യുഎഇയിൽ ഏഷ്യാക്കപ്പ് ആവേശം; ഇന്ത്യ-പാക് പോരാട്ടത്തിനായി കാത്ത് ആരാധകർ

നിനച്ചതിരിക്കാതെ ഏഷ്യാക്കപ്പിന് കൂടി വേദിയായപ്പോൾ ക്രിക്കറ്റ് പ്രേമികൾ വലിയ സന്തോഷത്തിലാണ്.   നിയന്ത്രണങ്ങളില്ലാതെ കാണികൾക്കെത്താനാകുമെന്നതാണ് ഇത്തവണത്തെ ആവശേം ഇരട്ടിയാക്കുന്നത്. ഇന്ത്യ പാക് മൽസരമാണ് എല്ലാവരും ഉറ്റുനോക്കുന്നത്

ട്വറ്റി 20 ക്രിക്കറ്റ് ലോകക്കപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നടക്കുന്ന ഏഷ്യ കപ്പ് കളിക്കാരെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ട്വിന്‍റി 20 ഫോർമാറ്റിലാണ് മൽസരമെന്നത് ലോകക്കപ്പിന് മുന്നോടിയായുള്ള  റിഹേഴ്സലിന് കളമൊരുക്കും. ലോകകപ്പ് ടീമിൽ ഇടം പിടിക്കാനുള്ള ഫൈനൽ സിലക്ഷൻ ട്രയ്ൽസാണ് കളിക്കാരെ സംബന്ധിച്ച് ഈ ടൂർണമെന്‍റ്.  ഇതിനുമുൻപ് ഒറ്റതവണ മാത്രമാണ് ട്വിന്‍റി 20 ഫോർമാറ്റിൽ ഏഷ്യകപ്പ് നടന്നത്. 2016 ആയിരുന്നു അത്. അന്ന് വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ശ്രീലങ്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. 

യോഗ്യതാമൽസരം ജയിച്ച്  ഹോങ്ക്കോങ് കൂടി എത്തിയതോടെ മൽസരചിത്രം തെളിഞ്ഞു. എങ്കിലും ഇന്ത്യ പാക് ഏറ്റുമുട്ടൽ തന്നെയാണ് കാണികൾ ആകാംഷയോടെ ഉറ്റുനോക്കുന്നത്.  കഴിഞ്ഞ ട്വിൻറി 20 ലോകക്കപ്പിൽ പാക്കിസ്ഥാനോട് ഏറ്റ കനത്ത തോൽവിക്ക് കണക്ക് തീർക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് ഞായറാഴ്ചത്തെ മൽസരം. അന്ന് തോറ്റ അതേ ദുബായ് സ്റ്റേഡിയത്തിലാണ്  ഏറ്റുമുട്ടൽ. ശ്രീലങ്കയിൽ നടക്കാനിരുന്ന മൽസരം രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതകളെ തുടർന്നാണ് യുഎഇയിലേക്ക് മാറ്റിയത്. ഇത് പാക്കിസ്താന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പാക്കിസ്ഥാനിലെ സുരക്ഷാപ്രശ്നങ്ങൾ കാരണം ദുബായ്, ഷാർജ, അബുദാബി സ്റ്റേഡിയങ്ങളിലായിരുന്നു പാക്കിസ്ഥാൻ ഹോം മാച്ചുകൾ കളിച്ചിരുന്നത്.  

യുഎഇ ഇത് നാലാം തവണയാണ് ഏഷ്യാക്കപ്പിന് വേദിയാകുന്നത്. അവസാനം നടന്ന ഏഷ്യാകപ്പിന്‍റെ പതിനാലാം എഡിഷനിൽ വിജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ വരവ്. ഏഷ്യാക്കപ്പിൽ ഏകദിന ഫോർമാറ്റിൽ പാക്കിസ്ഥാനുമായി ഏറ്റുമുട്ടിയ 13 മൽസരങ്ങളിൽ ഏഴിലും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. കഴിഞ്ഞ ട്വന്‍റി 20 ടൂർണമെന്‍റിൽ നിന്ന് പുറത്തായശേഷം ആ ഫോർമാറ്റിൽ കളിച്ച 24ൽ 19  മാച്ചുകളിലും വിജയിക്കാനായത് ഇന്ത്യയ്ക്ക് കരുതാകും.  സഞ്ജു സാംസണ്‍ ടീമിലില്ലാത്തത് ആരാധകരെ നിരാശരാക്കുമെങ്കിലും വിരാട് കോഹ്ലിയുടെ മടങ്ങിവരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ

ചാംപ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് നേടിയതും ടീം ഇന്ത്യയാണ്. 1984 ലെ ആദ്യ എഡിഷനിൽ  സുനിൽ ഗവാസ്കറിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ ജൈത്രയാത്രയിൽ ഇടയ്ക്ക് കാലിടറിയെങ്കിലും ഇന്ത്യയ്ക്ക് തന്നെയാണ് ആധിപത്യം. ഏഴ് തവണ കപ്പ് സ്വന്തമാക്കി. കഴിഞ്ഞ തവണ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നിലനിർത്തിയത്.  

രണ്ട് വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ടൂർണമെന്‍റ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2018ന് ശേഷം നടന്നിട്ടില്ല. ഏറ്റവും കൂടുതൽ തവണ കപ്പ് നേടിയ ടീം ഇന്ത്യയാണെങ്കിലും 14 ടൂർണമെന്‍റിലും കളിച്ച ഒരേയൊരു ടീം ശ്രീലങ്കയാണ്.  സുഹൈൽ നക്ഷത്രം ദൃശ്യമായതോടെ യുഎഇയിലെ ചൂട് കുറയുമെന്നാണ് കണക്കുകൂട്ടലെങ്കിലും കാലാവസ്ഥ കളിക്കാർക്ക് പ്രതിസന്ധിയാകും.  ഉയർന്ന താപനിലയും ഹ്യുമിഡിറ്റിയും വില്ലനാകും. കാലാവസ്ഥ കണക്കിലെടുത്ത് യുഎഇ സമയം വൈകിട്ട് ആറിനാണ് കളി തുടങ്ങുക