യുഎഇയുടെ മലയാളി ഓള്‍റൗണ്ടര്‍; ബാസിൽ എന്ന കേരള സൂപ്പർമാൻ

2022 ൽ ഇതുവരെയുള്ള രാജ്യാന്തര ഏകദിനക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റെടുത്തവരിൽ മുൻനിരയിലുള്ള മലയാളി താരം.  ശ്രീശാന്തിനു ശേഷം ഏകദിനക്രിക്കറ്റിൽ അഞ്ചു വിക്കറ്റ് നേടിയ മലയാളി. കോഴിക്കോട് സ്വദേശി ബാസിൽ ഹമീദ്. യുഎഇ ദേശീയക്രിക്കറ്റ് ടീമിലെ സജീവസാന്നിധ്യമായ ബാസിൽ ഹമീദാണ് മനോരമ ന്യൂസിനൊപ്പം ചേരുന്നത്.

സഞ്ജു സാംസണും സച്ചിൻ ബേബിക്കുമൊക്കെയൊപ്പം കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ക്യാപിലുണ്ടായിരുന്ന കോഴിക്കോട്  കല്ലായി സ്വദേശി ബാസിൽ ഹമീദ് 2016 ലാണ് യുഎഇയിലെത്തിയത്. യുഎഇയിൽ ആഭ്യന്തരക്രിക്കറ്റിൽ സജീവമായിരിക്കെ മികവുതെളിയിച്ചു ദേശീയ ടീമിൽ ഇടം നേടി. വലം കയ്യൻ ബാറ്ററും ഓഫ് സ്പിന്നറുമായ ബാസിലിൻറെ ആദ്യ രാജ്യാന്തര മൽസരം 2019 ഡിസംബറിൽ ഷാർജയിൽ യുഎസ്എക്കെതിരെയായിരുന്നു. അവിടെ നിന്നുമായിരുന്നു ബാസിൽ ഹമീദെന്ന മലയാളിയുടെ, യുഎഇ ക്രിക്കറ്റ് താരത്തിൻറെ രാജ്യാന്തരമികവിൻറെ തുടക്കം.

ഇതുവരെ 18 ഏകദിനമൽസരങ്ങൾ കളിച്ച ബാസിൽ 414 റൺസും 21 വിക്കറ്റും നേടിയിട്ടുണ്ട്. 63 റൺസാണ് ഉയർന്ന സ്കോർ. ഒമാനെതിരെ 17 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് നേടിയതാണ് മികച്ച ബോളിങ് നേട്ടം. ശ്രീശാന്തിനു ശേഷം രാജ്യാന്തരക്രിക്കറ്റ് മൽസരങ്ങളിൽ അഞ്ചുവിക്കറ്റ് സ്വന്തമാക്കുന്ന മലയാളി. ആ നേട്ടത്തെ ബാസിൽ ഓർക്കുന്നതിങ്ങനെയാണ്.

ലോകകപ്പ് യോഗ്യതാ മൽസരങ്ങൾക്കായി കഴിഞ്ഞ 35 ദിവസത്തിനിടെ 19 മൽസരങ്ങളിലാണ് യുഎഇ ടീമിറങ്ങിയത്. ഷാർജ, ദുബായ്, ഒമാൻ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലെല്ലാം ബാസിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചു. 

ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി ട്വൻറി ലോകകപ്പ് ക്രിക്കറ്റിൽ യുഎഇ യോഗ്യത നേടിയിട്ടുണ്ട്. ഈ മികവോടെ മുന്നോട്ടുനീങ്ങിയാൽ ടീമിൽ ഇടം നേടാനാകുമെന്നാണ് പ്രതീക്ഷ. ഏറ്റവും മികച്ച കളി പുറത്തെടുക്കാനുള്ള പരിശീലനമാണ് തുടരുന്നത്. 

യുഎഇ ദേശീയടീം പരിശീലകൻ മുൻ ഇന്ത്യൻ താരം റോബിൻ സിങ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ബാസിൽ മികവ് തുടരുന്നത്. എല്ലാ സൌകര്യങ്ങളും ഒരുക്കി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിൻറെ പിന്തുണയുമുണ്ട്. 

ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റർ സച്ചിൻ ടെൻഡുൽക്കറാണ്. ഇംഗ്ളണ്ടിൻറെ ഗ്രെയിൻ സ്വാനാണ് ഇഷ്ടപ്പെട്ട ബോളർ. ഓൾറൌണ്ടർ മികവു തുടരുകയെന്നതാണ് ലക്ഷ്യം. ക്രിക്കറ്റ് ജീവിതത്തിൽ കഠിന പരിശീലനത്തിലൂടെ സ്വന്തമാക്കുമെന്നുറപ്പുള്ള സ്വപ്നങ്ങളുമുണ്ട് ഈ 29കാരന്.

യുഎഇയിൽ ക്രിക്കറ്റ് പരിശീലനത്തിൽ സജീവമായ മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ സോണി ചെറുവത്തൂർ ബാസിലിൻറെ മികവിനെയും കളിയോടുള്ള ആത്മാർഥതയേയും ഇങ്ങനെ വിലയിരുത്തുന്നു.ലോകകപ്പ് ക്രിക്കറ്റിൽ യുഎഇ ടീമിലിടം നേടി മികവു തുടരാൻ ബാസിലിനു കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ

കളിമികവിലൂടെ ബാസിൽ ഹമീദ് യുഎഇ ടീമിൻറെ അഭിവാജ്യഘടമായിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ വിവിധയിടങ്ങളിലെ ടീമുകൾക്കു വേണ്ടി തുടങ്ങിയ ആ മികവ് കാതങ്ങൾ താണ്ടി ഗൾഫിലെത്തിയപ്പോഴും തുടരുകയാണ് ഈ കല്ലായിക്കാരൻ.