penguin

TOPICS COVERED

വര്‍ഷം 2007, അന്‍റാര്‍ട്ടിക്കയിലെ മഞ്ഞില്‍ ജീവിക്കുന്ന പെന്‍ഗ്വിനുകളെ പറ്റിയുള്ള ഡോക്യുമെന്‍ററി ചിത്രീകരിക്കുകയാണ് ജര്‍മന്‍ ഫിലിം മേക്കറായ വെർണർ ഹെർസോഗും സംഘവും. കോളനിയില്‍ നിന്നും കടലിലേക്ക് പോവുകയാണ് ആറ് പെന്‍ഗ്വിനുകള്‍. ഒന്നിച്ച് ഒരു വരിയില്‍ നടന്നവരില്‍ നാല് പേര്‍ കടലിലേക്ക് പോയി. ഒരാള്‍ കോളനിയിലേക്ക് മടങ്ങി. നടുക്കു നിന്ന ശേഷിക്കുന്ന ഒരു പെന്‍ഗ്വിന്‍ ക്യാമറക്കണ്ണുകളിലുടക്കി. അത് വെള്ളത്തിലേക്കും പോയില്ല, ഉറ്റവരുള്ള കോളനിയിലേക്കും മടങ്ങിയില്ല. ഇരുവശത്തേക്കും നോക്കിയതിന് ശേഷം പിന്നിലുള്ള പര്‍വതനിരയിലേക്ക് നോക്കി, അവിടെ അതിന് ഭക്ഷണമില്ല, പാര്‍പ്പിടമില്ല, അതിജീവിക്കാനുള്ള സാധ്യത പോലുമില്ല. എങ്കിലും അത് പര്‍വതം ലക്ഷ്യമാക്കി ഓടി. ഒരു നിമിഷം പോലും പേടിച്ചില്ല, സംശയിച്ചില്ല. ഒരിക്കല്‍ മാത്രം തിരിഞ്ഞുനോക്കി, ഒരവസാന നോക്ക് പോലെ.. എന്നിട്ട് വീണ്ടും നടന്നു, അതിവേഗത്തില്‍. ഫിലിം ക്രൂ ആ പെൻഗ്വിനെ തടഞ്ഞില്ല, അതാണ് അവരുടെ നിയമം. അത് മഞ്ഞിലേക്ക് നടന്നു മറയുന്ന ദൃശ്യത്തോടെയാണ് ആ ഭാഗം അവസാനിച്ചത്.

വെർണർ ഹെർസോഗിന്റെ 2007-ലെ ‘എന്‍കൗണ്ടേഴ്​സ് അറ്റ് ദ് എന്‍ഡ് ഓഫ് ദ് വേള്‍ഡ്’ എന്ന ഡോക്യുമെന്ററിയിൽ നിന്നുള്ള ഈ ദൃശ്യം 2026ല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'നിഹിലിസ്റ്റിക് പെന്‍ഗ്വിന്‍' എന്നാണ് സോഷ്യല്‍ മീഡിയ അതിനെ വിളിക്കുന്നത്. ജീവിതത്തിന് പ്രത്യേകിച്ച് ലക്ഷ്യമോ അർഥമോ ഇല്ലെന്ന് വിശ്വസിക്കുന്ന ആശയമാണ് നിഹിലിസം (Nihilism). പെൻഗ്വിനുകൾക്ക് ഭക്ഷണവും വെള്ളവും ഇല്ലാതെ ഏകദേശം 70 കിലോമീറ്റർ ദൂരം നടക്കാൻ സാധിക്കില്ല. അതിനാൽ ഈ യാത്രയുടെ അവസാനം മരണം ഉറപ്പാണ്. സ്വന്തം വർഗ്ഗത്തോടും പ്രകൃതിയോടും കലഹിച്ച് എന്തിനാണ് ആ പെന്‍ഗ്വിന്‍ മരണത്തിലേക്ക് പോയത്?

