ഷഹന എന്ന മോഡല്‍; പ്രതികാരത്തിലേക്ക് വഴിമാറിയ ദാമ്പത്യം; ഒടുവില്‍

ചെറുവത്തൂരിലെ വീട്ടില്‍ ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിതം തുടങ്ങിയ ഷഹന എന്ന പെണ്‍കുട്ടി. ചെറുപ്പത്തിലേ ചിരിയിലൂടെ എല്ലാവരുടേയും സ്നേഹം തന്നിലേക്കടുപ്പിച്ച മിടുക്കി. എല്ലാത്തിനും സ്വന്തമായ തീരുമാനങ്ങള്‍. മോഡലിങ്ങും അഭിനയവുമാണ് തന്‍റെ ഭാവിയെന്ന് ഈ മിടുക്കി തിരിച്ചറിഞ്ഞിരുന്നു. പഠനസമയത്ത് തന്നെ അതിനുള്ള ശ്രമങ്ങള്‍ അവളെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു. നല്ലൊരു മോഡലാകണം. ഇതെല്ലാം കഴിഞ്ഞുമതി വിവാഹം. അതായിരുന്നു ഷഹനയുടെ തീരുമാനം. ഇതിനിടയില്‍ എപ്പോഴോ അവന്‍റെ പേര് ഈ കുടുംബത്തിലേക്കെത്തി.ഷഹനയുടെ സൗന്ദര്യത്തില്‍ മതിമറന്ന് എങ്ങനെയും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച് സാജിദ്. വിഡിയോ കാണാം:

വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ സന്തോഷവതിയാണെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. അങ്ങനെ കാണിക്കാനും ഷഹന ശ്രമിച്ചു. സത്യം അതല്ലായിരുന്നെങ്കിലും. ഷഹനയെ സ്വന്തമാക്കിയതോടെ പ്രതികാരത്തിലേക്ക് മാറി സാജിദും കുടുംബവും. പീഡനം അവള്‍ക്കുനേരെയും വീട്ടുകാര്‍ക്ക് നേരെയും. എന്നിട്ടും അവള്‍ ഒന്നും പറഞ്ഞില്ല. ആരോടും. സാജദും കുടുംബവും നല്‍കിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും അവള്‍ ഡയറി താളുകളില‍് എഴുതി സ്വന്തമായി സൂക്ഷിച്ചു. ആ വിഷമം വീട്ടുകാര്‍ അറിയരുതെന്നും അവള്‍ ആഗ്രഹിച്ചു. പക്ഷേ കഴിഞ്ഞ വര്‍ഷം വീട്ടിലെ സ്വന്തം മുറിയില്‍ ഈ ഡയറി അവള്‍ സൂക്ഷിച്ചുവച്ചു ഒരിക്കല്‍ .ആരും അറിയാതെ. പിന്നീടും അവള്‍ ഡയറി എഴുതിക്കൊണ്ടേയിരുന്നു ദുഃഖം മാത്രം സമ്മാനിച്ച ജീവിതത്തെക്കുറിച്ച്.

