മൂന്നാഴ്ച്ച; എട്ട് കൊലപാതകം; ചോരക്കളമാകുന്ന തൃശൂർ; നടുക്കും കഥ

crime-new
SHARE

നിയമത്തെ നോക്കുകുത്തിയാക്കി അക്രമികള്‍ തന്നെ കടംവീട്ടാനും ശിക്ഷിക്കാനും തുടങ്ങിയിരിക്കുന്നു. കൊലപാതകത്തിലെ പ്രതികളെ ഇരകളുടെ സുഹൃത്തുക്കള്‍ തന്നെ അരിഞ്ഞുവീഴ്ത്തുന്നു.....കൊലപാതകത്തിന് രാഷ്ട്രീയനിറം കലര്‍ത്താന്‍ ചിലര്‍ രംഗത്തിറങ്ങിയതോടെ തൃശൂര്‍ ജില്ലകൊലക്കളമായി മാറിക്കഴിഞ്ഞു..മൂന്നാഴ്ചക്കിടെ എട്ടുകൊലപാതകങ്ങളാണ് ജില്ലയില്‍ അരങ്ങേറിയത്...കൊല്ലപ്പെട്ടവരില്‍    പലരും കൊലക്കേസിലെ പ്രതികളും...

 ഓരോ രാത്രികളും ഭയപ്പാടോടെ ജനം തള്ളിനിക്കിയിരുന്ന കാലം കഴിഞ്ഞു....രാത്രിയെന്നേ പകലെന്നോ വ്യത്യാസമില്ലാതെ എതിരാളിയെ ആളുകള്‍ നോക്കിനില്‍ക്കെ അരിഞ്ഞുതള്ളുന്നതാണ് തൃശൂരിലെ നിലവിലെ കൊലപാതക രീതി...പ്രതികാരത്തിനായി ആസൂത്രണം ചെയ്ത നടപ്പാക്കിയിരുന്ന കൊലപാതകങ്ങള്‍ ഇപ്പോള്‍ ഏതുനിമിഷം വേണമെങ്കിലും നടക്കുമെന്നായതോടെ പൊലീസിനും കൈവിട്ടു കാര്യങ്ങള്‍ ...തൃശൂര്‍ ജില്ലയില്‍ നാടും നഗരമെന്നോ വ്യത്യാസമില്ലാതെ കൊലയാളികള്‍ വിലസുകയാണ്..വടിവാളും മറ്റ് മാരകആയുധങ്ങളുമായി കറങ്ങിനടക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെ ഭീതിയിലാണ് ജനം...

തൃശൂരിനെ  ചോരപ്പുഴയാക്കി ക്രിമിനലുകള്‍ മുന്നോട്ടുപോകുന്നു... . മൂന്നാഴ്ചയ്ക്കിടെ തൃശൂര്‍ ജില്ലയില്‍ കൊലപാതകത്തിന് ഇരയായത് എട്ടുപേരാണ്....  കൊല്ലപ്പെട്ടവരില്‍ യുവാക്കളുണ്ട്. സ്ത്രീകളുണ്ട്. മുതിര്‍ന്ന പ്രായക്കാരുണ്ട്. ഓരോ കൊലപാതകത്തിനും ഓരോ കാരണങ്ങള്‍. കൊലക്കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കം പിടികൂടി പൊലീസ് കര്‍ശന നടപടി തുടരുന്നുണ്ട്. പക്ഷേ, കൊലക്കത്തികള്‍ താഴുന്നില്ല. പക തീര്‍ക്കാന്‍ അരിഞ്ഞു വീഴ്ത്തുകയാണ്. പട്ടാപകല്‍ ആളുകള്‍ നോക്കിനില്‍ക്കെ നടുറോഡില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നതാണ് ഏറ്റവും ഞെട്ടിച്ച കൊലപാതകങ്ങളില്‍ ഒന്ന്. തൃശൂര്‍ സിറ്റി, റൂറല്‍ പരിധികളില്‍ അരങ്ങേറിയ കൊലപാതകങ്ങളില്‍ പ്രതികള്‍ക്കു പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ്, നിയമ സംവിധാനങ്ങള്‍ക്കു കഴിഞ്ഞേക്കാം. ഏഴു കൊലപാതകങ്ങളിലും കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും പ്രതികളുടെ മനസിലെ പക എല്ലായിടത്തും ഒരേപോലെ തന്നെയാണ്. തൊണ്ണൂറുകളില്‍ തൃശൂരില്‍ ഗുണ്ടാസംഘങ്ങളുടെ ചേരിപ്പോരില്‍ പിടഞ്ഞു വീണത് ഒരു കൂട്ടം ചെറുപ്പക്കാരാണ്. ഗുണ്ടായിസം അന്ന് അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. പക്ഷേ, ഇന്ന് അതല്ല സ്ഥിതി. കസ്റ്റഡി മരണങ്ങളില്‍ കര്‍ശന നടപടി വന്നതോടെ പൊലീസ്  സ്റ്റേഷനുകളിലെ മൂന്നാംമുറയും മര്‍ദ്ദനവും ഏറെക്കുറെ അവസാനിച്ച മട്ടാണ്. ക്രിമിനല്‍ സംഘങ്ങള്‍ ഇതൊരു താപ്പായി എടുത്തു. ഏറ്റവും അവസാനം നടന്ന തൃശൂര്‍ അന്തിക്കാട്ടെ കൊലപാതകം ഇതിന് ഉദാഹരണമാണ്. 

