ഇത്യോപ്യയിലെ ഹയ്‌ലി ഗബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചപ്പോള്‍ ഉണ്ടായ കരിമേഘ പടലം വിമാന സര്‍വീസുകള്‍ താറുമാറാക്കി. കൊച്ചിയിലേക്കുള്ളതടക്കം ഇന്ത്യയിലും നിരവധി സര്‍വീസുകള്‍ തടസപ്പെട്ടു. 1200 വര്‍ഷത്തിനിടെ ആദ്യമാണ് ഹയ്‌ലി ഗബ്ബി പൊട്ടിത്തെറിക്കുന്നത്. വിമാന സര്‍വീസുകളെ പ്രതിസന്ധിയിലാക്കിയ കരിമേഘ പടലം എന്താണ്?
അഗ്നിപര്‍വത സ്ഫോടനമുണ്ടാകുമ്പോള്‍ പുറത്തേക്ക് വമിക്കുന്ന കൂറ്റന്‍ പുകമേഘമാണ് കരിമേഘ പടലം. സാധാരണ മേഘങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂര്‍ത്ത പാറക്കഷണങ്ങള്‍, അഗ്നിപര്‍വതത്തില്‍ നിന്നുള്ള വാതകങ്ങള്‍, സിലിക്ക പോലെയുള്ള ധാതുക്കള്‍, ഘനീഭവിച്ച വാതകങ്ങള്‍ എന്നിവ കരിമേഘപടലങ്ങളില്‍ ഉണ്ട്.
എങ്ങനെയാണ് കരിമേഘ പടലം ഉണ്ടാകുന്നത്?
CAPTION CORRECTS HISTORY OF THE VOLCANO - In this photo released by the Afar Government Communication Bureau, people watch ash billow from an eruption of the long-dormant Hayli Gubbi Volcano in Ethiopia's Afar region, Sunday, Nov. 23, 2025. (Afar Government Communication Bureau via AP)
അഗ്നിപര്‍വത സ്ഫോടനമുണ്ടാകുമ്പോള്‍ പാറയും ദ്രാവക രൂപത്തിലുള്ള ലാവയും അതിസൂക്ഷ്മ കണങ്ങളായി ചിതറിത്തെറിക്കും. ഇവ വലിയ മര്‍ദത്തോടെ മുകളിലേക്ക് ഉയരുകയും അന്തരീക്ഷത്തില്‍ 10 മുതല്‍ 12 കിലോ മീറ്റര്‍ വരെ ഉയരത്തിലുള്ള മേഘമായി മാറുകയും ചെയ്യും. കാറ്റിന്‍റെ സ്വാധീനം അനുസരിച്ച് ഇവ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചേക്കാം.
കരിമേഘ പാളികള്‍ അപകടമുണ്ടാക്കുന്നതെങ്ങനെ?
എന്‍ജിന്‍ തകരാര്‍: ജെറ്റ് വിമാനങ്ങളുെട എന്‍ജിനുകളെ കരിമേഘ പടലം അതിവേഗത്തില്‍ തകരാറിലാക്കും. എന്‍ജിനുമായി സമ്പര്‍ക്കമുണ്ടായാല്‍ ടര്‍ബന്‍ ബ്ലേഡുകളിലും ഇന്ധനക്കുഴലിലും സെറാമിക് കോട്ടിങ് പോലെ ഇവ ഒട്ടിപ്പിടിക്കും. ഇത് എന്‍ജിന്‍ തകരാറിലാക്കും. മാത്രമല്ല, കോക്പിറ്റുകളുടെ വിന്‍ഡോകളില്‍ പോറലുകള്‍ വീഴ്ത്താനും സെന്‍സറുകള്‍ തകരാറിലാക്കാനും കാഴ്ച മറയ്ക്കാനും കരിമേഘ പടലത്തിന് കഴിയും.
അന്തരീക്ഷത്തില്‍ നിന്ന് ഭൂമിയിലെത്തിയാല്‍ ഇവ മനുഷ്യര്‍ക്കും സാരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. കണ്ണിലും ചര്‍മത്തിലും ചൊറിച്ചിലും ശ്വാസംമുട്ടലും ഉണ്ടാകാം. വൈദ്യുതി ബന്ധം തകരാറിലാക്കാനും കൃഷിനാശമുണ്ടാക്കാനും കരിമേഘപടലത്തിന് കഴിയും. ഇത്യോപ്യയിലുണ്ടായ കരിമേഘ പടലം ഭൂമിയില്‍ എത്തില്ലെന്നും വിമാന സര്‍വീസുകള്‍ക്ക് മാത്രമേ പ്രശ്നമുള്ളുവെന്നും വിദഗ്ധര്‍ പറയുന്നു.