ഫോറൻസിക്കിലെ സൈക്കോകില്ലർ; തമന്ന പ്രമോദിന്റെ വിശേഷങ്ങൾ

സമൂഹമാധ്യമങ്ങളിലൂടെ പ്രവാസലോകത്തുനിന്നും ഒരുബാലതാരം കൂടി മലയാളസിനിമയിൽ സജീവമാവുകയാണ്. ഫൊറൻസിക് എന്ന സിനിമയിൽ ഇരട്ടവേഷത്തിലെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ തമന്ന പ്രമോദ് മ്യാവൂ എന്ന രണ്ടാംചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. തമന്ന പ്രമോദിൻറെ കലാസിനിമാവിശേഷങ്ങളാണ് ഇനി കാണുന്നത്.

അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം നിർവഹിച്ച് മംമ്ത മോഹൻദാസും ടൊവിനോ തോമസും പ്രധാനവേഷങ്ങളിലെത്തിയ ഫൊറൻസിക് എന്ന മലയാള സിനിമ കണ്ടവരാരും ഇരട്ടവേഷത്തിലെത്തിയ ഈ പെൺകുട്ടിയെ മറക്കാനിടയില്ല. സൈക്കോ കില്ലറുടെ സഹായിയായും സ്കൂൾ വിദ്യാർഥിനിയുമായിട്ടായിരുന്നു അബുദാബിയിൽ സ്ഥിരതാമസമാക്കിയ ഒൻപതാം ക്ളാസ് വിദ്യാർഥിനി തമന്ന പ്രമോദിൻറെ വെള്ളിത്തിരയിലെ ആദ്യവേഷപ്പകർച്ച.

സമൂഹമാധ്യമങ്ങളിൽ സജീവമായ തമന്നയ്ക്ക് അഭിനയമോഹമുണ്ടെങ്കിലും അവിചാരിതമായാണ് ഫൊറൻസിക് സിനിമയിലെത്തുന്നത്. അബുദാബിയിൽ നിന്ന് കേരളത്തിലെത്തി ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനിലൂടെയാണ് ചിത്രത്തിലെ ഇരട്ടകഥാപാത്രങ്ങളായ നവ്യയായും നയനയായും തിരഞ്ഞെടുക്കപ്പെട്ടത്.

ലാൽജോസ് ഡോക്ടർ  ഇഖ്ബാൽ കുറ്റിപ്പുറം ടീമിൻറെ മ്യാവു ആണ് തമന്നയുടേതായി ഇറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. സൗബിൻ ഷാഹിർ, മംമ്ത എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തുന്ന ചിത്രം റാസൽഖൈമയടക്കം യുഎഇയിലെ വിവിധഭാഗങ്ങളിലായാണ് ചിത്രീകരിച്ചത്. ലാൽ ജോസ് ചിത്രത്തിൽ മുഴുനീള കഥാപാത്രം ലഭിച്ചതിൻറെ സന്തോഷത്തിലാണ് ഈ മിടുക്കി. 

സിനിമയിൽ അവസരം കിട്ടുന്നതനുസരിച്ച് തുടരാൻ തന്നെയാണ് തമന്നയുടെ ആഗ്രഹം. അബുദാബിയിലെ വേദികളിലെ നിറസാന്നിധ്യമായ തമന്ന വിവിധ ഫാഷൻ ഷോകളിലും മറ്റുകലാമൽസരങ്ങളിലും ഒന്നാം സ്ഥാനം നേടി മികവ് തെളിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളുമൊക്കെ ഒട്ടേറെപ്പേർ സ്വീകരിക്കുന്നത് ഏറെ സന്തോഷംപകരുന്നു. മരുഭൂമിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഫോട്ടോഷൂട്ട് വൈറലായത് അത്തരമൊരു വലിയ സന്തോഷമായിരുന്നു.

പാലക്കാട് കുമരനെല്ലൂർ സ്വദേശി പ്രമോദ് ഇടശ്ശേരിയുടേയും ശ്രീകലയുടേയും ഏകമകളായ തമന്ന പഠിത്തത്തിലും മികവ് തെളിയിക്കുന്നുണ്ട്. അഭിനയത്തോടുള്ള ആവേശം ഒട്ടും ചോരാതെ കഠിനപ്രയത്നത്തിലൂടെ അഭിയനത്തിലും മികവ് തെളിയിക്കുന്നത് തുടരുകയാണ് ഈ മിടുക്കിയുടെ ലക്ഷ്യം.