rat-study

TOPICS COVERED

മനുഷ്യന്റെയും മൃഗങ്ങളുടെയും ആയുസുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങളാണ് നടക്കുന്നത്. അത്തരത്തില്‍ എഫ്ഡിഎ അംഗീകരിച്ച രണ്ട് മരുന്നുകളായ റാപാമൈസിൻ, ട്രമെറ്റിനിബ് എന്നിവയുടെ സംയോജനംമൂലം എലികളുടെ ആയുസ് 30 ശതമാനം വര്‍ധിക്കുന്നു എന്ന് തെളിയിച്ചിരിക്കുകയാണ് ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജി ഓഫ് ഏജിംഗ് നടത്തിയ ഒരു പഠനം. ആയുസ്സ് വർദ്ധിപ്പിക്കുക എന്നതിലുപരി ചികിത്സിച്ച എലികളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു എന്നും  പഠനം തെളിയിക്കുന്നു.

ശരീരത്തിലേക്ക്  മറ്റ് അവയവങ്ങള്‍ മാറ്റി വയ്ക്കുമ്പോള്‍ ശരീരം അതി നിരസിക്കുന്നത് തടയാനാണ് റാപാമൈസിൻ ഉപയോഗിക്കുന്നത്. കാന്‍സര്‍ ചികില്‍സയ്ക്ക് ഉപയോഗിച്ചുവരുന്ന മരുന്നുകളാണ് ട്രമെറ്റിനിബ്. ഈ രണ്ടു മരുന്നുകളും സംയോജിപ്പിച്ച് എലികളില്‍ പരീക്ഷിച്ചപ്പോള്‍ അത് അവയുടെ ആയുർദൈർഘ്യത്തിൽ ഗണ്യമായ വർധനവിന് കാരണമായി.

റാപാമൈസിൻ മാത്രം എലികളില്‍ പരീക്ഷിച്ചപ്പോള്‍ അവയുടെ ആയുസ് 17 മുതല്‍ 18 ശതമാനം വരെയും ട്രമെറ്റിനിബ് പരീക്ഷിച്ചപ്പോള്‍ 7 മുതല്‍ 16 ശതമാനം വരെയും രണ്ടും സംയോജിപ്പിച്ചപ്പോള്‍ 26 മുതല്‍ 35 ശതമാനം വരെയും വര്‍ധനവുണ്ടായി. മരുന്നുകളുടെ സംയോജനം ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. എന്നാല്‍  ഈ പരീക്ഷണത്തില്‍ എലികളിൽ കണ്ടെത്തിയതുപോലെ മനുഷ്യ ആയുസ്സിൽ സമാനമായ വർദ്ധനവ് പ്രതീക്ഷിക്കുന്നില്ലെങ്കിലും ആളുകളെ കൂടുതൽ കാലം ആരോഗ്യത്തോടെയും രോഗരഹിതമായും നിലനിർത്താൻ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ എന്നാണ് ഗവേഷകര്‍ പറഞ്ഞത്.

വരും വര്‍ഷങ്ങളില്‍ മനുഷ്യര്‍ക്ക് വേണ്ടി നടത്താനിരിക്കുന്ന പരീക്ഷണങ്ങളില്‍ ഇത് സഹായകമായേക്കാമെന്നും ഗവേഷകര്‍ വ്യക്തമാക്കി. മനുഷ്യരിൽ ആന്റി-ഏജിംഗ് തെറാപ്പികൾ വികസിപ്പിക്കുന്നതിന് ഈ കണ്ടെത്തലുകള്‍ വഴിവയ്ക്കും. എന്നിരുന്നാലും, മനുഷ്യരിൽ സുരക്ഷയും ഫലപ്രാപ്തിയും നിർണ്ണയിക്കാൻ കൂടുതൽ പഠനങ്ങളും പരീക്ഷണങ്ങളും ആവശ്യമാണെന്നെന്നും ഗവേഷകർ മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

A groundbreaking study by the Max Planck Institute for Biology of Ageing in Germany has revealed that the combination of two FDA-approved drugs, Rapamycin and Trametinib, can extend the lifespan of mice by up to 30 percent. Beyond just increasing longevity, the treated mice also showed significant improvements in overall health. The findings mark a major step forward in longevity research for both humans and animals.