തെപ്പറ്റി, സ്വാതന്ത്ര്യത്തെപ്പറ്റി, പൗരാവകാശങ്ങളെപ്പറ്റി ചെറുതല്ലാത്ത ആശങ്കകള്‍ ബാക്കിയിടുന്നുണ്ട്. 

നജീബിന്‍റെ ഉമ്മയെ കാണുന്പോള്‍ ഈച്ചരവാര്യരെ ഒാര്‍ക്കുന്നവരുണ്ട്. രാഷ്ട്രീയമായി ആ താരതമ്യത്തിന് ഏറെ പ്രധാനമുണ്ട്. ഈച്ചരവാര്യര്‍ എന്ന് പേരിന് കാത്തിരിപ്പ് എന്ന അര്‍ഥം കൂടിയുണ്ട്. ഫാത്തിമ നഫീസ് എന്ന ഉമ്മയുടെ പേരിനുമുണ്ട് ഇപ്പോള്‍  കാത്തിരിപ്പ് എന്ന അര്‍ഥം.ഈച്ചരവാര്യര്‍ എന്ന അച്ഛനോട് കാലം കാണിച്ച അനീതി ഫാത്തിമ നഫീസ് എന്ന ഉമ്മയ്ക്ക് നേരിടേണ്ടിവരില്ലെന്ന് ഉറച്ച് വിശ്വസിക്കാം. ജെ എന്‍യുവിന്‍റെ ചുവരുകളില്‍ ഇപ്പോഴും ആ ചോദ്യമുണ്ട്. എവിടെ നജീബ്?