മ്യാന്‍മര്‍ ഭൂചലനം (പ്രതീകാത്മക ചിത്രം | ഫയല്‍)
എല്ലായ്പ്പോളും മനുഷ്യനെ നടുക്കുന്ന പ്രകൃതി ദുരന്തങ്ങളിലൊന്നാണ് ഭൂചലനങ്ങള്‍. ഭൂമിക്കടിയിലെ ചെറിയ ചലനം പോലും ആശങ്കകളുണ്ടാക്കാം. എന്നാല്‍ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നതാകട്ടെ ചില ഭൂകമ്പങ്ങൾ യഥാർത്ഥത്തിൽ രഹസ്യമായി നടത്തപ്പെടുന്ന ഭൂഗർഭ ആണവ പരീക്ഷണങ്ങളാകാം എന്നാണ്. ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ ഭൂകമ്പ ശാസ്ത്രജ്ഞരുടേതാണ് പുതിയ നിരീക്ഷണം. പ്രകൃതിദത്ത ഭൂകമ്പങ്ങളും രഹസ്യ ആണവ സ്ഫോടനങ്ങളും തമ്മിൽ വേർതിരിച്ചറിയുന്നത് ബുദ്ധിമുട്ടാണെന്നും ഭൂഗർഭ ആണവ പരീക്ഷണങ്ങൾക്ക് സ്വാഭാവിക ഭൂകമ്പങ്ങളുടേതിന് സമാനമായ ഭൂകമ്പ സിഗ്നലുകൾ പുറപ്പെടുവിക്കാൻ കഴിയുമെന്നും പഠനം സൂചിപ്പിക്കുന്നു.
ഭൂചലന പ്രവചന സാങ്കേതിക വിദ്യയില്‍ കംപ്രഷൻ (പി) തരംഗങ്ങളുടെയും ഷിയർ (എസ്) തരംഗങ്ങളുടെയും അനുപാതം വിശകലനം ചെയ്ത് ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. കാരണം ഭൂകമ്പങ്ങളെ അപേക്ഷിച്ച് സ്ഫോടനങ്ങൾ എസ് തരംഗങ്ങളേക്കാള്‍ കൂടുതല്‍ കൂടുതൽ പി-തരംഗങ്ങൾ സൃഷ്ടിക്കുന്നവയാണ്. പക്ഷേ പലപ്പോളും ഓവര്‍ലാപ് ചെയ്യുന്ന തരംഗങ്ങള്‍ സ്‌ഫോടനത്തെ തിരിച്ചറിയാനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ഡിജിറ്റല്‍ സിഗ്‌നല്‍ ഡിറ്റക്ടറുകളുടെ കഴിവിനെ പോലും ബാധിക്കുന്നുണ്ട്. ഇത് സ്വാഭാവിക ഭൂകമ്പമെന്ന് തെറ്റിദ്ധരിപ്പിച്ച് അതിന്‍റെ മറവില്‍ രഹസ്യ ആണവ പരീക്ഷണങ്ങള്‍ നടക്കാനുള്ള സാധ്യത വെല്ലുവിളി ഉയര്‍ത്തുകയാണ്.
ഇതിനുദാഹരണമായി ഉത്തരകൊറിയയെയാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ആറ് ആണവ പരീക്ഷണങ്ങൾ നടത്തിയ ഉത്തരകൊറിയയിൽ പ്രാദേശിക ഭൂകമ്പ ഉപകരണങ്ങളുടെ വർദ്ധനവ് കാണിക്കുന്നത് പരീക്ഷണ സ്ഥലങ്ങളുടെ സമീപത്ത് വളരെയധികം ചെറിയ തീവ്രതയിലുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണെന്ന് പഠനം പറയുന്നു. ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലെ ചലനങ്ങള്‍ ഒരു പരീക്ഷണ സ്ഥലത്തെ ഭൂഗര്‍ഭ സ്ഫോടനത്തിന്‍റെ സിഗ്നലുകൾ കണ്ടെത്താനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ജോഷ്വ കാർമൈക്കൽ നേതൃത്വം നല്‍കിയ പഠം സീസ്മോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്കയുടെ ബുള്ളറ്റിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.