crime

TAGS

മനുഷ്യമനസാക്ഷിയെ വിറങ്ങലിപ്പിച്ച ഒട്ടേറെക്രൂരകൃത്യങ്ങള്‍  മലയാളിക്ക് സമ്മാനിച്ചാണ് 2020 വിടവാങ്ങുന്നത്....പുതുവര്‍ഷത്തില്‍ കുറ്റകത്യങ്ങള്‍ ഉണ്ടാകരുതേ എന്ന് ഒാരോ വര്‍ഷത്തിലും ആഗ്രഹിച്ചാലും ക്രൂരത പലരൂപത്തില്‍  രംഗപ്രവേശം ചെയ്യുകയാണ്... ഭര്‍ത്താവിനേയും പിഞ്ചുകുഞ്ഞിനേയും ഉള്‍പ്പെടെ  ആറു കൊലപാതകങ്ങള്‍ നടത്തിയ കൂടത്തായി കൊലക്കേസിലെ ജോളിയാണ്  ക്രൂരതയുടെ പര്യായം എന്ന് നാം കരുതി..പക്ഷേ സ്വന്തം ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിപ്പിച്ച് കൊലപ്പെടുത്തിയ  സൂരജ്...അട്ടപ്പാടിയിലെ സഹോദരിമാരുടെ ദുരൂഹമരണത്തിലെ അസാധാരണകോടതി നടപടികള്‍ ....മരണത്തിന്‍റെ   28 വര്‍ഷങ്ങള്‍ക്ക്  ശേഷം നീതി ലഭിച്ച അഭയ....   ഒടുവില്‍ 2020 ന്‍റെ ക്രൂരത പറഞ്ഞവസാനിപ്പിച്ച് പാലക്കാട്ടെ ദുരഭിമാനക്കൊലയും ..

കെവിനും നീനുവും..കേരളത്തിലെ ദുരഭിമാനക്കൊലയുടെ ആഴം പുറത്തുകൊണ്ടുവന്ന  ‍ഞെട്ടിപ്പിച്ച കൊലപാതകം...ഇഷ്ടപെട്ട  ആണിന്‍റെ കൂടെ ഇറങ്ങിപ്പോയതിന് പെണ്‍കുട്ടിയുടെ പിതാവും സഹോദരനും  ബന്ധുക്കളും ചേര്‍ന്ന് നടപ്പിലാക്കിയ അരുംകൊലപാതകം.....പണത്തിനും മതത്തിനും മുന്നില്‍ ദുരഭിമാനം മൂത്ത ബന്ധുക്കള്‍ നടത്തിയ കൊല...വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കെവിന്‍ ...

പ്രണയത്തിന്‍റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പട്ടികയിലെ പ്രധാന പേരായി കെവിന്‍റെ  പേര് എഴുതിചേര്‍ക്കപ്പെട്ടു.....തന്‍റെ പ്രാണനെ കൊലപ്പെടുത്തി പ്രതി ഭാഗത്തുനില്‍ക്കുന്ന പിതാവിനെതിരേയും സഹോദരനെതിരേയും നിയമയുദ്ധം ചെയ്ത പെണ്‍കുട്ടി ..നീനു...

കെവിന്‍റെ ദുരഭിമാനക്കൊല കേരളത്തെ ഇളക്കിമറിച്ചു...പ്രണയിച്ചതിന്‍റെ പേരില്‍ തന്‍റെ പ്രിയപ്പെട്ടവനെ കൊലപ്പെടുത്തിയ പിതാവും സഹോദരനും എന്ത് നേടി എന്ന നീനുവിന്‍റെ ചോദ്യം  പലര്‍ക്കും കൊണ്ടും..ഇനി കേരളത്തില്‍ ഇങ്ങനെ ഒന്നും ഇനി നടക്കില്ലെന്ന് സ്വപ്നം കണ്ട മലയാളിക്ക് മുന്നിലേക്ക്  പാലക്കാട് നിന്ന് ദുരഭിമാനക്കൊലയുടെ ദുരന്തവാര്‍ത്തയെത്തി...പഴയതെല്ലാം മറന്ന് പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവെക്കാന്‍ കാത്തിരിക്കുമ്പോള്‍ ...

