ചൈനയുടെ വരവോടെ മഞ്ഞുരുക്കം; 7 വർഷത്തിന് ശേഷം സൗദിയില്‍ ഇറാന്റെ എംബസി

Gulf this week 1006
SHARE

മധ്യപൂര്‍വദേശത്ത് പുതിയ യുഗത്തിന് തുടക്കമിട്ട് സൗദിയും ഇറാനും.  ഏഴ് വർഷത്തെ ഇ‍ടവേളക്ക് ശേഷം ഇറാൻ സൗദിയിൽ നയതന്ത്രകാര്യാലയം തുറന്നതോടെ പുതിയ ലോകക്രമത്തിന് കൂടിയാണ് വഴിയൊരുങ്ങുന്നത്.  ബീച്ചിങ്ങിൽ ചൈനയുടെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിലാണ് ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. യോഗത്തിന് മൂന്നുമാസങ്ങൾക്ക് ശേഷമാണ് ഇറാന്റെ നടപടി. വൈകാതെ സൗദി ടെഹറാനിൽ എംബസി തുറക്കും

ഇരുരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. നേരത്തെ കുവൈത്തിൽ അംബാസിഡായിരുന്ന അലി റാസ ഇനായത്തിയെയാണ് സൗദിയില്‍ സ്ഥാനപതിയായി ഇറാൻ നിയമിച്ചത്. കഴിഞ്ഞ മാർച്ചിൽ ചൈനയുടെ നേതൃത്വത്തില്‍ ബീച്ചിങ്ങിൽ ചേർന്ന യോഗത്തിലാണ് ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കാൻ ധാരണയായത്. പുതിയ ലോകക്രമത്തിന് നാന്ദികുറിക്കുന്നതാണ് നീക്കങ്ങൾ. പ്രാദേശിക രാഷ്ട്രീയത്തിൽ  സജീവമായി ഇടപെടലുകൾ നടത്തി, ശക്തരാകാനുള്ള ചൈനയുടെ തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഈ മധ്യസ്ഥവേഷം.

സൗദി ഇറാൻ പ്രശ്നം പരിഹരിക്കാൻ ഇറാക്കും ഒമാനുമെല്ലാം വർഷങ്ങളായി പരിശ്രമിക്കുന്നുണ്ടെങ്കിലും ചൈനയുടെ കടന്നുവരവാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കിയത്.  മധ്യപൂർവേദേശം, പ്രത്യേകിച്ച് സൗദി അമേരിക്കയുടെ സ്വാധീനത്തിൽ നിന്ന് അകന്ന് ചൈനയോട് കൂടുതൽ അടുക്കുന്നതിന്റെ നേർചിത്രമായി അത് . ഡോണൾഡ് ട്രംപിന്റെ കാലത്ത് അമേരിക്ക മേഖലയിലെ നിർണായക ശക്തിയായിരുന്നെങ്കിലും  ജോ ബൈഡന്റെ വരവോടെ സ്ഥിതിഗതികൾ മാറി.  മാധ്യമപ്രവർത്തകൻ ജമാൽ ഖഷോക്കിയുടെ കൊലപാതകത്തിൽ സൗദിയ്ക്ക് പങ്കുണ്ടെന്ന അമേരിക്കയുടെ റിപ്പോർട്ട് ബൈഡൻ ശരിവച്ചതോടെ സൗദി അമേരിക്ക ബന്ധം വഷളായി. ചൈനയുടെ നേതൃത്വത്തിലുള്ള പുതിയ നീക്കം മധ്യപൂർവദേശത്തെ സമാധാനത്തിന് വഴിവയ്ക്കും. ഇന്ത്യയ്ക്കും ഇതേറെ ഗുണം ചെയ്യും

 2016ൽ ഷിയാ പുരോഹതിനെ സൗദി വധിച്ചതിന് പിന്നാലെ ഇറാനിലെ സൗദി നയനതന്ത്രകാര്യാലയം ഷിയാ വിഭാഗക്കാർ ആക്രമിച്ചതോടെയാണ് സൗദി ഇറാൻ ബന്ധം വഷളായത്. ഇതോടെ ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചു. മേഖലയിൽ നിർണായക ശക്തിയാകാനുള്ള സൗദിയുടെ ശ്രമങ്ങളും പുതിയ നീക്കങ്ങൾക്ക് ആക്കംകൂട്ടി. ഇറാന്‍ വിഷയത്തില്‍ യുഎഇ പോലുള്ള സഹോദര രാജ്യങ്ങളെ ഒപ്പം നിര്‍ത്താനും സൗദിക്ക് സാധിച്ചു.  അമേരിക്കയുടെ ഉപരോധത്തിനിടെ മേഖലയിലെ ഒറ്റപ്പെടലിൽ നിന്ന് മോചനമാണ് ഇറാന് പുതിയ കരാർ.   കാലക്രമേണ, ഗൾഫ് സഹകരണ കൗൺസിലുമായി അനുരഞ്ജനത്തിലേക്ക് നയിക്കുകയും പ്രാദേശിക ഒത്തുചേരലിന് വഴിവയ്ക്കുകയും ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇറാൻ. 

ആഭ്യന്തര യുദ്ധങ്ങളില്‍ വലയുന്ന യെമനും സിറിയയുമാണ് പുതിയ നയതന്ത്രബന്ധത്തിന്റെ  പ്രധാന ഗുണഭോക്താക്കൾ. ഇവിടുത്തെ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ സൗദിയുടെയും ഇറാന്‍റെയും ഇടപെടലുകൾ  നിര്‍ണായകമാണ്. എന്നിരുന്നാലും സൗദിയും ഇറാനും തമ്മിലുള്ള മൽസരം ഇസ്ലാമിക വിഭാഗീയതയിൽ വേരൂന്നിയതാണ്, കരാർ പരിഗണിക്കാതെ തന്നെ പിരിമുറുക്കങ്ങൾ നിലനിൽക്കും.   ഷിയാകളും സുന്നികളും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാൻ നയതന്ത്ര കരാറിന് കാര്യമായൊന്നും ചെയ്യില്ല.  ചില പ്രോക്‌സി യുദ്ധങ്ങളുടെ കൈപ്പേറിയ അനുഭവങ്ങൾ നിലനിൽക്കെ,, ശാശ്വാതമായ സൗഹൃദം സ്ഥാപിക്കാൻ കൂടുതൽ നയതന്ത്രസാധ്യതൾ ഉരുത്തിരിയേണ്ടതുണ്ട്.  

Iran opened embassy in Saudi Arabia. Gulf This Week

MORE IN GULF THIS WEEK
SHOW MORE