മനുഷ്യദീർഘായുസ്സിന്‍റെ രഹസ്യം എന്താണ് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇന്ന് ലോകമെമ്പടുമുള്ള ശാസ്ത്രജ്ഞർ. ഇതിനായി 2026 ജൂണിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സഹോദരിമാരായി പ്രഖ്യാപിച്ച മൂന്ന് ബ്രസീലിയൻ വയോജനങ്ങളെയാണ് ഗവേഷകർ ഇപ്പോൾ നിരീക്ഷിക്കുന്നത്. റിയോ ഡി ജനീറോയിൽ താമസിക്കുന്ന സുലിന (103 വയസ്സ്), സൊറൈഡ് (104 വയസ്സ്), ലെവിറ്റ (109 വയസ്സ്) എന്നിവരാണത്.
പ്രായാധിക്യത്തിന്‍റെ ജീവശാസ്ത്രപരമായ കാരണങ്ങളെക്കുറിച്ച് പഠിക്കാൻ സാവോപോളോ സർവകലാശാലയിലെ ശാസ്ത്രജ്ഞയായ മയാന സാറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന 'ഡിഎൻഎ ലോഞ്ചെവോ പ്രോജക്റ്റ്' (DNA Longevo Project) എന്ന ഗവേഷണത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായമേറുമ്പോഴും ചില ആളുകൾക്ക് എങ്ങനെയാണ് ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ കഴിയുന്നത് എന്ന് മനസ്സിലാക്കുകയാണ് ഈ പഠനത്തിന്‍റെ പ്രധാന ലക്ഷ്യം.
പഠനത്തിനായി സഹോദരിമാരുടെ ഡിഎൻഎ പരിശോധനയിലൂടെ വാർദ്ധക്യത്തെ പ്രതിരോധിക്കുന്ന പ്രൊട്ടക്ടീവ് ജീനുകളെ (protective genes) കണ്ടെത്താനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. ദീർഘായുസ്സിന് പരിസ്ഥിതിയേക്കാളും ജീവിതരീതിയേക്കാളും കൂടുതൽ സ്വാധീനം ചെലുത്തുന്നത് പാരമ്പര്യമായി ലഭിക്കുന്ന ജനിതക ഘടകങ്ങളാണെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. എന്നാൽ, ഈ സഹോദരിമാർ പറയുന്നത്, തങ്ങളുടെ കുട്ടിക്കാലം മുതലുള്ള ജീവിതശൈലിയും പുഴയിലെ നീന്തലും മീൻപിടിത്തവും നാടൻ ഭക്ഷണരീതിയുമാണെന്നാണ്.
മാത്രമല്ല, ഇവർ ഒരേ പ്രദേശത്ത് ഒരുമിച്ച് താമസിക്കുന്നതിനാൽ പരസ്പരം ലഭിക്കുന്ന കുടുംബത്തിന്‍റെ പിന്തുണയും സ്നേഹവുമെല്ലാം ഇവരുടെ ആരോഗ്യത്തെ സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും, ജീവിത ശൈലിക്കപ്പുറം ഹൃദയം, പേശികൾ, തലച്ചോറിന്റെ പ്രവർത്തനം എന്നിവയെ വാർദ്ധക്യ സഹജമായ തകരാറുകളിൽ നിന്ന് സംരക്ഷിക്കാൻ ജനിതക ഘടകങ്ങൾ എങ്ങനെ സഹായിക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കാനാണ് ഇപ്പോൾ ഗവേഷകർ ശ്രമിക്കുന്നത്. ഇതിലൂടെ നൂറ് വയസ്സ് പിന്നിട്ട അഞ്ഞൂറോളം ആളുകളെ പഠനവിധേയമാക്കി ദീർഘായുസ്സിനെക്കുറിച്ച് കൂടുതൽ കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നുണ്ട്.