കുഴല്‍മന്ദം  തേങ്കുറുശി സ്വദേശി അനീഷ് ..27 വയസ്...ഭാര്യ ഹരിത....അനീഷിനെ കൊലപ്പെടുത്താന്‍ ഹരിതയുടെ പിതാവ് പ്രഭുകുമാറിനും  അമ്മാവന്‍ സുരേഷ് കുമാര്‍ എന്നിവര്‍ കണ്ടെത്തിയ കുറ്റം വ്യത്യസ്ത ജാതിയും സാമ്പത്തീകമായുള്ള അന്തരവും....പെയിന്‍റ് തൊഴിലാളിക്ക് ബിബിഎ രണ്ടാം വര്‍ഷവിദ്യാര്‍ഥിയെ കല്യാണം കഴിക്കാനുള്ള യോഗ്യതയില്ലെന്ന് ഇവര്‍ വിധിയെഴുതി...പ്ലസ് ടു മുതലുള്ള പ്രണയം കഴിഞ്ഞ്  ഭാര്യഭര്‍ത്താക്കന്‍മാരായി ജീവിതം തുടങ്ങി 90 ദിവസം അവര്‍ തീരുമാനിച്ചുറപ്പിച്ചപോലെ അനീഷിനെ മകളില്‍ നിന്ന് പിഴുതെറിഞ്ഞു....

വര്‍ഷങ്ങളായി തുടരുന്ന പ്രണയം ഹരിത വീട്ടുകാരെ അറിയിച്ചിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട അനീഷിനെ മകളുടെ ഭര്‍ത്താവാക്കുന്നതില്‍ ഇവര്‍ എതിര്‍ത്തു...വിവാഹത്തിന് സമ്മതിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഹരിത തന്‍റെ വിവാഹജീവിതം അനീഷിന്‍റെ ഒപ്പമാകുമെന്ന് ഉറച്ച നിലപാടെടുത്തു..വീട്ടുകാരുടെ മനസുമാറുന്നതും കാത്തിരിക്കുന്നതിനിടെ  മറ്റൊരാളുമായി ഹരിതയുടെ വിവാഹനിശ്ചയം നടത്തി...ഇനി വീട്ടില്‍ നിന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ ഹരിത പിറ്റേദിവസം അനീഷിനൊപ്പം ഇറങ്ങി....അന്നുതന്നെ വിവാഹം...മകളെ തട്ടിക്കൊണ്ടുപോയെന്ന പ്രഭുകുമാറിന്‍റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഹരിതയേയും വീട്ടുകാരേയും ഒന്നിച്ചിരുത്തി സംസാരിച്ചു...ഇനി പ്രശ്നമുണ്ടാക്കില്ലെന്ന് ഉറപ്പുപറഞ്ഞിറങ്ങിയ പിതാവ് പ്രഭുകുമാറും സുരേഷ് കുമാറും വൈരാഗ്യത്തോടെ കാത്തിരിക്കുകയാണെന്ന് ഹരിത അറിഞ്ഞില്ല....

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സഹോദരന്‍ അരുണിനൊപ്പം ബൈക്കില്‍ യാത്ര തിരിച്ചതായിരുന്നു അനീഷ്..വീട്ടില്‍ നിന്നിറങ്ങുമ്പോള്‍അത് ഒടുവിലത്തെ യാത്രയാണെന്ന് ഹരിത അറിഞ്ഞില്ല...വഴിയില്‍ ആയുധങ്ങളുമായി കാത്തുനിന്ന പ്രഭുകുമാറും സുരേഷ് കുമാറും ഇരുമ്പ് വടികൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തി...കത്തികൊണ്ട് പലതവണ കുത്തി..തടയാന്‍ ശ്രമിച്ച അരുണിനേയും ആക്രമിച്ചു...

താലിക്ക് തൊണ്ണൂറുദിവസത്തെ ആയുസില്ലെന്ന് ഇടയ്ക്കിടക്ക് പിതാവ് പ്രഭുകുമാറും സുരേഷും ഹരിതക്ക് മുന്നറിയിപ്പ് നല്‍കികൊണ്ടിരുന്നു..ഒടുവില്‍ തൊണ്ണൂറാം  ദിവസത്തിന്‍റെ തലേദിവസം തന്നെ അനീഷിനെ വകവരുത്താന്‍ പ്രഭുകുമാറും സുരേഷ് കുമാറും തീരുമാനിച്ച്  നടപ്പിലാക്കി...ഹരിതയെ തനിച്ചാക്കി..

