Image: x (screen grab)
ഈ വർഷം ആദ്യം എത്യോപ്യൻ മലനിരകളിലെ പീഠഭൂമികളിൽ ജെലാഡ ബബൂണുകളെക്കുറിച്ച് (ഒരിനം കുരങ്ങുകള്‍) പഠിക്കാനിറങ്ങിയ ഗവേഷകര്‍ ഒരു കാഴ്ച കണ്ടു. രണ്ട് വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട മൃഗങ്ങൾ തമ്മിലുള്ള ഇണചേരല്‍. ഒരു കാളയും ആൺകഴുതയും. ആ ബന്ധമാണ് ഇന്ന് ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നത്. അവരുടെ സ്നേഹം കണ്ട് ആ ഗവേഷക സംഘം അവയ്ക്ക് 'അക്കില്ലസ്' എന്നും 'പാട്രോക്ലോസ്' എന്നും പേരിട്ടു. അവരെ നിരന്തരം നിരീക്ഷിക്കാന്‍ ആരംഭിച്ചു.
സ്നേഹ പ്രകടനം മാത്രമല്ല, ലൈംഗിക ബന്ധവും
അക്കില്ലസിനേയും പാട്രോക്ലോസിനേയും നിരീക്ഷിച്ചതില്‍ നിന്നും മാർച്ച് 6 മുതൽ 19 വരെയുള്ള കാലയളവിൽ കാള, ആൺകഴുതയുമായി 51 തവണ ഇണചേരാന്‍ ശ്രമിച്ചുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇതിൽ 34 തവണയും പെനട്രേഷൻ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാള മുകളിൽ കയറാൻ ശ്രമിക്കുമ്പോള്‍ കഴുത ഒരിക്കൽപ്പോലും ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നില്ല. കൂടാതെ പശുക്കളുമായി ഇണചേരുമ്പോൾ കാളകൾ പ്രകടിപ്പിക്കുന്ന സ്വഭാവങ്ങളും കാള കഴുതയോട് കാണിച്ചിരുന്നതായി പഠനത്തിന് നേതൃത്വം നൽകിയ ഇറ്റലിയിലെ പിസ സർവകലാശാലയിലെ ബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എലിസബെറ്റ പാലാഗി പറഞ്ഞു. ലൈംഗിക ബന്ധത്തിന് ശേഷം പരസ്പരം നക്കിയും ഉരസിയും സ്നേഹം പ്രകടിപ്പിക്കുന്ന രീതിയും ഇവയ്ക്കുണ്ടായിരുന്നു. ഏറെ രസകരമായ കാര്യം വ്യത്യസ്ത ഉടമകളാണ് ഇവയ്ക്കുള്ളത്. മേയാനായി കൊണ്ടുവരുമ്പോൾ മാത്രമാണ് കാളയും കഴുതയും പരസ്പരം കണ്ടിരുന്നത്. മേയുന്ന സ്ഥലങ്ങളില്‍ മറ്റ് മൃഗങ്ങളേക്കാൾ കൂടുതൽ സമയവും അക്കിലീസും പാട്രോക്ലസും ഒരുമിച്ചായിരുന്നു.
പലപ്പോളും വ്യത്യസ്ത സ്പീഷീസുകൾ തമ്മിലുള്ള ഇത്തരം പെരുമാറ്റങ്ങൾക്ക് പിന്നിൽ ഇണകളുടെ അഭാവം ഒരു കാരണമായി പറയാറുണ്ട്. എന്നാല്‍ ഇവിടെ ഇണകളുടെ കുറവുണ്ടായിരുന്നില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രദേശത്ത് ധാരാളം കാളകളും പശുക്കളും ആൺകഴുതകളും പെൺകഴുതകളും ഉണ്ടായിരുന്നു. എന്നിട്ടും അക്കില്ലസും പാട്രോക്ലോസും പരസ്പരം തിരഞ്ഞെടുക്കുകയായിരുന്നു. കൂടാതെ, സ്വന്തം സ്പീഷീസിൽപ്പെട്ട മറ്റു മൃഗങ്ങളോട് ഇവയ്ക്ക് ഇത്തരം സ്നേഹ പെരുമാറ്റങ്ങള്‍ കുറവുമായിരുന്നു.