ദിവസങ്ങള്‍ നീണ്ട ആസൂത്രണം. കൊല്ലാന്‍ പോകാനായി കാര്‍ വാടകയ്ക്കെടുത്തു. എതിരാളിയെ നിരീക്ഷിച്ചു. പിന്‍തുടര്‍ന്നു. കൊലയാളി സംഘത്തിന് പകലും രാത്രിയൊന്നും ഒരു പ്രശ്നമല്ല. തൃശൂര്‍ അന്തിക്കാട് നടുറോഡില്‍ കൊല്ലപ്പെട്ടത് ഇരുപത്തിയെട്ടുകാരനായ നിധിലാണ്. ബി.ജെ.പി. പ്രവര്‍ത്തകനാണ് നിധിലെങ്കിലും കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ദീപക്, ആദര്‍ശ് കൊലക്കേസുകളില്‍ പങ്കുള്ള സംഘവുമായി നിധിലുള്ള ബന്ധമാണ് കൊലയില്‍ കലാശിച്ചത്. ആദര്‍ശ് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി നാട്ടില്‍ എത്തിയ നിധിലിനെ കാത്തിരുന്നത് കൊലക്കത്തിയാണ്. 

കൊലയാളികള്‍ വന്ന കാര്‍ തകരാറിലായി. രക്ഷപ്പെടാന്‍ വണ്ടിയില്ല. നിധിലിന്റെ ചോര പുരണ്ട ആയുധങ്ങളുമായി അക്രമി സംഘം നടുറോഡില്‍ ഇറങ്ങി നിന്ന് കാറിനു കൈ കാട്ടി. കാറോടിച്ചിരുന്ന കാറ്ററിങ് സ്ഥാപന ഉടമ വണ്ടി നിര്‍ത്തി കൈക്കൂപ്പി ഇറങ്ങിയോടി. വണ്ടി വേണേല്‍ എടുത്തോ.. ഉപദ്രവിക്കരുതെന്ന് ആ വണ്ടിയുടമ അക്രമികളോട് പറഞ്ഞു. (( ഓഡിയോ ഉണ്ട് അത് വേണേല്‍ ഉപയോഗിക്കാം. വാട്സാപ്പില്‍ അയയ്ക്കാം)) . പിന്നാലെ വന്ന ഒരു ബൈക്കും അക്രമികള്‍ തട്ടിയെടുത്തു. ഒരു കൊച്ചുഗ്രാമ പ്രദേശത്താണ് കൊല നടന്നത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലം. കൊലപാതകത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്ന ഗ്രാമവാസികള്‍ ഇപ്പോഴും ഞെട്ടലിലാണ്. നിധിലിന്റെ കൊലാപതകത്തില്‍ സി.പി.എമ്മിന ്പങ്കുണ്ടെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. കണ്ണൂരിലെ കൊലക്കേസ് പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ ജിജോ തില്ലങ്കേരിയുടെ എഫ്.ബി. പോസ്റ്റാണ് അതിനു തെളിവായി ബി.ജെ.പി ഉയര്‍ത്തികാട്ടിയത്. മൂന്നു ദിവസത്തിനകം തൃശൂരില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത ഉണ്ടെന്നായിരുന്നു പോസ്റ്റ്. 

കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി പ്രസ്താവനയിറക്കി. ബി.ജെ.പിയുടെ ബാലിശമായ ആരോപണങ്ങളാണിതെന്ന് സി.പി.എം. വിശദീകരിച്ചു. അന്തിക്കാട് പൊലീസ് സ്റ്റേഷന്‍ പരിധി കുപ്രസിദ്ധ ക്രിമിനല്‍ സംഘത്തിന്റെ വിളയാട്ടമുള്ള പ്രദേശങ്ങളാണ്. അഞ്ചു പഞ്ചായത്തുകളുണ്ട് ഈ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍. പെരിങ്ങോട്ടുകരയില്‍ ഒരു പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇപ്പോഴും ഫയലില്‍ ഉറങ്ങുന്നു. പെരിങ്ങോട്ടുകര, താന്ന്യം, ചാഴൂര്‍, അന്തിക്കാട് മേഖലയിലെ ഗുണ്ടായിസമാണ് തൃശൂരിന്റെ വലിയ തലവേദന. കൊള്ളപലിശയ്ക്കു പണം കൊടുക്കുന്ന ഒട്ടേറെ സംഘങ്ങളുണ്ട്. ഇവരുടെ വായ്പ തുക പിരിച്ചെടുക്കാന്‍ ഏല്‍പിക്കുന്നത് ഗുണ്ടാസംഘങ്ങളെയാണ്. പണം പലിശ സംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതാണ് പ്രശ്നം. ഇതിനെല്ലാം പുറമെ ക്രിമിനല്‍ സംഘങ്ങള്‍ കഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇവരെ, അമര്‍ച്ച ചെയ്യാന്‍ നിമയത്തിന്റെ വഴി മാത്രമാണ് പൊലീസ് ഇപ്പോള്‍ സ്വീകരിക്കുന്നത്. കൊലക്കേസില്‍ പിടിക്കപ്പെട്ടാലും പൊലീസിന്റെ അടി കിട്ടില്ലെന്ന് മനസിലായതോടെ ഗുണ്ടാസംഘങ്ങള്‍ തേര്‍വാഴ്ച തുടരുന്നു. 

കുന്നംകുളം പുതുശേരിയിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു പി.യു.സനൂപ്. ഇരുപത്തിയാറു വയസുകാരന്‍. അവിവാഹതന്‍. സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകന്‍. ഡിവൈ.എഫ്.ഐയിലും സജീവമായിരുന്നു. സനൂപിന്റെ സുഹൃത്തായി ചിറ്റിലങ്ങാട് സ്വദേശി മിഥുനിനെ ഒരുസംഘം യുവാക്കള്‍ മര്‍ദ്ദിച്ചു. ഈ പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ സനൂപും കൂട്ടരും ചിറ്റിലങ്ങാട് എത്തിയതായിരുന്നു. അവിടുത്തെ യുവാക്കളുമായി സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ്, സനൂപ് ഉള്‍പ്പെടെ നാലു പേര്‍ക്ക് കുത്തേറ്റത്. 

വയറിനും നെഞ്ചിനും ഇടയിലായി ആഴത്തിലുള്ള കുത്തേറ്റതോടെ ചോര വാര്‍ന്ന് സനൂപ് കൊല്ലപ്പെട്ടു. യുവാക്കളുടെ രാഷ്ട്രീയ അനുഭാവം ഏറെ ചര്‍ച്ചയായി. ആര്‍.എസ്.എസ്., സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി എ.സി.മൊയ്തീന്‍ ആരോപിച്ചു.എന്നാല്‍, പൊലീസാകട്ടെ കൊലപാതകത്തില്‍ രാഷ്ട്രീയം ഉണ്ടെന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല.

