ദുബായിലുമുണ്ട് 'മ്മടെ തൃശൂര്‍ പൂരം'; പൂരപറമ്പായി എത്തിസലാത്ത് സ്റ്റേഡിയം

gulf-this-week-09-12
SHARE

ലോകത്തിന്‍റെ ഏത് ഭാഗത്താണെങ്കിലും സ്വന്തം നാടിനെയും സംസ്കാരത്തെയും നെഞ്ചേറ്റുന്നവരാണ് പ്രവാസികൾ. നാട്ടിലെ ആഘോഷങ്ങളെല്ലാം ഒന്നുപോലും വിട്ടുപോകാതെ കൊണ്ടാടും. അത് ഇത്തിരി വൈകിയാലും,  പൊലിമയ്ക്ക് ഒട്ടും കുറവുവരുത്താറില്ല ഗൾഫിലെ പ്രവാസികൾ. അങ്ങനെ കഴിഞ്ഞദിവസം ദുബായിയെ പൂരപ്പറമ്പാക്കി 'മ്മടെ തൃശൂര്‍ പൂരം' കൊണ്ടാടി യുഎഇയിലെ പ്രവാസികൾ. എത്തിസലാത്ത് അക്കാദമിയില്‍ അരങ്ങേറിയ പൂരം കാണാൻ ആയിരങ്ങളാണ് എത്തിയത്.

നാട്ടിലെ തൃശൂര്‍ പൂരത്തിന്‍റെ അതേ ആവേശത്തോടെയും, പൊലിമയോടെയുമാണ് ദുബായില്‍ മ്മടെ തൃശൂര്‍ പൂരം അരങ്ങേറിയത്. കൊടിയേറ്റവും മേളവുമായി ആഘോഷകാഴ്ചകൾ രാവിലെ തുടങ്ങി. 

വടക്കുനാഥക്ഷേത്രത്തിന്‍റെ വലിയ കട്ടൌട്ടും,, റോബോട്ടിക്  ഗജവീരൻമാരും കൂടിയായപ്പോൾ കാഴ്ചയിലും തേക്കിൻകാട് മൈതാനത്തെ അനുസ്പരിപ്പിക്കുന്ന പൂരപറമ്പായി എത്തിസലാത്ത് സ്റ്റേഡിയം.

ദുബായിയിൽ ഇത് മൂന്നാംതവണയാണ് മ്മടെ തൃശൂർ കൂട്ടായ്മ പൂരം ഒരുക്കുന്നത്. രാവിലെ മുതൽ തന്നെ എത്തിസലാത്ത് സ്റ്റേഡിയത്തിൽ പൂരപ്രേമികളെ കൊണ്ട് നിറഞ്ഞു. മേളലയങ്ങളുടെ വാദ്യഘോഷപ്പെരുമയിൽ ആർത്തിരമ്പി ജനം. നൂറിലേറെ  വാദ്യകലാകാരന്മാരെ അണിനിരത്തി   മട്ടന്നൂർ ശങ്കരൻകുട്ടി മരാരുടെ പ്രമാണത്തിൽ ഇരുകോല്‍ പഞ്ചാരി മേളം

പ്രവാസ ലോകത്ത് ആദ്യമായൊരുക്കിയ മട്ടന്നൂർ സ്പെഷ്യൽ  ഇരുകോൽ  പഞ്ചാരി മേളം,, കാണികൾക്ക് ആവേശമായി.  തൃശൂരിലെ പൂരപ്പറമ്പിലെത്തിയ പ്രതീതി

പറക്കാട് തങ്കപ്പൻ മരാരുടെ പ്രമാണത്തിൽ  പഞ്ചവാദ്യവും അരങ്ങേറി. പാറമേക്കാവിന്‍റെ പ്രമാണം വഹിക്കുന്ന പറക്കാട് തങ്കപ്പന്മാരാരുടെ മേജർ സെറ്റ് പഞ്ചവാദ്യവും പ്രവാസലോകത്ത് ഇതാദ്യമായിരുന്നു. പാണ്ടിയുടെ രൌദ്രതയിലേക്ക് ഇലഞ്ഞിത്തറമേളത്തെ അനുസ്മരിപ്പിക്കുംവിധം പെരുവനം കുട്ടൻമാരാരും പെരുവനം സതീശൻ മാരാരും കൊട്ടിക്കയറി. കുടമാറ്റമായിരുന്നു മറ്റൊരു ആകർഷണം

കാവടിയാട്ടം, നാദസ്വരം, ഘോഷയാത്ര,തൃശൂർ കോട്ടപ്പുറം ദേശം പുലിക്കളി, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയെല്ലാം പൂരത്തിന്‍റെ ഭാഗമായി അരങ്ങേറി.

