Crime-Story

ആലുവയിലെ തിരക്കില്‍ നിന്നൊക്കെ മാറി ശാന്തമായ ഗ്രാമമാണ് എടയപ്പുറം. പക്ഷേ ഇരുപത്തിയെട്ടാം തിയതി രാത്രി നാടിനെ നടുക്കിയ ഒരു ഒരു സംഭവം അരങ്ങേറി. ഈ വീട്ടില്‍ താമസക്കാരായി ഉണ്ടായിരുന്നത് പോള്‍സണും സഹോദരന്‍ തോമസും മാത്രമായിരുന്നു. കൂടെയുണ്ടായിരുന്ന പിതാവ് കുറച്ചുനാളുകള്‍ക്ക് മുമ്പ് വയോജനകേന്ദ്രത്തിലേക്ക് മാറിയിരുന്നു. ഹൈക്കോടതിയിലെ ജീവനക്കാരനായിരുന്നു തോമസ്. സഹോദരന്‍ പോള്‍സള്‍ന് ചില മാനസീക പ്രശ്നങ്ങളുണ്ടായിരുന്നു. ബൈക്കിലായിരുന്നു തോമസ് ഹൈക്കോടതിയിലേക്ക് ജോലിക്ക് പോയിരുന്നത്. പക്ഷേ ബൈക്ക് വീട്ടില്‍ പാര്‍ക്ക് ചെയ്യുന്നതുമായി പലപ്പോഴും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു

28 ന് രാവിലേയും ബൈക്ക് വീടിന് സമീപത്ത് പാര്‍ക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പക്ഷേ ആരും പ്രശ്നത്തല്‍ ഇടപെട്ടിരുന്നില്ല. തോമസിന്‍റെ ബൈക്കിന് നേരേയും പോള്‍സണ്‍ ആക്രമിച്ചു. ബൈക്ക് നശിപ്പിച്ചെന്ന് കാണിച്ച് തോമസ് പൊലീസ് സ്റ്റേഷന്‍ പരാതിയും നല്‍കി. പക്ഷേ അതുകൊണ്ടും പ്രശ്നം തീര്‍ന്നില്ല. രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ പോള്‍സണ്‍ ചോദ്യം ചെയ്തു. പതിനൊന്നുമണിവരെ തര്‍ക്കം നീണ്ടു നിന്നു. വീട്ടിലുണ്ടായിരുന്ന എയര്‍ ഗണ്‍ തോമസ് കയ്യിലെടുത്തു. പക്ഷേ അതുകൊണ്ടും പോള്‍സള്‍ അടങ്ങിയില്ല.പോള്‍സണ് നേരെ ചൂണ്ടിപ്പിടിച്ച എയര്‍ ഗണ്‍ തോമസ് ഒടുവില‍് പ്രയോഗിച്ചു. അടുത്ത് നിന്നുളള വെടി വയറ്റിലാണ് കൊണ്ടത്.. നിലത്തുവീണ പോള്‍സള്‍ രക്തം വാര്‍ന്നാണ് മരിച്ചത്. രാത്രി തന്നെ തോമസ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. താന്‍ സഹോദരന്‍ പോള്‍സണെ വെടിവെച്ചുകൊലപ്പെടുത്തിയെന്നും താന്‍ വീട്ടിലുണ്ടെന്നും തോമസ് പൊലീസിനെ അറിയിച്ചു. അതോടെ പൊലീസ് വീട്ടിലേക്ക് കുതിച്ചെത്തി. അപ്പോഴേക്കും  പോള്‍സണ്‍ മരിച്ചിരുന്നു. തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതികെട്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നല്‍കി. തെളിവെടുപ്പിന് എത്തിച്ചപ്പോഴും പ്രതിയുടെ മുഖത്ത് കുറ്റബോധം ഉണ്ടായിരുന്നില്ല.