വാളയാര്‍ മുതല്‍ ഹാത്രാസ് വരെ നിലവിളികള്‍ക്ക് ഉത്തരമില്ലേ?

walayar-hathras
SHARE

ഹാത്രസില്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനം രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ത്തി..കേരളത്തില്‍ നിന്നും കൊടിയുടേയും മതത്തിന്‍റേയും വ്യത്യാസമില്ലാതെ പ്രതിഷേധത്തില്‍ ജനം അണിനിരന്നു...ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതിലഭിക്കാന്‍ പ്രതിഷേധ അഗ്നിയൊരുക്കി... പക്ഷേ നമ്മുടെ കണ്‍മുമ്പിലും ഇതുപോലെ ഒരമ്മയുണ്ട്...രണ്ട് പെണ്‍മക്കളെ ജീവിതത്തില്‍ നിന്ന് പിഴുതെറിഞ്ഞവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന്‍റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ഒരമ്മ..വാളയാറിലെ  സഹോദരിമാരുടെ അമ്മ..ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ എന്തേ ഈ അമ്മയുടെ നീതിക്കുവേണ്ടിയുള്ള മുറവിളി കേള്‍ക്കുന്നില്ല....

ഒട്ടേറെ സമരകോലാഹലങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തിരുവനന്തപുരത്തെ നിരത്തില്‍ ഈ അമ്മയുെട  പോരാട്ടം സര്‍ക്കാരിന്‍റെ കണ്ണുതുറപ്പിക്കാനാണ്...ഹാത്രസിലെ പെണ്‍കുട്ടിയുടെ കൂട്ടബലാല്‍സംഗവും തുടര്‍ന്ന് കുടുംബം നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങള്‍ക്കുമെതിരെ  ഇങ്ങ് കേരളത്തിലിരുന്ന് പ്രതിഷേധിച്ച രാഷ്ട്രീയനേതൃത്വത്തോടാണ് ഈ സമരം..മുഖ്യമന്ത്രിയോടാണ് ചോദ്യം...എന്തേ തനിക്ക് നീതി നടപ്പാക്കി തരാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തത്...തന്‍റെ രണ്ടുപെണ്‍മക്കളെ  , പതിമൂന്നും ഒമ്പതും വയസുള്ള  കുരുന്നുകളെ പറിച്ചെടുത്തവരെ നിയമത്തില്‍ നിന്ന് രക്ഷിച്ചെടുത്തവരെ ശിക്ഷിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലേ സര്‍ക്കാരിന്...മക്കളുടെ ജീവന് നീതിതേടി തെരുവില്‍ അലയാനാണ് ഈ അമ്മയുടെ തീരുമാനം...

ഈ അമ്മയുടേയും കുടുംബത്തിന്‍റേയും നീതിക്കുവണ്ടിയുള്ള കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്..സ്വന്തം വീട്ടില്‍ സ്വാതന്ത്യത്തോടെയെത്തിയിരുന്ന ബന്ധുക്കള്‍ മക്കളെ പീഡിപ്പിക്കുമെന്ന് ഒരിക്കലും  മാതാപിതാക്കള്‍ കരുതിയില്ല.  അവര്‍ തരംപോലെ വന്നുപോയി. അന്ന്  ഒമ്പതുവയസുകാരിയെ പതിമൂന്നുകാരിയെ ഏല്‍പ്പിച്ച് അമ്മയും അഛ്നും പണിക്ക് പോയി...അപ്പുറത്തെ വീട്ടിലേക്ക് പോയ അനുജത്തി മടങ്ങിവരുമ്പോള്‍ ചേച്ചി ആ അടച്ചുറപ്പില്ലാത്ത ഷെഡില്‍ തൂങ്ങി നില്‍ക്കുന്നു.....