പ്രതികളെ നാലുമണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു...തേങ്കുറുശിയില്‍ അനീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തെത്തിച്ച് ആദ്യ തെളിവെടുപ്പ് ....അനീഷിനെ കൊലപ്പെടുത്തിയ രീതിയും രക്ഷപെട്ട വിവരങ്ങളും പ്രതികൾ പൊലിസിനോട് വെളിപെടുത്തി. സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാരെ നൂറ് മീറ്റർ അകലേക്ക് മാറ്റി നിർത്തിയായിരുന്നു തെളിവെടുപ്പ് ....

രണ്ടാമത്തെ തെളിവെടുപ്പ് കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ അകലെ വീട്ടില്‍...  പ്രതിയായ പ്രഭുകുമാറിന്‍റെ  വീട്ടില്‍ വെച്ചായിരുന്നു അനീഷിനെ വകവരുത്താനുള്ള ഗൂഢാലോചന നടത്തിയത്...വീട്ടിലെ തെളിവെടുപ്പില്‍ അനീഷിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി...പ്രതികള്‍ കൊലപാതകത്തിന്‍റെ സമയത്ത്  ധരിച്ചിരുന്ന വസ്ത്രങ്ങളും  ചെരിപ്പും കണ്ടെത്തി.... അടിക്കാനുപയോഗിച്ച ഇരുമ്പ് പൈപ്പും കണ്ടെത്തി... പ്രതികള്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു... നാലുകിലോമീറ്റര്‍ അകലെ ഉപേക്ഷിച്ച ഒരു ആയുധവും പ്രതികള്‍ പൊലീസിന് കാണിച്ചുകൊടുത്തു... 

എന്നാല്‍ അനീഷിനുള്ള ഭീഷണിയെപ്പറ്റി പൊലീസ് അന്വേഷണം നടത്തിയില്ലെന്ന ആരോപണവുമായി  ഹരിതയും കുടുംബവും രംഗത്തെത്തി...അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഈ കൊലപാതകം തടയാമായിരുന്നെന്നും ഇവര്‍ പറയുന്നു... കൊല്ലപ്പെട്ട അനീഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും  കുടുംബം ആരോപിച്ചു.... സ്ത്രീധനം ആവശ്യപ്പെട്ടെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ് അയച്ചെന്നും മകന്‍ സ്വത്ത് ചോദിച്ചിട്ടില്ലെന്നും അമ്മ പറഞ്ഞു..

അനീഷിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു...  . ഒരു വർഷം മുമ്പ് പ്രദേശത്തെ കോളനി നിവാസികളെ വാള് ഉപയോഗിച്ച് വെട്ടിയ കേസിൽ ഇരുവരും ജയിലിൽ കിടന്നിട്ടുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ചാണ് പ്രതികൾ അന്ന് രക്ഷപെട്ടതെന്ന് അനീഷിന്റെ സഹോദരൻ അരുൺ മനോരമ ന്യൂസിനോട് പറ‍ഞ്ഞു.

കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം...അനീഷും അരുണും ബൈക്കില്‍ വരുന്നത് മറ്റാരോ ആണ് പ്രതികളെ വിളിച്ചറിയിച്ചതെന്നും സഹോദരന്‍ പറഞ്ഞു... തന്‍റെ ജീവിതം നശിപ്പിച്ച പിതാവിനും  അമ്മാവനും കനത്ത ശിക്ഷ വാങ്ങിക്കൊടുക്കാന്‍ വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന്  ഈ പെണ്‍കുട്ടി പറയുന്നു. ...ദുരഭിമാനത്തിന്‍റെ പേരില്‍  തന്‍റെ പ്രിയപ്പെട്ടവന്‍റെ ജീവനെടുത്തവര്‍ ആരാണെങ്കിലും ഈ കുട്ടി എങ്ങനെ അവരോട് ക്ഷമിക്കും.....പിണക്കം മാറി തന്നെ വീട്ടിലേക്ക് മടക്കികൊണ്ടുപോകുമെന്ന് സ്വപ്നം കണ്ടിരുന്ന ഹരിതക്ക് പക്ഷേ വിധി സമ്മാനിച്ചത് ദുരന്തമാണ്....