ഇതിന് പിന്നില്‍ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്. പ്രായം കുറഞ്ഞ അല്ലെങ്കിൽ ആദ്യമായി പ്രജനനം നടത്തുന്ന പെൻഗ്വിനുകൾക്ക് ശരിയായ പാത തിരഞ്ഞെടുക്കുന്നതിൽ തെറ്റുകൾ സംഭവിക്കാറുണ്ട്. പ്രജനന സമയത്തോ മറ്റ് പരിസ്ഥിതി മാറ്റങ്ങൾ മൂലമോ ഉണ്ടാകുന്ന കടുത്ത മാനസിക സമ്മർദം കാരണം ചില പെൻഗ്വിനുകൾ തങ്ങളുടെ കൂട്ടത്തിൽ നിന്നും വേർപെട്ട് ഒറ്റപ്പെട്ട് പോകാൻ സാധ്യതയുണ്ട്. അല്ലെങ്കില്‍ ചിലപ്പോഴെങ്കിലും അവയുടെ ശരീരത്തിലെ ജൈവികമായ ഒരു "പ്രോഗ്രാം" തെറ്റായി പ്രവർത്തിക്കാം. ഇതോടെ മരണം മുന്നിലുണ്ടായിട്ടും ആ ദിശയിൽ തന്നെ ഉറച്ചുനിൽക്കുന്ന അവസ്ഥയിലേക്ക് അവ എത്തുന്നു. 

എന്നാല്‍ തന്‍റെ വിധി സ്വയം തിരഞ്ഞെടുത്ത നിഹിലിസ്റ്റിക് പെന്‍ഗ്വിനെ സോഷ്യല്‍ മീഡിയ വൈകാരികമായാണ് സമീപിക്കുന്നത്. ഒരിക്കല്‍ നമ്മളും ഇങ്ങനെ കൂട്ടത്തില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ലേ, ആരാലും തിരിച്ചുവിളിക്കപ്പെടാനില്ലാതെ, മനസിലാക്കപ്പെടാനില്ലാതെ, ഇനിയെന്ത് എന്ന് അറിയാതെ ഒറ്റയ്ക്ക് കൂട്ടം വീട്ട് പോയ ആ കാലത്തെ നിഹിലിസ്റ്റിക് പെന്‍ഗ്വിന്‍ ഓര്‍മിപ്പിക്കുന്നുണ്ടാവും. 

ചിലര്‍ അതില്‍ കണ്ടത് ഒഴുക്കിനെതിരെ നടന്ന ഒരാളെയാണ്. കൂട്ടത്തില്‍ നിന്ന് മാറിനടന്ന ധൈര്യമാണ്. സുരക്ഷയെക്കാള്‍ ഒരു അജ്ഞാത വിളിയെ തിരഞ്ഞെടുത്ത സ്വാതന്ത്ര്യമാണ്. കംഫര്‍ട്ട് സോണില്‍ ലക്ഷ്യമില്ലാതെ നില്‍ക്കുന്നതിനെക്കാളും നല്ലത് അതിന് പുറത്തേക്ക് ചാടുന്നതാണ്. അസാധ്യമായതിലേക്കാണ് ആ പെന്‍ഗ്വിന്‍ ഓടിക്കയറിയത്. അതിന് സുരക്ഷ ആയിരുന്നില്ല പ്രധാനം. ചില യാത്രകള്‍ ജീവിക്കാന്‍ വേണ്ടിയല്ല. സ്വയം കേള്‍ക്കാന്‍ വേണ്ടിയാണ്. അവ സുരക്ഷിതമാകണമെന്നില്ല. വിജയത്തിലേക്ക് എത്തണമെന്നില്ല. പക്ഷേ അവ നമ്മള്‍ തിരഞ്ഞെടുത്ത ചോയിസാണ്, നിഹിലിസ്റ്റിക് പെന്‍ഗ്വിനെ പോലെ.