സി.പി.എം. പ്രവര്‍ത്തകനായ മിഥുന്‍ വേഗത്തില്‍ ബൈക്ക് ഓടിച്ചതിനെ നാട്ടിലെ ഒരു സംഘം യുവാക്കള്‍ ചോദ്യംചെയ്തിരുന്നു. മാത്രവുമല്ല, ഈ സംഘം മിഥുനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ പേരിലുള്ള സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസ് ഭാഷ്യം. അല്ലാതെ, രാഷ്ട്രീയ കാരണങ്ങള്‍ കൊലയ്ക്കു പിന്നില്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. കൊലയാളി സംഘത്തിലെ ആറു പേരേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. സംഘര്‍ഷത്തിനിടെ പരുക്കേറ്റ പ്രതികളും സ്വകാര്യ ആശുപത്രിയില്‍ അന്നുതന്നെ ചികില്‍സ തേടിയിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തെളിവായി ശേഖരിച്ചു. സനൂപിന്‍റെ കൊലക്കേസില്‍ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. പുതുശേരിയിലെ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു സനൂപ്. വേര്‍പാട് അന്നാട്ടിലെ യുവാക്കള്‍ക്കിടയില്‍ വലിയ രോഷമുണ്ടാക്കിയിട്ടുണ്ട്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു തൃശൂര്‍ എളനാട് സ്വദേശിയായ സതീഷ്. നാട്ടുകാരായ ശ്രീജിത്തിനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതി. ആള്‍താമസമില്ലാത്ത വീടിന്‍റെ വരാന്തയിലിരുന്ന് മദ്യപിക്കുകയായിരുന്നു സതീഷ്. പോക്സോ കേസില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം നാട്ടില്‍ അങ്ങനെ വരാറില്ലായിരുന്നു. പിറ്റേന്നു രാവിലെ, വെട്ടിനുറുക്കിയ നിലയിലായിരുന്നു സതീഷിന്റെ മൃതദേഹം. മണിക്കൂറുകള്‍ക്കുള്ളില്‍ കൊലയാളിയെ പൊലീസ് പിടികൂടി. സതീഷ് നേരത്തെ വെട്ടിപരുക്കേല്‍പിച്ച അയല്‍വാസി ശ്രീജിത്തായിരുന്നു കൊലയാളി. അക്രമത്തിനിരയായതിന്റെ പക ശ്രീജിത്ത് തീര്‍ത്തതായിരുന്നു. മദ്യപിച്ച് ഉറങ്ങുകയായിരുന്ന സതീഷിനെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലപ്പെട്ട സതീഷ് ക്രിമിനല്‍ കേസ് പ്രതിയായതിനാല്‍ നിരവധി പേര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. ഈ കുടിപ്പക തീര്‍ക്കാന്‍ ഇറങ്ങിയതോടെ സതീഷും കൊലക്കത്തിയ്ക്കിരയായി. 

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പൊരിബസാറിലെ വാടകവീട്ടിലായിരുന്നു നാല്‍പത്തിയെട്ടുകാരന്‍ രാജേഷിന്‍റെ മരണം. ഒപ്പം താമസിച്ചിരുന്ന അരുണായിരുന്നു കൊലയാളി. ഇരുവരും വീട്ടുകാരുമായി അകന്നു കഴിയുന്നവര്‍. വീട്ടില്‍ ഭക്ഷണം വയ്ക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അരുണിന്‍റെ മര്‍ദ്ദനമേറ്റ് രാജേഷ് കൊല്ലപ്പെട്ടു. കുഴഞ്ഞുവീണ് മരിച്ചതായി അരുണ്‍തന്നെ പൊലീസിനെ വിവരമറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും ഇതൊരു കൊലപാതകമാണെന്ന് പൊലീസ് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറാണ് കൊലയുടെ ചുരുളഴിച്ചത്. മര്‍ദ്ദനമേറ്റ് രാജേഷിന് ആന്തരികരക്തസ്രാവമുണ്ടായിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളികളായിരുന്നു ഇരുവരും. ഭക്ഷണം ആരുവയ്ക്കുമെന്നതായിരുന്നു തര്‍ക്കം. ഇതിന്റെ പേരില്‍ പരസ്പരം കലഹിച്ചതോടെ ഏറ്റുമുട്ടലായി. അവസാനം, മരണവും സംഭവിച്ചു. അരുണിനെതിരെ കൊലക്കുറ്റം ചുമത്തി ജയിലിലടച്ചു. 