ഗായകരായ സൂരജ് സന്തോഷും, നിത്യാ മാമനും ഒരുമിച്ച ലൈവ് ബാന്ഡ് മ്യൂസിക്ക് നൈറ്റും മ്മടെ തൃശൂര് പൂരത്തിന്‍റെ മാറ്റ് കൂട്ടി

ഗ്ലോബല്ഡ വില്ലേജിലെ കാഴ്ചകൾ

ഗ്ലോബൽ വില്ലേജിലെ കാഴ്ചകളിലേക്കാണ് ഇനി. ആഗോളഗ്രാമം പേരുപോലെ തന്നെ വിവിധ സംസ്കാരങ്ങളുടെ സംഘമവേദിയാണ് ഇവിടെ.  ഓരോ പവലിയനും പറയാനുണ്ട് കഥകൾ. അത്തരത്തിലൊരു പവലിയനാണ് ബിലീവ് ഇറ്റ് ഓർ നോട്ട്. കാണാം അവിടുത്തെ കാഴ്ചകൾ

പ്രശസ്ത കാർട്ടൂണിസ്റ്റ് റോബർട്ട് റിപ്ലെയുടെ ശേഖരത്തിലെ വിസ്മയങ്ങളാണ് ബിലീവ് ഇറ്റ് ഓർ നോട്ട് എന്ന മ്യൂസിയത്തിലുള്ളത്. ഗ്ലോബൽ വില്ലേജിൽ ഇതാദ്യമല്ലെങ്കിലും 40 പുതിയ അത്ഭുതങ്ങളുമായാണ് മ്യൂസിയം അവതരിപ്പിച്ചിരിക്കുന്നത്.  

ദിനോസറുകളുടെ അസ്ഥികൂടങ്ങൾ, കൊമാഡോ ഡ്രാഗണിന്‍റെ പൂർണ അസ്ഥികൂടം,  ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍റെയും ഉയരം കുറഞ്ഞ സ്ത്രീയുടെയും ശിൽപം അങ്ങനെ ലോകത്തിലെ അത്ഭുതങ്ങൾ അതിന്‍റെ മാതൃകകളിലൂടെ  പരിചയപ്പെടുത്തുകയാണ് ഇവിടെ.

ഇക്വഡോറിൽ കണ്ടുവരുന്ന ഷ്വോർ സമൂഹത്തിന്‍റെ ചില ആചാരങ്ങളാണ് മ്യൂസിയത്തിലെത്തിയാൽ ആദ്യം കാണുന്നത്. യുദ്ധത്തിൽ കൊല്ലുന്ന ശത്രുവിന്‍റെ തല വെട്ടിയെടുത്ത്,,  ട്രോഫികളായി സൂക്ഷിക്കുന്ന ആചാരം വിവരിക്കുന്നു  ഈ ചിത്രങ്ങളും ദൃശ്യങ്ങളും.

ഡ്രാക്കുളയുടെ കഥയ്ക്ക് ആധാരമായ റോമൻ രാജകുമാരൻ  വ്ലാഡ് ടെപ്സ്. ഹാമർ ഹെഡ് എന്ന് വിളിക്കുന്ന ജോണ്‍ ഫെറാറോ,  പതിനായിരം നാണയങ്ങൾ കൊണ്ടുണ്ടാക്കിയ ലിങ്കൻ മെമ്മോറിയൽ അങ്ങനെ വിസ്മയങ്ങളുടെ ലോകമാണ് വിശ്വാസിച്ചാലും ഇല്ലെങ്കിലുമെന്ന മ്യൂസിയം പരിചയ്പപെടുത്തുന്നത്

വിവിധ നാടുകളിൽ കുറ്റകൃത്യങ്ങൾക്ക് നൽകി വന്നിരുന്ന ശിക്ഷകളും  ഇവിടെയെത്തിയാൽ അറിയാം

ചരിത്രത്തിൽ നിന്ന് തുടങ്ങി ഭാവിയുടെ വിസ്മയങ്ങളിലൂടെയാണ് മ്യൂസിയം നമ്മെ കൊണ്ടുപോകുന്നത്. ബഹിരാകാശത്തിലെ ശേഖരങ്ങളും സ്കൈ ലാബിന്‍റെ മാതൃകയുമെല്ലാം ഇവിടെയുണ്ട്. ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് മടങ്ങുമ്പോൾ അനുഭവിക്കുന്നത് പരിചയപ്പെടുത്തും വോർടെക്സ് ടണൽ.