പക്ഷേ വീട്ടില് ‍നിന്ന് ഒരാള്‍ ഇറങ്ങിയോടുന്നത് അവള്‍ കണ്ടിരുന്നു....ചേച്ചിയുടെ മരണത്തിന്‍റെ കാരണം തേടിയുള്ള പൊലീസ് അന്വേഷണത്തില്‍   ഈ ഒമ്പതുകാരി ഈ മൊഴിയും നല്‍കി...പക്ഷേ പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടുവെന്ന് ഒരിക്കലും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല......സഹോദരിയുടെ മൊഴി കുരുക്കാകുമെന്ന്  തിരിച്ചറിഞ്ഞതോടെ അവള്‍ക്ക് നേരെയായി അതിക്രമവും ഒടുവില്‍ മരണവും...

മൂത്തമകളുടെ മരണത്തിനുപിന്നിലെ കാരണം തേടി പൊലീസിലെത്തുമ്പോഴൊക്കെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന മറുപടി...പിന്നീട് ഇളയമകളുടെ മരണം കൂടിയായതോടെ ദുരൂഹത വര്‍ധിച്ചു... പ്രതിഷേധത്തിനൊടുവില്‍ രണ്ടുപേരുടേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് നല്‍കി...രണ്ടുപെണ്‍കുട്ടികളും ക്രൂരമായി ബലാല്‍സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായെന്ന വിവരം അറഞ്ഞതോടെ കേസ് അട്ടിമറിക്കപ്പെടുമെന്ന സംശയം വീട്ടുകാരിലുണ്ടായി..പക്ഷേ പൊലീസോ പ്രോസിക്യൂഷനോ ആരും സഹായിച്ചില്ല...

മക്കള്‍ പീഡനത്തിന് ഇരയായി എന്ന് തെളിഞ്ഞതോടെ പഴയ കാര്യങ്ങള്‍ വീട്ടുകാര്‍ ഒാര്‍ത്തെടുത്തു...പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ട സംഭവങ്ങള്‍ പൊലീസില്‍ മൊഴി നല്‍കി. അങ്ങനെ ബന്ധുക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു..പിന്നെ ട്യൂഷന്‍ അധ്യാപകനും മറ്റൊരാളും...പ്രായപൂര്‍ത്തിയാകാത്ത ഒരാളെകൂടി പ്രതി ചേര്‍ത്തു...പക്ഷേ പൊലീസ് തെളിവുകളൊന്നും ശേഖരിച്ചില്ല...പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് ശിക്ഷ നല്‍കുവാന്‍ വാദിച്ചില്ല.... കേസിന്‍റെ നടപടിക്രമങ്ങളെല്ലാം വീട്ടുകാരില്‍ നിന്ന് പൊലീസ് മറച്ചുവെച്ചു...വീട്ടുകാര്‍ പറഞ്ഞ മൊഴികള്‍ പോലും ശേഖരിച്ചില്ല...ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25 മുഴുവന്‍ പ്രതികളേയും തെളിവുകളുടെ അഭാവത്തില്‍  വിചാരണകോടതി വെറുതെ വിട്ടു... 

നീതി വൈകിപ്പിക്കുന്നത് നീതി നിഷേധമാണ്...സ്വന്തം മക്കള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടെന്ന പരാതിയുമായി ഈ അമ്മ ഇനി ആരെയാണ് കാണേണ്ടത്...വിചാരണക്കൊടുവില്‍ പ്രതികളെയെല്ലാം പൊലീസും പ്രോസിക്യൂഷനും ചേര്‍ന്ന് രക്ഷിച്ചെടുത്തതിന് ഈ അമ്മ ആരെയാണ് കുറ്റം പറയേണ്ടത്....പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇനി എത്രവര്‍ഷം കാത്തിരിക്കണം...ഇനിയും എത്ര തെരുവുകളില്‍ സമരം നയിക്കണം...   ഹാത്രസില്‍ മാത്രമല്ല വാളയാറിലേയും അമ്മയാണ്...മക്കളെ നൊന്തുപ്രസവിച്ച അമ്മ...ആ അമ്മയ്ക്കും നീതി ഉറപ്പാക്കണം.....ഹാത്രസില്‍ മാത്രമല്ല ഏതാനും മാസത്തിനിടെ പെണ്‍മക്കളെ പിച്ചച്ചീന്തിയവര്‍ക്കെതിരെ പോരാടുന്ന രാജ്യത്തെ അമ്മമാരെ കാണാം ഇടവേളയ്ക്ക് ശേഷം... 

