യുഎസിലെ നെവാഡയിലെ മരുപ്രദേശത്ത് ഗ്രൂം തടാകക്കരയിലെ അതീവ സുരക്ഷാ വ്യോമസേനാ താവളമായ ഏരിയ 51ല്‍ അന്യഗ്രഹ ജീവികളെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടോ? വര്‍ഷങ്ങളായി ലോകം പലപ്പോഴായി ചോദിക്കുന്ന ചോദ്യമാണിത്. ഏരിയ 51ല്‍ അന്യഗ്രഹജീവികളുടെ മൃതദേഹങ്ങളും തകർന്ന ബഹിരാകാശ പേടകവും സൂക്ഷിച്ചിട്ടുണ്ടെന്ന് ഒരു വിഭാഗം ഗൂഢാലോചനാ സിദ്ധാന്തക്കാർ പ്രചരിപ്പിക്കുന്നുണ്ട്.
അതീവ രഹസ്യ സ്വഭാവമുള്ള ചാരവിമാനങ്ങളുടെ പരീക്ഷണ കേന്ദ്രമാണിതെന്നായിരുന്നു 2013-ൽ പുറത്തുവിട്ട സി.ഐ.എ രേഖകൾ വ്യക്തമാക്കുന്നത്.
ഏരിയ 51; ദുരൂഹതകളുടെ രഹസ്യകേന്ദ്രം
1954 ല്‍ സോവിയറ്റ് യൂണിയനെ വിമാനങ്ങളുപയോഗിച്ച് നിരീക്ഷിക്കാനായി 'യു2' പദ്ധതിക്ക് യുഎസ് രൂപം നൽകിയിരുന്നു. ഇതിന്റെ പരീക്ഷണങ്ങൾക്കുള്ള അതീവ രഹസ്യകേന്ദ്രമെന്ന രീതിയിലാണ് ഏരിയ 51 വികസിപ്പിച്ചത്. 30 ലക്ഷം ഏക്കർ വിസ്തീർണമുള്ള ഏരിയ 51ൽ 3.5 കിലോമീറ്റർ വരെ നീളമുള്ള റൺവേകളുമുണ്ട്. ഒരു ചെക് പോസ്റ്റിനപ്പുറത്തേക്ക് ആര്‍ക്കും പ്രവേശനമില്ലാത്ത ഇടം. കൂറ്റന്‍ കമ്പിവേലികള്‍, അത്യാധുനിക സെന്‍സറുകളടക്കമുള്ള സുശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍. എന്തിനേറെ യുഎസ് സര്‍ക്കാര്‍ മാപ്പുകളില്‍ പോലും അടയാളപ്പെടുത്താത്ത ഇടമാണ് ഏരിയ 51.
ഒബാമയും ഏലിയന്‍സും
പോഡ്‌കാസ്റ്റ് അവതാരകനായ ബ്രയാൻ ടൈലർ കോഹനുമായി മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ അഭിമുഖം കഴിഞ്ഞ ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ആ അഭിമുഖത്തില്‍ അന്യഗ്രഹ ജീവികള്‍ യഥാര്‍ഥത്തില്‍ ഉണ്ടോ അവരെ ഏരിയ 51ല്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന് അവതാരകന്‍ ചോദിച്ചിരുന്നു. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നായിരുന്നു ഒബാമയുടെ മറുപടി. ‘സൗരയൂഥത്തിന്റെ വലുപ്പവും മറ്റും കണക്കിലെടുക്കുമ്പോൾ അന്യഗ്രഹജീവികൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഉറപ്പു പറയാൻ ഞാൻ കണ്ടിട്ടില്ല. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ഒരു തെളിവും യുഎസ് പ്രസിഡന്റായിരുന്നപ്പോൾ ഞാൻ കണ്ടിട്ടില്ല’. ചോദ്യത്തിനുള്ള സ്വാഭാവിക മറുപടിയായിരുന്നു അതെങ്കിലും വലിയൊരു വെളിപ്പെടുത്തലായിരുന്നു ഒബാമ അതിലൂടെ നടത്തിയത്.
