burj-khalifa

TOPICS COVERED

അബുദാബിയും ഷാര്‍ജയും ഉള്‍പ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. നിരത്തുകളിലും ജനവാസ മേഖലകളിലും വെള്ളം കയറിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശക്തമായ മിന്നലുകളും യുഎഇയില്‍ അനുഭവപ്പെട്ടിരുന്നു. അത്തരത്തില്‍ ബുര്‍ജ് ഖലിഫയിലേല്‍ക്കുന്ന മിന്നല്‍ പിണരുകളുടെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദുബായ് മീഡിയ ഓഫീസും ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഒരേസമയം ഭയപ്പെടുത്തുന്നതും അതേസമയം തന്നെ അദ്ഭുതപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് ദുബായ് മീഡിയ ഓഫീസ് പങ്കുവച്ചിരിക്കുന്നത്. കാര്‍മേഘങ്ങള്‍ മൂടിനില്‍ക്കുന്ന നീലാകാശത്തിന്‍റെ പശ്ചാത്തലത്തില്‍ ബുര്‍ജ് ഖലീഫയുടെ മുകളില്‍ ഇടിമിന്നലേല്‍ക്കുന്ന ദൃശ്യങ്ങളാണിവ. ഒരു സിനിമയെന്നോണം പ്രകൃതി ഒരുക്കുന്ന ദൃശ്യവിരുന്ന്. എന്നാല്‍ ബുര്‍ജ് ഖലീഫയില്‍ മിന്നലേല്‍‌ക്കുന്നത് ഇതാദ്യമായല്ല. വർഷത്തിൽ ശരാശരി 10 തവണയെങ്കിലും ബുർജ് ഖലീഫയിൽ മിന്നലേൽക്കാറുണ്ട്. പക്ഷേ മിന്നലേൽക്കുന്ന സമയത്ത് കെട്ടിടത്തിനുള്ളിലുള്ളവർക്ക് അത് അനുഭവപ്പെടാറില്ല. ലിഫ്റ്റുകളും ലൈറ്റുകളും തടസ്സമില്ലാതെ പ്രവർത്തിക്കുകയും ചെയ്യും.

അപകടകരമായ മിന്നലുകള്‍ പതിച്ചിട്ടും എങ്ങനെയാണ് ബുര്‍ജ് ഖലീഫ കേടുപാടുകളൊന്നും സംഭവിക്കാതെ നിലനില്‍ക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് കാരണം കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്ന പ്രതിരോധ സംവിധാനങ്ങളാണ്. എന്തൊക്കെയാണ് അവ? അവ എങ്ങനെയാണ് ഈ ഭീമാകാരന്‍ കെട്ടിടത്തിന് സുരക്ഷാ കവചമൊരുക്കുന്നത്?

ബുര്‍ജ് ഖലീഫയ്ക്ക് ശക്തമായ ഒരു സ്റ്റീൽ ഫ്രെയിം ഉണ്ട്. അത് ഒരു കവചം പോലെ പ്രവർത്തിക്കുന്നു. ടവറിന്റെ മുകളിൽ ഇടിമിന്നല്‍ രക്ഷാകവചവുമുണ്ട്. പ്രത്യേക മിന്നൽ സംരക്ഷണ സംവിധാനമാണിത്. അതിനാൽ, മിന്നലുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ശക്തമായ വൈദ്യുത പ്രവാഹത്തെ ഈ മിന്നല്‍ രക്ഷാ ചാലകം ആകര്‍ഷിക്കുന്നു. മറ്റെവിടെങ്കിലും മിന്നല്‍ പതിക്കുന്നതിന് പകരം ഈ ചാലകത്തിലാണ് മിന്നല്‍ പതിക്കുന്നത്. ചാലകത്തില്‍ മിന്നലേല്‍ക്കുമ്പോളുണ്ടാകുന്ന വൻതോതിലുള്ള വൈദ്യുത പ്രവാഹം കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാതെ, പുറത്തെ സ്റ്റീൽ ചട്ടക്കൂടിലൂടെയും കണ്ടക്ടറുകളിലൂടെയും സുരക്ഷിതമായി താഴേക്ക് എത്തിക്കുന്നു. 

അതായത് ഈ സ്റ്റീല്‍ ചട്ടക്കൂടും മിന്നല്‍ ചാലകവും കെട്ടിടത്തിന് ചുറ്റും ഒരു സംരക്ഷണ കവചം പോലെ പ്രവർത്തിക്കും എന്നര്‍ഥം. താഴേക്ക് എത്തുന്ന വൈദ്യുതി, കെട്ടിടത്തിന്റെ അടിത്തറയിലുള്ള സംവിധാനത്തിലൂടെ ഭൂമിയിലേക്ക് സുരക്ഷിതമായി കടത്തിവിടുകയും ചെയ്യും. ഇതിലൂടെ കെട്ടിടത്തിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും ആളുകളും സുരക്ഷിതരായിരിക്കും. 

ENGLISH SUMMARY:

UAE heavy rain and lightning strikes have caused significant disruptions across various parts of the UAE, including Abu Dhabi and Sharjah, with visuals of submerged streets and residential areas circulating online. Remarkably, the Burj Khalifa has once again been struck by lightning, yet remains undamaged due to its advanced lightning protection system, which safely channels the electrical current into the ground.