നിര്‍ഭയ കേസിന് ശേഷം രാജ്യത്ത് നിയമ നിര്‍മാണങ്ങള്‍  നടന്നു..പക്ഷേ കുറ്റകൃത്യങ്ങള്‍ക്ക് മാത്രം കുറവ് വന്നില്ല....ഹാത്രസ് അവയില്‍ ഒരു സംഭവം മാത്രം..ലോക് ഡൗണിന് ശേഷം മാത്രം യുപിയിലും മറ്റ് സംസ്ഥാനങ്ങളിലും പെണ്‍‍കുട്ടികള്‍ക്ക്  നേരെ അരങ്ങേറിയ അതിക്രമങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഞെട്ടും...ഇവിടെയെല്ലാം ബലാല‍്സംഗത്തിനിരയായ സ്വന്തം മക്കളുടെ  ഒാര്‍മകളുമായി മാതാപിതാക്കളുണ്ട്... കണ്ണീരോടെ അമ്മമാരുണ്ട്...ആര്‍ക്കും തിരിച്ചുകൊടുക്കാന്‍ കഴിയില്ല അവരുടെ നഷ്ടം...ചുരുക്കം നീതിയെങ്കിലും ഉറപ്പാക്കാന്‍ കഴിയണം ഭരണകൂടത്തിന് ... 

സ്്ത്രീസുരക്ഷയ്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ നിര്‍ബന്ധിതമാക്കിയ ഒന്നാണ് നിര്‍ഭയ കൂട്ടബലാല്‍സംഗം. ആ കേസിലെ നാലുപ്രതികളെ തൂക്കിലേറ്റിയത് ഈവര്‍ഷം മാര്‍ച്ച് 20നാണ്. കോവിഡിന്റെ ഭീതിയില്‍ രാജ്യം ലോക്ഡൗണിലേക്ക് കടക്കുന്നതിന് നാലുദിവസം മുന്‍പ്. ലോക്ഡൗണിന്റെ ആദ്യ പതിനഞ്ച് ദിവസം പിന്നിട്ടപ്പോഴേക്കും ദേശീയ വനിതാ കമ്മിഷന്‍ അപായമണി മുഴക്കി. സാധാരണ വരുന്നതിനെക്കാള്‍ കൂടുതല്‍ പരാതികള്‍ എത്തുന്നുവെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. സ്വന്തം വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലന്ന് കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. വീടുകള്‍ക്കുള്ളില്‍ ഇതാണ് സ്ഥിതിയെങ്കില്‍ പുറത്തെ കാര്യം പറയേണ്ട കാര്യമില്ല. കേട്ടുകേള്‍വില്ലാത്ത ക്രൂരതകളാണ് സ്ത്രീകള്‍ ഈ കോവിഡ് കാലത്ത് അനുഭവിച്ചത്. ആ വിലാപങ്ങളിലേക്ക്. 

