axiom-mission-new

ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുള്‍പ്പെടെ സഞ്ചരിച്ച ആക്സിയം നാല് ദൗത്യത്തിന്‍റെ അണ്‍ഡോക്കിങ് ഇന്ന്. വൈകീട്ട് 4.35ന് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം വേര്‍പെടും. നാളെ വൈകീട്ട് മൂന്നിന് കലിഫോര്‍ണിയ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിലാണ് സ്പ്ളാഷ് ഡൗണ്‍.പതിനാല് ദിവസത്തെ ദൗത്യത്തിനായി ജൂണ്‍ 26 നാണ് ശുഭാംശുവും സംഘാംഗങ്ങളും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. 

31 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60 ശാസ്ത്രപരീക്ഷണങ്ങളാണ് നാല്‍വര്‍ സംഘം അവിടെ ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഏഴ് പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നു. സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തിലാണ് ഇവരുടെ മടക്കം. രണ്ട് മണിയോടെ ഹാച്ച് അടയ്ക്കുന്ന പ്രക്രിയ തുടങ്ങും. 2.25 ഓടെ ദൗത്യസംഘം  പേടകത്തിലേക്ക് പ്രവേശിക്കും. 4.35ന് അണ്‍ഡോക്കിങ് നടക്കും. നിലവിൽ നിലയത്തിലുള്ള എക്സിപിഡിഷൻ 73സംഘം പതിനെട്ട് ദിവസം നിലയത്തില്‍ ചെലവഴിച്ച ആക്സിയം മിഷൻ സംഘാംഗങ്ങൾക്ക് യാത്രയയപ്പ് നല്‍കി. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ ഇപ്പോഴും സാരെ ജഹാന്‍ സെ അച്ഛാ ആണെന്ന് വിടവാങ്ങലിന് മുന്നോടിയായുളള പ്രസംഗത്തില്‍ ശുഭാംശു പറഞ്ഞു

ശുഭാംശുവിന് പുറമെ മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍ മിഷന്‍ സ്പെഷലിസ്റ്റുകളായ ഉസ്നാന്‍സ്കി വിസ്നിയേവ്സ്കി, ടിബോര്‍ കപു എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. ബഹിരാകാശ നിലയത്തിൽ വച്ച് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തിയെന്ന നേട്ടത്തോടെയാണ് സംഘം ഭൂമിയിൽ തിരികെ എത്തുന്നത്. 560 പൗണ്ട് കാര്‍ഗോയുമായാണ് ദൗത്യസംഘം തിരിച്ചെത്തുന്നത്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവിട്ട ഇന്ത്യക്കാരനെന്ന റെക്കോർഡും ഇതോടെ ശുഭാംശു ശുക്ലയുടെ പേരിലായി. നാളെ ഭൂമിയിലെത്തുന്ന സംഘം ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുന്നതിനായി ഏഴ് ദിവസം റീഹാബിലിറ്റേഷന് വിധേയരാകും. 

ENGLISH SUMMARY:

The undocking of Axiom Mission 4, which includes Indian Air Force Group Captain Shubhamshu Shukla, is scheduled for today at 4:35 PM IST from the International Space Station (ISS) via SpaceX’s Dragon spacecraft. The splashdown is expected tomorrow near the Pacific coast of California. The four-member crew conducted 60 scientific experiments during their 14-day mission, including seven for India. Shukla becomes the Indian with the longest duration in space. Upon return, the team will undergo a 7-day rehabilitation program to readjust to Earth’s gravity.