കെവിനില്‍ നിന്ന് അനീഷിലെത്തി നില്‍ക്കുന്നു ദുരഭിമാനക്കൊലയുടെ ഇരകള്‍ ...നീനുവില്‍ നിന്ന് ഹരിതയിലേക്കും....പ്രണയത്തിന്‍റെ പേരില്‍ സ്വന്തം തീരുമാനമെടുക്കുന്നവരെ മാതാപിതാക്കള്‍ക്ക് പിന്തിരിപ്പിക്കാന്‍ ശ്രമിക്കാം...തിരുത്താം...പക്ഷേ ഇഷ്ടപ്പെട്ടവന്‍റെ കൂടെ ജീവിതം തിരഞ്ഞെടുത്തു എന്ന ഒറ്റ കുറ്റത്തിന് ദുരഭിമാനത്തിന്‍റെ പേരുപറഞ്ഞ്    മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തുനിഞ്ഞിറങ്ങുന്നവര്‍ ഒാര്‍ക്കണം...വാശിതീര്‍ക്കുന്നത് മകളെ ഇറക്കിക്കൊണ്ടുപോയവനോട് മാത്രമല്ല... മകളോടും സ്വന്തം കുടുംബത്തോടും കൂടിയാണെന്ന്...

കഴിഞ്ഞ വര്‍ഷം  ഒട്ടേറെ  കൊലപാതകകേസുകള്‍ ഉണ്ടായെങ്കിലും മലയാളിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഉത്രകൊലക്കേസ്...സ്വന്തം ഭാര്യയെ ഒഴിവാക്കാനായി  പാമ്പിനെ കൊണ്ട് കൊത്തിപ്പിച്ച് കൊലപ്പെടുത്തിയ സൂരജ് എന്ന യുവാവിന് കേരളം കണ്ടു...അതിന് ഒത്താശ ചെയ്ത വീട്ടുകാരേയും...ഉത്രക്കൊലക്കേസില്‍ വിചാരണ പുരോഗമിക്കുകയാണ്...ഉടന്‍ സൂരജിന് വാങ്ങിനല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം...

ഉത്രയെന്ന പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ സൂരജ് കണ്ടെത്തിയ മാര്‍ഗമാണ് പൊലീസിനെപോലും ഞെട്ടിച്ചത്....ഭിന്നശേഷിക്കാരിയായ ഉത്രയുടെ സ്വര്‍ണം മുഴുവന്‍ സ്വന്തമാക്കിയ ശേഷമായിരുന്നു വിദഗ്ദമായി ഒഴിവാക്കാനുള്ള തീരുമാനം...അതിനായി മൂന്നു തവണ പാമ്പിനെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു.... ഒാരോ തവണയും രക്ഷപെട്ട ഉത്രയെ കൊലപ്പെടുത്തണമെന്ന് ഉറപ്പിച്ചാണ് ബാഗില്‍ അന്ന് സൂരജ് പാമ്പിനേയും കൊണ്ട് ഉത്രയുടെ വീട്ടിലെത്തിയത്,,..മുമ്പ് പാമ്പുകടിയേറ്റ ഉത്ര ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു..അവിടെ നിന്ന് മടങ്ങിവന്ന ഉടനായിരുന്നു സൂരജിന്‍റെ അടുത്ത പ്രയോഗം....കുപ്പിയിലാക്കിയ പാമ്പിനെ മുറിയിലെത്തിച്ചു...ഉണരാതിനിക്കാന്‍ ലഹരി നല്‍കി...പിന്നെ രാത്രിയില്‍ ഉറങ്ങിക്കിടന്ന ഉത്രയുടെ കാലിലേക്ക് പാമ്പിനെ ഇട്ടു...പക്ഷേ കടിക്കാതെ പാമ്പ് തിരിച്ചിറങ്ങി...ഉത്രയെ കൊലപ്പെടുത്തണമെന്ന് ഉറപ്പിച്ച സൂരജ് പാമ്പിനെ കയ്യിലെടുത്ത് തലയില്‍ പിടിച്ച് കാലില്‍ കൊത്തിച്ചാണ് വിഷം കയറ്റിയത്...എന്നിട്ട് ഉത്രമരിക്കും വരെ കാവല് ‍ഇരുന്നു....