ലോക്ഡൗണിന്റെ പിറ്റേദിവസം രാജ്യം ഞ്ഞെട്ടിയുണര്‍ന്നത് ജാര്‍ഖണ്ഡിലെ ധുംക്ക പീഡനത്തിന്റെ വാര്‍ത്ത കേട്ടാണ്. ലോക്ഡൗണില്‍പ്പെട്ട പതിനാറുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പത് പേര്‍ ചേര്‍ന്ന് വനത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഹോസ്റ്റല്‍ അടച്ച വിവരം പെണ്‍കുട്ടി വീട്ടില്‍ വിളിച്ച് അറിയിച്ചെങ്കിലും ഗതാഗതനിയന്ത്രണം കാരണം അച്ഛന് കൃത്യസമയത്ത് എത്താനായില്ല. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ പെണ്‍കുട്ടി സുഹൃത്തിന്റെ സഹായം തേടി. മറ്റൊരാള്‍ക്കൊപ്പം ബൈക്കിയിലെത്തിയ സുഹൃത്ത് പെണ്‍കുട്ടിയുമായി ഗ്രാമത്തിലേക്ക് പുറപ്പെട്ടു. ദേശീയപാതയില്‍ പൊലീസ് പരിശോധനയുണ്ടെന്ന് ധരിപ്പിച്ച സുഹൃത്ത് ആള്‍സഞ്ചാരമില്ലാത്ത വനത്തിലൂടെ യാത്രതിരിച്ചു. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് സുഹൃത്തും ഒപ്പമുണ്ടായിരുന്നയാളും പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചു. പിന്നീട് ഇവര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഏഴുപേര്‍ കൂടി കൂട്ടബലാ‍ല്‍സംഗം ചെയ്തു. പീഡനത്തിന് ശേഷം പാതിജീവന്‍ മാത്രമുണ്ടായിരുന്ന പെണ്‍കുട്ടിയെ സംഘം വനത്തില്‍ ഉപേക്ഷിച്ച് കടന്നു. ബോധം വീണ്ടെടുത്തപ്പോള്‍ പെണ്‍കുട്ടി തന്നെ സ്വയം വഴി തേടിപ്പിടിച്ച് രക്ഷപ്പെടുകയായിരുന്നു. ‌പ്രതികളെയെല്ലാം പിന്നീട് പൊലീസ് പിടികൂടി. 

ഏപ്രില്‍ 23ന് രാജ്യം കേട്ടത് മരവിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്. മധ്യപ്രദേശിലെ ദമോയില്‍ ആറുവയസുള്ള ബാലിക പീഡനത്തിനിരയായി. അതില്‍ ഒതുങ്ങിയില്ല ആ കുരുന്നിനോടുള്ള ക്രൂരത. കണ്ണുകള്‍ ചൂഴ്‍ന്നെടുത്ത ശേഷമാണ് കൊടും കുറ്റവാളി ആ പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്. ഇതോടെ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിയാതെയായി.  ഇന്നും കാണാമറയത്താണ് അയാള്‍. പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ ക്രൂരതകളുടെ പുതിയ അധ്യായങ്ങള്‍ കുറിച്ചിടുമ്പോള്‍ കേസ് അന്വേഷണങ്ങളെ അത് സാരമായി ബാധിക്കുന്നുണ്ടെന്നതാണ് വാസ്തവം.

മേയ് ഒന്നിന് മധ്യപ്രദേശിലെ പാധറില്‍ 19 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തത് ഏഴുപേര്‍ ചേര്‍ന്നാണ്. പ്രതികളില്‍ മൂന്നുപേര്‍ക്ക്  പ്രായപൂര്‍ത്തിയായിരുന്നില്ല. പെട്രോള്‍ പമ്പില്‍ പോയി സഹോദരനൊപ്പം മടങ്ങുകയായിരുന്നു പെണ്‍കുട്ടി. വഴിയില്‍ വച്ച് ഏഴംഗ സംഘം വണ്ടിതടഞ്ഞു. സഹോദരനെ മര്‍ദ്ദിച്ച് അവശനാക്കി പൊട്ടക്കിണറ്റില്‍ എറിഞ്ഞ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. കിണറ്റില്‍ നിന്ന് പുറത്തുകടന്ന സഹോദരന്‍ നാട്ടുകാരുടെ സഹായത്തോടെയാണ് അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. വിചാരണ അതിവേഗകോടതിയില്‍ നടത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തു. 

ഓഗസ്റ്റ് 15. രാജ്യം 74–ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച ദിവസമാണ് യുപിയിലെ ലഖിംപുര്‍ഖേരിയില്‍ 13 വയസുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത പ്രതികള്‍ നാവ് മുറിച്ചുമാറ്റി. ഹാത്രസില്‍ നമ്മള്‍ കേട്ട ക്രൂരതയുടെ ആമുഖമായിരുന്നു അത്.

