മലയാളി ഈ അടുത്ത കാലത്ത് ഏറ്റവും അധികം പാടിയ പാട്ടാണ് മാണിക്യ മലരായ പൂവി. ഒരു പ്രവാസിയുടെ തൂലികത്തുന്പിലാണ് ഈ പാട്ട് വിരിഞ്ഞത്. മാണിക്യമലരിൻറെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് പാട്ടെഴുതിയ പിഎംഎ ജബ്ബാർ

 

സൌദിയിൽ ഒരു ഗ്രോസറി തൊഴിലാളിയായ പിഎംഎ ജബ്ബാറിനെ മലയാളിക്ക് അത്ര പരിചയം കാണില്ല. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ ചിലരെങ്കിലും കേട്ടിട്ടുണ്ടാകും ഈ പേര്. ജബ്ബാറിനെ മലയാളി അറിയില്ലെങ്കിലും നാലു പതിറ്റാണ്ട് മുന്പ് ഇദ്ദേഹം എഴുതിയൊരു പാട്ട് മലയാളിയുടെ ഇപ്പോൾ മലയാളിയുടെ ഖൽബിലുണ്ട്.

 

ലോകം കീഴടക്കിയ മലയാളത്തിൻറെ ഈ മാണിക്യമലരിൻറെ രചയിതാവാണ് ഇത്. കൊടുങ്ങല്ലൂരുകാരൻ പിഎംഎ ജബ്ബാർ. 1978ലാണ് ജബ്ബാർ മാണിക്യമലർ എഴുതുന്നത്. ബന്ധുകൂടിയായ തലശേരി കെ.റഫീഖ് ഈണമിട്ടു. റഫീഖിൻറെ തന്നെ ശബ്ദത്തിൽ ആകശവാണിയിലൂടെ മലയാളി ആദ്യമായി മാണിക്യമലരിനെ കേട്ടു.

 

എരഞ്ഞോളി മൂസയുടെയും മറ്റും ശബ്ദത്തിൽ മാപ്പിളപ്പാട്ട് വേദികളിലും മാണിക്യമലരായ പൂവി പലട്ടം ഉയർന്നു. പക്ഷേ ഒരു അഡാറ് ലൌ എന്ന സിനിമയാണ് ഈ പാട്ടിൻറെ തലവര മാറ്റിയത്. സിനിമ പാട്ടിൻറെ തലവര മാറ്റിയെങ്കിലും ജബ്ബാറിൻറെ തലവര മാറ്റിയെഴുതിയില്ല. തൻറെ പാട്ട് ലോകമെങ്ങും അറിയപ്പെടുന്പോഴും അതിൻറെ പേരിൽ ഒരു രൂപ പോലും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. അറുപത്തിരണ്ടാം വയസിലും സൌദിയിലെ മലസിൽ ഒരു ഗ്രോസറി ജീവനക്കാരാണ് ഈ പ്രവാസി.

 

ഇരുപതാം വയസിലാണ് ജബ്ബാർ മാണിക്യമലരെഴുതുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെയും പത്നി ഖദീജ ബീവിയുടെയും ജീവിതമാണ് പാട്ടിന് ഇതിവൃത്തമാക്കിയത്. രചനകളില്‍ നീതിപുലര്‍ത്തിയെന്ന ഉത്തമ ബോധ്യവുമുണ്ട്. എന്നാൽ സിനിമയിൽ ഈ പാട്ടിനൊപ്പം കാണിക്കുന്ന ദൃശ്യത്തെ ചൊല്ലി വിവാദമുണ്ടാക്കേണ്ടതില്ലെന്ന പക്ഷക്കാരനാണ് ജബ്ബാർ. വിവിധ ഭാഷകളിലേക്ക് പാട്ടു മൊഴിമാറ്റിയപ്പോൾ അർഥങ്ങളിലുണ്ടായ മാറ്റവും ഇപ്പോഴത്തെ ചില വിവാദങ്ങൾക്ക് വഴി മരുന്നിട്ടുണ്ടെന്ന് ജബ്ബാർ കരുതുന്നു.

 

അഞ്ഞൂറോളം മാപ്പിള പാട്ടുകൾ ജബ്ബാർ എഴുതിയിട്ടുണ്ട്. പക്ഷേ മാണിക്യ മലരിനോളം പ്രശസ്തി മറ്റൊരു പാട്ടിനും ലഭിച്ചിട്ടില്ല. ചോദിച്ചവർക്കെല്ലാം അദ്ദേഹം പാട്ടെഴുതി നൽകി. ഒരിക്കലും പ്രതിഫലം ചോദിച്ച് വാങ്ങിയില്ല. ജബ്ബാറിൻറെ പാട്ടുകൾ പാടിയും കസറ്റുകളിറക്കിയും പലരും രക്ഷപെട്ടു. പക്ഷേ ജബ്ബാർ ഒരിക്കലും പ്രശസ്തിയ്ക്ക് പിറകേ പോയില്ല. നിശ്ബദനായി സൌദിയിലെ കൊച്ചു ഗ്രോസറിയിൽ നല്ല പാട്ടുകളും നെഞ്ചിലേറ്റി, പുതിയ പാട്ടുകളുടെ ഇശലുകളുമായി ജബ്ബാർ ഉണ്ട്.