ആഗോളതലത്തിൽ തന്നെ ഭീതി പടർത്തിയിരിക്കുന്ന എബോള വൈറസ് രോഗബാധയ്ക്കും സ്മാർട്ട്ഫോൺ അടങ്ങുന്ന സാങ്കേതിക വിദ്യകൾക്കും തമ്മിൽ ബന്ധമുണ്ടെന്ന് തോന്നുന്നുണ്ടോ? ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ദി ഗാർഡിയന്റെ റിപ്പോർട്ട് പറയുന്നത്. പക്ഷേ, എങ്ങനെയാണ് സ്മാർട്ട്ഫോൺ ഉപയോഗം ഒരു വൈറസിനെ കൊണ്ടുവരുന്നത്?
സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ കൊബാൾട്ട്, കൊൾട്ടാൻ, സ്വർണം തുടങ്ങിയ വിലപിടിപ്പുള്ള ധാതുക്കൾക്കായി ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ വനമേഖലകളിൽ വലിയ ഖനന പ്രവർത്തനങ്ങളാണ് കാലങ്ങളായി നടന്നുവരുന്നത്.
എന്നാൽ, ആഗോളതലത്തിൽ ആധുനിക സാങ്കേതിക വിദ്യകൾക്കായുള്ള ഡിമാൻഡ് കുതിച്ചുയർന്നതോടെ, കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലുള്ള മോങ്ബ്വാലു പോലുള്ള വനപ്രദേശങ്ങളിൽ വൻതോതിൽ നിയമവിരുദ്ധവും അശാസ്ത്രീയവുമായ ഖനന പ്രവർത്തനങ്ങൾ രാജ്യാന്തര ലോബികൾ നടത്തുന്നുണ്ട്. ഇതിനായി വനങ്ങൾ വ്യാപകമായി വെട്ടിമാറ്റിയതോടെ എബോള വാഹകരായ 'ഫ്രൂട്ട് വവ്വാലുകളുടെ' ആവാസവ്യവസ്ഥ പൂർണമായും തകർന്നു. ഇതോടെ കാടുകളിൽ കഴിഞ്ഞിരുന്ന ഈ വവ്വാലുകൾ വൻതോതിൽ മനുഷ്യവാസമുള്ള ഖനന ക്യാമ്പുകളിലേക്ക് കൂട്ടത്തോടെ എത്തിത്തുടങ്ങി.
തന്മൂലം വനത്തിനുള്ളിൽ ജോലി ചെയ്യുന്ന ഖനന തൊഴിലാളികൾ ഈ വവ്വാലുകളുമായി ഇടപഴകാനുള്ള സാധ്യത ഉയരുന്നു. വവ്വാലുകൾ ഭാഗികമായി കടിച്ച പഴങ്ങളിലൂടെയോ അവയുടെ സ്രവങ്ങളിലൂടെയോ ഖനന തൊഴിലാളികളിലേക്ക് വൈറസ് അതിവേഗം പടരും. ശ്വാസകോശത്തെയും ആന്തരികാവയവങ്ങളെയും ബാധിച്ച് രക്തസ്രാവമുണ്ടാക്കുന്ന ഈ രോഗം മൂലമുള്ള മരണനിരക്ക് 90 ശതമാനത്തിലെത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ, ഖനന മേഖലകളിലുള്ള താൽക്കാലിക ജനവാസ കേന്ദ്രങ്ങളിലെ മോശം ശുചിത്വസാഹചര്യങ്ങൾ ഒരു ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എബോള ബാധിതരായ തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നതോടെ രോഗവ്യാപനം അതിരൂക്ഷമായി കോംഗോയുടെ അതിർത്തികൾ പോലും കടന്ന് അയൽരാജ്യമായ ഉഗാണ്ടയിലേക്ക് വരെ വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. കേവലം മെഡിക്കൽ സജ്ജീകരണങ്ങൾ കൊണ്ടോ വാക്സിനേഷൻ കൊണ്ടോ മാത്രം ഈ മഹാമാരിയെ തടയാനാകില്ലെന്നും, സ്മാർട്ട്ഫോൺ കമ്പനികളുടെ അമിത ലാഭക്കൊതിക്ക് വേണ്ടി ആഫ്രിക്കൻ വനങ്ങളിൽ നടത്തുന്ന പരിസ്ഥിതി നാശവും വനനശീകരണവുമാണ് എബോളയുടെ യഥാർഥ കാരണമെന്നും ദി ഗാർഡിയൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.