ലഖിംപുര്‍ഖേരിയിലെ കരിമ്പിന്‍ തോട്ടത്തിലാണ് 13 വയസുള്ള ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ശരീരത്തിലാകെ ക്രൂരതയുടെ തെളിവുകള്‍ നിഴലിച്ചുനിന്നു. കണ്ണ് ചൂഴ്ന്നെടുത്ത നിലയിലും നാവു മുറിച്ചുമാറ്റിയ നിലയിലുമായിരുന്നു. ബലാല്‍സംഗത്തിന് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടത്തിലും തെളിഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കരിമ്പിന്‍ തോട്ടത്തിന്റെ ഉടമ അടക്കം രണ്ടുപേര്‍ അറസ്റ്റിലായി. പ്രതികള്‍ക്കെതിരെ കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തി. 

പത്തുദിവസം പിന്നിട്ടില്ല. ലഖിംപൂർഖേരി വീണ്ടും വാര്‍ത്തകളുടെ തലക്കെട്ടായി. 17 വയസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഗ്രാമത്തിലെ കുളത്തിന് സമീപത്തുനിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്കോളർഷിപ്പ് അപേക്ഷ പൂരിപ്പിക്കാന്‍ വീട്ടില്‍ നിന്നുറങ്ങിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പോസ്റ്റ്മോർട്ടത്തിൽ  പീഡനം നടന്നതായി സ്ഥിരീകരിച്ചു. ഒരാള്‍ അറസ്റ്റിലായി. ഇയാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

അങ്ങനെയിരിക്കെയാണ് ഹാത്രസ് കൂട്ടബലാല്‍സംഗം പുറംലോകം അറിയുന്നത്. കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ നാവ് മുറിഞ്ഞുപോയിരുന്നു. അലീഗഡില്‍ ചികില്‍സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ വിദഗ്ധ ചികില്‍സയ്‍ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍ഭയ പ്രക്ഷോഭത്തെ അനുസ്മരിക്കും വിധം  രാജ്യം പ്രതിഷേധാഗ്നിയില്‍ കത്തിജ്വലിച്ചു. കേസില്‍ വെള്ളംചേര്‍ക്കാന്‍ പൊലീസ് ആവുംവിധം ശ്രമിക്കുമ്പോള്‍ നീതിയുടെ വാതില്‍ ഇപ്പോഴും അകലെയാണ്. 

സെപ്റ്റംബര്‍ പതിനാലിനാണ് ഹാത്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയാകുന്നത്. അമ്മയ്‍ക്കും സഹോദരിക്കുമൊപ്പം വയലില്‍ കന്നുകാലികള്‍ക്കുള്ള തീറ്റ എടുക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ ഉന്നത ജാതിയില്‍പ്പെട്ട നാലംഗ സംഘം പിടിച്ചുകൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. കഴുത്തിലൂടെ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കവേ നട്ടെലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അമ്മ ഓടിയെത്തിയതോടെ പാതിജീവന്‍ ബാക്കിവച്ച് പ്രതികള്‍ ഓടിരക്ഷപ്പെട്ടു. പീഡനം നടന്നെന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചു. ഇതിനിടെ, അലീഗഡിലെ ആശുപത്രിയില്‍ അവള്‍ പീഡനം തുറന്നുപറഞ്ഞതോടെ പൊലീസിന് കേസെടുക്കേണ്ടിവന്നു. മജിസ്ട്രേട്ട് മരണമൊഴിയും രേഖപ്പെടുത്തി. 

പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായി. ജീവന്‍ തിരിച്ചുപിടിക്കാന്‍ കുടുംബം അവളുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. അലീഗഡ് ആശുപത്രി എയിംസില്‍ കൊണ്ടുപോകാനാണ് നിര്‍ദേശിച്ചതെങ്കിലും അവളെ പ്രവേശിപ്പിച്ചത് സഫ്ദര്‍ജങ് ആശുപത്രിയില്‍. അവിടെ 24 മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മരണം സംഭവിച്ചു. ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കവേ പൊലീസ് ബലംപ്രയോഗിച്ച് മൃതദേഹം കൈക്കലാക്കി. പുലര്‍ച്ചെ 2.30ക്ക് മാതാപിതാക്കള്‍ക്ക് അന്ത്യചുംബനം പോലും നല്‍കാന്‍ അവസരം നല്‍കാന്‍ പൊലീസ് തന്നെ ചിതയൊരുക്കി മൃതദേഹം ചാമ്പലാക്കി. 