മറ്റ് ആൺകഴുതകളോട് ബന്ധം സ്ഥാപിക്കാന്‍ കാള രണ്ട് തവണ ശ്രമം നടത്തിയിരുന്നെന്നും ഗവേഷകര്‍ കണ്ടെത്തി. എന്നാൽ മറ്റ് കഴുതകൾ കാളയെ അടുക്കാന്‍ അനുവദിച്ചിരുന്നില്ല. പാട്രോക്ലസാകട്ടെ ഇതിൽനിന്ന് തികച്ചും വ്യത്യസ്തമായാണ് പെരുമാറിയത്. അക്കിലീസ് മുകളിൽ കയറുമ്പോൾ ഒരിക്കലും ആക്രമണ സ്വഭാവമോ അസ്വസ്ഥതയോ പ്രകടിപ്പിച്ചില്ല. മറ്റ് കഴുതകളുമായി കാള ഇടപെടാൻ ശ്രമിക്കുമ്പോഴെല്ലാം പാട്രോക്ലസ് അടുത്തെത്തിയാൽ അക്കിലീസ് ആ ശ്രമം ഉപേക്ഷിച്ച് പാട്രോക്ലസിന്റെ അടുത്തേക്ക് മടങ്ങുകയും ചെയ്തു.
അസ്വഭാവികമായി കാണേണ്ടതില്ല
അക്കിലീസും പാട്രോക്ലസും തമ്മിലുള്ള ബന്ധത്തിന് പരിണാമപരമായ നേട്ടമോ ലക്ഷ്യമോ കണ്ടെത്താനായിട്ടില്ലെന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ ബയോളജി വിഭാഗം പോസ്റ്റ് ഡോക്ടറൽ ഗവേഷകയും പരിണാമ ജീവശാസ്ത്രജ്ഞയുമായ ഡോ. മട്ടിൽഡ ബ്രിൻഡിൽ പറയുന്നു. എന്നാൽ അതുകൊണ്ടുമാത്രം ഈ പെരുമാറ്റങ്ങളെ അസ്വാഭാവികമായി കാണേണ്ടതില്ലെന്നും അവർ പറയുന്നു. ഒരുപക്ഷേ അവർക്ക് പരസ്പരം ഇഷ്ടമായിരുന്നിരിക്കാമെന്നും ബ്രിൻഡിൽ പറഞ്ഞു. ഇരുവരുടേയും ബന്ധം എപ്പോൾ തുടങ്ങിയെന്ന് വ്യക്തമല്ല, എന്നാല്‍ അക്കിലീസിന്റെയും പാട്രോക്ലസിന്റെയും ഈ പെരുമാറ്റം പ്രദേശത്തെ ഇടയന്മാർക്ക് നേരത്തേ സുപരിചിതമായിരുന്നത്രേ.
ലൈംഗികതയിലെ വൈവിധ്യം
മനുഷ്യരല്ലാത്ത മറ്റ് ജീവികളുടെ ലൈംഗികതയുടെ യഥാർഥ വ്യാപ്തി മനസ്സിലാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പായാണ് പഠന റിപ്പോര്‍ട്ടിനെ കണക്കാക്കുന്നത്. മൃഗങ്ങളില്‍ പ്രത്യുൽപാദനത്തിനുവേണ്ടിയല്ലാത്ത ലൈംഗിക ബന്ധങ്ങളെ കുറിച്ച് വളരെ കുറച്ചുമാത്രമേ നമുക്കറിയൂ. പലപ്പോളും ഇത്തരം പെരുമാറ്റങ്ങൾ പ്രാധാന്യമില്ലാത്തതോ അസാധാരണമായതോ ആയാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവ രേഖപ്പെടുത്തപ്പെടാറില്ല. വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ജീവികൾ തമ്മിലുള്ള സ്വവർഗ ലൈംഗിക ബന്ധത്തെ കുറിച്ചുള്ള ഇത്തരം റിപ്പോർട്ടുകൾ ഈ വൈവിധ്യം മനസ്സിലാക്കാൻ നിർണായകമാണെന്നും ബ്രിൻഡിൽ കൂട്ടിച്ചേർത്തു.