തൃശൂരില്‍ ഡെന്റല്‍ ഡോക്ടറെ കുത്തിക്കൊന്നത് ഇന്റീരിയര്‍ ഡിസൈനര്‍ മഹേഷായിരുന്നു. മൂവാറ്റുപുഴ സ്വദേശിനിയായ ഡെന്റല്‍ ഡോക്ടര്‍ സോനയെ തൃശൂര്‍ കുട്ടനെല്ലൂരിലെ ക്ലിനിക്കിലാണ് കുത്തിവീഴ്ത്തിയത്. ഡെന്റല്‍ ക്ലിനിക്കിന്റെ ഇന്‍റീരിയര്‍ ഡിസൈനിങ്ങിനായി വന്‍തുക ഈടാക്കിയിരുന്നു. ഈ തുക തിരിച്ചുപിടിക്കാന്‍ ഡോക്ടര്‍ പൊലീസിന് പരാതി നല്‍കി. ഇതിന്റെ വൈരാഗ്യമായിരുന്നു കൊലയ്ക്കു കാരണം. ഡെന്റല്‍ ക്ലിനിക്കിലേക്ക് സുഹൃത്തുക്കളുമായാണ് പ്രതി മഹേഷ് എത്തിയത്. മധ്യസ്ഥ ചര്‍ച്ച നടത്താമെന്ന വ്യാജേനയായിരുന്നു വരവ്. ഡോക്ടറാകട്ടെ ബന്ധുക്കളെ വിളിച്ചു വരുത്തിയിരുന്നു. ഇരുകൂട്ടരും രണ്ടു മണിക്കൂറോളം ചര്‍ച്ച നടത്തിയിട്ടും പരിഹാരമുണ്ടായില്ല. ഇതിനു പിന്നാലെയാണ്, ആളുകള്‍ നോക്കിനില്‍ക്കെ ഡോക്ടറെ കുത്തിയത്. വയറില്‍ കുത്തേറ്റ് ഒരാഴ്ചയോളം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതിനിടെ, ഡോക്ടര്‍ മരിച്ചു. സംഭവത്തിനു ശേഷം കാര്‍ ബന്ധുവീട്ടില്‍ ഉപേക്ഷിച്ച് മുങ്ങിയ പ്രതി തൃശൂര്‍ ജില്ലയില്‍തന്നെ പലയിടങ്ങളിലും ഒളിവില്‍ കഴി‍ഞ്ഞു. ബസ് സ്റ്റാന്റഡുകളിലും മറ്റുമാണ് രാത്രി നേരം ചെലവിട്ടത്. അവസാനം പിടിയിലായി.

സോനയും ഭര്‍ത്താവും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. അഞ്ചു വയസുള്ള മകളുണ്ട് സോനയ്ക്ക്. മഹേഷാകട്ടെ അവിവാഹിതനായിരുന്നു. ക്ലിനിക്കിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങുമായി ബന്ധപ്പെട്ട ശേഷം ഇരുവരും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് പ്രതി മഹേഷ് ഡോക്ടറുടെ പണം കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു. പന്ത്രണ്ടു ലക്ഷം രൂപയോളം പ്രതി കടം വാങ്ങിയിരുന്നു.

തൃശൂര്‍ ഒല്ലൂരിലെ പ്രഭാത സവാരിക്കിടെയാണ് അറുപതുകാരന്‍ ശശിയ്ക്കു കുത്തേറ്റത്. ശശിയുടെ സഹോദരന്റെ കൊച്ചുമകനും സുഹൃത്തുക്കളുമായിരുന്നു ആക്രമിച്ചത്. വളര്‍ത്തുനായയുടെ കൂട് സ്ഥാപിച്ചതിനെ ചൊല്ലി രണ്ടു കുടുംബങ്ങളും തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ വൈരാഗ്യമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പത്തൊന്‍പതും ഇരുപതും വയസുള്ളവരാണ് അറസ്റ്റിലായ അഞ്ചു പ്രതികളും. മരിച്ച ശശിയ്ക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. യുവാക്കള്‍ സ്വന്തം നിലയില്‍ നിയമം കയ്യിലെടുത്ത് നടപ്പാക്കാന്‍ ഇറങ്ങിയതാണ് ഈ കൊലപാതകത്തില്‍ കലാശിച്ചത്. 

