നിഴലില്ലാത്ത കാലം.. നിഴലില്ലാത്തവര്‍– സാഹിത്യത്തിലും പുരാതനഗ്രന്ഥങ്ങളിലും ഇത് സാത്താനുമായി ചേര്‍ത്തുവെക്കുന്നു. ഇരുട്ടിന്‍റെ, നരകത്തിന്‍റെ അധിപന് നിഴലില്ലത്രേ! കഴിഞ്ഞില്ല പേടിയുടെ ഇരുള്‍വഴികള്‍. സാത്താന്‍ പൂജ, അഥവാ ഡെവിള്‍ വര്‍ഷിപ്പില്‍ ചെന്നുപെടുന്നവര്‍ കടല്‍തീരത്തെത്തി സ്വന്തം നിഴലിനെ പ്രതീകാത്മകമായി വെട്ടിമുറിക്കും. ഇതൊക്കെ പാശ്ചാത്യരാജ്യങ്ങളിലെ കഥ, കവിത, വിശ്വാസങ്ങള്‍ എന്നിവയില്‍ നിന്ന് പെറുക്കിയെടുക്കാം.
അന്ധവിശ്വാസങ്ങള്‍ക്ക് വിടനല്‍കാം. ശാസ്ത്രം പറയുന്ന നിഴലില്ലാ ദിനങ്ങളെ വരവേല്‍ക്കുകയാണ് കേരളം. കേരളത്തില്‍ ഏപ്രില്‍ 23 വരെ ഇനി നിഴല്‍ രഹിത ദിവസങ്ങളാണ്. സൂര്യന്‍ കൃത്യമായി നേര്‍മുകളിലെത്തുന്ന ദിവസത്തെയാണ് 'സീറോ ഷാഡോ ഡേ' അല്ലെങ്കില്‍ 'നിഴലില്ലാ ദിവസം' എന്നു വിളിക്കുന്നത്. സൂര്യന്‍ വടക്കു ദിശയിലേക്കു നീങ്ങുന്ന ഉത്തരായനത്തിലെ നിഴലില്ലാ ദിനങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. ദക്ഷിണായനത്തിലും ഇത് വരാറുണ്ട്, അങ്ങനെ വര്‍ഷത്തില്‍രണ്ടു തവണ.
ഇന്നലെ കൊച്ചിയില്‍ ഈ ദിവസമായിരുന്നു. ഭൂമിയുടെ സാങ്കല്‍പ്പിക അച്ചുതണ്ടും സൂര്യനെ ചുറ്റിയുള്ള ഭ്രമണവും ചേര്‍ന്നാണിത് ഒരുങ്ങുന്നത്. + 23.5 ഡിഗ്രിക്കും -23.5 ഡിഗ്രിക്കും ഇടയിലെ അക്ഷാംശം വരുമ്പോഴാണ് നിഴലില്ലാത്ത ദിവസം. 22 ന് കാസര്‍കോട് ഇത് അവസാനിക്കും വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ പ്രതിഭാസം അനുഭവപ്പെടും.
ഈ ദിവസങ്ങളില്‍ ശാസ്ത്രസാഹിത്യപരിഷത്ത് ഉള്‍പ്പെടെയുള്ള ശാസ്ത്ര സംഘടനകളും കൂട്ടായ്മകളും നിഴലില്ലാ ദിവസത്തെ മുന്‍നിറുത്തി സൂര്യന്‍റെ സ്ഥാനം സൂര്യന്‍റെയും ഭൂമിയുടെയും ഭ്രമണം എന്നിവയെ കുറിച്ച് പഠിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. ചുരുക്കത്തില്‍ എല്ലാ ദിവസവും നട്ടുച്ചക്ക് സൂര്യന്‍തലക്കു മുകളിലല്ല എന്ന് വ്യക്തമാകും. വര്‍ഷത്തില്‍രണ്ടു ദിവസം മാത്രമെ ഒരു പ്രദേശത്ത് സൂര്യന്‍നേരെ മുകളില്‍ വരികയും നിഴലില്ലാത്ത സമയം ഉണ്ടാകുകയും ചെയ്യുകയുള്ളൂ. തൃശൂര്‍ മുതല്‍ കാസര്‍കോടുവരെയുള്ളവര്‍ രസകരമായ ഈ പ്രതിഭാസം കാണാനൊരുങ്ങുക.