വലിയൊരു ഗൂഢാലോചനയിലൂടെ യുഎസ് പ്രസിഡന്റിൽ നിന്ന് ഈ വിവരം മറച്ചുവെച്ചാലല്ലാതെ ഏരിയ51ല്‍ അങ്ങനെയൊരു ഭൂഗർഭ കേന്ദ്രമില്ല എന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. 'എന്റെ ഭരണകാലത്ത് അന്യഗ്രഹജീവികൾ നമ്മളുമായി ബന്ധപ്പെട്ടതിന് ഒരു തെളിവും ഞാൻ കണ്ടിട്ടില്ല. സത്യമായും!' ഇങ്ങനെയൊരു വിശദീകരണവും ഒബാമ പിന്നീട് പങ്കുവച്ചു. പ്രപഞ്ചം വളരെ വലുതായതുകൊണ്ട് ഭൂമിക്കു പുറത്ത് ജീവനുണ്ടാകാനുള്ള സാധ്യത സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കൂടുതലാണെന്നും, അതിനാലാണ് അന്യഗ്രഹജീവികളുണ്ടെന്ന് വിശ്വസിക്കുന്നതെന്നും ഒബാമ വിശദീകരിച്ചു.
ഏലിയന്‍സിനെ തള്ളാതെ, ഒബാമയെ എതിര്‍ത്ത് ട്രംപ്
അന്യഗ്രഹജീവികളെക്കുറിച്ച് പരസ്യമായി സംസാരിച്ചതിലൂടെ മുൻ പ്രസിഡന്റ് ബറാക് ഒബാമ രഹസ്യവിവരങ്ങൾ അനുചിതമായി വെളിപ്പെടുത്തിയെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ഒബാമ ചെയ്തത് വലിയ തെറ്റാണെന്നും ട്രംപ് പറഞ്ഞു. ഒബാമയെക്കുറിച്ചുള്ള പരാമർശങ്ങൾക്കു പിന്നാലെ, അന്യഗ്രഹജീവികൾ ഉണ്ടെന്നതിന് താൻ തെളിവുകളൊന്നും കണ്ടിട്ടില്ലെന്നും അവ യാഥാർഥ്യമാണോ അല്ലയോ എന്ന് തനിക്കറിയില്ലെന്നും ട്രംപ് പറഞ്ഞു. തുടര്‍ന്നാണ് അന്യഗ്രഹജീവികളെയും തിരിച്ചറിയാനാവാത്ത പറക്കുംവസ്തുക്കളെയും (യുഎഫ്ഒ) സംബന്ധിച്ച സർക്കാർ രേഖകൾ പുറത്തുവിടാൻ ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.
വിഷയത്തിൽ വലിയ പൊതുതാൽപര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പ്രഖ്യാപനം. വിവരങ്ങൾ പുറത്തുവിടാൻ പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്തിനും മറ്റ് ഏജൻസികൾക്കും ഉത്തരവ് നൽകുമെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞു. ഈ വിഷയം 'അങ്ങേയറ്റം കൗതുകകരവും സുപ്രധാനവും' ആണെന്നും ട്രംപ് വ്യക്തമാക്കി. പെന്റഗൺ അന്വേഷണങ്ങൾ അജ്ഞാതപേടകങ്ങളെക്കുറിച്ച് യുഎസ് അന്വേഷണം ഈ അടുത്തകാലത്തൊന്നും തുടങ്ങിയതല്ല. പ്രോജക്ട് സൈൻ, ഗ്രജ്, ബ്ലൂബുക് തുടങ്ങിയ പദ്ധതികൾ ഇതിന്റെ ഭാഗമായിരുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇതിന്റെ തുടര്‍പദ്ധതിയാണ് യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ അഡ്വാൻസ്ഡ് എയ്റോസ്പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാം (ആറ്റിപ്). 