സാരിയില്‍ വര്‍ണവരകളായി രാമായണ കഥാസാരം

രാമായണത്തിന്റെ മുഴുവന്‍ കഥാസാരവും സാരിയില്‍ വര്‍ണങ്ങളാക്കി പാലക്കാട് സ്വദേശിനി പുഷ്പജ. ഇരുപത് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ വര പൂര്‍ത്തീകരിച്ചു. മഹാരാഷ്ട്രക്കാരുടെ ഇഷ്ടങ്ങളിലൊന്നായ വാര്‍ലി പെയിന്റാണ് പരീക്ഷിച്ചത്.

പുത്ര കാമേഷ്ടി യാഗം മുതല്‍ ശ്രീരാമ പട്ടാഭിഷേകം വരെ. രാമായണത്തിലെ ഓരോ ഏടും അത്രകണ്ട് പകര്‍ത്തിയിട്ടുണ്ട്. ഇരുപത്തി അഞ്ച് കഥ.  സാരിയില്‍ ഓരോന്നായി വര്‍ണമായി മാറിയപ്പോള്‍ രാമായണത്തിന്റെ താളുകളിലൂടെ കണ്ണോടിച്ചെത്തിയതിന്റെ അനുഭവം. ഇരുപത് ദിവസം കൊണ്ടാണ് പുഷ്പജ രാമായണ കഥ മികവുറ്റ വരയാക്കി മാറ്റിയത്. മഹാരാഷ്ട്രക്കാരുടെ സ്വന്തം വാര്‍ലി പെയിന്റാണ് ഉപയോഗിച്ചത്. വെറും മുപ്പത് രൂപ ചെലവില്‍. ഏകാഗ്രതയും അതിയായ ആഗ്രഹവുമുണ്ടെങ്കില്‍ മുന്‍ പരിചയമില്ലാത്തവര്‍ക്ക് പോലും ഇത് പരീക്ഷിക്കാവുന്നതാണ്. രാമനും  ലക്ഷ്മണനും സീതയും ഹനുമാനുമെല്ലാം ജീവനുറ്റ വരകളായി കണ്ണില്‍ തെളിയും. 

രാമായണ മാസത്തിലെ പ്രത്യേകത മനസിലാക്കി നിരവധി വീട്ടമ്മമാരാണ് വാര്‍ലി പെയിന്റിങിന് പിന്നിലെ കരവിരുത് കാണാനെത്തുന്നത്. ലളിതമായി അവര്‍ക്ക് വരയുടെ വഴികളും വര്‍ണ വൈവിധ്യവും കൈമാറാന്‍ പുഷ്പജ ശ്രമിക്കുന്നുണ്ട്.