‘വാക്ക് പരക്കട്ടെ’; ഷാർജയിൽ ഇനി വായനയുടെ ദിനങ്ങൾ; നിറഞ്ഞ് മലയാളം

വാക്ക് പരക്കട്ടെയെന്ന സന്ദേശവുമായി വായനയുടെ പറുദീസ തുറന്നിട്ടിരിക്കുകയാണ് ഷാർജ പുസ്തകമേള. പുസ്തകങ്ങളെ അറിയാനും എഴുത്തുകാരെ പരിചയപ്പെടാനും സ്വന്തം സൃഷ്ടികൾ പരിചയപ്പെടുത്താനുമെല്ലാമുള്ള രാജ്യാന്തരവേദി. അതാണ് ഷാർജ പുസ്തകമേള. കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയ ശേഷം നടക്കുന്ന പുസ്തകമേളയിലേക്ക് ആദ്യദിനം മുതൽ സന്ദര്‍ശകരുടെ ഒഴുക്കാണ്. 95 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രസാധകരാണ് ഇത്തവണയുള്ളത്.

വായനയെ, സാഹിത്യത്തെ, പുസ്തകങ്ങളെ  സ്നേഹിക്കുന്നവരുടെ സംഗമവേദി. അതാണ് ഷാർജ പുസ്തകമേള. കിഴക്കിനെയും പടിഞ്ഞാറിനെയും എഴുത്തിലൂടെ കണ്ണിചേർക്കുന്ന മഹാമേള. 41ാമത്തെ പതിപ്പിനാണ് ഇത്തവണ ഷാർജ എക്സ്പോ സെന്‍റർ വേദിയാകുന്നത്. ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് മേള ഉദ്ഘാടനം ചെയ്തത്. വൈവിധ്യമാർന്ന പുസ്തകങ്ങൾ വഴി  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിജ്ഞാനത്തെയും സാഹിത്യത്തെയും അടുത്തറിയാനുള്ള അവസരമാണ് പുസ്തകോൽസവം ഒരുക്കുന്നതെന്ന് ഷെയ്ഖ് സുൽത്താൻ പറഞ്ഞു.  വിവിധ ഭാഷകളിലായി 15 ലക്ഷം പുസ്തകങ്ങളാണ് വായനക്കാരിലെത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയമേളയെന്ന സവിശേഷതകൂടിയുണ്ട് ഇത്തവണ. ‘വാക്ക് പരക്കട്ടെ’യെന്നാണ് പ്രമേയം. 

ചിത്രപ്രദർശനത്തിനും 41ാം എഡിഷന് വേദിയായെന്ന പ്രത്യേകതയും ഉണ്ട്. കോട്ടയം നസീറിന്‍റെ ചിത്രങ്ങളാണ് ആദ്യമായി മേളയിൽ ഇടംപിടിച്ചത്. അക്രിലിക്, ഓയിൽപെയ്ന്‍റ്, വാട്ടർ കളർ,  പെൻസിൽ ഡ്രോയിങ് അടക്കമുള്ള റിയലിസ്റ്റിക് ചിത്രങ്ങളാണ് പ്രദർശനത്തിൽ. സംവിധായകൻ നാദിർഷ സ്റ്റോൾ ഉദ്ഘാടനം ചെയ്തു. 95 രാജ്യങ്ങളിൽനിന്നായി  2213 പ്രസാധകരാണ് ഇക്കുറി എത്തിയത്. ഇന്ത്യയിൽ നിന്നാണ് ഏറ്റവും അധികം. 112 പേർ. 350 മലയാള പുസ്തകങ്ങൾ പുതുതായി വായനക്കാരിലെത്തും. മലയാളത്തിൽ നിന്ന് ഏറ്റവും അധികം സ്റ്റോളുകളുമായി ഡിസി ബുക്സുണ്ട്.

അനൂപ് രാമകൃഷ്ണന്‍റെ എം.ടി: അനുഭവങ്ങളുടെ പുസ്തകം, കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാ ഗ്രന്ഥത്തിനുള്ള നേടിയ വേണുവിന്‍റെ 'നഗ്നരും നരഭോജികളും തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ പുസ്തകങ്ങളുമായാണ് മനോരമ ബുക്സ് എത്തിയിരിക്കുന്നത്.  ചലച്ചിത്രകാരൻ ബാലചന്ദ്രമേനോന്‍റെ  മണിച്ചെപ്പ് തുറന്നപ്പോൾ എന്ന പംക്തി മനോരമ ബുക്സിലൂടെയാണ് പുസ്തകരൂപത്തിലെത്തുന്നത്. എഴുത്തുകാരെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ് മേള. സ്വന്തം രചനകൾ പരിചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ പല പ്രഗൽഭരെയും അടുത്തറിയാനും മേള വഴിയൊരുക്കും. സാഹിത്യ ചർച്ചകളും സംവാദങ്ങളും മേളയുടെ ഭാഗമാണ്.