അടുത്ത് കാലത്തെ  കൊലപാതകങ്ങളിലെല്ലാം പ്രതികള്‍ ചെറുപ്പക്കാരാണ്...ഇരുപതില്‍ താഴെ വരെ പ്രായം........പ്രതികാരത്തിന്‍റെ കൊലപാതകങ്ങള്‍ മാത്രമല്ല വീട്ടിനുള്ളിലും കൊലപാതകങ്ങള്‍ക്ക് കുറവില്ല....മാളയിലെ റഹ്മത്തിന്‍റെ കൊലപാതകത്തിന്‍റെ കാരണങ്ങളും ജയില്‍ ഉദ്യോഗസ്ഥരുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട ഷെമീറിന്‍റെ മരണത്തിന് പിന്നിലെ വെളിപ്പെടുത്തലുകളും നോക്കാം.  ഇടവേളയ്ക്ക് ശേഷം... 

പലതരത്തിലുള്ള കൊലപാതകങ്ങളാണ് തൃശൂരില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍  പുറംലോകം അറിഞ്ഞത്.. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് മക്കളേയും കൂട്ടി യാത്രപോയ കഥയാണ് മാളയിലെ റഹ്മത്തിന്‍റെ  മരണത്തിലുള്ളത്....ദാമ്പത്യപ്രശ്നങ്ങളുടെ പരിഹാരം കൊലപാതകമാണെന്ന് ധരിച്ച കുറ്റവാളികളുടെ പട്ടികയിലെ ഒടുവിലത്തെ ആളാണ് ഷംസാദ്... 

തൃശൂര്‍ മാള പിണ്ടാണി സ്വദേശിനിയായ റഹ്മത്താണ് കൊല്ലപ്പെട്ടത്. മുപ്പതു വയസായിരുന്നു. ഭര്‍ത്താവ് പറവൂര്‍ വടക്കേക്കര സ്വദേശി ഷംസാദാണ് റഹ്മത്തിനെ കൊലപ്പെടുത്തിയത്. കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തി. ദാമ്പത്യ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. വെളുപ്പിനാണ് കൊല നടത്തിയത്. കൊലയ്ക്കു ശേഷം രണ്ടു മക്കളേയും കൂട്ടി പറവൂരിലെ സ്വന്തം വീട്ടിലേയ്ക്ക് ഷംസാദ് പോയി. ഭാര്യയെ കൊണ്ടുവന്നില്ലെന്ന് സ്വന്തം വീട്ടുകാരോട് പറഞ്ഞു. സംശയം തോന്നിയ വീട്ടുകാര്‍ മാള പിണ്ടാണിയിലെ വാടക വീടിന്റെ അയല്‍വാസികളെ അറിയിച്ചു. കൊല്ലപ്പെട്ടതായി നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടനെ പൊലീസിനെ അറിയിച്ചു. ഷംസാദിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 

പത്തു കിലോ കഞ്ചാവുമായാണ് തിരുവനന്തപുരം സ്വദേശി ഷെമീറിനേയും ഭാര്യയേയും രണ്ടു കൂട്ടുപ്രതികളേയും അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത പ്രതികളെ ജയിലിന്റെ കോവിഡ് കെയര്‍ സെന്ററിലേക്കാണ് കൊണ്ടുപോയത്. അവിടെവച്ച്, ക്രൂര മര്‍ദ്ദനത്തിനിരയായെന്ന് കൂട്ടുപ്രതികള്‍ മൊഴിനല്‍കി. ഷെമീര്‍ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മര്‍ദ്ദനമേറ്റാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. കണ്ടാലറിയാവുന്ന നാല് ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാണ് കൂട്ടുപ്രതികളുടെ മൊഴി. ഈ കേസില്‍ അന്വേഷണം തുടരുകയാണ്. അതേസമയം, കഞ്ചാവിനടിമയായ പ്രതി ഷെമീര്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചപ്പോള്‍ ബലംപ്രയോഗിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

ഒന്നിനു പുറകെ ഒന്നായി തൃശൂര്‍ ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഓരോന്നും ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ജനം ഭീതിയിലാണ്. രക്തചൊരിച്ചില്‍ തടയാന്‍ എന്താണൊരു പോംവഴിയെന്ന് ഇനിയും വ്യക്തമല്ല. കുറ്റകൃത്യം ചെയ്യാന്‍ യുവാക്കള്‍ക്ക് മടിയില്ലെന്ന് ഓരോ സംഭവങ്ങളും തെളിയിക്കുന്നു. ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാതെ നാട്ടില്‍ സമാധാനം പുലരില്ല. 

CRIME STORY
SHOW MORE
Loading...
Loading...