അതേസമയം, മൃഗങ്ങളില്‍ ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ലൈംഗിക ബന്ധം പല സ്പീഷീസുകളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വ്യത്യസ്ത സ്പീഷീസുകൾ തമ്മിലുള്ള ഇത്തരമൊരു ബന്ധത്തിന്റെ കൃത്യമായ ഉദ്ദേശ്യമോ ജൈവശാസ്ത്രപരമായ കാരണങ്ങളോ ഒരൊറ്റ ഉദാഹരണത്തെ മാത്രം വെച്ച് ഉറപ്പിക്കാൻ കഴിയില്ലെന്നും പഠനസംഘം വ്യക്തമാക്കുന്നു. മൃഗങ്ങളുടെ സാമൂഹിക- ലൈംഗിക ബന്ധങ്ങളെക്കുറിച്ചുള്ള മനുഷ്യന്‍റെ പരമ്പരാഗത ധാരണകളെ പൊളിച്ചെഴുതുന്നതാണ് പ്രകൃതിയിലെ ഇത്തരം സവിശേഷതകള്‍.
അക്കിലീസും പാട്രോക്ലസും
പുരാതന ഗ്രീക്ക് ഇതിഹാസമായ ഹോമറിന്റെ ഇലിയഡിലെ രണ്ട് പ്രധാന കഥാപാത്രങ്ങളാണ് അക്കിലീസും പാട്രോക്ലസും. ഗ്രീക്ക് സൈന്യത്തിലെ ഏറ്റവും ശക്തനായ യോദ്ധാക്കളിലൊരാളാണ് അക്കിലീസ്. പാട്രോക്ലസാകട്ടെ അക്കിലീസിന്റെ ഏറ്റവും അടുത്ത സുഹൃത്തും വിശ്വസ്തനുമായ സഹചാരി. ഇരുവരും തമ്മിലുള്ളത് ആഴത്തിലുള്ള സ്നേഹവും ആത്മബന്ധവുമായാണ് ഇലിയഡിൽ അവതരിപ്പിക്കുന്നത്. ഹോമർ ഇവരെ പ്രണയിതാക്കളായി വ്യക്തമായി ചിത്രീകരിക്കുന്നില്ല. എന്നാല്‍ പിൽക്കാലത്തെ എഴുത്തുകാർ ഇവരുടെ ബന്ധത്തെ പ്രണയബന്ധമായും വ്യാഖ്യാനിച്ചിട്ടുണ്ട്. ഇവിടെ ഈ കാളയും കഴുതയും തമ്മിലുള്ള ആഴത്തിലുള്ള അടുപ്പമാണ് ഈ പേരുകൾ നൽകാൻ പ്രേരിപ്പിച്ചതെന്ന് പാലാഗി പറഞ്ഞു.
ഒടുവില്‍ വേര്‍പിരിയല്‍?
ഗവേഷകർ എത്യോപ്യ വിട്ടതിനുശേഷം, അക്കിലീസും പാട്രോക്ലസും മേയാറുണ്ടായിരുന്ന വയലിൽ ആവശ്യത്തിന് പുല്ലില്ലാതായതോടെ ഇടയന്മാർ ഇവയെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും തന്‍റെ വിദ്യാർഥികൾ ഇപ്പോൾ വീണ്ടും എത്യോപ്യയിലെത്തിയിട്ടുണ്ടെന്നും മാസങ്ങളായി വേർപിരിഞ്ഞുകഴിയുന്ന അക്കിലീസിനെയും പാട്രോക്ലസിനെയും വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് അവരെന്നും പാലാഗി പറഞ്ഞു. അതിന് സാധിച്ചാൽ വേർപിരിയലിനുശേഷവും അവരുടെ സ്നേഹം നിലനിന്നിട്ടുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.