2007ൽ തുടങ്ങിയ പദ്ധതി 2012ൽ അവസാനിച്ചു. ഇപ്പോഴും ഇതിന്റെ തുടർപദ്ധതികളുണ്ട്. ആറ്റിപ് മേധാവി ലൂയിസ് എലിസോണ്ടോ 2017ൽ രാജിവച്ചതോടെയാണ് പദ്ധതിയെപ്പറ്റി കൂടുതൽ വിവരങ്ങള്‍ പുറത്തറിഞ്ഞത്. അജ്ഞാത പേടകങ്ങളുടെ കാര്യത്തിൽ യുഎസ് സർക്കാർ രഹസ്യാത്മകത പുലർത്തുന്നെന്ന് എലിസോണ്ടോ വെളിപ്പെടുത്തി. മനുഷ്യവംശം ഒറ്റയ്ക്കല്ലെന്നതിനു വളരെ ശക്തമായ തെളിവുകൾ പദ്ധതിക്കു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞതും ചർച്ചാവിഷയമായി. അന്യഗ്രഹജീവികളുടെ ഭൂമിസന്ദർശനത്തിനു തെളിവില്ലെന്ന യുഎസ് പ്രതിരോധ വകുപ്പ്, പെന്റഗൺ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ 2022 ഡിസംബറില്‍ പുറത്തുവന്നിരുന്നു. ഓൾ ഡൊമെയ്ൻ എനോമെലി റെസെലൂഷൻ ഓഫിസ് എന്ന പ്രത്യേക വിഭാഗം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ, അന്യഗ്രഹജീവികൾ വന്നതിനു വിശ്വസനീയമായ തെളിവൊന്നും ഇതുവരെ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
2004നും 2021നും ഇടയിൽ 144 യുഎഫ്ഒ ( പറക്കുന്ന അജ്ഞാത വസ്തുക്കൾ) ദൃശ്യമായതായി യുഎസ് സർക്കാർ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇവ അന്യഗ്രഹജീവികളുണ്ടാകാനുളള സാധ്യത ഓൾ ഡൊമെയ്ൻ എനോമെലി റെസെലൂഷൻ ഓഫിസ് ഡയറക്ടർ ഷോൺ കേർക്പാട്രിക് തള്ളിക്കളയുന്നില്ല. ഇതിൽ ശാസ്ത്രീയ ഗവേഷണമാണു നടന്നുവരുന്നതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. കണ്ടതും കേട്ടതും യുഎസില്‍ മാത്രമല്ല, ഇന്ത്യയിലും ലോകത്തിന്റെ വിവധയിടങ്ങളിലും അന്യഗ്രഹ ജീവികളേയോ അവരുടെ പേടകങ്ങളേയോ (UFO) കണ്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. പക്ഷ, സ്ഥിരീകരിക്കാവുന്ന ഒരു തെളിവുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അന്യഗ്രഹ ജീവികളുണ്ടെന്ന് ഉറക്കെപ്പറഞ്ഞ വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്, മനുഷ്യരേക്കാളും സാങ്കേതികമായി വളരെയേറെ പുരോഗതി പ്രാപിച്ചതായിരിക്കാം അന്യഗ്രഹജീവികളെന്ന് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അന്യഗ്രഹ ജീവികളുണ്ടെന്ന് വിശ്വസിക്കുന്നവരില്‍ ഇലോണ്‍ മസ്കും സുനിത വില്യംസുമടക്കമുള്ളവരുണ്ട്. ‘ഞാന്‍ ഒരു ഏലിയന്‍ ആയിരിക്കാം’ എന്നു പറഞ്ഞ് ഇടയ്ക്കുവച്ച് ഇലോണ്‍ മസ്ക് ഞെട്ടിക്കാറുമുണ്ട്.
അങ്ങനെ വിഖ്യാത ശാസ്ത്രജ്ഞരും ബഹിരാകാശ സഞ്ചാരികളുമടക്കം അന്യഗ്രഹ ജീവികളെക്കുറിച്ചും പേടകങ്ങളെക്കുറിച്ചുമൊക്കെ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഇതുവരെ കണ്ട് സ്ഥിരീകരിക്കാനായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ തന്നെ ഏലിയന്‍സ് ഭൂമിയിലുണ്ടോ എന്ന ചോദ്യത്തിന് ഏരിയ 51ലേക്കാണ് പലരുടേയും നോട്ടം. അതിനെക്കുറിച്ചടക്കം യുഎസ് ഫെഡറല്‍ ഏജന്‍സികള്‍ പുറത്തുവിടാനിരിക്കുന്ന സർക്കാർ രേഖകളിലാണ് ഇനിയുള്ള പ്രതീക്ഷ.