ബുർജ് ഖലീഫയിൽ വിരിയുന്ന ദൃശ്യവിസ്മയം; പിന്നിലെ മലയാളി ഇതാ

ബുർജ് ഖലീഫ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. ഉയരവും നിർമിതിക്കും ഒപ്പം ദുബായിയിൽ എത്തുന്ന ഓരോരുത്തരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ബുർജ് ഖലീഫ നിറഞ്ഞ് നിൽക്കുന്ന എൽഇഡി സ്ക്രീനും അതിൽ വിരിയുന്ന ദൃശ്യങ്ങളും. ഇത് പിന്നിൽ ഒരു മലയാളിയാണെന്ന് അറിയുമ്പോൾ ആ അത്ഭുതമേറും. സജീബ് കോയയുടെ ഉടമസ്ഥതയിലുള്ള കനേഡിയൻ കമ്പനിയായ ത്രീ എസ് ലൈറ്റ്സ് ആൻഡ് സൊല്യൂഷൻസ് ആണ് ഈ ദൃശ്യവിസ്മയത്തിന് പിന്നിൽ 

തിരുവനന്തപുരം സ്വദേശിയായ സജീബ് കോയ. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് പാസായി,, കാനഡയിലേക്ക് കുടിയേറിയ സജീബ് കോയ ഇന്ന് ലോകം അറിയുന്ന ലൈറ്റിങ് കമ്പനിയുടെ അധിപനാണ്.

സജീബ് കോയയ്ക്ക് എല്ലാ പിന്തുണയുമായി ഒപ്പമുള്ള രണ്ടുപേരെ കൂടി പരിചയപ്പെടാതെ ബുർജ് ഖലീഫയിലെ ലൈറ്റിങ് വിസ്മയത്തിന്റെ കഥ പൂർണമാകില്ല. ഈജിപ്റ്റുകാരനായ അമീർ എൽസോബ്കിയും എറണാകുളം സ്വദേശി ഫയാസ് ബാബുവും. ബുർജ് ഖലീഫയിലെ ലൈറ്റിങ് ഡിസൈൻ ചെയ്തത് അമീർ ആണ്. ആപ്ലീക്കേഷൻ ആൻഡ് ഡിസൈൻ സപ്പോർട്ട് മാനേജർ ആയി ഇവിടെ ജോലി ചെയ്യുന്നു. 

മാനേജിങ് ഡയറക്ടറായ ഫയാസിനാണ് ദുബായ് ഓഫിസിന്റെ ചുമതല. ബുർജ് ഖലീഫ ഉൾപ്പെടെയുള്ള ഇവിടെ ചെയ്ത എല്ലാ ജോലികളുടെയും മേൽനോട്ടവും അറ്റകുറ്റപ്പണിയുമെല്ലാം ഫയാസ് ആണ് കൈകാര്യം ചെയ്യുന്നത്.