യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറന്നു; 16 പ്രതിഷ്ഠകൾ

സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും പ്രതീകമായി യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു. യു എ ഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ വിളക്ക് കൊളുത്തി. ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ദുബായ് ജബൽ അലിയിലെ വർഷിപ്പ് വില്ലേജിൽ ആണ് പുതിയ ക്ഷേത്രം ഉള്ളത്.  

യുഎഇ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയും മതേതരചിന്തയും അന്വർഥമാക്കി ജബൽ അലിയിൽ സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യൻ പള്ളികളോടും ചേർന്നാണ് പുതിയ ക്ഷേത്രം. ഭാരതീയ ഹൈന്ദവ പാരമ്പര്യത്തിന്‍റെ അന്തസത്തയും വിശ്വാസ രീതികളും സമന്വയിപ്പിച്ചാണ് ക്ഷേത്രം ഉയർന്നിരിക്കുന്നത്. 

യു എ ഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ വിളക്ക് കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും വിവിധ മതപുരോഹിതരും ചടങ്ങിൽ സന്നിഹിദ്ധരായിരുന്നു

പരമശിവനാണ് മുഖ്യപ്രതിഷ്ഠ. അയ്യപ്പനും ഗുരുവായൂരപ്പനും അടക്കം ആകെ 16 പ്രതിഷ്ഠകളുണ്ട് ഇവിടെ. മുകളിലെ നിലയിലൊരുക്കിയ വലിയ ഹാളിന് ചുറ്റുമായാണ് ശിവപരിവാർ എന്നപേരിൽ പ്രതിഷ്ഠകൾ.   ശാന്തിയുടെയും അഭിവൃദ്ധിയുടെയും പ്രതീകമായി ഹാളിന് മുകളിൽ മധ്യഭാഗത്തായി താമര കാണാം.  സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുക എന്ന ആശയമാണ് ക്ഷേത്രം മുന്നോട്ട് വയ്ക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാദേശക്കാർക്കും ഭാഷക്കാർക്കും മതവിശ്വാസികൾക്കും ഇവിടെവരാം. പ്രാർഥിക്കാം. സഹവർത്തിത്വത്തിനാണ് പ്രാമുഖ്യം. ഭാരതീയ വസ്തു വിദ്യയും അറേബ്യൻ വാസ്തുരീതികളും സാമാന്വയിപ്പിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.  ബർദുബായി ക്ഷേത്രത്തിന്‍റെ മേൽനോട്ട ചുമതലയുള്ള സിന്ധി ഗുരു ദർബർ ക്ഷേത്രസമിതിക്കാണ് പുതിയ ക്ഷേത്രത്തിന്‍റെയും ചുമതല. 

അതേസമയം അബുദാബിയിലെ അബൂ മുറൈഖയില്‍ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിന്‍റെ പണി ദ്രുതഗതിയി പുരോഗമിക്കുകയാണ്. അക്ഷർധാം മാതൃകയിൽ നിർമിക്കുന്ന ക്ഷേത്രത്തിന്‍റെ  പണി അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.