ഒാരോ ദിവസവും പ്രശ്നങ്ങള്‍ കൂടി കൂടി വന്നു. ഷഹാന മര്‍ദനം ഏറ്റുവാങ്ങിക്കൊണ്ടേയിരുന്നു. എന്നിട്ടും അവള്‍ വീട്ടില്‍ പറഞ്ഞില്ല ഒന്നും. ഇതിനിടയില്‍ അവള്‍ മോഡലിങ് രംഗത്തും സിനിമയിലും സജീവമായി. ലക്ഷക്കണക്കന് ആരാധകരുണ്ടായി. ഒത്തിരി സമ്പാദിച്ചു.ആ പണമെല്ലാം സാജിദ് കൈകാര്യം ചെയ്തിരുന്നെങ്കിലും അവള്‍ ദുഖം പുറത്തുകാണിക്കാതെ പീഡനനാളുകളിലും ക്യാമറക്കുമുന്നില്‍ ചിരിച്ചുകൊണ്ടേയിരുന്നു.വീട്ടുകാരുമായി ഇടപെടാനുള്ള എല്ലാസാധ്യതകളും സാജിദ് അടച്ചിരുന്നു.ഒാരോ തവണയും പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി പോയാലും സാജിദ് വിദഗ്ധമായി അതെല്ലാം മറികടക്കും. അവള്‍ അതിൽ വിശ്വസിക്കുകയും ചെയ്യും. അന്നും സഹോദരന്‍ ബിലാലിന് ആ കോളെത്തി. ഏറെ സന്തോഷത്തോടെ ഷഹന. അടുത്തമാസം റിലീസ് ആകാന്‍ പോകുന്ന ലോക്ക് ഡൗണ്‍ സിനിയുടെ ത്രില്ലിലായിരുന്നു ഷഹന. വീട്ടുകാര്‍ക്കൊപ്പം ബംഗളുരുവില‍് പോകാന്‍ ടിക്കറ്റൊക്കെ ബുക്ക് ചെയ്യണമെന്ന് ബിലാലിനോട് ആവശ്യപ്പെട്ടു.

അതായിരുന്നു അവസാനത്തെ വിളി. പുലര്‍ച്ചെയും ബിലാലിന് ഫോണ്‍ വിളിയെത്തി. അന്ന് ഷഹനയുടെ ജന്മദിനം ആയിരുന്നു. 21ാം പിറന്നാള്‍. കോഴിക്കോട് മോര്‍ച്ചറിയിലെ ഷഹനയുടെ മൃതദേഹവും ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങുമ്പോള്‍ സാജിദ് പതിവുപോലെ പെരുമാറിക്കൊണ്ടേയിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തിട്ടും. വീട് പരിശോധിച്ച പൊലീസ് ഞെട്ടി. ലഹരിയുടെ കേന്ദ്രമായിരുന്നു ആ വീട്. ഡെലിവറിയുടെ മറവിലെ  സാജിദിന്‍റെ ലഹരികച്ചവടവും പൊലീസ് കണ്ടെത്തി. ലഹരി പടര്‍ത്തിയ സുഹൃത്തുക്കളെചൊല്ലിയായിരുന്നു എപ്പോഴും ഷഹനയുമായുള്ള പ്രശ്നങ്ങള്‍. അന്നും അവര്‍ വീട്ടിലുണ്ടായിരുന്നതായി വീട്ടുകാരർ പറയുന്നു. ഷഹന ആത്മഹത്യ ചെയ്തതാണെന്ന് ഇപ്പോഴും ബിലാല്‍ വിശ്വസിക്കുന്നില്ല.സാജിദിനെ പൊലീസ് അറസ്റ്റുചെയ്തെങ്കിലും വീട്ടുകാരുടെ നേരെ നടപടിയുണ്ടായില്ല. ഡയറിക്കുറപ്പിലെ ഒരോ വരികളും സാജിദിന്‍റെ വീട്ടുകാരുടെ പീഡനങ്ങളെക്കുറിച്ചായിരുന്നു. എല്ലാം ഏറ്റുവാങ്ങിയിട്ടും അവള്‍ ഒന്നും പുറത്തുപറയാതെ സഹിച്ചു. അവളുടെ സ്വപ്നമായിരുന്ന ആ സിനിമയുടെ റിലീസിങിന് പോലും അവള്‍ക്ക് ഭാഗ്യമുണ്ടായില്ല. അവള്‍ ഒന്നിനും കാത്തു നിന്നില്ല. അവള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട ചിരികളില്‍  ഷഹനയെന്ന മോഡലിനെയും അഭിനേതാവിനേയും അവസാനിപ്പിച്ച് അവള്‍ ഇല്ലാതായി.