മുമ്പ് പലതവണ പാമ്പ് കടിയേറ്റതില്‍ വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു...ഉത്ര മരിച്ചതോടെ വീട്ടുകാര്‍ ഉന്നയിച്ച ആരോപണത്തെ തുടര്‍ന്നാണ് സാധാരണ അപകടമരണമായി മാറുമായിരുന്ന ഉത്രയുടെ മരണം കേരളത്തെ നടുക്കിയ കൊലപാതകമായി മാറിയത്.... ഉത്രയെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് സൂരജ് മൊഴി നല്കി...ഗാര്‍ഹീകപീഡനത്തിനും തെളിവുനശിപ്പിച്ചതിനും അറസ്റ്റിലായ സൂരജിന്‍റെ പിതാവും അമ്മയും ഉള്‍പ്പെടെ വിചാരണ നേരിടുകയാണ്...വനംവകുപ്പ് ചേര്‍ത്ത കേസുകളിലും ഉടന്‍ കുറ്റപത്രം നല്‍കുന്നതോടെ സൂരജിന് പുറംലോകം സ്വപ്നമായി തീരും....

നിയമവ്യവസ്ഥയില്‍ ജനത്തിന് ഏറ്റവും വിശ്വാസം തോന്നിയ ഒരു വിധി...28 വര്‍ഷത്തിന് ഇപ്പുറം,,, ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും തേച്ചുമായച്ചെന്ന് കരുതിയ അഭയ കൊലക്കേസില്‍ വിധിയെത്തി....എത്ര വൈകിയാലും സത്യം തെളിയുമെന്നുള്ള സന്ദേശത്തിന് ഒരു ഉദാഹരണം കൂടിയായി അഭയക്കേസിലെ വിധി....

ഫാ തോമസ് കോട്ടൂരും സി .സെഫിയും ചേര്‍ന്ന് നടത്തിയ കൊലപാതകമാണ് അഭിയയുടെതെന്ന് സിബിഐ കോടതി അംഗീകരിച്ചതോടെ 28 വര്‍ഷത്തെ നിയമയുദ്ധത്തിനാണ് അവസാനമായത്..ഇരുവരുടേയും രഹസ്യബന്ധം അഭയ കണ്ടെത്തിയതോടെ ഇരുവരും ചേര്‍ന്ന് തലയ്ക്ക് അടിച്ചുവീഴ്ത്തി അബോധാവസ്ഥയില്‍ കിണറ്റില്‍ എറിഞ്ഞു....

ആരും അറിയില്ലെന്ന് കരുതിയ കൊലക്കേസ് ഒടുവില്‍ സിബിഐ തെളിയിച്ചു...അടുക്കളയിലെ തെളിവുകളും വാതിലില്‍ ഉടക്കിയ ശിരോവസ്ത്രവും വെള്ളകുപ്പിയും ചെരിപ്പുമൊന്നും ശാസ്ത്രീയതെളിവുകളാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രതികളെ കുടുക്കുന്ന മറ്റ് പലതെളിവുകളും സാക്ഷിമൊഴികളും കോര്‍ത്തിണക്കാന്‍ പ്രോസിക്യൂഷനായി...വിജയകരമായി പൂര്‍ത്തിയാക്കി ഡമ്മി  പരീക്ഷണവും സിബിഐക്ക് തുണയായി..

സിബിഐ കോടതിയുടെ വിധി ചോദ്യം ചെയ്ത് പ്രതികള്‍ മേല്‍ക്കോടതിയെ സമീപിക്കും..പക്ഷേ അഭയയുടെ മരണത്തിന് 28 വര്‍ഷത്തിന് ശേഷം നീതി ലഭിച്ചു കഴിഞ്ഞു...ജനത്തിന് മുന്നില്‍ പതിറ്റാണ്ടുകള്‍ നീണ്ട സംശയത്തിന് അറുതിയും വന്നുകഴിഞ്ഞു....

ഇനിയുമുണ്ട് കഴിഞ്ഞ വര്‍ഷത്തെ ദാരുണസംഭവങ്ങള്‍ ..കൃതിയുടെ കൊലപാതകവും വാളയാറിലെ സഹോദരിമാരുടെ  ദുരൂഹമരണത്തിലെ സുപ്രധാനകോടതി വിധിയും കാസര്‍കോട്ടെ രൂപശ്രീയെന്ന അധ്യാപികയുടെ കൊലപാതകവുമെല്ലാം നടുക്കുന്നതാണ്.. കൂടത്തായി കേസിലെ വിചാരണയും പുരോഗമിക്കുന്നു...ഈ വര്‍ഷം കടന്നുപോകുമ്പോഴും മലയാളിക്ക് നൊമ്പരായി ഒരു പെണ്‍കുട്ടിയുണ്ട് ...ജസ്ന...ദുരൂഹത അവസാനിക്കാതെ ജസ്നക്കേസ് 2021 ലേക്കും...