ഇവിടും കൊണ്ടും അവസാനിച്ചില്ല ഭരണകൂടത്തിന്റെ ക്രൂരത. മാധ്യമങ്ങള്‍ക്ക് ഗ്രാമത്തിലേക്ക് വിലക്കേര്‍പ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ തടഞ്ഞു. കുടുംബത്തെ ആകെ ഒറ്റപ്പെടുത്തി. അന്വേഷണം എസ്.ഐ.ടി ഏറ്റെടുത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ നീതി ഉറപ്പാക്കുമെന്ന് കുടുംബത്തെ അറിയിച്ചു. ജോലിയും പണവും വാഗ്ധാനം ചെയ്തു. പക്ഷേ അതൊന്നും വേണ്ടെന്നും നീതി മാത്രമാണ് ആഗ്രഹിക്കുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ മനോരമന്യൂസിനോട് വെളിപ്പെടുത്തി. 

ഈ ഒറ്റപ്പെടുത്തലിനിടയിലാണ് ജില്ലാ മജിസ്ട്രേട്ട് പി.കെ. ലക്സര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയത്. ആശങ്കപ്പെടുത്തുന്ന ആ ദൃശ്യങ്ങള്‍ പുറത്തുവന്നു.

നീതിക്കായി കേഴുന്ന കുടുംബത്തെ ഭീഷണിപ്പെടുത്തിയ മജിസ്ട്രേട്ടിന്റെ കസേരയ്‍ക്ക് ഇന്നും ഇളക്കം തട്ടിയിട്ടില്ല. നീതി നടപ്പാകണമെങ്കില്‍ ആദ്യം മജിസ്ട്രേട്ടിനെ മാറ്റണമെന്നാണ് കുടുംബത്തിന്റെ നിലപാട്. 

സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തെങ്കിലും ഒരു പുരോഗതിയുമുണ്ടായിട്ടില്ല. ഇപ്പോള്‍ പെണ്‍കുട്ടിയും ഇരയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നു. പൊലീസിന്റെ ഇടപെടലുകള്‍ നീതിയുടെ കിരണങ്ങള്‍ അകലെയാണെന്ന് സൂചനയാണ് നല്‍കുന്നത്. കോടതിയുടെ മേല്‍നോട്ടം കൂടി ഉണ്ടായാലേ കേസ് യഥാര്‍ഥ ലക്ഷ്യത്തിലെത്തുവെന്ന് കുടുംബവും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുന്നതിന്റെ കാരണവും ഇതല്ലാതെ മറ്റൊന്ന് അല്ല. 

ചിലസംഭവങ്ങള്‍ മാത്രമാണ് പൊതുശ്രദ്ധയിലേക്ക് എത്തപ്പെടുന്നത്. അപ്പോള്‍ നഷ്ടപരിഹാരത്തിന്‍റെ ലക്ഷങ്ങള്‍ കാണിച്ച് ഭരണകൂടം അവരുടെ നഷ്ടത്തിന് വിലയിടും..പക്ഷേ പൊലീസും സര്‍ക്കാരും ഒാര്‍ക്കണം നികുതിപ്പണം വികസനത്തിന്‍റെ പേരില്‍ ധൂര്‍ത്ത് കാണിക്കാന്‍ മാത്രമല്ല...ജനത്തിന്‍റെ , പാവപ്പെട്ടവന്‍റെ ജീവനും സ്വത്തിനും സുരക്ഷ ഉറക്കാപ്പാന്‍ കൂടിയാണ്...അല്ലാതെ മരണ ശേഷം പ്രഖ്യാപിക്കുന്ന ലക്ഷങ്ങളില്‍ തീരില്ല നിങ്ങളുടെ ഉത്തരവാദിത്വം.

CRIME STORY
SHOW MORE
Loading...
Loading...