മാർവലസ് മിറർ മെയ്സ് വിഭാഗമാണ് മറ്റൊരു ആകർഷണം. 

എൽഇഡി ലൈറ്റുകളുടെയും ശബ്ദങ്ങളുടെയും സഹായത്തോടെ ഒരുക്കിയിരിക്കുന്ന നൂറുകണ്ണാടികൾക്ക് ഇടയിലൂടെ പുറത്തേക്കുള്ള  വഴി കണ്ടെത്തണം. 

ഫോർ ഡി മ്യൂവിങ് തീയറ്ററും ഇവിടുത്തെ ആകർഷണങ്ങളിലൊന്നാണ്. തീരുന്നില്ല ഇനിയും ഉണ്ട് ഗ്ലോബൽ വില്ലേജിൽ  ഒരുപാടു കാണാനും അറിയാനും . ആ കാഴ്ചകൾ പിന്നീട് 

****************************************************

ഗിന്നസിൽ ഇടം നേടി ദുബായിലെ കളരി അഭ്യാസികൾ

കേരളത്തിന്‍റെ പെരുമയായ കളരിപ്പയറ്റ്  ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിലും ഇടംപിടിച്ചിരിക്കുകയാണ്. അതിന് വഴിവെച്ചതാകട്ടെ ദുബായിലെ കളരി അഭ്യാസികളും. 267  പേർ അണിനിരന്ന് അഭ്യാസപ്രകടനം നടത്തിയാണ് റെക്കോർഡ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് കളരിപ്പയറ്റുമായി ബന്ധപ്പെട്ട് ഒരു ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിക്കുന്നത്.

കളരിയുടെ പെരുമ ഗിന്നസ് ബുക്കിൽ എഴുതിച്ചേർത്തിരിക്കുകയാണ് ഇവർ. ഏറ്റവും അധികം പേർ ഒരേസമയം ഒരുമിച്ച് അണി നിരന്നുകൊണ്ടുള്ള കളരി അഭ്യാസിച്ചതിന്‍റെ റെക്കോർഡാണ്  കളരി ക്ലബ് ദുബായിലെ കളരി അഭ്യാസികൾ സ്വന്തമാക്കിയത്. നാലിനും അറുപതിനും ഇടയിൽ പ്രായമുള്ള 267 പേരാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.   

യുഎഇയുടെ ഔദ്യോഗിക പക്ഷിയായ ഫാല്‍ക്കണിന്‍റെ മാതൃകയില്‍ അണി നിരന്നായിരുന്നു കളരി അഭ്യാസം. 267 കളരിയഭ്യാസികൾ ഒരേസമയം ചുവട് വച്ചപ്പോൾ ഫാല്‍ക്കണ്‍ ചിറകടിക്കുന്ന തരത്തിലുള്ള ദൃശ്യവിസ്മമയവും പിറന്നു.

സത്വയിൽ നടന്ന അഭ്യാസ പ്രകടനങ്ങൾ പരിശോധിച്ച ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ പുതിയ റെക്കോര്‍ഡ് കുറിച്ചതായി സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് കൈമാറി

യുഎഇ ദേശിയദിനത്തോട് അനുബന്ധിച്ചാണ് വേറിട്ട ആശയം.  റഹീസ് ഗുരുക്കളുടെ നേതൃത്വത്തിൽ അഞ്ചാഴ്ചയിലധികം നീണ്ട തയാറെടുപ്പുകൾക്ക് ഒടുവിലായിരുന്നു റെക്കോര്‍ഡ് പ്രകടനം.  

ഇന്ത്യക്കാര്‍ക്ക് പുറമേ, പാക്കിസ്ഥാന്‍, , ഫിലിപ്പിന്‍സ്, ശ്രീലങ്ക ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും റെക്കോര്‍ഡ് പ്രകടനത്തിന്‍റെ ഭാഗമായി. ദുബായ് പൊലീസുമായി സഹകരിച്ചായിരുന്നു പരിപാടി. കളരിയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പ്രകടനങ്ങൾ ഇനിയും ഏറെ നടത്താനുള്ള തയാറെടുപ്പിലാണ് ഇവര്‍.

MORE IN GULF THIS WEEK
SHOW MORE